*വീഥികളെല്ലാം ശിവഗിരിയിലേയ്ക്ക്, നവരാത്രി മണ്ഡപത്തിൽ ആഘോഷങ്ങള്‍ തുടരുന്നു വിദ്യാരംഭം നാളെ 6.30 മുതല്‍*

ശിവഗിരി : വീഥികളെല്ലാം ശിവഗിരിയിലേയ്ക്കെന്നവണ്ണം ആയിരക്കണക്കിന് ഭക്തര്‍ നിത്യേന ശാരദാദേവി സന്നിധിയിലെത്തി പ്രാര്‍ത്ഥിച്ചു മടങ്ങുന്നു. ഏറെയും നവരാത്രി ആഘോഷങ്ങളില്‍ സംബന്ധിക്കുവാനാണിപ്പോള്‍ എത്തുക. സംസ്ഥാനത്തിനകത്തും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമായി കലാകാരന്‍മാരും കലാകാരികളും അണിനിരക്കുന്ന വിവിധങ്ങളായ പരിപാടികളാണ് നവരാത്രി മണ്ഡപത്തില്‍ ദിവസവും നടന്നു വരുന്നത്. തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും എന്നീ പരിപാടികള്‍ അവതരിപ്പിച്ചു വരുന്നു.
പതിവ് പൂജകള്‍ക്ക് ശേഷം ശാരദാമഠത്തില്‍ ഇന്ന് (ചൊവ്വ) 11.15 ന് വിശേഷാല്‍ നവരാത്രി പൂജ, 6.30 ന് ദീപാരാധന എന്നിവയുണ്ടാകും. നവരാത്രി മണ്ഡപത്തില്‍ രാവിലെ 9 മുതല്‍ റിജി ശിവദാസും സംഘവും അവതരിപ്പിക്കുന്ന ഭജന്‍സ് 11 ന് കോട്ടയം ഇന്ദ്രജരമേശിന്‍റെ ഡാന്‍സ്, 3.30 ന് ആലപ്പുഴ കൈതവന വിനീത വിനോജിന്‍റെ ഗുരുകൃതി സംഗീതസഭ. 6.30 ന് ആര്‍.എല്‍.വി. അദ്വൈത് കരുനാഗപ്പള്ളിയുടെ കുച്ചുപ്പുടി, 7.30 ന് ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രി സ്റ്റാഫിന്‍റെ വിവിധ കലാപരിപാടികള്‍ വിജയദശമി ദിനമായ നാളെ 6 ന് പൂജയെടുപ്പ് 6.30 ന് വിദ്യാരംഭം, 9 ന് അപര്‍ണാ രാജിന്‍റെ സരസ്വതി സ്തുതി ഗീതങ്ങള്‍ 10 ന് ആലപ്പുഴ രാഗരമണീയം സംഗീത വിദ്യാലയത്തിന്‍റെ സംഗീത സദസ് എന്നിവ ഉണ്ടായിരിക്കും.
വിദ്യാരംബത്തിന് ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി , ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങള്‍ മറ്റ് സംന്യാസി ശ്രേഷ്ഠര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
വിദ്യാരംഭത്തിന് എത്തിച്ചേരുന്നവര്‍ വഴിപാട് കൗണ്ടറില്‍ നിന്നു ലഭിക്കുന്ന രേഖയുമായി കുട്ടികളെ ശാരദാമഠത്തില്‍ എത്തിച്ചു. ആദ്യാക്ഷരം കുറിക്കാവുന്നതാണെന്നും മുന്‍കൂട്ടി രജിസ്ട്രേഷന്‍ ആവശ്യമില്ലെന്നും ശിവഗിരി മഠത്തില്‍ നിന്നും അറിയിച്ചു.