ഒറ്റചാർജിൽ 307 കി.മീ ഓടുന്ന ബൈക്ക്; അൾട്രാവയലറ്റ് ദുൽക്കറിന്റെ കമ്പനി

ഒറ്റ ചാർജിങ്ങിൽ 307 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്ത് അൾട്രാവയലറ്റ് ഓട്ടമോട്ടീവ് അവരുടെ എഫ്77 ബൈക്ക് അവതരിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. ഇന്ത്യയിലെ ഏറ്റവും ദൂരക്ഷമതയുള്ള ഇലക്ട്രിക് ഇരുചക്രവാഹനമായി മാറാൻ സാധ്യതയുള്ള ഈ ബൈക്ക് കമ്പനിക്കിപ്പോൾ ഒരു ‘മലയാളി കണക്‌ഷൻ’ കൂടിയുണ്ട്. നമ്മുടെ സ്വന്തം ദുൽഖർ സൽമാനാണ് ഈ കമ്പനിയുടെ ആദ്യ ഇൻവെസ്റ്റർ.ദുൽഖർ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ ബന്ധം ലോകത്തെ അറിയിച്ചത്. ഒന്നാന്തരമൊരു വാഹനപ്രേമിയാണ് ദുൽഖർ എന്ന കാര്യത്തിൽ സംശയമില്ല. പുതിയതും വിന്റേജു കാറുകളും അടങ്ങുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കാർ കലക്‌ഷന്‍ ദുൽക്കറിനുണ്ടെന്ന് എല്ലാവർക്കും അറിയാം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുൽഖർ ഏറെ നാളുകളായി വാഹനപ്രേമികൾ കാത്തിരുന്ന അദ്ദേഹത്തിന്റെ സാമൂഹിക മാധ്യമങ്ങളിൽ അവതരിപ്പിച്ചിരുന്നു. വമ്പൻ സ്വീകരണമാണ് ഇതിനു ലഭിച്ചത്.ഇതിനു തൊട്ടുപിന്നാലെയാണ് അൾട്രാവയലറ്റ് ഓട്ടമോട്ടീവ് എന്ന കമ്പനിയുമായി ചേർന്ന വിവരം അദ്ദേഹം തന്നെ പുറത്തുവിട്ടത്. ‘‘താൻ എന്നും ഒരു തീക്ഷ്ണതയുള്ള നിക്ഷേപകനായിരുന്നു, സിനിമയിലെത്തുന്നതിനു മുൻപ് തന്നെ വൈദ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും പോർട്ട്ഫോളിയോ ആരംഭിച്ചിരുന്നു. ഇപ്പോൾ അത് ക്ലീൻ എനർജിയിലെത്തിയെന്ന് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വാഹനങ്ങളോടുള്ള തന്റെ സ്നേഹത്തിനൊപ്പം ഓട്ടമോട്ടീവ് മേഖലയിൽ ആവേശകരമായ ഒരു ബ്രാൻഡിന്റെ ഭാഗമാകുക എന്നത് സ്വപ്നമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. സുഹൃത്തുക്കളും കമ്പനിയുടെ ചുമതലക്കാരുമായ നാരായൺ, നിരജ് രാജ്മോഹൻ എന്നിവരും ആശയം പങ്ക് വച്ചപ്പോഴും അവരുടെ നവീന ചിന്തകളിൽ ഉൾപ്പെടെ താൻ ആകർഷിക്കപ്പെടുകയായിരുന്നെന്നാണ് ദുൽഖർ പറയുന്നത്. അൾട്രാവയലറ്റിന്റെ ആദ്യകാല ഇൻവെസ്റ്റർ ആയതിന്റെ ആവേശത്തിലാണ്, ഈ വാഹനത്തിന്റെ ഓരോ ഘട്ടത്തിലും താൻ ഒപ്പമുണ്ടായിരുന്നു. ഇനി തന്റെ ഗരാജിൽ അൾട്രാവയലറ്റ് എഫ്77നായി ഒരു സ്ലോട്ട് ഒഴിച്ചിട്ടിട്ടുണ്ടെന്നും’’ പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.കരുത്തും ദൂരക്ഷമതയും കൂടിയ ഇലക്ട്രിക് ബൈക്കിന്റെ പ്രൊഡക്ഷൻ ട്രയൽ ആരംഭിച്ചതായാണ് അൾട്രാവയലറ്റ് ഓട്ടമോട്ടീവ് പറയുന്നത്. വാഹനത്തെ സംബന്ധിച്ച വിശദ വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. എഫ്77 എന്ന മോഡൽ നവംബർ 24ന് അവതരിപ്പിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇ–ബൈക്കിന്റെ ആദ്യ എക്സ്പീരിയൻസ് സെന്റർ ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി.