തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 51 അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയര്‍മാരെ നിയമിക്കുന്നു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 51 അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയര്‍മാരെ നിയമിക്കുന്നു. നീരുറവ് പദ്ധതിയുടെ ഭാഗമായുള്ള ഫീല്‍ഡ് സര്‍വേയ്ക്ക് വേണ്ടി, മൂന്ന് ബ്ലോക്ക് പഞ്ചായത്തിന് ഒരു എഞ്ചിനീയര്‍ എന്ന നിലയിലാകും ഇവരെ നിയോഗിക്കുക. പ്രതിമാസം 31,460രൂപാ ശമ്പളത്തിൽ‌‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗില്‍ ബി ടെക് ആണ് അടിസ്ഥാന യോഗ്യത. തൊഴിലുറപ്പ് പദ്ധതിയുടെ മെച്ചപ്പെട്ട നടത്തിപ്പിനും സാങ്കേതിക മികവിനും നിയമനം സഹായകമാകും.

നീരുറവ് പദ്ധതിയിലൂടെ നിലവില്‍ 152 ബ്ലോക്ക് പഞ്ചായത്തുകളിലും ഓരോ ജലാശയം സംരക്ഷിക്കാനുള്ള സമഗ്രപദ്ധതി തയ്യാറാക്കി നടപ്പിലാക്കുകയാണ്. അടുത്ത ഘട്ടത്തില്‍ 941 പഞ്ചായത്തിലെയും ജലാശയങ്ങളിലേക്ക് പദ്ധതി വിപുലീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ മുഴുവൻ ജലാശയങ്ങളുടെയും കൈവഴികളുടെയും വിശദമായ മാസ്റ്റര്‍ പ്ലാൻ ഇതിനായി തയ്യാറാക്കണം. ഓരോ പ്രദേശത്തിന്‍റെയും ഭൂമിശാസ്ത്രവും, ഭൂഗര്‍ഭജലവും, ഭൂവിനിയോഗക്രമവുമെല്ലാം പരിശോധിച്ച് മാത്രമേ ഇത് തയ്യാറാക്കാനാകൂ. ജിഐഎസ് സംവിധാനമുള്‍പ്പെടെ ഉപയോഗിച്ചാകും പ്രവൃത്തി. ഈ പ്രക്രീയ ഫലപ്രദമായി നടത്താനാണ് സാങ്കേതിക വൈദഗ്ധ്യമുള്ള ജീവനക്കാരെ ലഭ്യമാക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ജലാശയ സംരക്ഷണത്തിനുള്ള ഡിപിആര്‍ ഈ എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ തയ്യാറാക്കും.