എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍; കയ്യില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 250 ഓളം വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ്, അന്വേഷണം

തൃശൂർ കയ്പമംഗലത്ത് ലഹരിമരുന്നുകളുമായി രണ്ട് യുവാക്കള്‍ അറസ്റ്റിലായി. ചെന്ത്രാപ്പിനി സ്വദേശി ജിനേഷ്, കയ്പമംഗലം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്.15.2 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് എക്‌സൈസ് പിടികൂടി. 

ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും കസ്റ്റഡിയില്‍ എടുത്തു. പ്രതികളുടെ കയ്യില്‍ നിന്നും 250 ലേറെ വിദ്യാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ എക്‌സൈസ് കണ്ടെടുത്തിട്ടുണ്ട്. പതിനേഴും 25 ഉം വയസ്സിന് ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ പേരാണ് ലിസ്റ്റിലുള്ളത്. ഇതില്‍ പെണ്‍കുട്ടികളുടെ പേരും ഉള്‍പ്പെടുന്നു.

കടമായി ലഹരി നല്‍കിയവരുടെ ലിസ്റ്റാണ് ഇതെന്നാണ് പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ബംഗലൂരുവില്‍ നിന്നാണ് ഇവര്‍ ലഹരിവസ്തുക്കള്‍ കൊണ്ടുവന്നതെന്നാണ് മനസ്സിലാക്കുന്നത്. ലിസ്റ്റില്‍ പേരുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.