◾മുന്‍ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, മുന്‍ സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്‍ എന്നിവര്‍ക്കെതിരെ ഗുരുതര ലൈംഗികാരോപണവുമായി സ്വപ്ന സുരേഷ്. കടകംപള്ളി കൊച്ചിയിലെ ഹോട്ടല്‍ മുറിയിലേക്കു ക്ഷണിച്ചു. ശ്രീരാമകൃഷ്ണന്‍ ഔദ്യോഗിക വസതിയിലേക്കു വരാന്‍ ആവശ്യപ്പെട്ടു. തോമസ് ഐസക് മൂന്നാറിലേക്ക് പോകാമെന്ന് പറഞ്ഞെന്നും സ്വപ്ന സുരേഷ്. എഷ്യാനെറ്റ് ന്യൂസ് ചാനലിലൂടെയാണ് വെളിപെടുത്തല്‍. സ്പേസ് പാര്‍ക്കിലെ തന്റെ നിയമനം കമ്മീഷന്‍ നേടാനായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍, ശിവശങ്കര്‍ എന്നിവര്‍ ചര്‍ച്ച നടത്തിയാണ് നിയമിച്ചത്. തെളിവ് എന്‍ഫോഴ്സമെന്റിനു നല്‍കിയെങ്കിലും അവരേയും മുഖ്യമന്ത്രി സ്വാധീനിച്ചെന്നും സ്വപ്ന ആരോപിച്ചു.
◾വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നു സുപ്രീംകോടതി. ഇരുപത്തൊന്നാം നൂറ്റാണ്ടിലാണു നാം ജീവിക്കുന്നതെന്നു മറക്കരുത്. വിദ്വേഷ പ്രസംഗങ്ങള്‍ മതേതര സ്വഭാവമുള്ള രാജ്യത്തിന് ചേര്‍ന്നതല്ല. കോടതി നിരീക്ഷിച്ചു.
◾ചൊവ്വാഴ്ച വരെ മഴ തുടരും. ആന്‍ഡമാന്‍ കടലിലുള്ള ന്യൂനമര്‍ദ്ദം മൂലമാണ് മഴ. ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.
◾കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രിക്കെതിരെ അഴിമതി നിരോധനപ്രകാരം കേസെടുക്കണമെന്നു തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ചതില്‍ മുഖ്യമന്ത്രി സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഗവര്‍ണര്‍ ആരോപിച്ചതിനെ ആധാരമാക്കി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയാണ് പരാതി നല്‍കിയത്. തെളിവുകളുണ്ടോയെന്നു ചോദിച്ച് ഹൈക്കോടതി തള്ളിയ പരാതിയാണിത്.
◾ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് ഒരുങ്ങുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് വിഷയം എല്‍ഡിഎഫില്‍ ഉന്നയിക്കാന്‍ തീരുമാനിച്ചത്. മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഗവര്‍ണറുടെ ഭീഷണി രാഷ്ട്രീയ പ്രേരിതമാണ്. ഇല്ലാത്ത അധികാരം പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതിനെതിരേ പ്രചാരണം വേണമെന്നാണ് തീരുമാനം.
◾മഞ്ചേശ്വരത്ത് ശാസ്ത്ര മേളക്കിടെ പന്തല്‍ തകര്‍ന്ന് 59 പേര്‍ക്കു പരിക്ക്. ഗുരുതരമായി പരിക്കേറ്റ നാല് വിദ്യാര്‍ത്ഥികളേയും ഒരു അധ്യാപികയേയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പന്തല്‍ നിര്‍മിച്ച മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബേക്കൂര്‍ ഗവണമെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് അപകടമുണ്ടായത്.
◾മുന്‍കൂര്‍ ജാമ്യം നേടിയ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്കെതിരേ വേറേയും കേസുകള്‍. പരാതിക്കാരിയെ നവമാധ്യമങ്ങള്‍വഴി അപമാനിച്ചെന്ന കേസില്‍ ഉടനേ നടപടിക്കു സാധ്യത. ബലാല്‍സംഗ കേസില്‍ ഇന്നു രാവിലെ ഒമ്പതിന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനാണ് കോടതിയുടെ നിര്‍ദ്ദേശം. അറസ്റ്റു രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയും തെളിവെടുപ്പും നടത്തും. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ പത്തു ദിവസം ഹാജരാകാനാണ് കോടതി നിര്‍ദ്ദേശം.
◾രാജ്യമെങ്ങും ദീപാവലിക്ക് ഒരുങ്ങി. മധുരപലഹാരങ്ങള്‍ സമ്മാനിച്ചും ആശംസകള്‍ കൈമാറിയും ദീപാവലി ആഘോഷത്തിന്റെ തിരക്കിലേക്കു മലയാളികളും. ബേക്കറികളിലും ദീപാലങ്കാര ശാലകളിലും വസ്ത്രശാലകളിലും ദീപാവലിത്തിരക്കാണ്. തിങ്കളാഴ്ചയാണു ദീപാവലി.
◾കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നവംബര്‍ 15 ന് തുറക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 2.72 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മേല്‍പ്പാലം കേരളത്തിലെ ഏറ്റവും വലിയ ആകാശപാതയാണ്. 61 തൂണുകളിന്മേല്‍ നിര്‍മിച്ച ആകാശപാതയ്ക്ക് 200 കോടി രൂപയാണു നിര്‍മാണ ചെലവ്.
◾ഇരട്ട നരബലി കേസിലെ പ്രതികളെ വീണ്ടും കൊലപാതകം നടന്ന ഇലന്തൂരിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. മുഹമ്മദ് ഷാഫിയെയും ഭഗവത് സിംഗിനെയും ആണ് വീട്ടിലെത്തിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്റെ സാന്നിധ്യത്തില്‍ ഡമ്മി പരീക്ഷണവും നടത്തി.
◾പൊലീസുകാരന്‍ ഉള്‍പ്പെട്ട മാങ്ങാ മോഷണ കേസുപോലും ഒത്തുതീര്‍പ്പാക്കുന്ന കാലമാണിതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരള പൊലീസിനെ നിര്‍വീര്യമാക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ആഭ്യന്തര വകുപ്പിനെ പിണറായി പാര്‍ട്ടിക്കാര്‍ക്കു വിട്ടു കൊടുത്തിരിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.
◾മുന്‍ മന്ത്രി കെ.ടി ജലീലിന്റെ ആത്മകഥ 'പച്ച കലര്‍ന്ന ചുവപ്പി'ന്റെ പ്രസിദ്ധീകരണം സമകാലിക മലയാളം വാരിക നിര്‍ത്തി. 21 ലക്കങ്ങള്‍ പിന്നിട്ട ആത്മകഥ അപ്രതീക്ഷിതമായാണു നിര്‍ത്തുന്നതായി പത്രാധിപ സമിതി അറിയിച്ചത്.
◾കൊല്ലം കിളികൊല്ലൂരില്‍ സഹോദരങ്ങളെ പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. എഎസ്ഐ പ്രകാശ് ചന്ദ്രന്‍ ആദ്യം സൈനികന്റെ മുഖത്ത് കൈവീശി അടിക്കുന്നതും അടിയേറ്റ സൈനികന്‍ തിരിച്ചടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇരുവരും നിലത്ത് വീണു. വിഷ്ണുവിന്റെ ഷര്‍ട്ട് എഎസ്ഐ പിടിച്ചുവലിച്ച് മര്‍ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങള്‍ പൊലീസാണ് പുറത്തുവിട്ടത്.
◾എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് എതിരായ നടപടി ഇന്നു തീരുമാനിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. എല്‍ദോസ് വിളിച്ചെന്നും ഒളിവില്‍ പോയതില്‍ ഖേദം അറിയിച്ചെന്നും സുധാകരന്‍ പറഞ്ഞു.
◾എകെജി സെന്റര്‍ ആക്രമണ കേസിലെ യഥാര്‍ത്ഥ പ്രതികളെ കിട്ടാന്‍ സിപിഎം നേതാക്കളുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചാല്‍ മതിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കെട്ടിച്ചമച്ച വ്യാജതെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റു ചെയ്ത ജിതിന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി നീതിന്യായ വ്യവസ്ഥയുടെ യശസ് ഉയര്‍ത്തുന്നതാണെന്ന് സുധാകരന്‍ പറഞ്ഞു.
◾പൊലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്നും മാനനഷ്ട കേസ് നല്‍കുമെന്നും എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതി ജിതിന്‍. സര്‍ക്കാരും പൊലീസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് കേസില്‍ തന്നെ കുടുക്കിയതെന്നും ജിതിന്‍ പറഞ്ഞു.
◾ബസുകളിലെ പരസ്യം നീക്കംചെയ്യണമെന്ന നിര്‍ദേശത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്ന് കെഎസ്ആര്‍ടിസി. വടക്കഞ്ചേരി ബസ് അപകടത്തെ തുടര്‍ന്ന് സ്വമേധയാ കേസെടുത്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനു മുമ്പാകെയാണ് സാവകാശം ആവശ്യപ്പെട്ടത്.
◾കൊല്ലം ചടയമംഗലത്ത് യുവതിയെ നഗ്നയാക്കി പീഡിപ്പിക്കുകയും മന്ത്രവാദത്തിനിരയാക്കുകയും ചെയ്തെന്ന് പരാതി. ഭര്‍തൃ മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാധ ഒഴിപ്പിക്കാനെന്ന പേരിലാണു ഭര്‍ത്താവും ഭാര്‍തൃമാതാവും നഗ്നപൂജയ്ക്കു ശ്രമിച്ചതെന്നാണ് പരാതി. നാഗൂര്‍, ചടയമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിച്ചു പീഡിപ്പിച്ചെന്നാണ് ആറ്റിങ്ങല്‍ സ്വദേശിനിയായ യുവതിയുടെ പരാതി.
◾ഇടതുമുന്നണി ഭരിക്കുന്ന പാലക്കാട് മലമ്പുഴ പഞ്ചായത്തില്‍ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. രണ്ടു യുഡി.എഫ് അംഗങ്ങള്‍ വിട്ടുനിന്നതോടെ അഞ്ചിനെതിരെ ആറുവോട്ടുകള്‍ നേടിയാണ് ഇടതുപക്ഷം അവിശ്വാസത്തെ മറികടന്നത്.
◾കണ്ണൂര്‍ മാടായി കോളജില്‍ സംഘര്‍ഷം. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടാക്കിയത്. നാല് നാമനിര്‍ദേശ പത്രികകളാണു വരണാധികാരി തള്ളിയത്. അധ്യാപകര്‍ക്കതിരെ എസ്എഫ്ഐ രംഗത്തെത്തി. കെഎസ്യു പ്രവര്‍ത്തകരും പക്ഷം ചേര്‍ന്നതോടെ സംഘര്‍ഷമായി.
◾കണ്ണൂര്‍ എസ്എന്‍ കോളജിലുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറി വൈഷ്ണവ് മഹേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക തള്ളിയതിനു സംഘര്‍ഷമുണ്ടാക്കുകയും റിട്ടേണിങ്ങ് ഓഫീസറെ പൂട്ടിയിടുകയും ചെയ്തതിനാണ് ജില്ലാ സെക്രട്ടറി അടക്കം മൂന്നു പേര്‍ക്കെതിരേ പൊലീസ് കേസെടുത്തത്.
◾ഏക്കര്‍ കണക്കിനു സര്‍ക്കാര്‍ ഭൂമി കൈയേറിയ സിപിഎം നേതാക്കളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ പാര്‍ട്ടി ഇടുക്കിയില്‍ റവന്യു വകുപ്പിനെതിരെ സമരം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇടുക്കിയിലെ ഭൂ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നടത്തിയ പ്രതിഷേധ സംഗമം കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
◾അരുണാചല്‍പ്രദേശിലെ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചവരില്‍ മലയാളി സൈനികനും. കാസര്‍കോഡ് ചെറുവത്തൂര്‍ കിഴേക്കമുറിയിലെ കാട്ടുവളപ്പില്‍ അശോകന്റെ മകന്‍ കെ വി അശ്വിന്‍ (24) ആണ് മരിച്ച നാലു പേരില്‍ ഒരാള്‍. നാലുവര്‍ഷം മുമ്പാണ് ഇലക്ട്രോണിക്ക് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗം എന്‍ജിനീയറായി അശ്വിന്‍ സൈന്യത്തില്‍ ചേര്‍ന്നത്.
◾ദുബൈയില്‍ നടന്ന മിസ് ടീന്‍ സൂപ്പര്‍ ഗ്ലോബ് മത്സരത്തില്‍ യുഎഇയെ പ്രതിനിധീകരിച്ച മലയാളി വിദ്യാര്‍ഥിനിക്ക് മൂന്നാം സ്ഥാനം. ദുബായ് മില്ലെനിയം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി പ്രജിത്താണ് മൂന്നാം സ്ഥാനം നേടിയത്. കൊല്ലം സ്വദേശി പ്രജിത് ഗോപിദാസിന്റെയും സോജാ പ്രജിത്തിന്റെയും മകളാണ് ഗൗരി. ഇന്ത്യയെ പ്രതിനിധീകരിച്ച തേജു നന്ദനയാണ് കിരീടം ചൂടിയത്. അര്‍മേനിയില്‍ നിന്നുള്ള അലക്സന്യാന്‍ അരീനയാണ് റണ്ണറപ്പ്.
◾കോട്ടയത്ത് പിപിഇ കിറ്റ് ധരിച്ച് മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോണ്‍ഗ്രസുകാരുടെ കരിങ്കൊടി പ്രതിഷേധം. കര്‍ഷക സംഘം സംസ്ഥാന സമ്മേളനവേദി വിട്ടു പോകുമ്പോഴായിരുന്നു കോട്ടയം ഡിസിസി ഓഫീസിന് സമീപം കാത്തിരുന്ന പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. കൊവിഡ് കാലത്തെ പര്‍ച്ചേസിലെ അഴിമതിക്കെതിരെയാണ് പിപിഇ കിറ്റു ധരിച്ചുള്ള പ്രതിഷേധം. ഇവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
◾കര്‍ഷക സംഘം സംസ്ഥാന സമ്മേളനത്തിനു നിയമം ലംഘിച്ച് എത്തിയ സ്വകാര്യ ബസുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ധൈര്യമുണ്ടോയെന്ന് മോട്ടോര്‍ വാഹന വകുപ്പിനോട് കേരള ജനപക്ഷം നേതാവും പി സി ജോര്‍ജിന്റെ മകനുമായ ഷോണ്‍ ജോര്‍ജ്. കോട്ടയം തിരുനക്കര മൈതാനിയില്‍ കര്‍ഷക സംഘം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിരുന്നു.
◾അശ്ലീല സിനിമയില്‍ അഭിനയിപ്പിച്ചെന്ന പരാതിയുമായി മലപ്പുറം സ്വദേശിനിയും. അശ്ലീല ചിത്രത്തില്‍ അഭിനയിച്ചതിനു വീട്ടില്‍നിന്നു പുറത്താക്കപ്പെട്ട യുവതി രണ്ടു വയസുള്ള കുഞ്ഞുമായി റെയില്‍വേ സ്റ്റേഷനുകളിലാണ് അന്തിയുറങ്ങുന്നത്. എറണാകുളം സ്വദേശിനിയായ സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്ഫോമിനുമെതിരേ യുവാവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരിക്കേയാണ് രണ്ടാമത്തെ പരാതി. എന്നാല്‍ കരാറില്‍ ഒപ്പിട്ടതിന്റെ വീഡിയോ സിനിമാ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.
◾അമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ചതിന് ലഹരിക്കടിമയായ മകന്‍ അറസ്റ്റില്‍. വടക്കെ പൊയിലൂരില്‍ ജാനുവിനെ വെട്ടിയതിനു മകന്‍ നിഖില്‍ രാജിനെ കൊളവല്ലൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.
◾ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 15 വര്‍ഷം തടവ്. വെണ്മണി വഴനപുരത്തില്‍ പുത്തന്‍വീട്ടില്‍ വില്‍സന്‍ സാമുവല്‍ (46)നെയാണ് ഹരിപ്പാട് പോക്സോ കോടതി ശിക്ഷിച്ചത്.
◾ക്ഷേത്ര മോഷണക്കേസില്‍ യുവതിയും അന്യജാതിക്കാരനുമായ പ്രതികളുമായി ക്ഷേത്രത്തിനകത്തു തെളിവെടുപ്പു നടത്തുന്നതു നാട്ടുകാര്‍ തടഞ്ഞു. കുമളിക്കടുത്ത് വിശ്വനാഥപുരം ക്ഷേത്രത്തില്‍ മോഷണം നടത്തിയ ആലപ്പുഴ കൃഷ്ണപുരം കിഴക്കേതില്‍ മുഹമ്മദ് അന്‍വര്‍ ഷാ, കാര്‍ത്തികപ്പള്ളി കൃഷ്ണപുരം ചാലയ്ക്കല്‍ കോളനി ശിവജിഭവനില്‍ സരിത എന്നിവരുമായാണ് പോലീസ് എത്തിയത്. ക്ഷേത്ര പരിസരത്തു തെളിവെടുപ്പു നടത്തി പോലീസ് പ്രതികളുമായി മടങ്ങി.
◾മീനങ്ങാടി പോക്സോ കേസില്‍ പ്രതിക്കു ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി. പന്ത്രണ്ടു വയസുകാരിയെ അമ്മയുടെ സഹോദരന്‍ പീഡിപ്പിച്ചെന്നാണ് കേസ്. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
◾കോഴിക്കോട്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് റാഗിംങ് മര്‍ദ്ദനം. കൊടുവള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബാലുശേരി വട്ടോളി ബസാര്‍ സ്വദേശി ആതിഥേയി (17) നാണ് മര്‍ദ്ദനമേറ്റത്. ഇരുപതോളം പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി.
◾ഗ്യാസ് സിലിണ്ടറില്‍നിന്ന് തീ പടര്‍ന്ന് മൂന്നു പേര്‍ക്കു പൊള്ളലേറ്റു. ചക്കരക്കല്‍ കാവിന്‍മൂലയില്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് തീ പടര്‍ന്നത്. മാമ്പയിലെ രവിന്ദ്രന്‍, ഭാര്യ നളിനി, ഗ്യാസ് ഏജന്‍സി ജീവനക്കാരന്‍ ഷിനില്‍ എന്നിവര്‍ക്കാണ് പരിക്ക്.
◾രാജ്യാതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ അവസാന ഗ്രാമങ്ങളല്ല, ആദ്യ ഗ്രാമങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരാഖണ്ഡിലെ മനയില്‍ യുപിഐ പേമെന്റുകളും ക്യൂ ആര്‍ കോഡുകളും കച്ചവടക്കാര്‍ ഉപയോഗിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ഇതാണ് രാജ്യത്തിന്റെ ശക്തിയെന്നും മോദി ഉത്തരാഖണ്ഡില്‍ പ്രസംഗിക്കവേ വ്യക്തമാക്കി.
◾തമിഴ്നാട്ടിലെ തൂത്തുക്കുടി വെടിവയ്പില്‍ വീഴ്ച വരുത്തിയ നാലു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. വെടിവയ്പ്പ് നടക്കുന്ന സമയത്ത് പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന തിരുമല, പൊലീസുകാരായ സുടലൈക്കണ്ണ്, ശങ്കര്‍, സതീഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
◾സ്പൈസ് ജെറ്റിന് ഡിജിസിഎ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി. ഇതോടെ ഈ മാസം 30 മുതല്‍ സ്പൈസ് ജെറ്റിന് എല്ലാ വിമാന സര്‍വീസുകളും നടത്താനാകും. ജൂലൈ 27 നാണ് സ്പൈസ് ജെറ്റിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
◾വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ചമച്ചെന്ന കേസില്‍ അമരാവതി എംപി നവ്നീത് റാണയ്ക്കും പിതാവിനുമെതിരെ ജാമ്യമില്ലാ വാറണ്ടിന് ഉത്തരവിട്ട് മുംബൈ കോടതി. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകള്‍ പരിഗണിക്കുന്ന മുംബൈയിലെ പ്രത്യേക കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
◾എംപിമാരുടെ ചികിത്സയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് നിര്‍ദേശിച്ചുള്ള ഉത്തരവു പിന്‍വലിച്ച് എയിംസ് ആശുപത്രി. ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചതിനാലാണ് ഉത്തരവ് പിന്‍വലിച്ചത്.
◾യുകെയില്‍ പ്രധാനമന്ത്രിയാകാന്‍ സഹകരിക്കണമെന്ന് ഇന്ത്യന്‍ വംശജനായ ഋഷി സുനകിനോട് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പ്രധാനമന്ത്രിയാകാനുള്ള നീക്കത്തില്‍നിന്നു പിന്മാറണമെന്നാണ് ബോറിസിന്റെ അഭ്യര്‍ത്ഥന. ഋഷി സുനകിനെ പിന്തള്ളി രണ്ടു മാസം മുമ്പു മുന്നേറിയ ലിസ്ട്രസ് പ്രധാനമന്ത്രിയായെങ്കിലും കഴിഞ്ഞ ദിവസം രാജിവച്ചതോടെയാണ് ഋഷി സുനകിനു സാധ്യത തെളിഞ്ഞിരിക്കുന്നത്.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്.സിയ്‌ക്കെതിരേ എഫ്.സി.ഗോവയ്ക്ക് വിജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഗോവയുടെ വിജയം. ഈ ജയത്തോടെ ആറ് പോയന്റുമായി ഗോവ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.
◾ട്വന്റി20 ലോകകപ്പില്‍ സ്‌കോട്ലന്‍ഡിനെ അഞ്ച് വിക്കറ്റിനു കീഴടക്കി സൂപ്പര്‍ 12-ല്‍ ഇടം നേടി സിംബാബ്വെ. സ്‌കോട്ലന്‍ഡ് ഉയര്‍ത്തിയ 133 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സിംബാബ്വെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പതു പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നു. ഇതോടെ സ്‌കോട്‌ലന്‍ഡ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
◾ട്വന്റി 20 ലോകകപ്പില്‍ ഇനി സൂപ്പര്‍ 12 പോരാട്ടങ്ങള്‍. ട്വന്റി 20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളെല്ലാം പൂര്‍ത്തിയായി. സൂപ്പര്‍ 12-ലേക്ക് ഗ്രൂപ്പ് കടമ്പ മറികടന്ന് നാലു ടീമുകളാണ് എത്തിയത്. എ ഗ്രൂപ്പില്‍ നിന്ന് ശ്രീലങ്കയും നെതര്‍ലന്‍ഡ്‌സും ബിയില്‍ നിന്ന് സിംബാബ്വെയും അയര്‍ലന്‍ഡും സൂപ്പര്‍ 12-ല്‍ എത്തി. ഒക്ടോബര്‍ 22ന് സൂപ്പര്‍ 12-ലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ഓസ്‌ട്രേലിയ കരുത്തരായ ന്യൂസീലന്‍ഡിനെ നേരിടും.
◾പ്രമുഖ പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക് നടപ്പുവര്‍ഷത്തെ ജൂലായ്-സെപ്തംബര്‍ പാദത്തില്‍ 89.42 ശതമാനം വളര്‍ച്ചയോടെ 2,525 കോടി രൂപ ലാഭം നേടി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 1,333 കോടി രൂപയായിരുന്നു. അറ്റപലിശ വരുമാനം 18.5 ശതമാനവും പലിശേതര വരുമാനം 13 ശതമാനവും ഉയര്‍ന്നത് ബാങ്കിന് നേട്ടമായി. പ്രവര്‍ത്തനലാഭം 23.22 ശതമാനം ഉയര്‍ന്ന് 6,905 കോടി രൂപയായി. കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് ബാദ്ധ്യത (പ്രൊവിഷന്‍സ്) 8 ശതമാനം കുറഞ്ഞ് 3,636.81 കോടി രൂപയായത് ലാഭവളര്‍ച്ചയ്ക്ക് സഹായിച്ചു. മൊത്തം നിഷ്‌ക്രിയ ആസ്തി (ജി.എന്‍.പി.എ) 2.05 ശതമാനം കുറഞ്ഞ് 6.37 ശതമാനത്തിലും അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍.എന്‍.പി.എ) 1.02 ശതമാനം താഴ്ന്ന് 2.19 ശതമാനത്തിലെത്തിയതും ബാങ്കിന് നേട്ടമായി. ബാങ്കിന്റെ ആഗോള ബിസിനസ് 13.89 ശതമാനം വര്‍ദ്ധിച്ച് 19.58 ലക്ഷം കോടി രൂപ കടന്നു.
◾ദീപാവലിക്ക് ശേഷം ചില ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തരഹിതമാകും. പഴയ മോഡല്‍ ഐ ഫോണുകളിലും അപ്‌ഡേറ്റ് ചെയ്യാത്ത ആന്‍ഡ്രോയിഡ് ഫോണുകളിലുമാണ് സേവനം നഷ്ടമാകുക എന്ന് വാട്‌സ്ആപ്പ് അറിയിച്ചു. ഐഒഎസ് 10, ഐഒഎസ് 11 പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലാണ് ഒക്ടോബര്‍ 24 മുതല്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമാകുന്നത്. ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് സപ്പോര്‍ട്ട് ചെയ്യില്ലെന്ന് കമ്പനി അറിയിച്ചു. ഐഫോണ്‍ 12 മുതലുള്ള പുതിയ മോഡലുകളില്‍ സേവനം തുടര്‍ന്നും ലഭിക്കും. പഴയ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ ഐഒഎസ് അപ്‌ഡേറ്റ് ചെയ്യണമെന്നും കമ്പനി അറിയിച്ചു. പഴയ ആന്‍ഡ്രോയിഡ് ഓപ്പറേഷന്‍ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളിലും വാട്‌സ്ആപ്പ് സേവനം ലഭിക്കില്ല. ആന്‍ഡ്രോയിഡ് 4.1 അല്ലെങ്കില്‍ പുതിയ ആന്‍ഡ്രോയിഡ് മോഡലുകളില്‍ സേവനം തുടര്‍ന്നും ലഭിക്കുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചു.
◾സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന പുതിയ ചിത്രം 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'യിലെ ആദ്യ പാട്ടെത്തി. 'വാടരുതെ' എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഔസേപ്പച്ചന്‍ ആണ്. നിത്യ മാമ്മന്‍ ആലപിച്ച ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് പ്രഭ വര്‍മ്മയാണ്. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'. എഴുത്തുകാരന്‍ എം മുകുന്ദന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇതേ പേരില്‍ താനെഴുതിയ കഥയുടെ വികസിത രൂപമാണ് എം മുകുന്ദന്‍ തിരക്കഥ ആക്കിയിരിക്കുന്നത്. എം മുകുന്ദന്‍ തന്നെയാണ് സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. മലയാളത്തിന്റെ പ്രിയ നായിക ആന്‍ അഗസ്റ്റിന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'. കൈലാഷ്, ജനാര്‍ദ്ദനന്‍, സ്വാസിക വിജയ്, ദേവി അജിത്ത്, നീന കുറുപ്പ്, മനോഹരി ജോയ്, ബേബി അലൈന ഫിദല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
◾സണ്ണി വെയ്ന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അപ്പന്‍' റിലീസിനൊരുങ്ങുന്നു. ചിത്രം ഡയറക്ട് ഒടിടി റിലീസായി ഒക്ടോബര്‍ 28ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. സോണി ലിവ്വിലൂടെയാണ് 'അപ്പന്റെ' സ്ട്രീമിംഗ് നടക്കുക. മജു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അലന്‍സിയര്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടൈനി ഹാന്‍സ്സ് പ്രൊഡക്ഷന്‍സ് സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവരാണ് ടൈനി ഹാന്‍ഡ്സിന്റെ സാരഥികള്‍. അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
◾ഒമ്പതാം വയസ്സില്‍ മനുഷ്യക്കടത്തുകാരനായി മാറിയ ഗാസയുടെ കഥയാണ് ഈ നോവല്‍. അഫ്ഗാനിസ്ഥാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ യുദ്ധാനന്തര ദുരിതങ്ങളില്‍പെട്ടുഴറുന്ന മനുഷ്യരെ ടര്‍ക്കിയിലൂടെ ഗ്രീസിലേക്കും നടക്കാന്‍ സാധ്യതയില്ലാത്ത പ്രത്യാശയിലേക്കും എത്തിക്കുന്ന മനുഷ്യക്കടത്ത് ചങ്ങലയുടെ കണ്ണിയാണ് ഗാസയുടെ പിതാവ്. കഥ ഉരുത്തിരിയുന്നത് ഗാസയുടെ കണ്ണുകളിലൂടെയാണ്. ടര്‍ക്കിയിലെ പുതുതലമുറ എഴുത്തുകാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഹകന്‍ ഗുണ്ടായ്യുടെ ഈ കൃതി. 'പോരാ പോരാ'. വിവര്‍ത്തനം: രമാമേനോന്‍. ഗ്രീന്‍ ബുക്സ്. വില 522 രൂപ.
◾കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ലോഞ്ച് ചെയ്ത ടൈഗണ്‍ മിഡ്-സൈസ് എസ്യുവിക്ക് 45,000 ബുക്കിംഗുകള്‍ ലഭിച്ചതായി ഫോക്‌സ്വാഗണ്‍ ഇന്ത്യ അറിയിച്ചു. 2021 സെപ്റ്റംബര്‍ മുതല്‍ 28,000 യൂണിറ്റ് മോഡലുകള്‍ കമ്പനി വിതരണം ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2022 സെപ്റ്റംബറില്‍, രാജ്യത്ത് മോഡലിന്റെ അരങ്ങേറ്റത്തിന്റെ ഒരു വര്‍ഷം ആഘോഷിക്കുന്നതിനായി ഫോക്‌സ്വാഗണ്‍ ടൈഗണ്‍ ആനിവേഴ്‌സറി പതിപ്പ് പുറത്തിറക്കിയിരുന്നു. 15.69 ലക്ഷം രൂപ മുതല്‍ എക്സ്-ഷോറൂം വിലവയുള്ള ഈ മോഡല്‍ ടോപ്ലൈന്‍ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഫോക്‌സ്വാഗണ്‍ ടൈഗണ്‍ അടിസ്ഥാന മോഡലിന് 11.56 ലക്ഷം രൂപയും ടോപ്പ്-സ്പെക്ക് ജിടി പ്ലസ് വേരിയന്റിന് 18.71 ലക്ഷം രൂപയുമാണ് ഇപ്പോള്‍ വില. അതേ സമയം, ജര്‍മ്മന്‍ ബ്രാന്‍ഡ് ഹ്യുണ്ടായ് ക്രെറ്റ , കിയ , സെല്‍റ്റോസ് , എംജി ആസ്റ്റര്‍ എന്നിവയ്ക്ക് എതിരാളികളായ മിഡ്-സൈസ് എസ്യുവിയുടെ തിരഞ്ഞെടുത്ത വേരിയന്റുകളില്‍ 1.05 ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു.
◾നിത്യജീവിതത്തില്‍ നിസാരവത്കരിക്കാന്‍ സാധ്യതയുള്ളതും എന്നാല്‍ ഗൗരവതരമായ അസുഖത്തിന്റെ സൂചനയായി വരുന്നതുമായ ഒരു പ്രശ്നമാണ് തലകറക്കവും ഇതിനെ തുടര്‍ന്നുള്ള വീഴ്ചയും. 'വെര്‍ട്ടിഗോ' എന്ന് വിളിക്കപ്പെടുന്ന തരത്തിലുള്ള തലകറക്കമാണ് ഇതില്‍ ശ്രദ്ധിക്കേണ്ടത്. ഭാവിയില്‍ പക്ഷാഘാതം അഥവാ സ്ട്രോക്ക് വരുന്നതിലേക്കുള്ള സൂചനയായി ഇങ്ങനെ സംഭവിക്കാം.സ്ട്രോക്കിനെ കുറിച്ച് മിക്കവര്‍ക്കും അറിവുണ്ടായിരിക്കും. വളരെ ഗൗരവമുള്ള- മരണത്തിലേക്ക് വരെ നമ്മെയെത്തിക്കാന്‍ കഴിയുന്ന പ്രശ്നമാണ് സ്ട്രോക്ക്. തലച്ചോറിന്റെ ഏതെങ്കിലുമൊരു ഭാഗത്തേക്കുള്ള രക്തയോട്ടം തടസപ്പെടുകയോ അല്ലെങ്കില്‍ രക്തക്കുഴലുകള്‍ പൊട്ടുകയോ ചെയ്യുന്ന അവസ്ഥയിലാണ് സ്ട്രോക്ക് സംഭവിക്കുന്നത്. ചിലരില്‍ ഇത് ജീവന് വെല്ലുവിളിയാകാതെ നേരിയ രീതിയില്‍ കടന്നുപോകുമെങ്കില്‍ മറ്റ് ചിലരില്‍ ഏറെ പ്രയാസമുണ്ടാക്കുന്ന വിധമാകാം ഇതുണ്ടാകുന്നത്. ഒരുപക്ഷെ ജീവന്‍ തന്നെ നഷ്ടമാവുകയും ചെയ്യാം. ദിനംപ്രതി എത്രയോ പേരാണ് ഇത്തരത്തില്‍ സ്ട്രോക്കിനെ തുടര്‍ന്ന് മരിക്കുന്നതും. സ്ട്രോക്കിലേക്ക് പോകുന്നൊരു വ്യക്തിയില്‍ കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടമാകണമെന്നില്ല. അല്ലെങ്കില്‍ ശ്രദ്ധയില്‍ വരുംവിധത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. എന്നാല്‍ തലകറക്കം (വെര്‍ട്ടിഗോ), ഇതിനെ തുടര്‍ന്നുള്ള വീഴ്ച, തളര്‍ച്ച എന്നിവയെല്ലാം സ്ട്രോക്കിന് മുന്നോടിയായി വരാം. ഇവ തന്നെ സ്ട്രോക്കിന് ശേഷവും രോഗിയില്‍ കാണാം. സ്ട്രോക്ക് സംഭവിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പോ, ആഴ്ചകള്‍ക്ക് മുമ്പോ എല്ലാം ഈ സൂചനകള്‍ വരാം. ഈ ഘട്ടത്തില്‍ തന്നെ തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ ബ്ലോക്ക് കണ്ടെത്താന്‍ സാധിച്ചാല്‍ ഗുരുതരമായ സാഹചര്യങ്ങളൊഴിവാക്കാന്‍ കഴിഞ്ഞേക്കാം. ഇരുകൈകളിലും തളര്‍ച്ച, ശരീരത്തിന്റെ താഴെ ഒരു ഭാഗത്ത് (കാലുകളും പാദങ്ങളും അടക്കം) തളര്‍ച്ച, സംസാരിക്കുമ്പോള്‍ വാക്കുകള്‍ വ്യക്തമാകാത്ത അവസ്ഥ, മറന്നുപോകുന്ന സാഹചര്യം, പെട്ടെന്നുണ്ടാകുന്ന തീവ്രതയേറിയ തലവേദന, കാഴ്ച മങ്ങല്‍, ഓര്‍മ്മശക്തി കുറയല്‍ എന്നിവയെല്ലാം സ്ട്രോക്കിന്റെ ലക്ഷണങ്ങളായി വരാറുണ്ട്.
Media 16 News