എണ്ണ ഉൽപാദക, കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് പ്ലസ് അടുത്ത മാസം മുതൽ ഉൽപാദനത്തിൽ പ്രതിദിനം 20 ലക്ഷം ബാരൽ കണ്ട് കുറവുവരുത്താൻ തീരുമാനിച്ചെങ്കിലും ഇന്ത്യയിൽ ഉടൻ എണ്ണ വിലവർദ്ധന ഉണ്ടാവില്ല. ഉൽപാദനത്തിലെ കുറവ് ചെറുകിട ഉപയോക്താവിലേക്ക് എത്താൻ സമയമെടുക്കും. രാജ്യത്തു പണപ്പെരുപ്പം ഉയർന്നുനിൽക്കുന്നതിനാലും ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകൾ ആസന്നമായതിനാലും വിലവർദ്ധനയ്ക്ക് സർക്കാർ ഉടൻ തയാറാകില്ല.
സാധാരണ ഉപയോക്താവിന് ഇത് ആശ്വാസമാണെങ്കിലും കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സ്ഥിതിക്ക് എണ്ണവില വർദ്ധന ഉണ്ടാക്കാനിടയുള്ള ആഘാതം വലുതായിരിക്കും. ഉപഭോഗത്തിന്റെ 87 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് എണ്ണ ഉൽപാദനത്തിലെ കുറവ് വിലയിലുണ്ടാക്കുന്ന വർദ്ധന എന്നിവ വെല്ലുവിളിയാകും. റഷ്യയിൽനിന്ന് കുറഞ്ഞ വിലയ്ക്ക് കൂടുതൽ എണ്ണ വാങ്ങിയിട്ടും കഴിഞ്ഞ 5 മാസത്തെ ഇറക്കുമതിച്ചെലവിൽ 32,000 കോടി രൂപയുടെ വർദ്ധനയുണ്ട്.
ലോകം സാമ്പത്തികമാന്ദ്യത്തിലേക്കു നീങ്ങുകയാണെന്നും എണ്ണ ഉപയോഗത്തിൽ കുറവു വരുന്നത് വില കുറയാൻ ഇടയാക്കുമെന്നും മുൻകൂട്ടി കണ്ടാണ് ഉൽപാദനം കുറയ്ക്കാൻ ഒപെക് പ്ലസ് യോഗം തീരുമാനിച്ചത്. യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് ബാരലിന് 120 ഡോളറിലേക്കു കുതിച്ച വില 85 ഡോളറായി കുറഞ്ഞതോടെ കഴിഞ്ഞ മാസം പ്രതിദിനം ഒരു ലക്ഷം ബാരൽ കണ്ട് ഉൽപാദനത്തിൽ കുറവു വരുത്താൻ തീരുമാനിച്ചിരുന്നു. ഉൽപാദനം കുറയ്ക്കരുതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സൗദി കിരീടാവകാശിയെ കണ്ട് അഭ്യർത്ഥിച്ചതിനും ഫലമുണ്ടായില്ല.
🔴റഷ്യയിൽനിന്ന് എണ്ണ വാങ്ങരുതെന്ന് ആരും പറഞ്ഞിട്ടില്ല: മന്ത്രി ഹർദീപ് പുരി :
റഷ്യയിൽനിന്ന് എണ്ണ വാങ്ങരുതെന്ന് ആരും ഇന്ത്യയോടു പറഞ്ഞിട്ടില്ലെന്നും രാജ്യത്തിന്റെ ഊർജ്ജസുരക്ഷയ്ക്ക് എവിടെനിന്നും എണ്ണ വാങ്ങുമെന്നും മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. പരിസ്ഥിതി മലിനീകരണം ഇല്ലാത്ത ഊർജ്ജത്തെക്കുറിച്ച് യുഎസുമായി ചർച്ചകൾക്കെത്തിയതായിരുന്നു മന്ത്രി.യുക്രെയ്നിൽ റഷ്യ നടത്തുന്ന സൈനിക നടപടിയെ അപലപിക്കാതിരുന്ന ഇന്ത്യ, റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെ പാശ്ചാത്യരാജ്യങ്ങൾ വിമർശിച്ചിരുന്നു. റഷ്യയിൽനിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യയിപ്പോൾ. ഒന്നാം സ്ഥാനത്ത് ചൈനയാണ്. ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന ലോകരാജ്യങ്ങളിൽ മൂന്നാം സ്ഥാനമുള്ള ഇന്ത്യയുടെ ഇറക്കുമതിയുടെ 18% ഇപ്പോൾ റഷ്യയിൽനിന്നാണ്.