*പ്രഭാത വാർത്തകൾ*2022 | ഒക്ടോബർ 27 | വ്യാഴം |

◾ധനമന്ത്രിയെ മാറ്റണം എന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ കത്ത് നല്‍കിയ സംഭവം ഇന്ത്യയില്‍ തന്നെ ആദ്യമായിരിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇക്കാര്യത്തെക്കുറിച്ച് താന്‍ പ്രതികരിക്കുന്നില്ല. ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തും തിരിച്ച് നല്‍കിയ കത്തും താന്‍ കണ്ടിട്ടില്ല. ഭരണഘടനാപരമായി കാര്യങ്ങള്‍ നടക്കും. മന്ത്രിമാരെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണ് എന്നും ധനമന്ത്രി പറഞ്ഞു.

◾ധനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ഗവര്‍ണറുടെ മാനസികാരോഗ്യം വിദഗ്ധ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. യുപി പരാമര്‍ശത്തിലൂടെ ധനമന്ത്രി കെ എന്‍ ബാലഗോപാലിലുളള പ്രീതി നഷ്ടമായെന്നും മന്ത്രിയെ മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്.എന്നാല്‍, മന്ത്രിയുടെ പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറുപടി നല്‍കിയിരുന്നു.

◾ഗവര്‍ണ്ണര്‍ എടുക്കുന്ന തീരുമാനങ്ങള്‍ നിയപരമാണെന്നും എത്രയും പെട്ടന്ന് ബാലഗോപാലിനെ രാജി വെപ്പിക്കുന്നതാണ് പിണറായി വിജയന് അഭികാമ്യം എന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പ്രശ്‌നം വഷളാക്കിയാല്‍ അതിന്റെ ഭവിഷ്യത്ത് സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ തെരുവില്‍ പ്രതിഷേധിക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാന്‍ ആകാത്തത് കൊണ്ടാണെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

◾ഗവര്‍ണറുടെ ഔദ്യോഗിക വസതിക്ക് സുരക്ഷ വര്‍ധിപ്പിച്ചു. രാജ്ഭവന്‍ പരിസരത്ത് കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചു. വെള്ളയമ്പലം, കവടിയാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വാഹനങ്ങള്‍ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. ഗവര്‍ണര്‍ക്കെതിരായി സംസ്ഥാനമെങ്ങും പ്രതിഷേധ പരിപാടികള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് രാജ്ഭവന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചത്.

◾യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാത്തതില്‍ പിണറായി സര്‍ക്കാരിനെ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ വിമര്‍ശിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച സമിതിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കാതെ ജീവനക്കാരുമായി ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്ന് കാനം ആവശ്യപ്പെട്ടു. സിപിഐയുടെ സര്‍വീസ് സംഘനയായ ജോയിന്റ് കൗണ്‍സില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

◾പങ്കാളിത്ത പെന്‍ഷനില്‍ അംഗമാകാതെ മാറി നില്‍ക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ മരണപ്പെട്ടാല്‍ അര്‍ഹതപ്പെട്ട ആനുകൂല്യം പോലും കുടുംബാഗംങ്ങള്‍ക്ക് ലഭിക്കില്ലെന്ന് ധനവകുപ്പ് . അടുത്ത മാസം 30ന് മുമ്പ് എല്ലാവരും പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകണം. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ ഉത്തരവിറക്കി.

◾കുണ്ടന്നൂരിലെ 'ഓജീസ് കാന്താരി' എന്ന ബാര്‍ ഹോട്ടലില്‍ വെടിവെപ്പ്. വെടിവെപ്പ് നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. എഴുപുന്ന സ്വദേശി റോജന്‍, സുഹൃത്ത് ഹെറാള്‍ഡ് എന്നിവരാണ് മരട് പോലിസിന്റെ പിടിയിലായത്. ഇന്നലെ വൈകുന്നേരത്തോടെയാണ് മദ്യപിച്ചതിന് ശേഷം പുറത്തേക്ക് ഇറങ്ങുന്നതിനിടെ കൗണ്ടറിലെ ഭിത്തിയിലേക്ക് ഒരാള്‍ വെടിവെച്ചത്. രണ്ട് തവണ നിറയൊഴിച്ചു. എയര്‍ ഗണ്‍ ഉപയോഗിച്ചാണ് വെടിവെച്ചത് എന്നാണ് സൂചന.

◾കേസില്‍ നിന്ന് പിന്‍മാറണമെന്നും മൊഴി നല്‍കരുതെന്നും എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ ഇപ്പോഴും ആവശ്യപ്പെടുന്നു എന്ന് പരാതിക്കാരി.എന്ത് സംഭവിച്ചാലും ഉത്തരവാദി എല്‍ദോസ് ആണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞു. വനിതാനേതാവ് ഭീഷണി സന്ദേശം അയക്കുന്നു എന്ന് സൈബര്‍ പൊലീസിലും പരാതി നല്‍കി. പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

◾ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ തെളിവെടുപ്പിന്റെ ഭാഗമായി നടത്തിയ ഈ പരിശോധനയെ തുടര്‍ന്ന് തെളിവെടുക്കാനായി കോവളത്തെ സൂയിസൈഡ് പോയിന്റിലും ഗസ്റ്റ് ഹൗസിലും എത്തിച്ചു. 

◾കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പുതിയ ചെയര്‍മാനായി ഡോ. എം ആര്‍ ബൈജു നിയമിതനാകും. നിലവിലെ പി എസ് സി ചെയര്‍മാന്‍ എം കെ സക്കീറിന്റെ കാലാവധി ഈ മാസം 30 നു അവസാനിക്കുന്നതിന്നെ തുടര്‍ന്നാണ് ഡോ . എം ആര്‍ ബൈജുവിനെ നിയമിച്ചത്.

◾ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊലക്കേസില്‍ എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സമീര്‍ അലി അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 30 ആയി.

◾വിഴിഞ്ഞം തുറമുഖത്തിന് എതിരേ സമരം ചെയ്യുന്ന വൈദികര്‍ക്ക് എതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം എന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ചെയര്‍മാന്‍ ബിജു രമേശ്. പല വിദേശ കമ്പനികളുടെയും സ്പോണ്‍സേര്‍ഡ് പ്രോഗ്രാമാണ് വിഴിഞ്ഞം സമരം. പണം കൈപറ്റി പദ്ധതികള്‍ തകര്‍ക്കുന്നത് ലത്തീന്‍ വൈദികരുടെ സ്ഥിരം ഏര്‍പ്പാടാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് സമരം ചെയ്യുന്നത് മല്‍സ്യതൊഴിലാളികള്‍ അല്ലെന്നും അദ്ദേഹം ആരോപിച്ചു 

◾കെ എസ് ആര്‍ ടി സി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ പോകുകയായിരുന്ന സ്ത്രീയാണ് അപകടത്തില്‍ പെട്ട് 20 മിനിറ്റോളം റോഡില്‍ കിടന്നത്. പിന്നീട് മറ്റൊരു ബസ്സിലെ യാത്രക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും ആശപത്രിയില്‍ വച്ച് അവര്‍ മരിക്കുകയും ചെയ്തു.കെ എസ് എഫ് ഇ ബ്രാഞ്ച് മാനേജര്‍ ഉള്ളൂര്‍ ഭാസി നഗര്‍ സ്വദേശിനി കുമാരി ഗീത (52) ആണ് മരിച്ചത്. തിരുവനന്തപുരം പനവിള ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത് .

◾കോയമ്പത്തൂര്‍ ഉക്കടം കാര്‍ ബോംബ് സ്ഫോടനക്കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തു.. പ്രതികളില്‍ ഒരാളുടെ ഐഎസ് ബന്ധവും ചാവേര്‍ ആക്രമണ സംശയവും ബലപ്പെടുത്തുന്ന തെളിവുകള്‍ പൊലീസിന് കിട്ടിയ സാഹചര്യത്തിലാണ് ശുപാര്‍ശ . എന്‍ഐഎ സംഘം ഇതിനോടകം കോയമ്പത്തൂര്‍ എത്തി പ്രാഥമിക വിവരശേഖരണം തുടങ്ങിയിട്ടുണ്ട്. അറസ്റ്റിലായ അഞ്ചു പ്രതികളെയും എന്‍ഐഎ ചോദ്യം ചെയ്തു.

◾ഭാര്യയെ ഉപദ്രവിച്ചെന്ന് ആരോപിച്ച് മധ്യപ്രദേശിലെ ദാമോ ജില്ലയില്‍ അയല്‍വാസിയായ ദളിത് യുവാവിനെയും മാതാപിതാക്കളെയും ഭര്‍ത്താവ് വെടിവെച്ചുകൊന്നു. അയല്‍വാസി മനക് അഹിര്‍വാര്‍ തന്നെ പിന്തുടരുകയും പലപ്പോഴും തുറിച്ചുനോക്കുകയും ചെയ്തതായി മുഖ്യപ്രതി ജഗദീഷ് പട്ടേലിന്റെ ഭാര്യ ആരോപിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം ഇരു കുടുംബങ്ങളും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ കൈയ്യില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് മനകിനും കുടുംബത്തിനും നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു എന്ന് ഗ്രാമീണര്‍ പറയുന്നു. 

◾ഗ്രാമത്തിലെ യുവാക്കളുമായി സംസാരിച്ചതിന്റെ പേരില്‍ പിതാവ് മകളെ വെട്ടിക്കൊന്നു. ആന്ധ്രാപ്രദേശിലെ വനപര്‍ത്തി ജില്ലയിലെ പെബ്ബൈര്‍ മണ്ഡലത്തിലെ ഗ്രാമത്തില്‍ നിന്നുള്ള 37 കാരനായ കര്‍ഷകന്റെ മൂന്ന് മക്കളില്‍ രണ്ടാമത്തെയാളാണ് കൊല്ലപ്പെട്ടത്. 

◾പാര്‍ട്ടി അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചുമതലയേറ്റതിന് പിന്നാലെ പുതിയ സ്റ്റിയറിംഗ് കമ്മിറ്റി പ്രഖ്യാപിച്ചു. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എകെ ആന്റണി,കെ.സി വേണുഗോപാല്‍, ഉമ്മന്‍ ചാണ്ടി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് എന്നിവര്‍ പുതിയ കമ്മിറ്റിയില്‍ ഇടം പിടിച്ചപ്പോള്‍ അധ്യക്ഷ തെരഞ്ഞെടുപ്പിലൂടെ വലിയ തരംഗം സൃഷ്ടിച്ച ശശി തരൂര്‍ പുതിയ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഇല്ല.

◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം, മത്സരാര്‍ഥികളായിരുന്ന ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുന്‍ പ്രസിഡന്റ് സോണിയാ ഗാന്ധിയും അടുത്തടുത്തിരിക്കുന്ന ചിത്രം ജനാധിപത്യം സിന്ദാബാദ് എന്ന അടിക്കുറിപ്പോടെ ട്വിറ്ററില്‍ പങ്കുവച്ച് കോണ്‍ഗ്രസ്സ്. 

◾സമ്പദ് വ്യവസ്ഥ മെച്ചപ്പെടണമെങ്കില്‍ മനുഷ്യപ്രയത്‌നം മാത്രം പോരെന്നും ദൈവപ്രീതി കൂടി വെണമെന്നും അതിനായി കറന്‍സി നോട്ടില്‍ ലക്ഷ്മീ ദേവിയുടെയും ഗണപതിയുടെയും ചിത്രം ആലേഖനം ചെയ്യണമെന്ന ദില്ലി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ നിര്‍ദേശം വിമര്‍ശിക്കപ്പെടുന്നു .കറന്‍സിയില്‍ ഗണപതിയുടെ ചിത്രമുള്ള ഇന്തോനേഷ്യന്‍ നോട്ടാണ് അദ്ദേഹം ഉദാഹരണമായി പറഞ്ഞത്. എന്നാല്‍ ഇന്ത്യയുടെ കറന്‍സിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്തോനേഷ്യന്‍ കറന്‍സി വളരെ ദുര്‍ബലമാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടി കാണിക്കുന്നത്.

◾ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഇരട്ട എഞ്ചിന്‍ ഡെക്ക് അധിഷ്ഠിത ഫൈറ്റര്‍ ജെറ്റ് 2028 ഓടെ പുറത്തിറങ്ങും. മാക് 1.6 വേഗതയില്‍ എത്താന്‍ കഴിവുള്ള ടിഇഡിബിഎഫ് യുദ്ധവിമാനങ്ങള്‍ ഐഎന്‍എസ് വിക്രമാദിത്യയിലും ഐഎന്‍എസ് വിക്രാന്തിലും വിന്യസിക്കാന്‍ കഴിയുമെന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ അധികൃതര്‍ പറഞ്ഞു. പദ്ധതിക്ക് 2023 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാബിനറ്റ് കമ്മിറ്റിയുടെ അനുമതി കിട്ടുമെന്ന് ഡിആര്‍ഡിഒ പ്രതീക്ഷിക്കുന്നു.

◾ജിസിസി രാജ്യങ്ങളിലെ എല്ലാ താമസക്കാര്‍ക്കും ഇനി വിസയില്ലാതെ ഒമാനിലേക്കെത്താം. പുതിയ നിര്‍ദ്ദേശ പ്രകാരം ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ അതേ രാജ്യങ്ങളില്‍ നിന്ന് തന്നെ ഒമാനിലേക്ക് എത്തണമെന്നില്ല. ഇവര്‍ക്ക് എവിടെ നിന്ന് വേണമെങ്കിലും ഒമാനിലേക്ക് എത്താമെന്ന് ഒമാന്‍ എയര്‍പോര്‍ട്സ് സര്‍ക്കുലറില്‍ വ്യക്തമാക്കി.

◾ഋഷി സുനക് യുകെ പ്രധാനമന്ത്രിയായി എത്തുമ്പോള്‍ അദ്ദേഹത്തിന്റെ പഴയ നിലപാടുകള്‍ വിവാദമാകുന്നു . ട്രാന്‍സ് സ്ത്രീകള്‍ സ്ത്രീകളാണെന്ന് കരുതുന്നില്ലെന്നും ടോയ്ലറ്റ് അല്ലെങ്കില്‍ സ്പോര്‍ട്സ് പോലുള്ള വിഷയങ്ങളില്‍ ജീവശാസ്ത്രം അടിസ്ഥാനമാണെന്നുമായിരുന്നു നേരത്തെയുള്ള ഋഷി സുനകിന്റെ നിലപാടുകള്‍. ഈ നിലപാടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരിക്കുന്നത്.

◾മതപൊലീസിന്റെ കസ്റ്റഡിയില്‍ മരിച്ച 22 വയസ്സുകാരി മഹ്സ അമിനിയുടെ 40-ാം ചരമദിനം ആചരിക്കാന്‍ ഇറാനിലെ കുര്‍ദ് കുര്‍ദ് പട്ടണമായ സാക്വസിലെ മഹ്സ അമിനിയുടെ കബറില്‍ തടിച്ചുകൂടിയ പതിനായിരത്തോളം പേര്‍ക്കെതിരെ പൊലീസ് വെടിവച്ചു. ഒട്ടേറെ പേരെ അറസ്റ്റ് ചെയ്തു. 'ഏകാധിപത്യം തുലയട്ടെ,' 'സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, സ്വാതന്ത്ര്യം' എന്നീ മുദ്രാവാക്യങ്ങളുമായി ശിരോവസ്ത്രം ഊരി വീശി നൂറുകണക്കിനു സ്ത്രീകള്‍ രോഷം പ്രകടമാക്കി.

◾വാര്‍ഷിക ആണവാഭ്യാസങ്ങളുടെ ഭാഗമായി ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും പരീക്ഷിച്ച് റഷ്യ. വാര്‍ഷിക പരിശീലന പരിപാടികളുടെ ഭാഗമായി ആണവായുധങ്ങളുടെ പരിശീലനമുള്‍പ്പടെ നടത്തുമെന്ന് റഷ്യ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മിസൈല്‍ പരീക്ഷണം. തന്ത്രപ്രധാന വാര്‍ഷിക അഭ്യാസങ്ങള്‍ക്ക് പ്രസിഡന്റ് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്‍ മേല്‍നോട്ടം വഹിച്ചതായി റഷ്യ അറിയിച്ചു. അതേസമയം റഷ്യയുടെ ഈ നീക്കം അവിശ്വസനീയമാംവിധം ഗുരുതരമായ തെറ്റ് ആയി കണക്കാക്കുന്നെന്ന് അമേരിക്ക അറിയിച്ചുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

◾ഓണ്‍ലൈന്‍ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ് തിരുവനന്തപുരത്തെ ടെക്നോ പാര്‍ക്കിലെ ഓഫീസ് അടച്ച് പൂട്ടി. രാജി വയ്ക്കുകയോ അല്ലാത്ത പക്ഷം ബെംഗലുരുവിലെ ഓഫീസിലേക്ക് മാറുകയോ ചെയ്യണമെന്നാണ് തിരുവനന്തപുരം ഓഫീസിലില്‍ ജോലി ചെയ്തിരുന്ന 170 ജീവനക്കാരോടും നിര്‍ദ്ദേശിച്ചിരിക്കുന്നത്.

◾നവംബര്‍ 20ന് ഖത്തറില്‍ ഫിഫ ലോകകപ്പ് ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ഖത്തറിലേക്ക് യാത്രയ്‌ക്കൊരുങ്ങുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. യാത്രയ്ക്ക് മുമ്പുള്ള കൊവിഡ് പിസിആര്‍, റാപിഡ് ആന്റിജന്‍ പരിശോധനകള്‍ ഒഴിവാക്കിയെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം.

◾ട്വന്റി 20 ലോകകപ്പില്‍ മഴ കളി തുടരുന്നു. ഇന്നലെ ന്യൂസീലന്‍ഡും അഫ്ഗാനിസ്താനും തമ്മില്‍ നടക്കാനിരുന്ന ഗ്രൂപ്പ് ഒന്നിലെ മത്സരം മഴ കാരണം ടോസ് പോലും ഇടാനാകാതെ ഉപേക്ഷിച്ചു. ഇന്നലെ നടന്ന ഇംഗ്ലണ്ട് - അയര്‍ലന്‍ഡ് മത്സരവും മഴ മുടക്കിയിരുന്നു. ഒടുവില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമം അനുസരിച്ച് അയര്‍ലന്‍ഡ് അഞ്ചു വിക്കറ്റിന് വിജയിക്കുകയായിരുന്നു.

◾ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍-12ല്‍ ഇന്ത്യ ഇന്ന് നെതര്‍ലന്‍ഡ്‌സിനെ നേരിടും. അതേസമയം ലോകകപ്പിലെ മഴയുടെ കളി ഇന്നും തുടരുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.

◾ഗൂഗിളിന്റെ അറ്റാദായത്തില്‍ കനത്ത ഇടിവ്. ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഗൂഗിളിന്റെ വരുമാനത്തിലെ ഇടിവ് കണക്കാക്കിയിരിക്കുന്നത്. രണ്ടാം പാദത്തില്‍ 13.9 ബില്യണ്‍ അറ്റാദായമാണ് കമ്പനി നേടിയത്. എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 27 ശതമാനം ഇടിവാണ് അറ്റാദായത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. യുട്യൂബ് വരുമാനം 7.21 ബില്യണില്‍ നിന്ന് രണ്ട് ശതമാനം കുറഞ്ഞ് 7.07 ബില്യണ്‍ ഡോളറായി. അതേസമയം പരസ്യ വില്പന 4 ശതമാനം വര്‍ദ്ധിച്ച് 39.5 ബില്യണ്‍ ഡോളറിലെത്തി. ആല്‍ഫബെറ്റിന് യുട്യൂബില്‍ നിന്നും ലഭിക്കുന്ന പരസ്യ വരുമാനം 1.9 ശതമാനം ഇടിഞ്ഞു.

◾ഡോവ് ഉള്‍പ്പെടെ ചില ബ്രാന്‍ഡുകള്‍ തിരിച്ചുവിളിച്ച് പ്രമുഖ എഫ്എംസിജി കമ്പനി യൂണിലിവര്‍. കാന്‍സറിന് കാരണമാകുന്ന രാസവസ്തു അടങ്ങിയിരിക്കുന്നു എന്ന അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡോവിന്റേത് അടക്കം വിവിധ ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള ഡ്രൈ ഷാമ്പൂ ഉല്‍പ്പന്നങ്ങളാണ് തിരിച്ചുവിളിച്ചത്. ഇതില്‍ അടങ്ങിയിരിക്കുന്ന ബെന്‍സീന്‍ എന്ന രാസവസ്തു കാന്‍സറിന് കാരണമാകുമെന്ന എഫ്ഡിഎയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. നെക്‌സസ്, സുവേ, ട്രെസെമ്മെ, ടിഗി എന്നിവയാണ് തിരിച്ചുവിളിച്ച മറ്റു ബ്രാന്‍ഡുകള്‍. 2021 ഒക്ടോബറിന് മുന്‍പ് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളാണ് തിരിച്ചുവിളിച്ചത്.

◾ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് 'ജയ ജയ ജയ ജയ ഹേ'. വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്യന്നത്. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ചിരിക്കാനും ചിന്തിക്കാനും വകയുള്ള ചിത്രമായിരിക്കും എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഒക്ടോബര്‍ 28ന് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ജയ ജയ ജയ ജയ ഹേയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

◾ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ്യമായി രജനികാന്ത് നായകന്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ പൂര്‍ത്തിയാക്കിയശേഷം രജനികാന്ത് ഐശ്വര്യയുടെ ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് വിവരം. രജനി നായകനായി അഭിനയിച്ച ദര്‍ബാര്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കളാണ് ഐശ്വര്യയുടെ ചിത്രം നിര്‍മ്മിക്കുന്നത്. ഐശ്വര്യ സംവിധാനം ചെയ്യുന്ന മൂന്നാമത് ചിത്രമാണിത്. ധനുഷിനെ നായകനാക്കി മൂന്ന് എന്ന ചിത്രം ആണ് ഐശ്വര്യയുടെ ആദ്യ സംവിധാന സംരംഭം. രജനിയുടെ ഇളയ മകളായ സൗന്ദര്യ സംവിധാനം ചെയ്ത കൊച്ചടയാന്‍ എന്ന ചിത്രത്തില്‍ രജനികാന്ത് നായകനായി അഭിനയിച്ചിരുന്നു.

◾ഹോണ്ടയുടെ സ്പോര്‍ട്‌സ് ബൈക്കായ ആഫ്രിക്ക ട്വിന്‍ പുത്തന്‍ മോഡലില്‍ ഉപഭോക്താക്കള്‍ക്കായി കാത്തിരിക്കുന്നത് ഫ്രണ്ട് കാമറ ഉള്‍പ്പെടെ അത്യാധുനിക ഫീച്ചറുകള്‍. ഓഫ്-റോഡുകളിലെ റൈഡിംഗിന് റൈഡറെ സഹായിക്കുംവിധമാണ് കാമറ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഹെഡ്‌ലൈറ്റിന് തൊട്ടുതാഴെയാണ് കാമറയുടെ സ്ഥാനം. വൈകാതെ ഹോണ്ടയുടെ ഗോള്‍ഡ് വിംഗ് ശ്രേണിയിലും സ്‌കൂട്ടറുകളിലും കാമറകള്‍ ഇടംപിടിച്ചേക്കുമെന്നാണ് സൂചനകള്‍. ബൈക്കുകളില്‍ കാമറ ഇടംനേടുന്നത് ആദ്യമല്ല. ബെനെലി ടി.ആര്‍.കെ 702യിലും കാമറയുണ്ട്. ഡുകാറ്റി മള്‍ട്ടിസ്ട്രാഡ, ഓസ്‌ട്രേലിയന്‍ ബ്രാന്‍ഡായ കെ.ടി.എം എന്നിവ ഉപയോഗിക്കുന്നത് ആധുനിക റഡാര്‍ ടെക്‌നോളജിയാണ്.

◾ഒരു ചുവട് ഒരു ചുവട് മാത്രമല്ല. ഒറ്റയ്ക്കു നടക്കുന്നയാള്‍ ഒറ്റയ്ക്കല്ല. എല്ലാ ദൂരങ്ങളും ഇരു കാലില്‍ താണ്ടിയ, വഴിയൊക്കെ നടവഴി മാത്രമായ ആളുകളുടെ, സംഭവങ്ങളുടെ, കാലങ്ങളുടെ ഓര്‍മപ്പെടുത്തലാണ് ഓരോ നടത്തവും. ഏതു വഴിക്കും ചരിത്രമുണ്ട്. ഏതു നാടിന്റെയും ചരിത്രം നടത്തത്തിന്റെയും വഴിയുടെയും ചരിത്രം കൂടിയാണ്. 'നടക്കുമ്പോള്‍'. ഇ പി രാജഗോപാലന്‍. മനോരമ ബുക്സ്. വില 185 രൂപ.

◾സ്തനാര്‍ബുദത്തെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിക്കുന്നത് വളരെ പ്രധാനമാണ്. തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ മാറ്റാവുന്ന ഒരു രോഗമാണ് ഇതെന്ന് വിദഗ്ധര്‍ പറയുന്നു. സ്തനങ്ങളില്‍ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ പോലും നിരീക്ഷിച്ചാല്‍ വളരെ നേരത്തേതന്നെ സ്തനാര്‍ബുദം കണ്ടെത്താന്‍ സാധിക്കും. എല്ലാ മാസവും കഴിവതും ആര്‍ത്തവ ദിവസങ്ങള്‍ കഴിഞ്ഞ് ആദ്യത്തെ 10 ദിവസത്തിനുള്ളില്‍ ഒരു കണ്ണാടിയുടെ മുന്നില്‍ നിന്ന് സ്വയം സ്തന പരിശോധന നടത്തേണ്ടത് പ്രധാനമാണ്. സ്തനത്തിലെ വേദനയില്ലാത്ത, കഠിനമായ വീക്കമാണ് സ്തനാര്‍ബുദത്തിന്റെ ആദ്യ ലക്ഷണമായി പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത്. അത്തരം മുഴകള്‍ മിക്കവയും ക്യാന്‍സറല്ലെങ്കിലും അവ പരിശോധിക്കേണ്ടത് പ്രധാനമാണ്. വലിപ്പം, ആകൃതി, നിറവ്യത്യാസം എന്നിവ സ്തനത്തിന്റെ ശാരീരിക രൂപത്തിലുള്ള ഏതൊരു മാറ്റവും ലക്ഷണമാകാം. സ്തനങ്ങളില്‍ നിറവ്യത്യാസം കണ്ടാല്‍ ഉടന്‍ തന്നെ ഒരു ഡോക്ടര്‍ കണ്ട് പരിശോധിക്കേണ്ടത് പ്രധാനമാണ്. ആര്‍ത്തവ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് സ്തനങ്ങളില്‍ വേദനയുണ്ടാവുന്നത് സാധാരണയാണ്. ഇത് തെറ്റിദ്ധരിക്കേണ്ടതില്ല. ആര്‍ത്തവ ആരംഭത്തിന് മുമ്പ് തന്നെ തുടങ്ങുന്ന ഇത്തരം വേദന അടുത്ത ആര്‍ത്തവചക്രം തുടങ്ങി ഉടന്‍ തന്നെ ഇല്ലാതാവും. എന്നാല്‍ ഇതല്ലാതെ മറ്റു തരത്തില്‍ വേദനയുണ്ടാവുന്നുണ്ടെങ്കില്‍ പരിശോധന ആവശ്യമാണ്. സ്തനത്തിന് മുകളിലുള്ള ചര്‍മ്മത്തിലെ മാറ്റമാണ് മറ്റൊരു ലക്ഷണം. മുലക്കണ്ണില്‍ നിന്നും ഡിസ്ചാര്‍ജ് വരുന്നത് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മറ്റൊരു ലക്ഷണമാണ്. കുടുംബത്തില്‍ സ്തനാര്‍ബുദത്തിന്റെ ചരിത്രമുള്ള സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, പൊണ്ണത്തടി, മദ്യപാനം, ആര്‍ത്തവവിരാമം എന്നിവയും രോഗം വികസിപ്പിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ രണ്ട് മരം വെട്ടുകാര്‍ കാട്ടിലെത്തി. അവര്‍ കാട്ടിലെ മരങ്ങള്‍ മുറിക്കുകയാണ്. ഒരാള്‍ ഒട്ടും വിശ്രമിക്കാതെ തുടര്‍ച്ചയായി മരം വെട്ടുകയാണ്. രണ്ടാമന്‍ ആകട്ടെ, ഓരോ മരം വെട്ടുന്നതിനിടയിലും അയാള്‍ ഒരു ഇടവേള എടുക്കുന്നുണ്ട്. സമയം സന്ധ്യയായി. ഏറ്റവും കൂടുതല്‍ മരം വെട്ടിയത് രണ്ടാമന്‍ ആയിരുന്നു. ഇതെങ്ങിനെ സംഭവിച്ചു എന്ന് ഒന്നാമന്‍ അത്ഭുതത്തോടെ രണ്ടാമനോട് ചോദിച്ചു. അയാള്‍ പറഞ്ഞു: ഞാന്‍ ഓരോ മരം വെട്ടിക്കഴിയുമ്പോഴും എന്റെ മഴുവിനെ മൂര്‍ച്ചപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ കുറഞ്ഞ സമയത്തില്‍ കൂടുതല്‍ വേഗത്തില്‍ എനിക്ക് മരം മുറിക്കാന്‍ സാധിച്ചു. നമ്മുടെ ലക്ഷ്യങ്ങളിലേക്കെത്താന്‍, നമ്മുടെ സ്വപ്നങ്ങളിലേക്കെത്താന്‍ നമുക്ക് ഒരുപാട് അധ്വാനിക്കേണ്ടതുണ്ട്. പക്ഷേ, നമ്മള്‍ എന്തിനാണ് അധ്വാനിക്കുന്നത്, എങ്ങിനെയാണ് അധ്വാനിക്കുന്നത് എന്ന ചിന്തകൂടി അവിടെ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. അതാണ് Sharpening. നമ്മള്‍ നമ്മളെ ഇടക്കിടെ മൂര്‍ച്ചകൂട്ടണം. മൂര്‍ച്ചകൂട്ടാനായി നാം എടുക്കുന്ന സമയം ഒരു നഷ്ടമല്ല. ആ സമയമാണ് നമ്മെ കൂടുതല്‍ ഫോക്കസ് ചെയ്യാന്‍ സഹായിക്കുന്നത്. ഒരു പെന്‍സില്‍ വെച്ച് നമ്മള്‍ എഴുതി തുടങ്ങുമ്പോള്‍ കുറച്ച് നേരം കഴിഞ്ഞാല്‍ അതിന്റെ തെളിച്ചം നഷ്ടപ്പെടുന്നത് കാണാം. ആ എഴുത്ത് അവിടെ അവസാനിപ്പിച്ച് പെന്‍സിലിനെ മൂര്‍ച്ച കൂട്ടുക, ആ പെന്‍സിലിന്റെ ആവശ്യമില്ലാത്ത ഭാഗങ്ങള്‍ വെട്ടിക്കളയുക.. അതിന് ശേഷം വീണ്ടും ധാരാളം പേജുകള്‍ എഴുതാന്‍ ആ പെന്‍സില്‍ കൊണ്ട് സാധിക്കും. ജീവിതവും ഇതുപോലെയാണ്... ഒരു ദിവസത്തില്‍ നാം എത്രയൊക്കെ അധ്വാനിച്ചാലും ഇടയ്‌ക്കൊക്കെ ഒന്ന് തനിച്ചിരുന്ന് കഴിഞ്ഞുപോയ സമയത്തെ വിലയിരുത്തണം. അതില്‍ ആവശ്യമില്ലാത്തതെല്ലാം വെട്ടിക്കളയണം. അങ്ങനെ ചെയ്യുമ്പോള്‍ നാം നമ്മുടെ ലക്ഷ്യത്തിലേക്ക് കൂടുതല്‍ ഫോക്കസ് ചെയ്യാന്‍ തുടങ്ങും. നാം നമ്മുടെ സ്വപ്നങ്ങളെ കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കും. ജീവിതത്തെ കൂടുതല്‍ ഫലപ്രദമാക്കുക, മനസ്സിനെ ഇടയ്ക്കിടെ മൂര്‍ച്ചകൂട്ടുക, അങ്ങിനെ 'ഞാന്‍' കൂടുതല്‍ നല്ല ഞാനായി മാറാന്‍ ശ്രമിക്കാം - ശുഭദിനം.
മീഡിയ 16