തിരുവനന്തപുരം : സംസ്ഥാനത്തു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സോ റജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് . ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം ലൈസന്‍സോ റജിസ്‌ട്രേഷനോ ഇല്ലാതെ ഒരു ഭക്ഷ്യ സ്ഥാപനവും പ്രവര്‍ത്തിക്കാന്‍ പാടില്ല. ഇതനുസരിച്ച് മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ലൈസന്‍സോ റജിസ്‌ട്രേഷനോ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കുകയാണ്. പ്രത്യേക പരിശോധനകള്‍ ആരംഭിച്ചു.
സെപ്റ്റംബര്‍ 26 മുതല്‍ തുടങ്ങിയ നടപടിയിൽ 5,764 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 406 സ്ഥാപനങ്ങള്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതായി കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ സ്വമേധയാതന്നെ അടച്ചു. ഇതുള്‍പ്പെടെ 564 സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനു നോട്ടിസ് നല്‍കി. ഭക്ഷ്യ വസ്തുക്കളുടെ 70 സാംപിളുകള്‍ ശേഖരിച്ച് ലാബില്‍ പരിശോധനയ്ക്ക് അയച്ചു. ലൈസന്‍സോ റജിസ്‌ട്രേഷനോ ഇല്ലാത്ത എല്ലാ സ്ഥാപനങ്ങളും ഉടനെ ഇവ നേടണം.സംസ്ഥാനത്തു സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി ‘നല്ല ഭക്ഷണം, നാടിന്റെ അവകാശം’ എന്ന പ്രചാരണം നടപ്പിലാക്കി. ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി തുടങ്ങിയ പരിശോധനകള്‍ ശക്തമാക്കി. ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതി നടപ്പാക്കി. നികുതിയിതര വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡാണ്. ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെ 9.62 കോടി രൂപയാണ് നികുതിയിതര വരുമാനം.മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ഭക്ഷ്യ സുരക്ഷാ സൂചികയില്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന് രണ്ടാം സ്ഥാനം ലഭിച്ചു. എഫ്എസ്എസ്എഐയുടെ ഈറ്റ് റൈറ്റ് ചലഞ്ചില്‍ സംസ്ഥാനത്തെ നാല് നഗരങ്ങള്‍ക്ക് ദേശീയ പുരസ്‌കാരവും ലഭിച്ചെന്ന് മന്ത്രി വ്യക്തമാക്കി.