മോഷ്ടിച്ച കാറില്‍ ഉറങ്ങിപ്പോയ 26കാരന്‍ പിടിയില്‍.

മോഷ്ടിച്ച കാറില്‍ ഉറങ്ങിപ്പോയ 26കാരന്‍ പിടിയില്‍. കൊല്ലം മടത്തറയില്‍ നിന്നും കാര്‍ മോഷ്ടിച്ച നെടുമങ്ങാട് സ്വദേശി പ്രസിനെയാണ് ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കുറിച്ച് പൊലീസിനു പറയാനുള്ളത് വേറിട്ട കള്ളന്റെ കഥയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മടത്തറ സ്വദേശിയുടെ വീട്ടില്‍ നിന്ന് പ്രതി കാര്‍ കടത്തിക്കൊണ്ട് പോയത്. പിന്നാലെ ഉടമ ചിതറ പൊലീസില്‍ പാരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാര്‍ നെടുമങ്ങാട് ഭാഗത്ത് ഉള്ളതായി കണ്ടെത്തി.അന്വേഷണ സംഘമെത്തിയപ്പോള്‍ നെടുമങ്ങാട് ആശുപത്രിയുടെ പാര്‍ക്കിങ്ങില്‍ മോഷ്ടിച്ച കാറിനുള്ളില്‍ പ്രസിന്‍ കിടന്നുറങ്ങുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാര്‍ മോഷ്ടിച്ച ദിവസം ശിവന്‍മുക്കിലെ ഒരു വീട്ടില്‍ നിന്ന് ഇയാള്‍ റബ്ബര്‍ ഷീറ്റുകളും മോഷ്ടിച്ചിരുന്നു.മോഷ്ടിക്കുന്ന കാറുകള്‍ വീടുകളില്‍ കൊണ്ട് തിരിച്ചിടുകയോ, പൊലീസ് സ്റ്റേഷന് സമീപത്ത് ഉപേക്ഷിക്കുകയോ ആണ് ഇയാളുടെ രീതി. പ്രസിന്‍ സമാന കേസുകളില്‍ പ്രതിയായിട്ടുളളയാളാണെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.