“ഞങ്ങള്‍ ഇപ്പോൾ മരിക്കും”,230 കിമി വേഗത്തില്‍ കുതിച്ച്‌ ഫെയ്‌സ്ബുക്ക് ലൈവ്; ബിഎംഡബ്ല്യൂ ട്രക്കിലേക്കു പാഞ്ഞുകയറി, നാലു മരണം

"ഞങ്ങള്‍ നാലും മരിക്കും”, ബിഎംഡബ്ല്യൂ കാര്‍ അമിതവേ​ഗതയില്‍ ഓടിച്ച്‌ ഫെയ്സ്ബുക്കില്‍ ലൈവ് ചെയ്യുന്നതിനിടെ നാല്‍വര്‍ സംഘം പറയുന്നതിങ്ങനെ.പറഞ്ഞ തമാശ പക്ഷെ അക്ഷരാര്‍ത്ഥത്തില്‍ സംഭവിച്ചു. കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ നാലുപേരും തല്‍ക്ഷണം മരിച്ചു. അമിത വേഗത്തിലെത്തിയ കാര്‍ ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ പുര്‍വാഞ്ചല്‍ എക്സ്പ്രസ് ഹൈവേയിലാണ് അപകമുണ്ടായത്. കാറില്‍ ഉണ്ടായിരുന്ന നാലുപേരും അപകടസ്ഥലത്ത് തന്നെ മരിച്ചു.‌ 230 കിലോമീറ്റര്‍ വേഗത്തിലാണ് അപകടം നടന്ന സമയത്ത് നാല്‍വര്‍ സംഘം കാര്‍ ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു. 100 കിലോമീറ്റര്‍ വേഗപരിധിയുള്ള പാതയിലൂടെയാണ് ഇവര്‍ അമിതവേ​ഗതയില്‍ കാര്‍ പായിച്ചത്. ഫെയ്സ്ബുക്കില്‍ പങ്കുവച്ച വിഡിയോയില്‍ അപകടത്തിന് മുന്‍പ് കാറിന്റെ വേ​ഗത മണിക്കൂറില്‍ 230 കിലോമീറ്റര്‍ കടക്കുന്നത് കാണാം.ബിഹാറിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ ഡോ. ആനന്ദ് പ്രകാശ് (35) ആണ് അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത്. “ഞങ്ങള്‍ നാലും മരിക്കും” എന്ന് ഫെയ്‌സ്ബുക്ക് ലൈവിനിടെ പറയുന്നത് കേള്‍ക്കാം. ഇതിനുപിന്നാലെ വേഗത മുന്നൂറ് കടത്താന്‍ സുഹൃത്തുക്കളിലൊരാള്‍ കാറിലിരുന്ന് പറയുന്നതും കേള്‍ക്കാം. ദീപക് കുമാര്‍, അഖിലേഷ് സിങ്, മുകേഷ് എന്നിവരാണ് മരിച്ച മറ്റ് മൂന്നുപേര്‍. ആനന്ദ് പ്രകാശിന്റെ ബന്ധുവിന്റെ കാറാണ് ഇവര്‍ ഓടിച്ചിരുന്നത്.