ഖാര്‍ഗെ 7897, തരൂര്‍ 1072; നയിക്കാൻ ഖാര്‍ഗെ, കരുത്ത് കാട്ടി തരൂർ

ന്യൂഡൽഹി:കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിജയിച്ചു.6825 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഖാര്‍ഗെയുടെ വിജയം. ആകെ പോള്‍ ചെയ്തതില്‍ 7897 വോട്ടുകളാണ് ഖാര്‍ഗെ നേടിയത്. എതിരാളിയായ ശശി തരൂര്‍ 1072 വോട്ടുകള്‍ നേടി. 416 വോട്ടുകള്‍ അസാധുവായി.

തോല്‍വി സമ്മതിച്ച ശശി തരൂര്‍ കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം ആരംഭിച്ചതായി പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് എല്ലാ ആശംസകളും നേരുന്നു. ഇനി ഒന്നിച്ച്‌ മുന്നേറാമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

പാര്‍ട്ടിയിലെ പരമാധികാരി ഇനി ഖാര്‍ഗെയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ ഇനി ഖാര്‍ഗെ കൈക്കൊള്ളും. താന്‍ ഇനി ഖാര്‍ഗെയോട് റിപ്പോര്‍ട്ട് ചെയ്യും. തന്റെ റോള്‍ എന്തെന്ന് പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തീരുമാനിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

രണ്ടു പതിറ്റാണ്ടിന് ശേഷമാണ് കോണ്‍ഗ്രസിന് ഗാന്ധി കുടുംബത്തിന് പുറത്തു നിന്നും ഒരു അധ്യക്ഷനെത്തുന്നത്. സീതാറാം കേസരിയാണ് ഏറ്റവുമൊടുവില്‍ ഗാന്ധി കുടുംബത്തിന് പുറത്തു നിന്നും പ്രസിഡന്റായത്. ഇതിന് ശേഷം സോണിയയും രാഹുല്‍ ഗാന്ധിയും കഴിഞ്ഞ 24 വര്‍ഷമായി കോണ്‍ഗ്രസ് പ്രസിഡന്റ് പദം കയ്യാളുകയായിരുന്നു.