തിരുവനന്തപുരം:തലസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. 25 പേര്‍ക്കാണ് അക്രമാസക്തമായ നായയുടെ കടിയേറ്റത്.വിളവൂര്‍ക്കലില്‍ വച്ച് പത്ത് വയസുള്ള വിദ്യാര്‍ഥി അടക്കം 25 പേരാണ് തെരുവ് നായയുടെ ആക്രമണം നേരിട്ടത്.സമീപ പ്രദേശങ്ങളായ ഈഴക്കോട്, പെരികാവ് പഴവീട് , നാലാം കല്ല് എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഒരേ നായ തന്നെയാണ് എല്ലാവരെയും ആക്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എല്ലാവരും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
തൃശ്ശൂര്‍ പെരിഞ്ഞനത്തും തെരുവ് നായ ആക്രമണമുണ്ടായി. പെരിഞ്ഞനം സ്വദേശി സതീഷിന്റെ മകന്‍ അതുല്‍ കൃഷ്ണക്കാണ് നായയുടെ കടിയേറ്റത്. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് സംഭവം. വീടിന് തൊട്ടടുത്ത പറമ്ബിലൂടെ നടന്ന് വരുമ്ബോള്‍ തെരുവ് നായ ഓടിക്കുകയായിരുന്നു. അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ കുട്ടിയെ നായ പിന്തുടര്‍ന്നാണ് കടിച്ചത്.