*പ്രഭാത വാർത്തകൾ*2022 | ഒക്ടോബർ 24 | തിങ്കൾ ◾ഇന്നു ദീപാവലി. എല്ലാവര്‍ക്കും മീഡിയ 16 ന്റെ ദീപാവലി ആശംസകള്‍.

◾കേരളത്തിലെ ഒമ്പതു സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരും ഇന്നുതന്നെ രാജിവയ്ക്കണമെന്ന് ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. യുജിസിയുടെ നിയമന ചട്ടം പാലിക്കാത്തതിന് ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് ഗവര്‍ണറുടെ അസാധാരണ നടപടി. കേരള, എംജി, കൊച്ചി, ഫിഷറീസ്, കണ്ണൂര്‍, സാങ്കേതിക, ശ്രീശങ്കരാചാര്യ, കാലിക്കറ്റ്, മലയാളം സര്‍വകലാശാലകളുടെ വിസിമാരോടാണ് ഇന്നു 11.30 നു മുമ്പു രാജിവയ്ക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. എല്‍ഡിഎഫ് അടുത്ത മാസം 15 നു രാജ്ഭവനു മുന്നില്‍ പ്രതിഷേധ സമരം പ്രഖ്യാപിച്ചതിനു പിറകേയാണ് വൈസ് ചാന്‍സലര്‍മാരോടു രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്.

◾കോലി രാജാവായി പട നയിച്ചു. ട്വന്റി 20 ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് നാലു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യത്തിനായ് ബാറ്റെടുത്ത ഇന്ത്യ 31 ന് 4 എന്ന ഘട്ടത്തില്‍ തോല്‍വി ഉറപ്പിച്ചിരിക്കുമ്പോഴാണ് കോലി ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം ചേര്‍ന്ന് ഇന്ത്യയെ വിജയത്തീരത്തെത്തിച്ചത്. 53 പന്തില്‍ 82 റണ്‍സെടുത്ത കോലിയും 40 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയും അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ദീപാവലി ആഘോഷത്തിന് തിരി കൊളുത്തുകയായിരുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ മല്‍സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ ടീമിനേയും വിരാട് കോലിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം നിരവധി നേതാക്കളും സിനിമാ- സ്‌പോര്‍ട്‌സ് മേഖലയിലെ പ്രമുഖരും അനുമോദിച്ചു.

◾മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു രാവിലെ പത്തരയ്ക്കു പാലക്കാട് മാധ്യമങ്ങളെ കാണും. വൈസ് ചാന്‍സലര്‍മാര്‍ രാജി വയ്ക്കണമെന്നു ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയതിനു പിറകേയാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ചത്.

◾മാലിന്യവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ ജില്ലാതല എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് വരുന്നു. മിന്നല്‍ പരിശോധന നടത്തി പിഴ ഈടാക്കാനും ലൈസന്‍സ് റദ്ദാക്കാനും സ്‌ക്വാഡിന് അധികാരമുണ്ടാകും. 23 സ്‌ക്വാഡുകളെയാണ് ആദ്യഘട്ടത്തില്‍ നിയോഗിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഒരോ സ്‌ക്വാഡും മറ്റു ജില്ലകളില്‍ രണ്ടു സ്‌ക്വാഡ് വീതവും. തദ്ദേശ സ്വയംഭരണ വകുപ്പ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഉദ്യോഗസ്ഥനും പോലീസ് ഓഫീസറും സ്‌ക്വാഡില്‍ ഉണ്ടാകും.

◾പൊലീസിന്റെ ഗുണ്ടാവിളയാട്ടവും മോഷണ വിശേഷങ്ങളും പെരുകുന്നതിനിടെ കേരള പോലീസ് രാജ്യത്തെ ഏറ്റവും മികച്ചതാണെന്ന അവകാശവാദവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിന്റെ നയങ്ങളെയും ഖ്യാതിയെയും അട്ടിമറിക്കാന്‍ പോലീസില്‍തന്നെ ചിലര്‍ ശ്രമിക്കുന്നുണ്ട്. സേനയ്ക്കകത്തെ ഇത്തരം ഒറ്റപ്പെട്ട തെറ്റായ വാസനകളെ അനുവദിച്ചുകൊടുക്കില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

◾വിഴിഞ്ഞം സമരപന്തല്‍ പൊളിക്കണമെന്ന് വീണ്ടും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. തുറമുഖ കവാടത്തിലെ എല്ലാ അനധികൃത നിര്‍മ്മാണങ്ങളും ഇന്നു പൊളിച്ചുനീക്കണം. ഹൈക്കോടതി ഉത്തരവ് കൂടി കണക്കിലെടുത്താണ് ഉത്തരവിട്ടത്.

◾ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. സിട്രാംഗ് എന്നു പേരിട്ട ചുഴലി നാളെ രാവിലെ ബംഗ്ലാദേശിലെ ടിങ്കോണ ദ്വീപിനും സാന്‍ഡ്വിപ്പിനുമിടയില്‍ തീരം തൊടും. വരും ദിവസങ്ങളില്‍ ഒഡീഷയിലും ബംഗാളിലും കനത്ത മഴയും കാറ്റും ഉണ്ടാകും. ഈ മേഖലയില്‍ മല്‍സ്യബന്ധനം നിരോധിച്ചു.

◾സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി അംഗീകരിച്ച് സര്‍ക്കാര്‍ രാജ്ഭവനു കത്തു നല്‍കി. ഡോ. എം.എസ്. രാജശ്രീയുടെ നിയമനമാണ് സുപ്രീം കോടതി റദ്ദാക്കിയത്. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല ഡിജിറ്റല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്കു നല്‍കണമെന്നു ശുപാര്‍ശ ചെയ്തിട്ടുണ്ട്.

◾വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണ് ഗവര്‍ണര്‍ നടപ്പാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വൈസ് ചാന്‍സലര്‍മാരോടു രാജിവയ്ക്കാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഗവര്‍ണറുടെ നിര്‍ദ്ദേശത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സിപിഎം. ആര്‍എസ്എസ് അജണ്ട ജനം പ്രതിരോധിക്കും. വിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ക്കാനുള്ള നീക്കത്തെ ചെറുക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

◾വൈസ് ചാന്‍സലര്‍മാര്‍ രാജിവക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം സ്വാഗതംചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പിന്‍വാതില്‍ നിയമനങ്ങള്‍ തകൃതിയായി നടത്താനാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാന്‍സലര്‍മാരാക്കിയതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്. ചട്ടവിരുദ്ധ നിയമനങ്ങള്‍ക്കു കൂട്ടുനിന്ന ഗവര്‍ണര്‍ തിരുത്തുന്നതു നല്ലതാണെന്നും സതീശന്‍ പറഞ്ഞു.

◾ഗവര്‍ണര്‍ക്കു ചാന്‍സലറായി പ്രവര്‍ത്തിക്കാനുള്ള അധികാരം നിയമസഭ നല്‍കിയതാണെന്നു മറക്കരുതെന്നു നിയമമന്ത്രി പി. രാജീവ്. ഗവര്‍ണര്‍ തന്നെ ചാന്‍സലര്‍ ആകണമെന്ന് യുജിസി നിയമത്തില്‍ വ്യവസ്ഥയില്ല. സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കല്ല, ചാന്‍സലര്‍ക്കാണ് അധികാരമെന്നു സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി രാജീവ്.

◾വൈസ് ചാന്‍സലര്‍മാരെ ഗവര്‍ണറാണു നിയമിച്ചതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. സംസ്ഥാന ഭരണത്തില്‍ അസ്ഥിരതയുണ്ടാക്കാന്‍ ഓരോ കാരണമുണ്ടാക്കി ഗവര്‍ണര്‍ ഇടയുകയാണ്. കേന്ദ്രത്തിലെ ഉദ്യോഗസ്ഥനെ പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നതെന്നും ബേബി കുറ്റപ്പെടുത്തി.

◾രാജിവയ്ക്കില്ലെന്നും പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടേയെന്നും കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. ഗവര്‍ണറുടെ നടപടിയില്‍ പ്രതികരിക്കാനില്ലെന്നു കുസാറ്റ് വിസി പ്രതികരിച്ചു.

◾സുപ്രീം കോടതി വിധി പ്രസ്താവിച്ചതിനു ഗവര്‍ണര്‍ക്കെതിരേ എന്തിനാണ് എല്‍ഡിഎഫ് സമരത്തിനിറങ്ങുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സാങ്കേതിക സര്‍വകലാശാല വിസി നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനാണ് സമരം. സുപ്രീം കോടതിക്കെതിരെയാണോ സമരമെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍.

◾മൂന്നാറിലേക്കു ക്ഷണിച്ചെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തെ തള്ളി മുന്‍ മന്ത്രി തോമസ് ഐസക്ക്. ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയമാണ്, ബിജെപിയാണ്. ആരോപണത്തിനെതിരെ നിയമനടപടി വേണോയെന്ന് പാര്‍ട്ടി തീരുമാനിക്കും. സ്വപ്ന ബിജെപിയുടെ ദത്തുപുത്രിയാണെന്നും തോമസ് ഐസക്ക്.

◾സ്വാതന്ത്ര്യ സമരത്തിന്റെ ഒറ്റുകാരെ മഹാന്മാരായി ചിത്രീകരിച്ച് ചരിത്രത്തെ വെട്ടിമാറ്റാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്വേഷം പടര്‍ത്താന്‍ ചിലര്‍ ചരിത്രത്തെ ഉപയോഗിക്കുന്നു. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ വക്കം ഖാദര്‍ ഫൗണ്ടേഷന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

◾സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയര്‍മാനുമായ പി.കെ. ശശിയെ സിഐടിയു പാലക്കാട് ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഒറ്റപ്പാലം മുന്‍ എംഎല്‍എ എം. ഹംസയാണ് സെക്രട്ടറി. മുന്‍ എംഎല്‍എ ടി.കെ. നൗഷാദാണ് ട്രഷറര്‍. ശശിക്കെതിരെ പാര്‍ട്ടി കമ്മിറ്റികളില്‍ ആരോപണം ഉയരുന്നതിനിടെയാണ് സിഐടിയു ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടത്.

◾കേരളത്തില്‍ ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വിറ്റഴിക്കുന്നുവെന്ന വിജിലന്‍സ് കണ്ടെത്തലിനെക്കുറിച്ച് അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തേണ്ട ആരോഗ്യവകുപ്പ് ഉറക്കത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾മദ്യം വാങ്ങിയ പണം വീതം വയ്ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മുണ്ടക്കയം പാലൂര്‍ക്കാവ് സ്വദേശി കുഞ്ഞുമോനെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍. കറുകച്ചാല്‍ മാന്തുരിത്തി വെട്ടിക്കാവുങ്കല്‍ സഞ്ജുവിനെയാണ് പെരുവന്താനം പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവോണത്തലേന്ന് ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയായിരുന്നു കൊലപാതകം.

◾നെയ്യാറ്റിന്‍കരയില്‍ പാതിരശ്ശേരി കടവില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ടുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പിരായിമൂട് സ്വദേശി വിപിന്റെ (36) മൃതദേഹമാണ് കണ്ടെത്തിയത്. വിപിന്റെ സുഹൃത്ത് ശ്യാമിനെ കണ്ടെത്താനുളള തെരച്ചില്‍ തുടരുകയാണ്.

◾തൃശൂര്‍ അന്തിക്കാട് വെടിക്കുളം കോളനിയില്‍ വീടുകയറി ദമ്പതികളെ ആക്രമിച്ച കേസില്‍ നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. മുറ്റിച്ചൂര്‍ പണിക്കവീട്ടില്‍ ഷിഹാബ് (28), കോന്നാടത്ത് വിഷ്ണു (24), വെടിക്കുളം കാഞ്ഞിരത്തിങ്കല്‍ ഹിരത്ത് (22), മുറ്റിച്ചൂര്‍ വള്ളൂ വീട്ടില്‍ അഖില്‍ (25) എന്നിവരെയാണ് പിടികൂടിയത്. കോളനിയിലെ തയ്യില്‍ സനല്‍ (34), ഭാര്യ ആര്യലക്ഷ്മി എന്നിവരെ ആക്രമിച്ചെന്നാണു കേസ്.

◾അടിമാലിയില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ വാഹനത്തില്‍ ഷാള്‍ കുരുങ്ങിയുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. ചിത്തിരപുരം മീന്‍കെട്ട് സ്വദേശിനി മെറ്റില്‍ഡയാണ് മരിച്ചത്. മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്.

◾മുംബൈയില്‍നിന്ന് എത്തിച്ച രണ്ടായിരം ലഹരി ഗുളികകള്‍ സഹിതം രണ്ടു പേരെ കൊല്ലം ആശ്രാമത്ത് എക്സൈസ് പിടികൂടി. മയ്യനാട് സ്വദേശി അനന്തു, മുണ്ടക്കല്‍ സ്വദേശി അലക്സ് എന്നിവരാണ് പിടിയിലായത്. ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം കിട്ടുന്ന ടിഡോള്‍ എന്ന ഗുളിക കൊറിയര്‍ വഴിയാണ് പ്രതികള്‍ കടത്തിയത്.

◾പെരുമ്പാവൂര്‍ വെങ്ങോലയില്‍ വീട്ടിലേക്കെറിഞ്ഞ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മുറ്റത്തെ ഇരുചക്രവാഹനമായ ബുള്ളറ്റ് കത്തി നശിച്ചു. വെങ്ങോല ചെമ്പാരത്തുകുന്ന് ഏലവുംകുടി സുധീറിന്റെ വീടിനുനേരെ ലഹരി മാഫിയയാണ് ആക്രമണം നടത്തിയത്.

◾അയോധ്യയില്‍ ദീപാവലി ആഘോഷിച്ചം ക്ഷേത്രത്തില്‍ പൂജ നടത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദി. താല്‍കാലികമായി ശ്രീരാമ വിഗ്രഹം സൂക്ഷിച്ച ക്ഷേത്രത്തിലാണു ദര്‍ശനവും പൂജയും നടത്തിയത്. പ്രധാന ക്ഷേത്രത്തിന്റെ നിര്‍മാണസ്ഥലത്തെത്തി പുരോഗതി വിലയിരുത്തി. സരയൂ നദിക്കരയില്‍ ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് 18 ലക്ഷം ദീപങ്ങള്‍ തെളിച്ച ദീപോത്സവത്തിലും മോദി പങ്കെടുത്തു. 18,000 വളണ്ടിയര്‍മാര്‍ ചേര്‍ന്നാണ് ദീപം തെളിയിച്ചത്.

◾ടെലിവിഷന്‍ നടി സിമ്രാന്‍ സച്ച്ദേവിന്റെ അമ്മയെ സൈക്കിള്‍ ഇടിച്ചതിന് ഒമ്പത് വയസുകാരനെതിരെ കേസെടുത്ത പോലീസ് എസിപിക്കെതിരേ ബോംബെ ഹൈക്കോടതി. കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ 25,000 രൂപ നഷ്ടപരിഹാരം നല്‍കണം. എസിപിക്കെതിരേ അച്ചടക്ക നടപടിയെടുക്കണെന്നും കോടതി ഉത്തരവിട്ടു.

◾ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വവുമായി മുന്‍ധനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനക്. കഴിഞ്ഞ തവണ അവസാന റൗണ്ടില്‍ ലിസ്ട്രസിനോടു പരാജയപ്പെട്ടിുരന്നു. ഇപ്പോള്‍ 128 എംപിമാരാണ് ഋഷി സുനകിനെ പിന്തുണച്ചത്.

◾സൗദി അറേബ്യ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് സന്ദര്‍ശനം.

◾ആദ്യം ലീഡെടുത്തിട്ടും കളി കൈവിട്ട കേരളാ ബ്ലാസ്റ്റേഴ്സിന് ഐഎസ്എല്ലിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഒഡീഷ എഫ് സിയാണ് ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുട്ടുകുത്തിച്ചത്. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിലായിരുന്നു.

◾നടപ്പുവര്‍ഷത്തെ ആദ്യപകുതിയില്‍ (ഏപ്രില്‍-സെപ്തംബര്‍) സി.എസ്.ബി ബാങ്ക് 31 ശതമാനം വളര്‍ച്ചയോടെ 235.07 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനകാലത്ത് ലാഭം 179.57 കോടി രൂപയായിരുന്നു. പ്രവര്‍ത്തനലാഭം 312.08 കോടി രൂപയാണ്. 2021ലെ സമാനകാലത്തെ പ്രവര്‍ത്തനലാഭം 324.12 കോടി രൂപയായിരുന്നു. അറ്റ പലിശ വരുമാനം 16 ശതമാനം ഉയര്‍ന്ന് 635.66 കോടി രൂപയായി. ആകെ നിക്ഷേപം 10 ശതമാനം ഉയര്‍ന്നു. 24.15 ശതമാനമാണ് വായ്പാവളര്‍ച്ച. ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി ജൂണ്‍പാദത്തിലെ 1.79 ശതമാനത്തില്‍ നിന്ന് 1.65 ശതമാനത്തിലേക്ക് കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 0.60 ശതമാനത്തില്‍ നിന്ന് 0.57 ശതമാനത്തിലേക്കും മെച്ചപ്പെട്ടു.

◾കേന്ദ്രം വിറ്റൊഴിയാനൊരുങ്ങുന്ന ഐ.ഡി.ബി.ഐ ബാങ്ക് കഴിഞ്ഞപാദത്തില്‍ കാഴ്ചവച്ചത് മികച്ച പ്രകടനം. സെപ്തംബര്‍ പാദത്തില്‍ ലാഭം 46 ശതമാനം ഉയര്‍ന്ന് 828 കോടി രൂപയായി. മൊത്തം നിഷ്‌ക്രിയ ആസ്തി 21.85 ശതമാനത്തില്‍ നിന്ന് 16.51 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു. അറ്റ നിഷ്‌ക്രിയ ആസ്തി 1.71ല്‍ നിന്ന് 1.15 ശതമാനമായി കുറഞ്ഞു. വില്പനയ്ക്കുവച്ച ഐ.ഡി.ബി.ഐ ബാങ്കിന് മൊത്തം 770 കോടി ഡോളര്‍ (ഏകദേശം 64,000 കോടി രൂപ) മൂല്യമാണ് കേന്ദ്രസര്‍ക്കാര്‍ തേടുന്നത്. ബാങ്കിന്റെ വിപണിമൂല്യം നിലവില്‍ 580 കോടി ഡോളറാണ് (48,000 കോടി രൂപ). ഇതിനേക്കാള്‍ 33 ശതമാനം അധികമൂല്യമാണ് തേടുന്നത്. നിലവില്‍ കേന്ദ്രവും എല്‍.ഐ.സിയുമാണ് ഐ.ഡി.ബി.ഐ ബാങ്കിന്റെ മുഖ്യ ഓഹരി ഉടമകള്‍. ഇരുവര്‍ക്കും കൂടി 94.72 ശതമാനം ഓഹരി പങ്കാളിത്തം. ഇതില്‍ 60.72 ശതമാനം വിറ്റൊഴിയാനാണ് കേന്ദ്രനീക്കം.

◾ബിജു മേനോനും ഗുരു സോമസുന്ദരവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം 'നാലാംമുറ'യിലെ ടീസര്‍ പുറത്തിറങ്ങി. ക്രൈം ത്രില്ലര്‍ ഗണത്തില്‍പ്പെടുന്നതാണ് ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. പെലീസ് ഉദ്യോഗസ്ഥനായെത്തുന്ന ബിജു മേനോന്‍ ഒരു കേസ് അന്വേഷിക്കാന്‍ വരുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. ദീപു അന്തിക്കാട് ആണ് നാലാം മുറ സംവിധാനം ചെയ്യുന്നത്. സൂരജ് വി ദേവ് ആണ് രചന. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലന്‍സിയര്‍, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം കൈലാസ് മേനോന്‍ ആണ്.

'◾വിലായത്ത് ബുദ്ധ'യിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി താരത്തിന്റെ പോസ്റ്റ്. 'ഡബിള്‍ മോഹനന്‍' എന്ന ചന്ദനക്കൊള്ളക്കാരനായിട്ടാണ് പൃഥ്വിരാജ് വേഷമിടുന്നത്. വര്‍ഷങ്ങളായി മലയാള സിനിമയില്‍ അസോസിയേറ്റ് സംവിധായകനായി പ്രവര്‍ത്തിച്ച ജയന്‍ നമ്പ്യാര്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. നടി പ്രിയംവദാ കൃഷ്ണനാണ് നായിക. അനുമോഹന്‍, കോട്ടയം രമേഷ്, രാജശ്രീ നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ജി ആര്‍ ഇന്ദുഗോപന്റെ 'വിലായത്ത് ബുദ്ധ' എന്ന ലഘു നോവല്‍ ആണ് അതേപേരില്‍ സിനിമയാക്കുന്നത്.

◾വര്‍ഷങ്ങളായി ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്റെ വാഹന നിരയിലെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളാണ് ക്ലാസിക് 350. 2022 സെപ്റ്റംബര്‍ മാസവും ബ്രാന്‍ഡിന് മികച്ചതായി മാറി. സിയാം പുറത്തുവിട്ട ഡാറ്റ അനുസരിച്ച്, ചെന്നൈ ആസ്ഥാനമായുള്ള ബൈക്ക് നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് കഴിഞ്ഞ മാസം ഇന്ത്യയില്‍ ക്ലാസിക് 350-ന്റെ 27,571 യൂണിറ്റുകള്‍ വിറ്റു എന്നാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിറ്റ 13,751 യൂണിറ്റ് ബൈക്കുകളെ അപേക്ഷിച്ച് വമ്പിച്ച വളര്‍ച്ചയാണ് കമ്പനി നേടിയിരിക്കുന്നത്. 1.90 ലക്ഷം രൂപയില്‍ തുടങ്ങി 2.21 ലക്ഷം രൂപ വരെയാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 യുടെ എക്സ്-ഷോറൂം വില.

◾ഈ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുമ്പോള്‍ അനുഭവചരിത്രം ജീവനുള്ള ഒരു യാഥാര്‍ത്ഥ്യമായി അനുഭവപ്പെടുന്നു. എത്രയെത്ര എഴുത്തുകാര്‍, ബുദ്ധിജീവികള്‍, അഭിനേതാക്കള്‍, ഗായകര്‍, കലാകാരന്മാര്‍, സഹൃദയര്‍... ആറു പതിറ്റാണ്ടായി സാംസ്‌കാരിക മാധ്യമരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ ഓര്‍മ്മകളുടെ ഭൂപടം നിവര്‍ത്തുമ്പോള്‍ അവരുടെയെല്ലാം ജീവിതത്തിലെ അറിയപ്പെടാത്ത ദൃശ്യങ്ങളാണ് മനസ്സിലേക്ക് കടന്നുവരുന്നത്. എല്ലാവരും അറിയുന്ന മമ്മൂട്ടി മുതല്‍ ആരും അറിയാത്ത മമ്മ വരെ ഇക്കൂട്ടത്തിലുണ്ട്. 'ഓര്‍മ്മകളുടെ ഗാലറി'. ജമാല്‍ കൊച്ചങ്ങാടി. ടെല്‍ബ്രെയ്ന്‍ ബുക്സ്. വില 342 രൂപ.

◾തുടര്‍ച്ചയായ വേദനയും ഇതിനു ശേഷം ഉണ്ടാകുന്ന നീര്‍ക്കെട്ടും എല്ലുകളിലെ അര്‍ബുദത്തിന്റെ പ്രധാന ലക്ഷണമാണ്. ഈ വേദന രാത്രിയില്‍ കഠിനമാകുകയും ഉറക്കത്തെ ബാധിക്കുകയും ചെയ്യും. വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള ഭാരനഷ്ടവും ബോണ്‍ കാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്. ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ വൈദ്യസഹായം തേടേണ്ടതാണ്. എപ്പോഴും ക്ഷീണം തോന്നുന്നത് ബോണ്‍ കാന്‍സറിന്റെ മാത്രമല്ല മറ്റ് പല രോഗങ്ങളുടെയും ലക്ഷണമാകാം. സ്വാഭാവിക ചലനങ്ങളെ പോലും ബാധിക്കുന്ന തരത്തില്‍ സന്ധികള്‍ക്കുണ്ടാകുന്ന പിരിമുറുക്കം ബോണ്‍ കാന്‍സറിന്റെ ലക്ഷണമാണ്. നടക്കാനോ ദൈനംദിന കാര്യങ്ങള്‍ ചെയ്യാനോ കഴിയാത്ത വിധം ഈ സന്ധിവേദനയും പിരിമുറുക്കവും രോഗിയെ ബുദ്ധിമുട്ടിക്കും. ഈ ലക്ഷണവും അവഗണിക്കാതെ കൃത്യസമയത്ത് ചികിത്സ തേടണം. എല്ലുകളുടെ അര്‍ബുദവുമായി ബന്ധപ്പെട്ട് പൊതുവായി കാണപ്പെടുന്ന മറ്റൊരു ലക്ഷണമാണ് പനി. മറ്റ് ലക്ഷണങ്ങളോടൊപ്പം വിട്ടുമാറാത്ത പനിയും ശ്രദ്ധയില്‍പ്പെട്ടാല്‍ ബോണ്‍ കാന്‍സറിന്റെ സാധ്യതയെ സംബന്ധിച്ച പരിശോധന നടത്തണം. എല്ലുകള്‍ക്ക് പുറത്തോ അകത്തോ കാണപ്പെടുന്ന മുഴകളും അര്‍ബുദത്തിന്റെ ലക്ഷണമാണ്. അര്‍ബുദം മൂലമല്ലാത്ത മുഴകളും എല്ലില്‍ വരാമെന്നതിനാല്‍ കൃത്യമായ പരിശോധന രോഗനിര്‍ണയത്തിന് ആവശ്യമാണ്. രാത്രി കാലങ്ങളില്‍ അമിതമായി വിയര്‍ക്കുന്നത് ഗുരുതരമായ പല രോഗങ്ങളുടെയും സൂചനയാകാം. ബോണ്‍ കാന്‍സറിന്റെ സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല എന്നതിനാല്‍ വിശദമായ ആരോഗ്യ പരിശോധന ആവശ്യമാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ രാജാവിന്റെ ഒരു കുടുംബാംഗം പോലെയായിരുന്നു ആ ആനയും. യുദ്ധത്തിലെ വിജയങ്ങളില്‍ രാജാവിനോടൊപ്പം തന്നെ ആനയും ആളുകളുടെ പ്രശംസാ പാത്രമാകുമായിരുന്നു. അത്രമാത്രം ശക്തിമാനും നല്ല മെരുക്കമുളളതുമായിരുന്നു ആ ആന. കാലങ്ങള്‍ കഴിഞ്ഞുപോയി. ആനയ്ക്ക് വയസ്സായി. അതുകൊണ്ട് തന്നെ അവനെ യുദ്ധത്തിന് കൊണ്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയായി. എങ്കിലും കൊട്ടാരത്തിനടുത്തുള്ള കാട്ടില്‍ അവനെ സൈര്യവിഹാരത്തിന് വിട്ടിട്ടുണ്ടായിരുന്നു ആ രാജകുടുംബം. സമയം കിട്ടുമ്പോഴെല്ലാം രാജാവ് ആനയെ കാണാന്‍ എത്തും. ഒരിക്കല്‍ കാട്ടിലൂടെ നടക്കുമ്പോള്‍ ആനയ്ക്ക് ദാഹം തോന്നി. അടുത്തുളള നദിയെ ലക്ഷ്യമാക്കി പോകുന്നതിനിടയില്‍ കുളത്തിനടുത്തുള്ള ചതുപ്പിലേക്ക് ആന വീണു. രാജാവും പരിവാരങ്ങളും ഏറെ ശ്രമിച്ചിട്ടും ആനയെ ചതുപ്പില്‍ നിന്നും ഉയര്‍ത്താനായില്ല. അപ്പോഴാണ് അതുവഴി ശ്രീബുദ്ധന്‍ കടന്നുപോയത്. അവര്‍ ബുദ്ധനോട് കാര്യങ്ങള്‍ പറഞ്ഞു. ബുദ്ധന്‍ അതിനൊരു പോംവഴിയും ഉപദേശിച്ചു. ബുദ്ധന്‍ ഉപദേശിച്ചതുപോലെ ഭടന്മാര്‍ യുദ്ധസമാനമായ കാഹളം മുഴക്കി. താന്‍ യുദ്ധത്തിന് പോകാന്‍ തയ്യാറെടുക്കുകയാണെന്ന ചിന്തയില്‍ ആന തന്റെ സര്‍വ്വശക്തിയും സംഭരിച്ച് ചതുപ്പില്‍ നിന്നും ഉയര്‍ന്നുവന്നു. നമ്മുടെ ജീവിതത്തിലും പലപ്പോഴും ഒരുപാട് കാര്യങ്ങള്‍ ചെയ്തതിന് ശേഷവും, ഒരുപാട് പ്രയത്‌നിച്ചതിന് ശേഷവും ഒരു മടുപ്പോ ആത്മവിശ്വാസമില്ലായ്മയോ വന്ന് ചേരാം. അപ്പോള്‍ ഒന്നോര്‍ക്കുക.. നാം എന്താണ് തുടങ്ങിവെക്കാന്‍ ആഗ്രഹിച്ചത്... എന്തിനാണ് തുടങ്ങിവെച്ചത്.. തന്റെ അധ്വാനവും കഴിവുമാണ് തന്നെ ഇവിടെ വരെ എത്തിച്ചത്.. അത് പാതിവഴിയില്‍ ഉപേക്ഷിച്ചുകൂടാ.. വിജയത്തിലേക്ക് ഞാന്‍ ഏറെ അടുത്തുകൊണ്ടിരിക്കുന്നു എന്ന ശുഭ ചിന്തകള്‍ നമ്മളില്‍ നിറയ്ക്കാന്‍ നമുക്ക് സാധിച്ചാല്‍ മതി.. മുന്നോട്ടുള്ള യാത്രക്ക് ഈ ചിന്തകള്‍ ഊര്‍ജ്ജം നിറയ്ക്കുക തന്നെ ചെയ്യും - ശുഭദിനം.
മീഡിയ 16