യുഎഇയിലെ തോൽവിക്ക് മെൽബണിൽ മറുപടി നൽകാനാണ് രോഹിത്തും സംഘവും ഇന്നിറങ്ങുന്നത്. യുദ്ധത്തിന് മുമ്പ് ഇന്ത്യയും പാകിസ്താനും ഓരോ സന്നാഹ മത്സരങ്ങൾ വീതം കളിച്ചു. ഇന്ത്യ ഓസ്‌ട്രേലിയയെ 6 റൺസിന് തോൽപ്പിച്ചപ്പോൾ പാക്ക് പട ഇംഗ്ലണ്ടിനോട് 6 വിക്കറ്റിന് പരാജയപ്പെട്ടു. ടി20 ലോകകപ്പ് കണക്കുകൾ പരിശോധിച്ചാൽ ഇന്ത്യയ്ക്കാണ് മുൻതൂക്കം. ആറ് തവണ മുഖാമുഖം എത്തിയപ്പോൾ അഞ്ചിലും ഇന്ത്യ ജയിച്ചു. ഒന്നിൽ മാത്രമാണ് പാകിസ്താന് ജയിക്കാൻ കഴിഞ്ഞത്.
2007 മുതലാണ് ടി20 ലോകകപ്പ് സംഘടിപ്പിക്കുന്നത്. ആദ്യ പതിപ്പിൽ രണ്ട് തവണ ഇരുവരും ഏറ്റുമുട്ടി. രണ്ടിലും ഇന്ത്യ ജയിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ ബൗളൗട്ടിലൂടെ ജയിച്ചപ്പോൾ, ഫൈനലിൽ മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റൻസിയിൽ പാകിസ്താനെ 5 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കപ്പ് ഉയർത്തി. 2012ലെ ടി20 ലോകകപ്പിലാണ് ഇരുവരും വീണ്ടും ഏറ്റുമുട്ടിയത്. സൂപ്പർ 8 മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് പാകിസ്താനെ പരാജയപ്പെടുത്തി. ടി20 ലോകകപ്പിൽ ഇന്ത്യയുടെ മൂന്നാം വിജയമാണിത്.
2014 ടി20 ലോകകപ്പിൽ വീണ്ടും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യയ്ക്ക് 7 വിക്കറ്റിന് ജയിക്കാനായി. പാകിസ്താനെതിരെ ഇന്ത്യയുടെ തുടർച്ചയായ നാലാം വിജയമാണിത്. 2016 ൽ ഇരു ടീമുകളും കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ഈഡൻ ഗാർഡൻസിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ 6 വിക്കറ്റിന് വിജയിച്ചു. എന്നാൽ 2021ലെ ടി20 ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യയുടെ വിജയക്കുതിപ്പ് അവസാനിച്ചു. ദുബായിൽ നടന്ന മത്സരത്തിൽ 10 വിക്കറ്റിനാണ് പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്.