കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.
കൊല്ലം ,തഴുത്തല ചേരിയിൽ, വാഴവിള വീട്ടിൽ അഭിനവ് ബൈജു (21) വിനെ ആണ് കിളിമാനൂർ പോലീസ് പിടികൂടിയത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 14 വയസുകാരിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പ്രലോഭിച്ചായിരുന്നു പീഡിപ്പിച്ചിരുന്നത്. ഇക്കഴിഞ്ഞ 12-ാം തീയതി പെൺകുട്ടി പഠിയ്ക്കുന്ന സ്കൂളിൽ ബൈക്കിലെത്തിയ യുവാവ് പെൺകുട്ടിയേയും കൂട്ടി മയ്യനാട് താന്നി ബീച്ചിൽ പോയശേഷം കൊട്ടിയത്തുള്ള വീട്ടിലെത്തിച്ചായിരുന്നു പീഡനം. പെൺകുട്ടി ഒരാഴ്ചയായി സ്കൂളിൽ വരാതായതിനെ തുടർന്ന് അധ്യാപകർ രക്ഷിതാക്കളെ വിവരം അറിയിക്കുകയും തുടർന്ന് രക്ഷിതാവ് പെൺകുട്ടിയേയും കൂട്ടി സ്കൂളിലെത്തി അധ്യാപകരുടെ സാന്നിദ്ധ്യത്തിൽ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് യുവാവുമായുള്ള ബന്ധം ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് നടത്തിയ കൗൺസിലിംങിലാണ് പീഡന വിവരങ്ങൾ പുറത്തറിഞ്ഞത്. സ്കൂളധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയും ഇവരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. കിളിമാനൂർ ഐഎസ്എച്ച്ഒ എസ്.സനൂജിന്റെ നേതൃത്വത്തിൽ എസ് ഐ വിജിത്ത്.കെ.നായർ, എഎസ്ഐ താഹിറുദ്ദീൻ , സീനിയർ സിപിഒ മഹേഷ്, ഷിജു, രജിത്ത് രാജ്, സിപിഒമാരായ കിരൺ, വിനയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.