ചിറയിന്‍കീഴ് അഴൂര്‍ മുട്ടപ്പലം കീഴേക്കുന്നില്‍ വീട്ടില്‍ ശശികലയെ(46) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് രാജന്‍ എന്ന ലാലുവിനു (52) ജീവപര്യന്തം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ 6 മാസം കൂടി കഠിന തടവ് അനുഭവിക്കണമെന്ന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.വിഷ്ണു ഉത്തരവിട്ടു. പിഴ അടച്ചാല്‍ തുക സര്‍ക്കാരിലേക്ക് കണ്ടു കെട്ടും. 2018 ഓഗസ്റ്റ് 18നായിരുന്നു സംഭവം. ശശികലയുടെ സ്വഭാവത്തില്‍ സംശയം തോന്നിയ ഭര്‍ത്താവ് രാജന്‍ ശശികലയെ വീടിനകത്തെ ഹാള്‍ മുറിയില്‍ കുത്തി കൊലപ്പെടുത്തിയെന്നാണു കേസ്. രാത്രി എട്ടോടെ വീട്ടില്‍ നിന്നു ശശികലയുടെ നിലവിളി കേട്ടു തൊട്ടടുത്ത വീട്ടിലിരിക്കുകയായിരുന്ന ശശികലയുടെ മകന്‍ അഭിഷേക് രാജും (15) മകള്‍ ആരഭിയും (13) ഓടി യെത്തുമ്പോള്‍ പ്രതി മൂര്‍ച്ചയേറിയ കത്തി കൊണ്ടു ശശികലയുടെ അടിവയറ്റിലും മുതുകിലും കുത്തുന്നതു കണ്ടു. നാട്ടുകാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടു പോകും വഴി മരിച്ചു. ഒളിവില്‍ പോയ രാജനെ അന്നു രാത്രി 12 മണിയോടെ ചിറയിന്‍കീഴ് പോലീസ് പിടികൂടി. 2018 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണു പ്രതി വിചാരണ നേരിട്ടത്. മക്കളായിരുന്നു നിര്‍ണ്ണായക സാക്ഷികള്‍. ഇരുവരും പിതാവിനെതിരെ മൊഴി നല്‍കി. രാജനെ അറസ്റ്റ് ചെയ്തപ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളില്‍ കണ്ട രക്തം ശശികലയുടേതാണന്നു ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ശശികലയുടെ മകന്‍ അഭിഷേക് രാജിനും മകള്‍ ആരഭിക്കും ലീഗല്‍ സര്‍വ്വീസ് അതോറിറ്റി മുഖേന നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീന്‍, ദീപ വിശ്വനാഥ്, വിനു മുരളി, മോഹിത മോഹന്‍ എന്നിവര്‍ ഹാജരായി. 14 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 16 രേഖകളും 15 തൊണ്ടി മുതലുകളും ഹാജരാക്കി.