◾സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകള്‍ നേരിട്ട് ബ്രോഡ്കാസ്റ്റിംഗ് ചാനല്‍ നടത്തരുതെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. നിലവിലുള്ള ചാനല്‍ പ്രക്ഷേപണം പ്രസാര്‍ ഭാരതി വഴിയാക്കണമെന്നാണ് പുതിയ മാര്‍ഗനിര്‍ദേശം. കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്ന കേരളത്തിലെ വിക്ടേഴ്സ് ചാനല്‍ ഇതോടെ പ്രതിസന്ധിയിലാകും.
◾മന്ത്രിമാരെ പിന്‍വലിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കുമെന്നാണ് ഉദ്ദേശിച്ചത്. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുള്ള അധികാരമുണ്ടെന്നും കൊച്ചിയിലെ പൊതുപരിപാടിയില്‍ ഗവര്‍ണര്‍ പറഞ്ഞു.
◾പ്രണയപ്പകയില്‍ കൊലപാതകം. അഞ്ചു വര്‍ഷത്തെ പ്രണയം തകര്‍ന്നതിന്റെ വൈരാഗ്യത്തില്‍ യുവതിയുടെ തലയില്‍ ചുറ്റികകൊണ്ട് അടിച്ചു വീഴ്ത്തി കഴുത്തറുത്തു കൊന്നു. പാനൂര്‍ വള്ളിയായില്‍ കണ്ണച്ചാന്‍ കണ്ടി ഹൗസില്‍ വിഷ്ണു പ്രിയ (23)യെയാണു കൊലപ്പെടുത്തിയത്. സംഭവത്തില്‍ കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിതിനെ അറസ്റ്റു ചെയ്തു. ആറു മാസമായി വിഷ്ണുപ്രിയ അകന്നതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നു ശ്യാംജിത്ത് മൊഴി നല്‍കി.
◾ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ യെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. ആറു മാസത്തേക്കാണു സസ്പെന്‍ഷന്‍. എംഎല്‍എയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി വിലയിരുത്തി. നടപടി അംഗീകരിക്കുന്നുവെന്നും ഉടന്‍ നിരപരാധിത്വം തെളിയിക്കുമെന്നും എല്‍ദോസ് പ്രതികരിച്ചു.
◾വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിന്റെ നൂറാം ദിനം തികയുന്ന ഒക്ടോബര്‍ 27 ന് കടലിലും കരയിലും സമരം സംഘടിപ്പിക്കും. സമരം വിജയിപ്പിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ലത്തീന്‍ അതിരൂപത ആഹ്വാനം ചെയ്തു.
◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പരസ്യ പ്രതിഷേധ സമരത്തിന് എല്‍ഡിഎഫ്. ഗവര്‍ണര്‍ക്കെതിരായ സമര പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി യോഗം ഇന്ന്.
◾ഗവര്‍ണര്‍ അതിരു വിടരുതെന്ന് റവന്യൂ മന്ത്രി കെ രാജന്‍. എല്ലാവരും ഭരണഘടനക്ക് താഴെയാണെന്ന് മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും രാജന്‍ ആവശ്യപ്പെട്ടു.
◾എം.ജി സര്‍വകലാശാല കൈക്കൂലിക്കേസില്‍ പിടിയിലായ പരീക്ഷ ഭവന്‍ അസിസ്റ്റന്റ് സി.ജെ എല്‍സിയെ പിരിച്ചു വിടാന്‍ സിന്‍ഡിക്കേറ്റ് ശുപാര്‍ശ. എല്‍സിയെ പിരിച്ചുവിടാനുള്ള സര്‍വകലാശാലയുടെ അന്വേഷണ റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് അംഗീകരിക്കുകയായിരുന്നു.
◾നാളെ ദീപാവലി. ദീപാവലി ആഘോഷത്തിനു രാത്രി എട്ടു മുതല്‍ 10 വരെ മാത്രമാണു പടക്കം പൊട്ടിക്കാന്‍ അനുമതി. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ 12.30 വരെ പടക്കം പൊട്ടിക്കാം. ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
◾ചെങ്ങന്നൂരില്‍ വയോധികയെ വെട്ടികൊലപ്പെടുത്തി. മുളക്കുഴ പഞ്ചായത്ത് ഓഫിസ് ജംഗ്ഷന് സമീപത്തെ വാടകവീട്ടില്‍ താമസിക്കുന്ന ചാരുംമൂട് കോയിക്കപ്പറമ്പില്‍ അന്നമ്മ വര്‍ഗീസ് (80) ആണ് കൊല്ലപ്പെട്ടത്. അന്നമ്മയുടെ സഹോദരീപുത്രി മുളക്കുഴ വിളപറമ്പില്‍ റോസമ്മയുടെ മകന്‍ റിന്‍ജു സാമിനെ(28) പൊലീസ് അറസ്റ്റു ചെയ്തു.
◾കുടുംബ വഴക്കിനെ തുടര്‍ന്ന് 12 ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവും ഭര്‍ത്തൃമാതാവും കസ്റ്റഡിയില്‍. കോഴിക്കോട് പൂളക്കടവ് സ്വദേശി ആദില്‍, അമ്മ ദാക്കിറ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കുഞ്ഞിനെ ബെംഗളൂരുവിലേക്കു കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.
◾തലശേരി ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി. ഭാര്യയുടെ പ്രസവത്തിനായി ഗൈനക്കോളജിസ്റ്റിനു രണ്ടായിരം രൂപയും അനസ്തേഷ്യ ഡോക്ടര്‍ക്ക് മൂവായിരം രൂപയും കൊടുക്കേണ്ടി വന്നെന്നു തലശേരി സ്വദേശി പരാതിപ്പെട്ടിരുന്നു.
◾ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെ ചോദ്യംചെയ്തു. മറുപടി തൃപ്തികരമല്ലെന്നു പോലീസ്. എംഎല്‍എയുടെ പ്രൈവറ്റ് അസിസ്റ്റന്റ് ഡാനി പോള്‍, ഡ്രൈവര്‍ അഭിജിത് എന്നിവരെയും ചോദ്യം ചെയ്തു.
◾സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ കോട്ടയം ജില്ല 491 പോയിന്റുമായി ഓവറോള്‍ ചാമ്പ്യന്മാരായി. 469 പോയിന്റുള്ള തൃശൂര്‍ ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ വിഭാഗത്തില്‍ തൃശൂര്‍ 37 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. ശ്രവണ പരിമിതിയുള്ളവരുടെ വിഭാഗത്തില്‍ 260 പോയിന്റോടെ കോഴിക്കോട് ജില്ലയാണ് ഓവറോള്‍ ചാമ്പ്യന്മാരായത്.
◾ആറളം ഫാമിലെ കാട്ടാന ശല്യം തടയാന്‍ ആനപ്രതിരോധ മതില്‍ നിര്‍മിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
◾കോഴിക്കോട് ബാലുശ്ശേരി കോക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ കാന്റീന്‍ ജീവനക്കാരന്‍ മോഷണം ആരോപിച്ച് ആക്രമിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കോഴിക്കോട് ജില്ലാ പോലീസ് മേധാവി 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
◾ഒന്നാം പിണറായി മന്ത്രിസഭ നടത്തിയ കൊടിയ അഴിമതികളെക്കുറിച്ചും നാണം കെട്ട മറ്റിടപാടുകളെക്കുറിച്ചും കോടതിയുടെ മേല്‍നോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പഴയ മന്ത്രിമാരെ രണ്ടാം മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയത് എന്തിനെന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ ബോധ്യമായി. ചെന്നിത്തല പറഞ്ഞു.
◾പൊലീസിലെ ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനു നാണക്കേടുണ്ടാക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. കൊല്ലം കിളികൊല്ലൂരില്‍ സൈനികനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നു സനോജ് ആവശ്യപ്പെട്ടു.
◾സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ് തന്നെ തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപണവുമായി പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണ. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആരോപണം.
◾അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടതിനെത്തുടര്‍ന്ന് കൊല്ലപ്പെട്ട മലയാളി സൈനികന്‍ അശ്വിന്റെ മൃതദേഹം ഇന്നു നാട്ടില്‍ എത്തിക്കും.
◾ടൂറിസ്റ്റ് ബസുകളില്‍ ഏകീകൃത കളര്‍കോഡ് നടപ്പാക്കുന്നതില്‍ ഇളവ് നല്‍കിയ ഉത്തരവ് തിരുത്തി മോട്ടോര്‍ വാഹന വകുപ്പ്. എല്ലാ ടൂറിസ്റ്റ് ബസുകളും കളര്‍കോഡ് പാലിക്കണമെന്ന് പുതിയ ഉത്തരവിറക്കി. പഴയ വാഹനങ്ങള്‍ അടുത്ത തവണ ഫിറ്റ്നസ് പുതുക്കാന്‍ വരുമ്പോള്‍ നിറം മാറ്റിയാല്‍ മതിയെന്ന ഉത്തരവാണ് തിരുത്തിയത്.
◾കടിച്ച നായയെ കീഴ്പ്പെടുത്തി യുവാവ്. ദേഹമാസകലം കടിയേറ്റ പന്തീരാങ്കാവില്‍ നടുവീട്ടില്‍ നാസര്‍ ആണ് നായയെ സാഹസികമായി കീഴ്പ്പെടുത്തിയത്. നാസറിനെ കടിച്ച വളര്‍ത്തു നായയെ ഉടമസ്ഥന്‍ കൊണ്ട് പോയെങ്കിലും പിന്നീട് ചത്തു.
◾തിരുവനന്തപുരത്ത് വലിയതുറയില്‍ ഗുണ്ടകള്‍ വെട്ടിനുറുക്കി പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചത് തമിഴ്നാട്ടിലെ ഗുണ്ടാത്തലവനെ. പീറ്റര്‍ കനിഷ്‌ക്കര്‍ എന്ന ഗുണ്ടാത്തലവനെയാണ് കൊലപ്പെടുത്തിയതെന്ന് വലിയതുറ പൊലീസ് നടത്തിയ ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചു.
◾വാണിജ്യ വിക്ഷേപണത്തില്‍ ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ ഒറ്റ ദൗത്യത്തില്‍ 36 ഉപഗ്രഹങ്ങളെ വിക്ഷേപിച്ചു. ജിഎസ്എല്‍വി മാര്‍ക് 3 യുടെ വാണിജ്യ വിക്ഷേപണം രാത്രി 12.07 നായിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍നിന്ന് ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ വണ്‍ വെബ്ബിന്റെ 36 ഉപഗ്രഹങ്ങളാണ് നാല്‍പത്തിമൂന്നര മീറ്റര്‍ ഉയരമുള്ള റോക്കറ്റ് വിക്ഷേപിച്ചത്.
◾ഓഹരി വിപണിയില്‍ മുഹൂര്‍ത്ത വ്യാപാരം നാളെ. രാവിലെ 6.15 മുതല്‍ 7.15 വരെ ഒരു മണിക്കൂറാണ് വ്യാപാരം. ഹിന്ദു കലണ്ടര്‍ വര്‍ഷമായ സംവത് 2079 ന്റെ തുടക്കമായി പരിഗണിച്ചാണ് മുഹൂര്‍ത്ത വ്യാപാരം.
◾ജിയോ ഫൈവ് ജി സേവനങ്ങള്‍ ആരംഭിച്ചു. രാജസ്ഥാനിലെ രാജ്സമന്ദിലെ നാഥ്ദ്വാര പട്ടണത്തിലെ പ്രശസ്തമായ ശ്രീനാഥ്ജി ക്ഷേത്രത്തിലാണ് ഔദ്യോഗികമായി തുടക്കം കുറിച്ചത്. കമ്പനി ചെയര്‍മാന്‍ ആകാശ് അംബാനി അംബാനി കുടുംബത്തിന്റെ ദൈവമായ ശ്രീനാഥ്ജിക്ക് സേവനങ്ങള്‍ സമര്‍പ്പിച്ചു.
◾ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയില്‍ 26 കാരിയായ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറെ കൂട്ടബലാത്സംഗം ചെയ്തു. ചൈബാസ സ്വദേശിയായ യുവതിയുടെ പരാതിയില്‍ കേസെടുത്തു.
◾എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തങ്ങളുടെ ഫണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്നു ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്ലിക്കേഷനായ റേസര്‍പേ.
◾ചൈനയുടെ പ്രസിഡന്റു പദവിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനവും ഇത്തവണയും ഷീ ചിന്‍ പിംഗിന്. ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസിലാണു തീരുമാനം. തുടര്‍ച്ചയായി ഒരാളില്‍മാത്രം അധികാരം കേന്ദ്രീകരിക്കുന്നതു തടയാനുള്ള പാര്‍ട്ടി ഭരണഘടനയിലെ വ്യവസ്ഥകള്‍ നീക്കം ചെയ്തു. ഏതാനും വ്യവസ്ഥകള്‍ നേരത്തെതന്നെ ഭേദഗതി ചെയ്തിരുന്നു.
◾ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമ്മേളന വേദിയില്‍ മുന്‍ പ്രസിഡന്റ് ഹു ജിന്റാവോയെ പുറത്താക്കി. നിലവിലെ പ്രസിഡന്റ് ഷി ചിന്‍ പിംഗിന്റെ അരികില്‍ വേദിയിലിരിക്കെ സുരക്ഷാ ഭടന്‍മാരെത്തിയാണ് ഹു ജിന്റാവോയെ വേദിയില്‍നിന്നു പുറത്തേക്കു കൊണ്ടുപോയത്. ഇതിനുശേഷമാണ് ഷീ ചിന്‍ പിംഗിനെ വീണ്ടും തെരഞ്ഞെടുത്തത്.
◾മ്യാന്‍മാറിനെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് കരിമ്പട്ടികയില്‍പ്പെടുത്തി. തീവ്രവാദത്തിന് ധനസഹായം നല്‍കുന്നതിന്റെ പേരിലാണ് ഇറാനും ഉത്തര കൊറിയയ്ക്കുമൊപ്പം മ്യാന്‍മറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
◾നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ തകര്‍ത്ത ന്യൂസീലന്‍ഡിന് ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍ 12 പോരാട്ടത്തില്‍ 89 റണ്‍സിന്റെ ഉജ്ജ്വല വിജയത്തുടക്കം. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 17.1 ഓവറില്‍ 111 റണ്‍സിന് ഓള്‍ ഔട്ടായി.
◾ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തിലെ രണ്ടാമത്തെ മത്സരത്തില്‍ അഫ്ഗാനിസ്താനെതിരേ ഇംഗ്ലണ്ടിന് അഞ്ചു വിക്കറ്റ് വിജയം. അഫ്ഗാന്‍ ഉയര്‍ത്തിയ 113 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് 18.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
◾ട്വന്റി 20 ലോകകപ്പില്‍ ക്രിക്കറ്റ് ലോകം കാത്തിരുന്ന ഇന്ത്യ - പാകിസ്ഥാന്‍ ഇന്ന്. ഉച്ചക്ക് 1.30 ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.
◾ഐഎസ്എല്ലില്‍ കരുത്തരായ മുംബൈ സിറ്റിയെ സമനിലയില്‍ കുരുക്കി ജംഷേദ്പുര്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ ബംഗളൂരു എഫ്‌സിക്കെതിരെ ഹൈദരാബാദ് എഫ്‌സിക്ക് വിജയം. ബംഗളൂരു എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദ് തോല്‍പിച്ചത്.
◾4ജി സേവനങ്ങള്‍ അടുത്ത വര്‍ഷം ആദ്യം തുടങ്ങി പിന്നാലെ 5ജി സേവനങ്ങളും ലഭ്യമാക്കാന്‍ ഒരുങ്ങി പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. മുന്‍നിര ടെലികോം കമ്പനികളായ റിലയന്‍സ് ജിയോയും, ഭാരതി എയര്‍ടെലും രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. 2024 ഓടുകൂടി രാജ്യവ്യാപകമായി 5ജി എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. അതിനിടെയാണ് ബിഎസ്എന്‍എല്ലിന്റെ നീക്കം. 2023 ജനുവരിയോടെ തദ്ദേശീയമായി നിര്‍മിച്ച സാങ്കേതിക വിദ്യയില്‍ 4ജി സേവനം ആരംഭിക്കാനാകുമെന്നാണ് ബിഎസ്എന്‍എല്‍ കണക്കുകൂട്ടുന്നത്. ജനുവരിയില്‍ 4ജിയിലേക്ക് മാറാന്‍ സാധിച്ചാല്‍ അതേ വര്‍ഷം ഓഗസ്റ്റില്‍ തന്നെ 5ജി സേവനങ്ങള്‍ ആരംഭിക്കാനാണ് ബിഎസ്എന്‍എല്‍ ഒരുങ്ങുന്നത്. തദ്ദേശീയമായി വികസിപ്പിച്ച 5ജി കോര്‍ സാങ്കേതിക വിദ്യ സി-ഡോട്ട് ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. ബീറ്റാ പരീക്ഷണം പൂര്‍ത്തിയാക്കി 2023 ഓഗസ്റ്റ് 15 മുതല്‍ 5ജി നെറ്റ് വര്‍ക്കുകള്‍ ആരംഭിക്കാനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്.
◾വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് സ്ഥാപനമായ ഫോണ്‍പേ ഇന്ത്യയില്‍ 200 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു. രാജ്യത്ത് ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുന്നതിനായാണ് ഏകദേശം 1,661 കോടി രൂപ നിക്ഷേപിക്കാന്‍ ഫോണ്‍പേ തയ്യാറാകുന്നത്. നവി മുംബൈയില്‍ പുതിയ ഡാറ്റ സെന്റര്‍ ആരംഭിച്ചിട്ടുണ്ട് ഫോണ്‍ പേ. ഇവിടെ 200 മില്യണ്‍ ഡോളര്‍ നിക്ഷേപം നടര്‍ത്തും. കമ്പനി ഇതിനകം 150 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. ബാക്കി 50 മില്യണ്‍ ഉടന്‍ നിക്ഷേപിക്കും. നിലവില്‍ ഫോണ്‍ പേ സെക്കന്‍ഡില്‍ 7,000 ഇടപാടുകളും വെച്ച് പ്രതിദിനം 120 ദശലക്ഷം ഇടപാടുകള്‍ നടത്തുന്നുണ്ട്. വര്‍ഷാവസാനത്തോടെ പ്രതിദിനം 200 ദശലക്ഷമായും അടുത്ത വര്‍ഷാവസാനത്തോടെ പ്രതിദിനം 500 ദശലക്ഷമായും എത്തുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
'◾നാനേ വരുവേന്‍' എന്ന ചിത്രമാണ് ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ തിയറ്ററുകളിലെത്തിയത്. ധനുഷിന്റെ സഹോദരന്‍ സെല്‍വരാഘവന്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ നാനേ വരുവേനിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. 'പിഞ്ചു പിഞ്ചു മഴൈ' എന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സെല്‍വരാഘവനും ഒരു കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് ധനുഷ്. ഇന്ദുജയാണ് ധനുഷിന്റെ നായിക. ധനുഷിന്റേതാണ് ചിത്രത്തിന്റെ കഥയും.
◾യുവ നടന്‍ അപ്പാനി ശരത്ത് നായകനാകുന്ന പുതിയ ചിത്രം 'പോയിന്റ് റേഞ്ചി'ന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. സൈനു ചാവക്കാടന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ റിലീസായിട്ടാണ് ചിത്രമൊരുക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'പോയിന്റ് റേഞ്ച്'. മിഥുന്‍ സുബ്രന്‍ എഴുതിയ കഥക്ക് തിരക്കഥ ഒരുക്കുന്നത് ബോണി അസ്സനാര്‍ ആണ്. ഷിജി മുഹമ്മദ്, ശരത്ത് അപ്പാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റിയാസ് ഖാന്‍, ഹരീഷ് പേരടി, മുഹമ്മദ് ഷാരിക്, സനല്‍ അമാന്‍, ജോയി ജോണ്‍ ആന്റണി, ഷഫീക് റഹ്‌മാന്‍ ,ആരോള്‍ ഡാനിയേല്‍, അരിസ്റ്റോ സുരേഷ്, ചാര്‍മിള, ഡയാന ഹമീദ് തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകും.
◾ഹംഗേറിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ കീവേ അതിന്റെ ഏറ്റവും പുതിയ ഓഫറായ വി-ക്രൂയിസ് വിദേശ വിപണിയില്‍ അവതരിപ്പിച്ചു. 125 സിസി ക്രൂയിസര്‍ കൂടിയായ ബെന്‍ഡ ഫോക്‌സിനൊപ്പമാണ് ചൈനീസ് കമ്പനിക്ക് കീഴിലുള്ള ഹംഗേറിയന്‍ ബൈക്ക് നിര്‍മ്മാതാവ് വി-ക്രൂയിസ് അനാവരണം ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ക്രൂയിസറുകള്‍ക്ക് കരുത്തേകുന്നത് 125 സിസി വി-ട്വിന്‍ മോട്ടോറാണ്. 14 ബിഎച്ച്പിയും 13.55 എന്‍എം ഔട്ട്പുട്ടും. ഇത് അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. 1.19 ലക്ഷം രൂപയാണ് റെട്രോ ശൈലിയില്‍ എത്തുന്ന ഈ ബൈക്കിന്റെ എക്‌സ് ഷോറൂം വില. വെള്ള, കറുപ്പ്, ചുവപ്പ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഈ ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. ബൈക്കിനുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്.
◾കഥയുടെ കൗതുകത്തോടൊപ്പം വര്‍ത്തമാന ജീവിതാനുഭവങ്ങളും മനുഷ്യബന്ധങ്ങളും കല്പനികതയുടെ നിറച്ചാര്‍ത്തില്ലാതെ വായനക്കാരന്റെ ഹൃദയഭൂമികയില്‍ മഹാവേവലാതിയായും വേദനയായും ഘനീഭവിച്ച് നില്ക്കുന്ന കഥകള്‍. 'ബര്‍ച്ചു മരത്തിന്റെ കരിയിലകള്‍'. പവിത്രന്‍ മൊകേരി. ജിവി ബുക്സ്. വില 121 രൂപ.
◾ഡെങ്കിപ്പനിയില്‍ നിന്ന് മോചനം നേടിയാലും ഇതുമൂലമുണ്ടാകുന്ന ചില ബുദ്ധിമുട്ടുകള്‍ പിന്നീടും നിലനില്‍ക്കും എന്നതും ആശങ്കയേറ്റുന്നതാണ്. ഡെങ്കിയുടെ നേരിയ ലക്ഷണങ്ങള്‍ മാത്രമേയുള്ളെങ്കില്‍ നന്നായി വെള്ളം കുടിച്ചും ശരിയായ ഭക്ഷണക്രമം പാലിച്ചുമെല്ലാം രോഗത്തെ പിടിച്ചുകെട്ടാം. ഈ സാഹചര്യത്തിലാണ് കിവിയുടെ പ്രയോജനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതും. കിവിയും പപ്പായയും ഒന്നിച്ചാല്‍ ഡെങ്കിപ്പനിയുടെയും മറ്റു സമാനമായ ലക്ഷണങ്ങളുള്ള രോഗങ്ങളുടെയും ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് പഠനങ്ങളുണ്ട്. ഡെങ്കിപ്പനി ഉള്ളവര്‍ക്ക് പേശി വേദന പോലുള്ള ബുദ്ധിമുട്ടികള്‍ അകറ്റാന്‍ ഇത് സഹായിക്കും. ലിംഫോസൈറ്റ് ഉല്‍പ്പാദനം ഉത്തേജിപ്പിക്കുന്നതിനും ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും കിവി, ഡ്രാഗണ്‍ ഫ്രൂട്ട്, പേരക്ക, തണ്ണിമത്തന്‍, വൈറ്റമിന്‍ സി കൂടുതലുള്ള മറ്റ് പഴങ്ങള്‍ എന്നിവയെല്ലാം ജ്യൂസ് രൂപത്തില്‍ കഴിക്കണം. ശരീരത്തില്‍ ജലാംശം കൂട്ടാനും ഇത് സഹായിക്കും. കിവിക്ക് ധാരാളം പോഷക ഗുണങ്ങളുണ്ട്. വിറ്റാമിന്‍ ഇ, കെ, എ, ആന്റിഓക്‌സിഡന്റുകള്‍, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ് കിവിപ്പഴം. ശരീരത്തിലെ ഇലക്ട്രോലൈറ്റിന്റെ അളവ് സന്തുലിതമാക്കാനും ഹൃദയാരോഗ്യത്തിനും കിവി നല്ലതാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിന് സഹായിക്കുകയും ചെയ്യുന്നതിനാലാണ് ഡെങ്കിപ്പനി രോഗികള്‍ക്ക് ഇത് അനിവാര്യമാണെന്ന് പറയുന്നത്.
*ശുഭദിനം*
രാജാവും മന്ത്രിയും നാട് ചുറ്റാനിറങ്ങി. നാട്ടില്‍ ധാരാളം ചെറുപ്പക്കാര്‍ ഉണ്ട്. അവരെല്ലാം ഒന്നും തന്നെ ചെയ്യാതെ വെറുതെ നടക്കുകയാണ്: മന്ത്രി പറഞ്ഞു. കൊട്ടാരത്തില്‍ തിരിച്ചെത്തിയെട്ടും മന്ത്രിയുടെ വാക്കുകളായിരുന്നു രാജാവിന്റെ മനസ്സില്‍. ഈ ചെറുപ്പക്കാരാണ് നാളെ നാടിന്റെ ഗതി നിര്‍ണ്ണയിക്കുന്നത്. അവര്‍ അലസരായിരുന്നാല്‍ ഈ നാടിന്റെ അവസ്ഥ എന്താകും. രാജാവ് ആകുലപ്പെട്ടു. അവസാനം ആ നാട്ടിലെ എല്ലാ ഗുരുക്കന്മാരേയും വിളിച്ചുചേര്‍ത്തു. എന്നിട്ട് ഈ ലോകത്ത് കിട്ടാവുന്ന എല്ലാ അറിവും ശേഖരിച്ച് ഒരു സ്ഥലത്ത് ക്രോഡീകരിക്കാന്‍ ആവശ്യപ്പെട്ടു. നാളുകളുടെ അധ്വാനത്താല്‍ അവര്‍ അറിവുകളെല്ലാം ഒരു വലിയ കെട്ടിടത്തില്‍ ക്രോഡീകരിച്ചു. രാജാവ് ചെറുപ്പക്കാരെ വിളിച്ചു. ആ കെട്ടിടത്തില്‍ ക്രോഡീകരിച്ച് വെച്ചിരിക്കുന്ന പുസ്തകങ്ങളിലെ അറിവുകളെല്ലാം സ്വായത്തമാക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ പറഞ്ഞു: ഈ അറിവുകളെല്ലാം ഞങ്ങള്‍ പഠിച്ചെടുക്കണമെങ്കില്‍ കുറെയധികം നാളുകള്‍ വേണ്ടിവരും. അതിനാല്‍ ഇതിന്റെ വലുപ്പമൊന്ന് കുറച്ചുതരുമോ? ആലോചിച്ചപ്പോള്‍ രാജാവിന് അത് ശരിയാണെന്ന് തോന്നി. രാജാവ് പണ്ഡിതരെ വിളിച്ച് ഈ അറിവുകളെല്ലാം ഒരു പുസ്തകത്തില്‍ ക്രോഡീകരിക്കാന്‍ ആവശ്യപ്പെട്ടു. പണ്ഡിതര്‍ അങ്ങനെ ചെയ്തു. രാജാവ് വീണ്ടും ചെറുപ്പക്കാരെ വിളിച്ചു. പക്ഷേ, ആ പുസ്തകത്തിന്റെ വലുപ്പം കണ്ടപ്പോള്‍ അവര്‍ ചോദിച്ചു: ഇത് കുറച്ച് കൂടി ചെറുതാക്കാന്‍ പറ്റുമോ ? രാജാവ് വീണ്ടും ഇതിന്റെ ഉള്ളടക്കം ചെറുതാക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ പണ്ഡിതര്‍ ഒരു വരിയില്‍ അത് കുറിച്ചു. ' ജീവിത്തില്‍ ഒന്നും സൗജന്യമായി ലഭിക്കില്ല...!' നാം ഇന്ന് നേരിടുന്ന ഒരു പ്രതിസന്ധിയാണിത്. നമ്മുടെ വിരല്‍ തുമ്പില്‍ അറിവിന്റെ ഒരു ലോകം തന്നെയുണ്ട്. പക്ഷേ, ഈ ചിന്ത നമ്മെ അധ്വാനിക്കാനുള്ള മനസ്സ് ഇല്ലാത്തവരാക്കുന്നു. നമ്മള്‍ സ്വന്തമാക്കുന്നില്ലെങ്കില്‍ നമ്മുടെ ചുറ്റുമുള്ള അറിവുകള്‍ നമ്മുടെ സാധ്യതകള്‍ ഒന്നും നമ്മില്‍ ഒരു മാറ്റവും ഉണ്ടാക്കുകയില്ല. എത്രമാത്രം നമ്മള്‍ ഉപയോഗിക്കുന്നു, എത്രമാത്രം നമ്മള്‍ അധ്വാനിക്കുന്നു എന്നതാണ് മാറ്റത്തിലേക്കുളള വഴി. അറിവുകള്‍ നമുക്ക് തേടി സ്വന്തമാക്കാന്‍ ശീലിക്കാം.. ചിന്തയുടെ ഒരു വലിയ ലോകത്തിലേക്ക് നമുക്ക് കടന്നുചെല്ലാം. ജീവിതത്തില്‍ ഒന്നും സൗജന്യമായി ലഭിക്കില്ല എന്ന് നമുക്ക് തിരിച്ചറിയാം - *ശുഭദിനം.*
മീഡിയ 16
For advertising:9895493343
*TEAM MEDIA16*