◾ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ് രാജിവച്ചു. അധികാരമേറ്റ് നാല്‍പ്പത്തിനാലാം ദിവസമാണ് രാജി. പ്രഖ്യാപിത നയങ്ങളില്‍നിന്ന് വ്യതിചലിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം രാജി ആവശ്യപ്പെട്ട് രംഗത്തിറങ്ങിയിരിക്കേയാണ് രാജി. അഞ്ചുദിവസം മുമ്പാണ് ധനമന്ത്രി ക്വാസി കാര്‍ട്ടെംഗ് രാജിവച്ചത്. ഹോം സെക്രട്ടറി സുവെല്ല ബ്രെവര്‍മാനും രാജിവച്ചു.
◾പത്തു ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുമെന്ന വാഗ്ദാനവുമായി മെഗാ 'റോസ്ഗര്‍ മേള' എന്ന തൊഴില്‍ മേള പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും. 75,000 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന കത്തുകള്‍ നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
◾നെല്ലു സംഭരണം ഇന്നു പുനരാരംഭിക്കും. മില്ലുടമകള്‍ രണ്ടാഴ്ചയായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. മില്ലുടമകളുടെ ആവശ്യങ്ങള്‍ക്കു മൂന്ന് മാസത്തിനകം പരിഹാരമുണ്ടാക്കാമെന്നു ഭക്ഷ്യമന്ത്രി ഉറപ്പു നല്‍കി. 54 മില്ലുടമകള്‍ നെല്ലു സംഭരിക്കാതെ സമരത്തിലായതിനാല്‍ കര്‍ഷകരുടെ നെല്ല് കൃഷിയിടങ്ങളില്‍ കെട്ടിക്കിടക്കുകയായിരുന്നു.
◾എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി 33 ാം തവണയും മാറ്റി. വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കേസ് മാറ്റി വച്ചത്. കേസ് നവംബര്‍ അവസാനത്തോടെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ്.
◾മന്ത്രി വീണാ ജോര്‍ജിനെതിരെ കോടതി ഉത്തരവനുസരിച്ച് എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തു. ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാറിന്റെ പരാതിയിലാണ് കേസ്. തനിക്കതിരെ കള്ളക്കേസെടുക്കാന്‍ വീണ ജോര്‍ജ് ഗൂഢാലോചന നടത്തിയെന്നും പൊലീസിനെ സ്വാധീനിച്ചെന്നുമുള്ള പരാതിയില്‍ എറണാകുളം എസിജെഎം കോടതി ഉത്തരവനുസരിച്ചാണ് വീണാ ജോര്‍ജ് അടക്കം എട്ട് പേര്‍ക്കെതിരെ കേസെടുത്തത്. നേരത്തെ വീണ ജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ നന്ദകുമാറിനെതിരെ കേസെടുത്തു ജയിലിലടച്ചിരുന്നു.
◾ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്കെതിരേ പരാതി ഉന്നയിക്കാന്‍ വൈകിയത് കണക്കിലെടുത്താണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പരാതിക്കാരി തടവിലായിരുന്നില്ല. ആദ്യം നല്‍കിയ മൊഴിയിലും പരാതിയിലും ബലാത്സംഗ കാര്യമില്ല. എല്‍ദോസുമായി വിവാഹ ബന്ധം സാധ്യമല്ലെന്ന് പരാതികാരിക്കു ബോധ്യമുണ്ടായിരുന്നു. ഇരുവരും തമ്മില്‍ അടുത്ത ബന്ധവും നിരന്തര ആശയവിനിമയവും ഉണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
◾എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഒളിവിലല്ലെന്നും നാളെ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകുമെന്നും അഭിഭാഷകന്‍. എംഎല്‍എ ഒളിവിലല്ലാത്തതിനാലാണ് ജാമ്യം കിട്ടിയതെന്നും അഭിഭാഷകന്‍ പറഞ്ഞു.
◾എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയാണെന്ന പേരില്‍ തന്റെ ചിത്രം പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുണ്ടെന്ന് ആരോപിച്ച് യുവനടി പൊലീസില്‍ പരാതി നല്‍കി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കു നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസും സൈബര്‍ സെല്ലും അന്വേഷണം തുടങ്ങി.
◾ഇരട്ട നരബലി കേസില്‍ പൊലീസ് കസ്റ്റഡിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍. അഭിഭാഷകനെ കാണാന്‍ അനുവദിക്കണമെന്നും കുറ്റസമ്മത മൊഴികളിലെ വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും പ്രതികള്‍ ആവശ്യപ്പെട്ടു.
◾കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സൈനികനേയും സഹോദരനേയും മര്‍ദിച്ച് കള്ളക്കേസെടുത്ത സംഭവത്തില്‍ പ്രതികളായ എസ്എച്ച്ഒ അടക്കം നാല് ഉദ്യോഗസ്ഥര്‍ക്കു സസ്പെന്‍ഷന്‍. എസ്എച്ച്ഒ വിനോദ് എസ്, എസ്ഐ അനീഷ്, ഗ്രേഡ് എസ്ഐ പ്രകാശ് ചന്ദ്രന്‍, സിപിഒ മണികണ്ഠന്‍ പിള്ള എന്നിവരെയാണ് ദക്ഷിണ മേഖല ഐജി പി.പ്രകാശ് സസ്പെന്‍ഡ് ചെയ്തത്. പോലീസിനെതിരേ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.
◾വാളയാറില്‍ ഹൃദ്രോഗിയായ അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ പൊലീസ് മര്‍ദ്ദിച്ചെന്ന പരാതിയില്‍ വാളയാര്‍ സിഐ രഞ്ജിത്ത് കുമാറിനെ കോഴിക്കോട് വളയം സ്റ്റേഷനിലേക്കു സ്ഥലം മാറ്റി.
◾കലൂര്‍ ജവഹര്‍ലാല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഐഎസ്എല്‍ മത്സരങ്ങള്‍ക്കു വിനോദ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കൊച്ചി കോര്‍പ്പറേഷന്റെ നോട്ടീസ് കോടതിയലക്ഷ്യമാണെന്നു കേരള ബ്ലാസ്റ്റേഴ്സ്. വിനോദ നികുതി ഈടാക്കുന്നത് കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് വെളിപ്പെടുത്തി.
◾ദുബൈയില്‍നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്രാ ടിക്കറ്റുകള്‍ വാഗ്ദാനംചെയ്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചത്. കൊച്ചിയിലേക്ക് 380 ദിര്‍ഹം, കോഴിക്കോടേക്ക് 269 ദിര്‍ഹം, തിരുവനന്തപുരത്തേക്ക് 445 ദിര്‍ഹം, മംഗളൂരുവിലേക്ക് 298 ദിര്‍ഹം എന്നിങ്ങനെയാണ് ദുബൈയില്‍ നിന്നുള്ള വണ്‍വേ ടിക്കറ്റ് നിരക്ക്.
◾സാമ്പത്തിക തട്ടിപ്പു കേസില്‍ ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി കോടതി ഉത്തരവു ലംഘിച്ച് സ്റ്റേഷനില്‍ ഹാജരായില്ല. സ്റ്റേഷനില്‍ ഹാജരായ കൂട്ടുപ്രതി അനില്‍ നായര്‍ക്കു കോടതി ജാമ്യം അനുവദിച്ചു. ഇരുവരും ഇന്നലെ രാവിലെ അമ്പലപ്പുഴ സ്റ്റേഷനില്‍ ഹാജരാകണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. തണ്ടര്‍ഫോഴ്സ് എന്ന സെക്യൂരിറ്റി സ്ഥാപനത്തിന്റെ ഡയറക്ടറാക്കാമെന്നു പറഞ്ഞ് 2.10 കോടി രൂപ ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തെന്ന അമ്പലപ്പുഴ സ്വദേശി ഷൈനിന്റെ പരാതിയിലാണ് നടപടി.
◾പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. 37 -ാമത്തെ പ്രതി പാലക്കാട് വെണ്ണക്കര നൂറണി സ്വദേശി ബഷീറാണ് പിടിയിലായത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
◾മധു കൊലക്കേസില്‍ റിമാന്‍ഡിലുള്ള പതിനൊന്ന് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. എല്ലാ ദിവസവും വിസ്താരത്തിനായി കോടതിയില്‍ ഹാജരാവണം, മധുവിന്റെ അമ്മയേയും സഹോദരിയേയും കാണാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
◾നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജിയില്‍ ദിലീപ് തടസഹര്‍ജി ഫയല്‍ ചെയ്തു. തന്റെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. കോടതി മാറ്റം വേണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.
◾കെഎസ്ആര്‍ടിസിയെ പരസ്യംകൊണ്ട് പൊതിയാനാകില്ലെന്ന് ഹൈക്കോടതി. വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം. ബസുകളുടെ പിന്നിലും വശങ്ങളിലും പരസ്യം പതിക്കാനുള്ള നിയമപരമായ അനുമതി ഉണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചപ്പോഴായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ മറുപടി.
◾ശിശുമരണനിരക്ക് കുറക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 5,041 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം ഇതുവരെ 1,002 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ഒരു വയസിനു താഴെയുള്ള 479 കുഞ്ഞുങ്ങള്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്.
◾സമസ്തയുടെ വിലക്ക് ലംഘിച്ച് പാണക്കാട് ഹമീദലി തങ്ങള്‍ കോഴിക്കോട്ടെ വാഫി വഫിയ്യ സമ്മേളനത്തില്‍ പങ്കെടുത്തു. സമസ്തയുടെ വിദ്യാര്‍ഥി സംഘടനയായ എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റാണ് ഹമീദലി തങ്ങള്‍.
◾കെഎസ് യു നേതാവ് ബുഷര്‍ ജംഹറിനെ കാപ്പ നിയമം ചുമത്തി ജയിലിലടച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ബുഷര്‍ ജംഹറിന്റെ അമ്മ ടി.എം. ജഷീല നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കും. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ നൂറ് ദിവസത്തിലധികമായി ജയിലിടച്ചിരിക്കുകയാണെന്നാണ് ആരോപണം.
◾കണ്ണൂര്‍ എസ്എന്‍ കോളജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജനറല്‍ ക്യാപ്റ്റന്‍ സ്ഥാനാര്‍ത്ഥിയായ എസ്എഫ്ഐ പ്രവര്‍ത്തകന്റെ നാമമിര്‍ദേശപത്രിക തള്ളിയതിനെച്ചൊല്ലി സംഘര്‍ഷം. തെരഞ്ഞെടുപ്പു ചുമതലയുള്ള അധ്യാപകരെ പ്രതിഷേധക്കാര്‍ പൂട്ടിയിട്ടു. എസ്എഫ്ഐ പത്രിക തള്ളിയതോടെ കെ എസ് യു സ്ഥാനാര്‍ത്ഥി വിജയിച്ചു.
◾പാലക്കാട് മുതലമടയില്‍ ആഫ്രിക്കന്‍ പന്നിപ്പനി. പന്നിഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും സമീപത്തെ കൊല്ലങ്കോട്, പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകള്‍ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.
◾ഓണ്‍ലൈന്‍ റമ്മി കളിച്ചു നഷ്ടപ്പെട്ട ഒന്നര ലക്ഷം രൂപയ്ക്കായി അയല്‍വീടുകളില്‍നിന്നു സ്വര്‍ണം മോഷ്ടിച്ചയാളെ ഇടുക്കി വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റു ചെയ്തു. വണ്ടിപ്പെരിയാര്‍ പുതുലയം സ്വദേശി യാക്കൂബാണ് പിടിയിലായത്.
◾തട്ടുകടയില്‍ കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് കടയുടമയുടെ കുത്തേറ്റ് ഗുരതരാവസ്ഥയില്‍. തണ്ണീര്‍ക്കോട് സ്വദേശി സനീഷാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. പ്രതി ചാലിശ്ശേരി സ്വദേശി ഹംസയെ അറസ്റ്റു ചെയ്തു.
◾തൃശൂര്‍ അക്കിക്കാവ് പിഎസ്എം ഡെന്റല്‍ കോളജില്‍ ഭക്ഷ്യ വിഷബാധ. പത്തു വിദ്യാര്‍ത്ഥിനികള്‍ ചികിത്സ തേടി.
◾സിനിമാ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണ രംഗത്തേക്ക്. സോഷ്യല്‍ മീഡിയയിലൂടെ ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നവാഗതരായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് എന്ന കമ്പനിയുടെ ആദ്യ നിക്ഷേപകനായിരിക്കുകയാണ് ദുല്‍ഖര്‍. കമ്പനി പുറത്തിറക്കിയ എഫ് 77 എന്ന മോഡല്‍ ഒറ്റ ചാര്‍ജിങ്ങില്‍ 307 കിലോമീറ്റര്‍ ഓടുമെന്നാണു വാഗ്ദാനം.
◾ഗൂഗിളിന് 1337.76 കോടി രൂപ പിഴ. ആന്‍ഡ്രോയ്ഡ് അധിഷ്ഠിതമായ മൊബൈലുകളെ വാണിജ്യ താല്‍പര്യത്തിന് അനുസരിച്ച് ഗൂഗിള്‍ ദുരുപയോഗം ചെയ്തതിനാണ് കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഇത്രയും ഭീമമായ പിഴ ചുമത്തിയത്. ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ ആപുകള്‍ ഫോണില്‍ ഉള്‍പെടുത്തരുതെന്നും കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കി.
◾കരസേന ആയിരം നിരീക്ഷണ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നു. ചൈന, പാക്കിസ്ഥാന്‍ അതിര്‍ത്തികളിലെ അടിയന്തര സാഹചര്യങ്ങള്‍ പരിഗണിച്ച് ഫാസ്റ്റ് ട്രാക്ക് നടപടിക്രമങ്ങളിലൂടെ ഹെലികോപ്റ്റര്‍ വാങ്ങണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. നിയന്ത്രണ രേഖയിലെ അസ്ഥിര സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.
◾ഐഎസ്ആര്‍ഒയുടെ സൂര്യ പഠന ദൗത്യം ആദിത്യ എല്‍ 1 ന്റെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായി ഡോ. ശങ്കരസുബ്രഹ്‌മണ്യത്തെ നിയമിച്ചു. ഐഎസ്ആര്‍ഒയുടെ ഉപഗ്രഹ ഗവേഷണ കേന്ദ്രമായ ബെംഗളൂരു യു.ആര്‍ റാവു സാറ്റലൈറ്റ് സെന്ററിലെ സീനിയര്‍ സോളാര്‍ സയന്റിസ്റ്റാണ്. 2023 ല്‍ പേടകം വിക്ഷേപിക്കും.
◾ഉത്തര്‍പ്രദേശില്‍ എന്‍ജിനീയറിംഗ്, എംബിബിഎസ് കോഴ്സുകള്‍ ഹിന്ദിയിലും പഠിപ്പിക്കുമെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യയിലെ ആദ്യത്തെ എംബിബിഎസ് പുസ്തകം ഹിന്ദിയില്‍ പുറത്തിറക്കിയതിനു പിറകേയാണ് ഹിന്ദിവത്കരണ പ്രഖ്യാപനം.
◾ശശി തരൂരിന് ഇരട്ടമുഖമെന്നു കുറ്റപ്പെടുത്തി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി. പരാതികളിലെ നടപടികളില്‍ തൃപ്തി അറിയിച്ച തരൂര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന് മധുസൂദന്‍ മിസ്ത്രി ആരോപിച്ചു.
◾സ്റ്റീല്‍ വില നാല്‍പതു ശതമാനം കുറഞ്ഞു. കയറ്റുമതി കുറഞ്ഞതാണു കാരണം. കയറ്റുമതി നികുതി 15 ശതമാനമായതിനാലാണ് ഓര്‍ഡറുകള്‍ കുറഞ്ഞത്. ഇതോടെ ആഭ്യന്തര വിപണിയില്‍ സ്റ്റീല്‍ വില ടണ്ണിന് 57,000 രൂപയായി.
◾വ്യോമസേനക്കായി ആധുനിക മിസൈലായ ബ്രഹ്‌മോസ് 2025 ല്‍ സജ്ജമാക്കും. സുഖോയ്- 30 എംകെഐ, ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് തേജസ് എന്നിവയുടെ യുദ്ധവിമാനങ്ങളില്‍ ഘടിപ്പിക്കാവുന്ന, 300 കിലോമീറ്റര്‍ ദൂരേയ്ക്കു വിക്ഷേപിക്കാനാകുന്ന, മിസൈലുകളാണ് നിര്‍മിക്കുക.
◾ശ്രീലങ്കയ്ക്ക് പിന്നാലെ ട്വന്റി20 ലോകകപ്പ് സൂപ്പര്‍ 12നു യോഗ്യത നേടി നെതര്‍ലന്‍ഡ്സ്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ നമീബിയ യുഎഇയോടു തോറ്റതോടെയാണ് നെതര്‍ലന്‍ഡ്സ് സൂപ്പര്‍ 12 ന് യോഗ്യത നേടിയത്. ഇതോടെ ശ്രീലങ്കക്ക് പിറകെ രണ്ടാം സ്ഥാനക്കാരായ നെതര്‍ലന്‍ഡ്സാവും പാക്കിസ്ഥാനെതിരായ ആദ്യ പോരാട്ടത്തിനുശേഷം സൂപ്പര്‍ 12ല്‍ ഇന്ത്യയുടെ രണ്ടാമത്തെ എതിരാളികള്‍.
◾പാക്കിസ്ഥാനില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ നിന്ന് ഇന്ത്യ പിന്‍മാറിയാല്‍ അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ നിന്ന് പിന്‍മാറുമെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാടിനോട് പ്രതികരിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍. ഇന്ത്യയോട് ആരും ഭീഷണി സ്വരത്തില്‍ സംസാരിക്കേണ്ടെന്നും പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള എല്ലാ വലിയ ടീമുകളും അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്ത് വിട്ട് ഈസ്റ്റ് ബംഗാള്‍. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാളിന്റെ വിജയം.
◾കഴിഞ്ഞ മാസം ഇന്ത്യയ്ക്കുള്ളിലെ വിമാനയാത്രക്കാരുടെ എണ്ണം കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലേതിനെക്കാള്‍ 46.54% ഉയര്‍ന്ന് 1.04 കോടിയായി. ആകെ സീറ്റുകളുടെ 77.5% ഉപയോഗപ്പെടുത്താന്‍ വ്യോമയാനകമ്പനികള്‍ക്കു കഴിഞ്ഞു. 59.72 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്ത ഇന്‍ഡിഗോയ്ക്ക് 57% വിപണിവിഹിതമുണ്ട്. ഫുള്‍ സര്‍വീസ് എയര്‍ലൈന്‍ ആയ വിസ്താരയ്ക്ക് 9.6% വിപണിവിഹിതത്തോടെ രണ്ടാം സ്ഥാനമുണ്ട്. ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ, എയര്‍ ഇന്ത്യ എന്നിവയ്ക്ക് ആകെ 24.7% വിപണിവിഹിതമുണ്ട്.
◾സിനിമ അടക്കമുള്ള വിനോദ പരിപാടികള്‍ കാണുന്നതിനായി ഒടിടി പ്ലാറ്റ്‌ഫോമിന്റെ പാസ് വേര്‍ഡ് അടുപ്പമുള്ളവര്‍ക്ക് കൈമാറുന്നത് പതിവാണ്. പ്രതീക്ഷിച്ച വളര്‍ച്ച ഉണ്ടാക്കാന്‍ സാധിച്ചില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ലോഗിന്‍ വിവരങ്ങള്‍ കൈമാറുന്ന ഉപയോക്താവില്‍ നിന്ന് അധിക തുക ഈടാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് വീഡിയോ സ്ട്രീമിങ് കമ്പനിയായ നെറ്റ് ഫ്‌ളിക്‌സ്. 2023 മുതല്‍ ഇത് നടപ്പാക്കാനാണ് തീരുമാനം. എന്നാല്‍ ഫീസ് എത്രയായിരിക്കും എന്ന കാര്യം കമ്പനി അറിയിച്ചിട്ടില്ല. നാലു ഡോളര്‍ വരെയാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നാമത്തെ പാദത്തില്‍ 24.1 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് കമ്പനിക്ക് ലഭിച്ചത്. എന്നാല്‍ വളര്‍ച്ച മന്ദഗതിയിലാണെന്നാണ് കണക്കുകൂട്ടല്‍. 2022ന്റെ ആദ്യ പകുതിയില്‍ 12 ലക്ഷം ഉപയോക്താക്കളെ നഷ്ടപ്പെട്ടു.
◾അജയ് ദേവ്ഗണ്‍ നായകനാകുന്ന പുതിയ സിനിമ 'താങ്ക് ഗോഡ്' ഒക്ടോബര്‍ 25ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. ഇന്ദ്ര കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയും രാകുല്‍ പ്രീത് സിംഗും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഫാന്റസി കോമഡി ചിത്രമായ 'താങ്ക് ഗോഡി'ന്റെ അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങി. മോഹന്‍ലാല്‍ നായകനായ 'ദൃശ്യം 2'വിന്റെ ഹിന്ദി റീമേക്കാണ് അജയ് ദേവ്ഗണിന്റേതായി റിലീസ് ചെയ്യാനുള്ള മറ്റൊരു ചിത്രം. നവംബര്‍ 18ന് തിയറ്ററുകളിലെത്തും. അജയ് ദേവ്ഗണ്‍ നായകനാകുന്ന 'മൈദാന്‍' 2023 ഫെബ്രുവരി 17ന് റിലീസ് ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
◾മമ്മൂട്ടിയുടെ നായികയായി ജ്യോതിക എത്തുന്ന പുതിയ ചിത്രം 'കാതലി'ന്റെ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയില്‍ വെച്ചാണ് ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ നടന്നത്. 12 വര്‍ഷങ്ങള്‍ക്കിപ്പുറം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതല്‍. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ആദര്‍ഷ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് വിതരണത്തിന് എത്തിക്കുക. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണ രംഗത്തേക്ക് ചുവട് വെച്ച് ദുല്‍ഖര്‍ സല്‍മാന്‍. സോഷ്യല്‍ മീഡിയയിലൂടെ ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണ രംഗത്തെ നവാഗതരായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് എന്ന കമ്പനിയുടെ ആദ്യ നിക്ഷേപകനായിരിക്കുകയാണ് ദുല്‍ഖര്‍. തങ്ങളുടെ എഫ് 77 എന്ന മോഡല്‍ കഴിഞ്ഞ ദിവസം കമ്പനി പുറത്തിറക്കിയിരുന്നു. ഒറ്റ ചാര്‍ജിങ്ങില്‍ 307 കിലോമീറ്റര്‍ റേഞ്ച് ആണ് കമ്പനി ഈ മോഡലിന് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം ദൂരക്ഷമത കിട്ടുന്ന ഇലക്ട്രിക് ബൈക്ക് ആണ് ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എഫ്77 എന്ന മോഡല്‍ നവംബര്‍ 24 ന് അവതരിപ്പിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
◾രബീന്ദ്രനാഥ ടാഗോറിനും ജമിനി റോയിക്കും ഒപ്പം ആധുനിക ഇന്ത്യന്‍ ചിത്രകലയുടെ വക്താവായി അറിയപ്പെടുന്ന അമൃതാ ഷെര്‍ഗിലിന്റെ ജീവിതകഥ. ജീവചരിത്രങ്ങള്‍ പറയുന്ന ആഘോഷിക്കപ്പെട്ട അരാജകജീവിതത്തിനുമപ്പുറം അമൃതയുടെ ആന്തരിക ജീവിതം എന്തായിരുന്നു എന്ന് അനാവരണംചെയ്യുന്ന കത്തുകളുടെയും ഡയറിക്കുറിപ്പുകളുടെയും അനുബന്ധം. കലയുടെ ഉന്മാദത്തെ ആത്മഭാവമായി സ്വീകരിച്ച് വിപ്ലവകരമായി കലയില്‍ ഇടപെട്ട ഒരു ചിത്രകാരിയുടെ ജീവചരിത്രം. 'അമൃതാ ഷെര്‍ഗില്‍ കാതരമിഴികളും കാമനകളും'. ഡോ. എന്‍ രേണുക. മാതൃഭൂമി ബുക്സ. വില 161 രൂപ