*ഡിജിറ്റൽ റീ സർവേ : ആദ്യഘട്ടത്തിൽ ജില്ലയിൽ 22 വില്ലേജുകളിൽ*

ഡിജിറ്റൽ റീ സർവേയുടെ ഒന്നാംഘട്ടത്തിൽ ജില്ലയിൽ സർവേ നടക്കുക 22 വില്ലേജുകളിൽ. വെങ്ങാനൂർ, വെയിലൂർ, മേൽതോന്നയ്ക്കൽ, പള്ളിപ്പുറം, അണ്ടൂർകോണം, കല്ലിയൂർ, കീഴ്തോന്നയ്ക്കൽ, വെമ്പായം, തേക്കട, മാണിക്കൽ, കരകുളം, മലയിൻകീഴ്, തൊളിക്കോട്, ഇടയ്ക്കോട്, മുദാക്കൽ, കീഴാറ്റിങ്ങൽ, ഒറ്റൂർ, ചെറുന്നിയൂർ, വിളപ്പിൽ, കാഞ്ഞിരംകുളം, പരശുവയ്ക്കൽ, നെയ്യാറ്റിൻകര എന്നീ വില്ലേജുകളിലെ വിവിധ വാർഡുകളിലാണ് സർവേ നടത്തുക.
1550 വില്ലേജുകളിൽ നാലുവർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഡിജിറ്റൽ റീ സർവേയ്ക്ക് നവംബർ ഒന്നിനാണ് തുടക്കമാകുക. ഒന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ 200 വില്ലേജുകളിലാണ് സർവേ നടക്കും. ഇതിന്റെ ഒരുക്കങ്ങൾ വിലയിരുത്താനായി 200 വില്ലേജുകളിലെ തദ്ദേശ സ്ഥാപന പ്രതിനിധികൾ, ജില്ലാ കളക്ടർമാർ, ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ഓൺലൈൻ ആയി ചേർന്നു. റവന്യൂ മന്ത്രി കെ.രാജന്റെ അധ്യക്ഷതയിലായിരുന്നു യോഗം. മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ റീ സർവേയുടെ ഗുണം ഭൂവുടമകൾക്കും സർക്കാരിനും ഒരുപോലെ ലഭിക്കുമെന്ന് എം.ബി.രാജേഷ് പറഞ്ഞു.
:ഒക്ടോബർ 12-നും 30-നും ഇടയിൽ സർവേ സഭകൾ രൂപവത്കരിക്കും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ നടക്കും. മംഗലപുരം വെയിലൂർ വില്ലേജിലാണ് ആശാൻ സ്മാരകം.
എല്ലാ വാർഡിലും സർവേ സഭയിൽ ഭൂവുടമകളെ ബോധവത്കരിക്കാൻ രണ്ട് ഉദ്യോഗസ്ഥരെ നിയോഗിക്കും. ഡിജിറ്റൽ റീ സർവേക്കായി 1500 സർവേ ഉദ്യോഗസ്ഥരെയും 3500 താത്കാലിക ഹെൽപ്പർമാരെയും നിയമിക്കും. ഡിജിറ്റൽ റീ സർവേക്കായി 807.38 കോടി രൂപ റീ ബിൽഡ് കേരളയിൽനിന്ന് അനുവദിച്ചിട്ടുണ്ട്.