◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനു മൂന്നു സ്ഥാനാര്‍ത്ഥികള്‍. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ശശി തരൂര്‍ എംപി, ജാര്‍ഖണ്ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കെ.എന്‍.ത്രിപാഠി എന്നിവരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. നെഹ്റു കുടുംബത്തിന്റേയും ഹൈക്കമാന്‍ഡിന്റേയും ജി 23 വിമത ഗ്രൂപ്പിന്റേയും പിന്തുണയോടെയാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ മല്‍സരിക്കുന്നത്. മല്‍സരിക്കാനിരുന്ന മനീഷ് തീവാരിയും ഖാര്‍ഗെയെ പിന്തുണച്ചു. പ്രവര്‍ത്തകര്‍ക്കൊപ്പം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ശശി തരൂര്‍ പത്രിക സമര്‍പ്പിക്കാന്‍ എഐസിസി ആസ്ഥാനത്ത് എത്തിയത്. പാര്‍ട്ടി കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ട്ടിയില്‍ പങ്കാളിത്തം ഉറപ്പാക്കുമെന്നും ശശി തരൂര്‍ പ്രകടനപത്രികയില്‍ പറയുന്നു.
◾കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ശശി തരൂര്‍ എംപിയുടെ തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ ഇന്ത്യയുടെ ഭൂപടത്തില്‍ പിഴവ്. ജമ്മു കാഷ്മീരിന്റെ ഒരു ഭാഗം ഇല്ലാത്ത ചിത്രമാണ് പ്രകടനപത്രികയില്‍ ചേര്‍ത്തതെന്നാണ് ആരോപണം. ഭൂപടം തിരുത്തിയതായി ശശി തരൂരിന്റെ ഓഫീസ് അറിയിച്ചു
◾പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പിഎഫ്ഐയുടെ ആസ്ഥാനം ഉള്‍പെടെയുള്ള ഓഫീസുകള്‍ പൂട്ടി സീല്‍ ചെയ്തു. എന്‍ഐഎയുടെ നേതൃത്വത്തിലായിരുന്നു കോഴിക്കോട്ടെ മീഞ്ചന്തയിലുള്ള സംസ്ഥാന സമിതി ഓഫീസായ യൂണിറ്റി സെന്റര്‍ സീല്‍ ചെയ്തത്. പിഎഫ്ഐക്കൊപ്പം നിരോധിച്ച ക്യാംപസ് ഫ്രണ്ട് ഉള്‍പ്പെടെയുളള പോഷക സംഘടനകയുടെ ഓഫീസുകളും സീല്‍ ചെയ്തു. വടകര, നാദാപുരം, തണ്ണീര്‍പന്തല്‍, കുറ്റ്യാടി എന്നിവിടങ്ങളിലെ ഓഫീസികളും പൂട്ടി നോട്ടീസ് പതിപ്പിച്ചു. തിരുവനന്തപുരം മണക്കാട്, കൊല്ലം അഞ്ചല്‍, ഇടുക്കി തൂക്കുപാലം, കണ്ണൂര്‍ താണ, കാസര്‍കോട്, പന്തളം, കാസര്‍കോട് പെരുമ്പളക്കടവ്, തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ്, ചാവക്കാട് മണത്തല യൂണിറ്റി സെന്റര്‍ എന്നിവയും പൂട്ടി.
◾എന്‍ഐഎ അറസ്റ്റ് ചെയ്ത പതിനൊന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയും കൊച്ചി എന്‍ഐഎ കോടതി ഈ മാസം 20 വരെ റിമാന്‍ഡ് ചെയ്തു. പ്രതികളെ കാക്കനാട് ജയിലിലേക്കു കൊണ്ടുപോകും. പ്രതികളെ വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടു.
◾പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് ഇന്നലെ 45 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2242 ആയി. ഇതുവരെ 355 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
◾സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം മരവിപ്പിച്ച ഉത്തരവ് നീട്ടി. ലീവ് സറണ്ടര്‍ ചെയ്ത് പണം കൈപ്പറ്റുന്നതിനുള്ള വിലക്ക് ഡിസംബര്‍ 31 വരെ തുടരും. സാമ്പത്തിക അവസ്ഥ കണക്കിലെടുത്താണ് തീരുമാനമെന്ന് ധനവകുപ്പ് വ്യക്തമാക്കി.
◾സിപിഐയില്‍ പ്രായപരിധി തര്‍ക്കമില്ലെന്നും നേതൃത്വം മുന്നോട്ടുവച്ച മാര്‍ഗനിര്‍ദേശം മാത്രമാണെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഡി രാജ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. പ്രായപരിധി നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ ചര്‍ച്ചചെയ്തുവരികയാണ്. കേരളാ സിപിഐയിലെ വിഭാഗീയതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം പ്രതികരിച്ചില്ല.
◾സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ കാനം വിരുദ്ധ പക്ഷ നേതാക്കളായ സി. ദിവാകരനും കെ.ഇ. ഇസ്മയിലിനും വിമര്‍ശനം. പ്രായപരിധി, പദവി വിഷയങ്ങളുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ അനാവശ്യമാണെന്ന് എക്സിക്യൂട്ടീവ് വിലയിരുത്തി. ഇതേസമയം, ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തടസപ്പെടുത്തുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിമര്‍ശിച്ചു.
◾ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിച്ചു. മലയാളത്തിന് എട്ടു പുരസ്‌കാരങ്ങളാണു ലഭിച്ചത്. മികച്ച നടിക്കുള്ള പുരസ്‌കാരം അപര്‍ണ ബാലമുരളിയും മികച്ച നടനുള്ള അവാര്‍ഡ് സൂര്യയും അജയ് ദേവ്ഗണും ഏറ്റുവാങ്ങി. മികച്ച സഹനടനുള്ള പുരസ്‌കാരം ബിജു മേനോനും ഏറ്റുവാങ്ങി. സംവിധായകനുള്ള അവാര്‍ഡ് നേടിയ സച്ചിയുടെ പുരസ്‌കാരം ഭാര്യ സിജിയാണ് ഏറ്റുവാങ്ങിയത്. മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് നഞ്ചിയമ്മയും സ്വീകരിച്ചു.
◾അട്ടപ്പാടി മധുകൊലക്കേസിന്റെ വിചാരണയ്ക്കിടെ കോടതിയില്‍ പ്രദര്‍ശിപ്പിച്ച സിസിടിവി ദൃശ്യങ്ങള്‍ പകര്‍ത്തിയ പോലീസുകാരന് കോടതിയുടെ ശാസന. കേസിലെ സാക്ഷി സുനില്‍ കുമാറിനെതിരെ നടപടി വേണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് കോടതിയില്‍ പ്രദര്‍ശിപ്പിക്കാന്‍ അഭിഭാഷകന്‍ പൊലീസുകാരന് കൈമാറി. പൊലീസ് ഉദ്യോഗസ്ഥന്‍ ലാപ്ടോപ്പിലേക്ക് പകര്‍ത്തിയ ശേഷമാണ് ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. കോപ്പി ചെയ്തതിനെ സുനിലിന്റെ വക്കീല്‍ ചോദ്യം ചെയ്തതോടെ കോടതി പൊലീസുകാരനെ ശാസിക്കുകയും ലാപ്പ് ടോപ്പ് പിടിച്ചെടുക്കുകയും ചെയ്തു.
◾കെഎസ്ആര്‍ടിസിയില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎസ് ഇന്നു മുതല്‍ നടത്തുമെന്നു പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ഡ്യൂട്ടി പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ചായിരുന്നു സമര പ്രഖ്യാപനം. സമരത്തില്‍ പങ്കെടുത്താല്‍ ശമ്പളം കിട്ടില്ലെന്നും ജോലി നഷ്ടപ്പെടുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു താക്കീതു നല്‍കിയിരുന്നു. സമരത്തെ ഹൈക്കോടതിയും വിമര്‍ശിച്ചിരുന്നു.
◾ബസ് കണ്‍സഷന്‍ പുതുക്കാനെത്തിയ മകളെയും പിതാവിനേയും മര്‍ദ്ദിച്ച കാട്ടാക്കട കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കേസില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ എസ്.ആര്‍. സുരേഷിനെ അറസ്റ്റു ചെയ്തു. കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരായ മുഹമ്മദ് ഷെരീഫ് (52), മിലന്‍ ഡോറിച്ച് (45), അനില്‍കുമാര്‍ (49) സുരേഷ്‌കുമാര്‍, അജികുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
◾കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ നിയമിച്ചതിനെതിരേയുള്ള സ്റ്റേ ഹൈക്കോടതി ഒക്ടോബര്‍ 20 വരെ നീട്ടി. അഭിമുഖത്തില്‍ പ്രിയക്ക് ഒന്നാം റാങ്ക്നല്‍കിയ ഉത്തരവിനെതിരെ രണ്ടാം റാങ്ക് കാരനായ ചങ്ങനാശേരി എസ്.ബി. കോളജ് അധ്യാപകന്‍ ഡോ: ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിലാണ് നടപടി. പ്രിയ വര്‍ഗീസിന് നിശ്ചിത അധ്യാപന പരിചയമില്ലെന്നു യൂ ജി സി സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.
◾നടന്‍ ശ്രീനാഥ് ഭാസി യൂട്യൂബ് ചാനല്‍ അവതാരകയെ അപമാനിച്ചെന്ന കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് ഒത്തുതീര്‍ന്നെന്നു കാണിച്ച് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നല്‍കിയ ഹര്‍ജിയിലാണ് നടപടി. പരാതിയുമായി മുന്നോട്ടു പോകാന്‍ താല്പര്യമില്ലെന്ന് അവതാരകയും കോടതിയെ അറിയിച്ചിട്ടുണ്ട്.
◾തിരുവനന്തപുരം പൊഴിയൂരില്‍ മാവിക്കളവില്‍ രണ്ടു കുട്ടികള്‍ ആറ്റില്‍ മുങ്ങിമരിച്ചു. അരുമാനൂര്‍ സ്‌കൂളിലെ 10 -ാം ക്ലാസ് വിദ്യാര്‍ത്ഥികളായ അശ്വന്‍ രാജ്, ജോസ് വിന്‍ എന്നിവരാണ് മരിച്ചത്. സ്‌കൂള്‍ യുവജനോത്സവം കഴിഞ്ഞ് പത്ത് വിദ്യാര്‍ത്ഥികള്‍ കടവില്‍ കുളിക്കാന്‍ പോയതായിരുന്നു.
◾കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ കയ്യേറ്റം ചെയ്തു. മര്‍ദ്ദനമേറ്റ ഡോ. മൊഹാദ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഇ.എന്‍.ടി വിഭാഗത്തില്‍ ചികിത്സ തേടി. രോഗിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് ആശുപത്രിക്കു സമീപമുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലെ ഇരുപത്തഞ്ചോളം വിദ്യാര്‍ത്ഥികള്‍ ഡോക്ടറെ മര്‍ദ്ദിച്ചത്.
◾നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിലെ പ്രവര്‍ത്തകരെ മുസ്ലിംലീഗിലെത്തിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. അവര്‍ക്കു പ്രവര്‍ത്തിക്കാന്‍ ഇനി ലീഗല്ലാതെ മറ്റു പ്രസ്ഥാനം ഇല്ലെന്ന് പറഞ്ഞു മനസിലാക്കണം. ഷാജി കോഴിക്കോട്ട് പറഞ്ഞു.
◾ഏകീകൃത കുര്‍ബാന ഉടന്‍ നടപ്പാക്കണമെന്ന് എറണാകുളം അങ്കമാലി അതിരൂപത വൈദികര്‍ക്ക് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് കത്തു നല്‍കി. ഇളവ് വേണ്ട ഇടവകകള്‍ അപേക്ഷ നല്‍കണം. ഇളവ് ലഭിക്കുന്ന ഇടവകകളും മെത്രാന്മാര്‍ക്ക് ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
◾തിരുവനന്തപുരം പട്ടത്ത് ഡിവൈഎഫ്ഐ നേതാവ് അനീഷിനെ കുത്തിക്കൊന്ന കേസില്‍ സഹോദരങ്ങളായ പ്രതികള്‍ക്ക് ജീവപര്യന്ത തടവും പിഴയും. പ്രതികളായ രാജേഷ് കുമാറും സുരേഷ് കുമാറും ജീവപര്യന്തം തടവിനു പുറമേ, അഞ്ച് ലക്ഷം രൂപ പിഴ ഒടുക്കുകയും വേണം. ഈ തുക അനീഷിന്റെ അമ്മ രാമമണിക്ക് കൈമാറും. കൊലപാതകം നടന്ന് 15 വര്‍ഷത്തിന് ശേഷമാണ് ശിക്ഷ വിധിക്കുന്നത്. കൊലയാളി സംഘത്തിലെ മൂന്നാമന്‍ ഷിജു ഇപ്പോഴും ഒളിലിലാണ്.
◾പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 60 വര്‍ഷം കഠിന തടവ്. അഞ്ചു ലക്ഷം രൂപ പിഴയും ഒടുക്കണം. കവിയൂര്‍ ഇഞ്ചത്തടി സ്വദേശിയെയാണ് പത്തനംതിട്ട പോക്സോ കോടതി വിവിധ വകുപ്പുകളിലായി 60 വര്‍ഷം കഠിന തടവിനു ശിക്ഷിച്ചത്.
◾തിരുവനന്തപുരം നഗരത്തില്‍ വിരണ്ടോടിയ പോത്തിനെ ഫയര്‍ ഫോഴ്സ് വലവിരിച്ചു പിടികൂടി. രാത്രി ഒന്‍പതോടെ മ്യൂസിയം കോമ്പൗണ്ടിലേക്ക് കുതിച്ചെത്തിയ പോത്ത് സായാഹ്ന സവാരിക്കാര്‍ക്കിടയിലൂടെ ഓടി. പോത്തിന്റെ ഇടിയേറ്റ് ഓരാള്‍ക്ക് പരിക്കേറ്റു. ആളുകളെ ഒഴിപ്പിച്ചശേഷമാണ് പോത്തിനെ ഫയര്‍ഫോഴ്സ് സംഘം വലയിലാക്കിയത്.
◾ആലപ്പുഴ മണ്ണഞ്ചേരിയില്‍ കിടക്ക, പ്ലാസ്റ്റിക് ഫര്‍ണിച്ചര്‍ എന്നിവയുടെ മൊത്തവിതരണ സ്ഥാപനത്തില്‍ വന്‍ അഗ്നിബാധ. ആലപ്പുഴ സ്വദേശി കുര്യന്‍ ജെയിംസിന്റെ ഉടമസ്ഥതയിലുള്ള കടവില്‍ ട്രേഡിംഗ് കമ്പനി, ഒലിവ് മാര്‍ക്കറ്റിംഗ് ഏജന്‍സി എന്നീ സ്ഥാപനങ്ങളാണ് കത്തിയമര്‍ന്നത്. ഒരു കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി.
◾വിസ വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റിലായി. മുദാക്കല്‍ പൊയ്കമുക്ക് സുധീഷ് വിലാസത്തില്‍ രതീഷ് (40) നെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
◾അനാഥാലയത്തിലെ പതിനഞ്ചുകാരനെ വൈദികന്‍ മോഷണകുറ്റം ആരോപിച്ച് മര്‍ദിച്ചെന്നു കേസ്. തൃശൂര്‍ ദിവ്യ ഹൃദയാശ്രമത്തിലെ ഫാ. സുശീലിനെതിരേയാണ് കേസെടുത്തത്. സ്‌കൂള്‍ ബസിലെ ആയയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
◾ഫൈവ് ജി സേവനങ്ങള്‍ ഇന്നു മുതല്‍. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ ആറാമത് എഡിഷന്‍ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫൈവ് ജി സേവനങ്ങള്‍ ഉദ്ഘാടനം ചെയ്യും. റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും ഈ മാസം തന്നെ ഫൈവ് ജി ആരംഭിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.
◾കോണ്‍ഗ്രസിനെ നിരോധിക്കേണ്ട സമയമായെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ പോലുള്ള സംഘടനകളെ സഹായിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് കട്ടീല്‍ ആരോപിച്ചു. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടിയിട്ടും ഒന്നും ലഭിക്കാത്തതു കൊണ്ടാണ് ഇത്തരം പ്രസ്താവനകളെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ പ്രതികരിച്ചു.
◾ഗുജറാത്തില്‍ ഒരു ദിവസം ഏഴ് പരിപാടികളില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധി നഗര്‍ - മുംബൈ വന്ദേഭാരത് ട്രെയിനിന്റെ ആദ്യ സര്‍വീസും അഹമ്മദാബാദ് മെട്രോയുടെ ആദ്യ ഘട്ടവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
◾ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനു വീട്ടില്‍ അത്താഴം നല്‍കിയ ഓട്ടോ ഡ്രൈവര്‍ ബിജെപിയില്‍. ഓട്ടോറിക്ഷ ഡ്രൈവറായ വിക്രം ദന്താനിയാണ് കേജരിവാളിന് അത്താഴം നല്‍കി വാര്‍ത്താതാരമായത്. താന്‍ മോദിയുടെ ആരാധകനാണെന്നാണ് ബിജെപി റാലിയില്‍ പങ്കെടുത്ത വിക്രം പ്രതികരിച്ചത്.
◾ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന പത്തു കോടി രൂപയും രണ്ടു വാഹനങ്ങളും തമിഴ്നാട്ടില്‍ പിടികൂടി. അശോക് ലെയ്‌ലാന്‍ഡ് ലോറിയില്‍ കയറ്റിയ നിലയിലാണ് ഹ്യൂണ്ടായ് ഐ10 കാറും പണം പിടികൂടിയത്. തമിഴ്നാട്ടിലെ വെല്ലൂരില്‍ നിന്നാണ് തമിഴ്നാട് പൊലീസ് വാഹനം പിടികൂടിയത്. നാലംഗ സംഘത്തെ അറസ്റ്റു ചെയ്തു.
◾ഗാന്ധി ജയന്തി ദിനത്തില്‍ ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ച് തടഞ്ഞ തമിഴ്നാട് സര്‍ക്കാര്‍ നടപടി ശരിവച്ച് മദ്രാസ് ഹൈക്കോടതി. റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ചതിനെതിരെ ആര്‍എസ്എസ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി കോടതി തള്ളി. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷ സാധ്യത ഉള്ളതിനാലാണ് നിരോധനാജ്ഞ നിലവിലുള്ള സ്ഥലത്ത് റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ചതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഒക്ടോബര്‍ രണ്ടിനു പകരം നവംബര്‍ ആറിന് റൂട്ട് മാര്‍ച്ച് നടത്താവുന്നതാണെന്ന് ആര്‍എസ്എസിനോട് നിര്‍ദേശിച്ചു.
◾വിമാനത്തില്‍ പുകവലിക്കുന്ന വീഡിയോ പോസ്റ്റു ചെയ്ത ഇന്‍സ്റ്റാഗ്രാം റീല്‍സ് താരം ബോബി കട്ടാരിയ അറസ്റ്റില്‍. കോടതി ജാമ്യം അനുവദിച്ചതോടെ പൊലീസ് ഇയാളെ വിട്ടയച്ചു. ഇന്‍സ്റ്റാഗ്രാമില്‍ 6.30 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ബോബി കട്ടാരിയ സ്‌പൈസ് ജെറ്റ് വിമാനത്തില്‍ സിഗരറ്റ് വലിക്കുന്ന വീഡിയോ വൈറലായിരുന്നു.
◾ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് സംബന്ധിച്ച് പുതിയ നിയമങ്ങള്‍ ഇന്നു നിലവില്‍ വരും. ആര്‍ബിഐയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ക്ക് ഇനി കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടതില്ല. ഇതിലൂടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളിലൂടെ നടക്കുന്ന തട്ടിപ്പുകള്‍ കുറയ്ക്കാനാണ് നടപടി.
◾മുംബൈയിലെ ഹോട്ടല്‍ മുറിയില്‍ യുവനടി മരിച്ച നിലയില്‍. നടിയും മോഡലുമായ ആകാന്‍ഷ മോഹനെയാണ് അന്ധേരിയിലെ സീബ്രിഡ്ജ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
◾റഷ്യയെ കോളനിയാക്കാനാണ് പാശ്ചാത്യ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഇന്ത്യയെ കൊള്ളയടിച്ചതുപോലെ റഷ്യയെ കൊള്ളയടിക്കാന്‍ അനുവദിക്കില്ല. ഇപ്പോള്‍ അവരുടെ ലക്ഷ്യം റഷ്യയും ഇറാനും ആണ്, അടുത്തത് നിങ്ങളായിരിക്കുമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. റഷ്യ പിടിച്ചെടുത്ത യുക്രൈന്‍ പ്രദേശങ്ങള്‍ റഷ്യയോടു ചേര്‍ക്കുന്ന രേഖകളില്‍ ഒപ്പിടുന്നതിനോടനുബന്ധിച്ചു ക്രെംലിനില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പുടിന്‍.
◾നാറ്റോ അംഗത്വത്തിന് അപേക്ഷിച്ച് യുക്രെയ്ന്‍. നാല് കിഴക്കന്‍ പട്ടണങ്ങളെ റഷ്യയോട് കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ പ്രഖ്യാപനം വന്നതിനു പിറകെയാണ് യുക്രെയ്ന്‍ നാറ്റോ അംഗത്വത്തിനായി അപേക്ഷിച്ചത്.
◾റഷ്യക്കെതിരേ കൂടുതല്‍ ഉപരോധവുമായി അമേരിക്ക. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ പ്രഖ്യാപനം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ചുകൊണ്ടാണ് റഷ്യയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത്. ഉപരോധം പ്രഖ്യാപിച്ചവരുമായി വ്യാപാരം നടത്തുന്നത് നിയമ വിരുദ്ധമാക്കി. അവരുടെ ആസ്തികള്‍ മരവിപ്പിച്ചിട്ടുമുണ്ട്.
◾അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ട്യൂഷന്‍ സെന്ററിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ പ്രദേശത്തെ കാജ് വിദ്യാഭ്യാസ കേന്ദ്രത്തിലാണ് സ്‌ഫോടനം. വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലാ പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. മരിച്ചവരില്‍ കൂടുതലും പെണ്‍കുട്ടികളാണ്.
◾ദേശീയ ഗെയിംസില്‍ ആദ്യ ദിനം തന്നെ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും നേടി കേരളത്തിന്റെ മെഡല്‍ വേട്ട. റോളര്‍ സ്‌കേറ്റിങ്ങില്‍ ലോക ജൂനിയര്‍ ചാമ്പ്യനായ അഭിജിത്ത് രാജനും ദേശീയ ചാമ്പ്യന്‍ വിദ്യ ദാസുമാണ് സ്വര്‍ണം നേടിയത്. റോളര്‍ സ്‌കേറ്റിങ്ങില്‍ വിനീഷിലൂടെ കേരളത്തിന് ഒരു വെങ്കലം കൂടി ലഭിച്ചു. പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ അരുണ്‍ എ.ബി വെള്ളി മെഡല്‍ നേടി. ഫെന്‍സിങ്ങില്‍ കേരളത്തിന്റെ ജോസ്ന ക്രിസ്റ്റി ജോസിന് വെങ്കലം ലഭിച്ചു.
◾ടി20 ലോകകപ്പിലെ വിജയികള്‍ക്ക്് 13 കോടി രൂപയുടെ സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. സൂപ്പര്‍ 12 റൗണ്ടിലെ ഓരോ വിജയത്തിനും 40000 ഡോളര്‍ വീതവും സൂപ്പര്‍ 12ല്‍ പുറത്താകുന്ന ടീമുകള്‍ക്ക് 70,000 ഡോളര്‍ വീതവും സമ്മാനമായി കിട്ടും. സെമി ഫൈനലിലെത്തി പുറത്താകുന്ന ടീമുകള്‍ക്ക് 4 ലക്ഷം ഡോളറും റണ്ണേഴ്സ് അപ്പ് ടീമിന് 8 ലക്ഷം ഡോളറും കിട്ടും. വിജയികള്‍ക്ക് 16 ലക്ഷം ഡോളര്‍ ഏകദേശം പതിമൂന്ന് കോടിയാണ് സമ്മാനത്തുകയായി ലഭിക്കുക.
◾ആഗോള ടെക് ഭീമന്‍ ആപ്പിളിന് യു.എസ് ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി. ആപ്പിളിന്റെ വിപണിമൂല്യത്തില്‍ 100 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ആപ്പിളിനുണ്ടായത്. ഐഫോണ്‍ നിര്‍മ്മാതാക്കളുടെ വിപണിമൂല്യത്തില്‍ 4.9 ശതമാനത്തിന്റെ ഇടിവുണ്ടായി. ബാങ്ക് ഓഫ് അമേരിക്ക റേറ്റിങ് കുറച്ചതാണ് ആപ്പിളിന്റെ തിരിച്ചടിക്കുള്ള കാരണം. ന്യൂട്ടറലായാണ് ബാങ്ക് ഓഫ് അമേരിക്ക ആപ്പിളിന്റെ റേറ്റിങ് കുറച്ചത്. ആപ്പിള്‍ ഡിവൈസുകളുടെ ആവശ്യകതയിലുണ്ടായ കുറവാണ് കമ്പനിയുടെ റേറ്റിങ് കുറക്കാനുള്ള കാരണം. കനത്ത വില്‍പന മൂല്യം വിപണി മൂല്യത്തില്‍ 120 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് ആപ്പിളിനുണ്ടായത്. ആപ്പിളിന് മാത്രമല്ല മറ്റ് ടെക് ഭീമന്‍മാര്‍ക്കും യു.എസ് ഓഹരി വിപണിയില്‍ നിന്നും തിരിച്ചടിയേറ്റു. ആമസോണ്‍, ആല്‍ഫബെറ്റ് തുടങ്ങിയ കമ്പനികളുടെ ഓഹരി വില മൂന്ന് ശതമാനം ഇടിഞ്ഞു. മൈക്രോസോഫ്റ്റിന്റെ ഓഹരി വിലയില്‍ 1.5 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.
◾മുതിര്‍ന്ന പൗരന്മാരെയും വിദ്യാര്‍ത്ഥികളെയും ഞെട്ടിച്ച് ടാറ്റ ഗ്രൂപ്പിന്റെ എയര്‍ലൈന്‍ എയര്‍ ഇന്ത്യ. മുതിര്‍ന്ന പൗരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള യാത്രാനിരക്ക് ഇളവുകള്‍ എയര്‍ ഇന്ത്യ പകുതിയാക്കി കുറച്ചു. തീരുമാനം സെപ്റ്റംബര്‍ 29 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇനി മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും അടിസ്ഥാന നിരക്കുകളില്‍ 25 ശതമാനം ഇളവാകും ലഭിക്കുക. നേരത്തേ 50 ശതമാനം വരെ ഇളവുകള്‍ അനുവദിച്ചിരുന്നു. സായുധ, അര്‍ദ്ധസൈനിക സേനകള്‍, യുദ്ധ- വികലാംഗരായ ഉദ്യോഗസ്ഥര്‍, ധീരതയ്ക്കുള്ള അവാര്‍ഡുകള്‍ ലഭിച്ചവര്‍ എന്നിങ്ങനെയുള്ള യാത്രക്കാര്‍ക്കു നല്‍കിയിരുന്ന ഇളവുകള്‍ തുടരും. അതേസമയം ക്യാന്‍സര്‍ രോഗികള്‍ക്ക് എയര്‍ ഇന്ത്യയിലെ യാത്രയ്ക്ക്, അടിസ്ഥാന നിരക്കില്‍ 50% കിഴിവ് ലഭിക്കും.
◾നാഗാര്‍ജുന നായകനാകുന്ന പുതിയ ചിത്രമായ 'ദ ഗോസ്റ്റ്' എന്ന ചിത്രത്തിന്റെ റിലീസിംഗ് ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രം സംവിധാനം ചെയ്യുന്നത് പ്രവീണ്‍ സട്ടരു ആണ്. പ്രവീണ്‍ സട്ടരു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് 'ദ ഗോസ്റ്റ്' എത്തുക. അനിഘ സുരേന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രം ഒക്ടോബര്‍ അഞ്ചിനാണ് റിലീസ്. 'വിക്രം ഗാന്ധി'യെന്ന കഥാപാത്രമാണ് നാഗാര്‍ജുനയുടേത്. സോനാല്‍ ചൗഹാന്‍, ഗുല്‍ പനാഗ്, മനീഷ് ചൗധരി, രവി വര്‍മ, ശ്രീകാന്ത് അയ്യങ്കാര്‍, വൈഷ്ണവി ഗനത്ര എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
◾പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടിയ മമ്മൂട്ടി ചിത്രമാണ് 'റോഷാക്ക്'. നിസാം ബഷീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് നേരത്തെ പുറത്തുവന്ന പോസ്റ്ററുകളും ടീസറും ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായ വിവരവും റിലീസ് തിയതിയുമാണ് പുറത്തുവരുന്നത്. ചിത്രത്തിന് യുനഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. പ്രഖ്യാപന സമയം മുതല്‍ സസ്പെന്‍സ് തുടരുന്ന ചിത്രം ഒക്ടോബര്‍ ഏഴിന് ലോകമെമ്പാടുമായി റിലീസ് ചെയ്യും. മമ്മൂട്ടിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'ലൂക്ക് ആന്റണി' എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നടന്‍ ആസിഫ് അലിയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.
◾ജര്‍മ്മന്‍ ആഡംബര വാഹന ബ്രാന്‍ഡായ മെഴ്‌സിഡസ് ബെന്‍സ് 1.55 കോടി രൂപ എക്‌സ് ഷോറൂം വിലയില്‍ പുതിയ ഇക്യൂഎസ് 580 4മാറ്റിക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രാദേശികമായി അസംബിള്‍ ചെയ്ത ഈ മോഡല്‍ മെഴ്‌സിഡസ്-എഎംജി ഇക്യൂഎസ് 53 എസിന് താഴെയാണ് സ്ഥിതി ചെയ്യുന്നത്. മെഴ്‌സിഡസ് ബെന്‍സ് ഇക്യൂഎസ് കമ്പനിയുടെ രാജ്യത്ത് ആദ്യമായി പ്രാദേശികമായി അസംബിള്‍ ചെയ്യുന്ന ഇലക്ട്രിക്ക് വാഹനം കൂടിയാണ്. ഇത് ടോണ്‍-ഡൗണ്‍ ഫ്രണ്ട് ബമ്പറുമായാണ് വരുന്നത്. അഞ്ച് സ്‌പോക്ക് ഡിസൈനിലുള്ള 20 ഇഞ്ച് ചെറിയ ചക്രങ്ങളിലാണ് ഇത് സഞ്ചരിക്കുന്നത്. 3,210 എംഎം നീളമുള്ള വീല്‍ബേസില്‍ സഞ്ചരിക്കുന്ന പുതിയ മെഴ്‌സിഡസ് ഇക്യുഎസ് 580 5,126 എംഎം നീളമാണ്.
◾ജാഗ്രതയോടും ചരിത്രബോധത്തോടുംകൂടി കാലത്തെയും സമൂഹത്തെയും വീക്ഷിക്കുകയും വിമര്‍ശനാത്മകമായി ചിന്തിക്കുകയും ചെയ്യുന്ന ഒരു പൊതുപ്രവര്‍ത്തകന്റെ രാഷ്ട്രീയബോദ്ധ്യങ്ങളും ഉത്കണ്ഠകളുമാണ് ഈ ലേഖനസമാഹാരത്തിലുള്ളത്. 'ഉരിയാട്ടം നിലയ്ക്കുന്ന വാക്കുകള്‍'. വി.കെ മധു. മാതൃഭൂമി ബുക്സ്. വില 218 രൂപ.
◾ഒരു കാപ്പി കുടിച്ചാല്‍ ഉഷാറാകും, ഇതുതന്നെയാണ് കാപ്പി പ്രേമികളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം. കാപ്പിയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കും. ക്ഷീണം ചെറുക്കാനും ഊര്‍ജ്ജം വീണ്ടെടുക്കാനുമൊക്കെ ഇത് സഹായിക്കും. ദിവസവും കാപ്പി കുടിക്കുന്നത് ടൈപ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്നാണ് പറയുന്നത്. പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളുടെ പ്രവര്‍ത്തനം സംരക്ഷിച്ചുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനുള്ള കഴിവും കാപ്പിക്കുണ്ട്. ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ഒഴിവാക്കുക്കാന്‍ സഹായിക്കുന്ന കാപ്പി ശരീരഭാരം നിയന്ത്രിക്കുമെന്നാണ് ഒരു പഠനം പറയുന്നത്. കൂടുതല്‍ കാപ്പി കുടുക്കുന്ന സ്ത്രീകള്‍ കൂടുതല്‍ കൊഴുപ്പ് കത്തിച്ചുകളയുമെന്നും ഈ പഠനത്തില്‍ പറയുന്നുണ്ട്. ദുവസവും രണ്ടില്‍ കൂടുതല്‍ കാപ്പി കുടുക്കുന്നവരില്‍ കരള്‍ സംബന്ധമായ അസുഖങ്ങള്‍ കുറയുമെന്നാണ് ഒരു പഠനം പറയുന്നത്. കാപ്പി കുടിക്കുന്നതും ആരോഗ്യവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പല പഠനത്തില്‍ ദിവസവും മൂന്ന് മുതല്‍ അഞ്ച് കപ്പ് വരെ കാപ്പി കുടിക്കുന്നവരില്‍ 15ശതമാനം ഹൃദ്രോഗ സാധ്യത കുറവായിരിക്കുമെന്നാണ് പറയുന്നത്. ഓര്‍മ്മനഷ്ടപ്പെടുകയും ചിന്താശേഷി ഇല്ലാതാക്കുകയുമൊക്കെ ചെയ്യുന്ന അല്‍ഷിമേഴ്‌സ് രോഗം പലര്‍ക്കും പേടിസ്വപ്നമാണ്. 29,000ത്തിലധികം ആളുകളില്‍ നടത്തിയ പഠനത്തില്‍ കാപ്പി കുടിക്കുന്നത് അല്‍ഷിമേവ്‌സ് വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തി. കാപ്പിയുടെ ധാരാളം ഗുണങ്ങളില്‍ ഒന്നാണ് ഇവ ചര്‍മ്മത്തിന് നല്ലതാണെന്നത്. സ്ഥിരമായി കാപ്പികുടിക്കുന്നത് ബീജ ചലനം വര്‍ദ്ധിപ്പിക്കുമെന്നും പഠനത്തില്‍ പറയുന്നുണ്ട്. അതുപോലെതന്നെ പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കാനും കാപ്പി സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ സ്ഥിരമായി ബുദ്ധന്റെ പ്രസംഗം കേള്‍ക്കാനെത്തുമായിരുന്നു. ഒരുദിവസം അയാള്‍ ബുദ്ധനോട് ചോദിച്ചു. ഒരു മാസമായി ഞാന്‍ അങ്ങയുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കുന്നു. എന്നിട്ട് എന്റെ ജീവിതത്തില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ലല്ലോ? ബുദ്ധന്‍ ചോദിച്ചു: താങ്കള്‍ എങ്ങിനെയാണ് തിരിച്ചു വീട്ടിലേക്ക് പോകുന്നത്? അയാള്‍ പറഞ്ഞു: ചില ദിവസം നടന്ന്, ചിലപ്പോള്‍ കാളവണ്ടിയില്‍.. ബുദ്ധന്‍ ചോദ്യം തുടര്‍ന്നു: നിങ്ങള്‍ തിരിച്ച് യാത്രചെയ്യാതെ ഇവിടെ തന്നെ ഇരുന്നാല്‍ വീട്ടിലെത്തുമോ? ഇല്ല. എവിടെയാണോ എത്തിച്ചേരേണ്ടത് അവിടേക്ക് യാത്ര ചെയ്യുകതന്നെ വേണം. നിങ്ങള്‍ ഇത്രയും നാള്‍ എന്നെ കേള്‍ക്കുക മാത്രമേ ചെയ്തുള്ളൂ. ഇനി മുതല്‍ പരിശീലിച്ചു തുടങ്ങൂ.. കേള്‍വിശക്തിയേക്കാള്‍ പ്രധാനമാണ് അനുഗമന ശേഷി. കേള്‍വി നിഷ്‌ക്രിയമായ കര്‍മ്മമാണ്. ചെവി തുറന്ന് വെച്ചാല്‍ മാത്രം മതി. ഇരുന്നുകേള്‍ക്കുന്ന പ്രഭാഷണങ്ങള്‍ക്ക് ജീവന്‍ വെയ്ക്കണമെങ്കില്‍ ഈ പ്രഭാഷണങ്ങളിലൂടെ നടന്നുതുടങ്ങണം. എല്ലാ ഉദ്‌ബോധനങ്ങളുടേയും അവസാനം ഒരു കാര്യം നമുക്ക് നിര്‍ബന്ധമാക്കാം. അനുദിന കര്‍മ്മങ്ങള്‍..ശുഭദിനം
MEDIA 16