*പ്രഭാത വാർത്തകൾ*2022 | ഒക്ടോബർ 14 | വെള്ളി |

◾രമേശ് ചെന്നിത്തല മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്കായി പ്രചരണം നടത്തുന്നതിനെതിരേ ശശി തരൂര്‍ തെരഞ്ഞെടുപ്പു കമ്മിറ്റിക്കു പരാതി നല്‍കി. ചില കോണ്‍ഗ്രസ് നേതാക്കളും ഭാരവാഹികളും വിവേചനപരമായി പെരുമാറുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിക്കുന്ന ശശി തരൂര്‍. പല സംസ്ഥാനങ്ങളിലേയും പിസിസി പ്രസിഡന്റുമാര്‍ അടക്കമുള്ളവര്‍ കാണാന്‍പോലും തയാറായില്ല. ശശി തരൂര്‍ കുറ്റപ്പെടുത്തി. 

◾ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ മൂന്നു പ്രതികളെയും 12 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ നരബലിയുണ്ടോ എന്ന് അന്വേഷിക്കണമെന്നതടക്കം 22 കാരണങ്ങള്‍ നിരത്തിയാണ് പ്രോസിക്യൂഷന്‍ 12 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്. പ്രതികളെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും മനുഷ്യ മാംസം കഴിച്ചെന്നു പറയണമെന്നു നിര്‍ബന്ധിച്ചെന്നും പ്രതി ഭാഗം വാദിച്ചു. സാമൂഹിക മനസാക്ഷിയെ ഞെട്ടിച്ച, സമാനതകള്‍ ഇല്ലാത്ത ക്രൂരകൃത്യമെന്ന് കോടതി.

◾ഗുരുതരമായ വാഹന അപകടങ്ങളില്‍ പ്രതികളാവുകയും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് സാമൂഹിക സേവനം നിര്‍ബന്ധമാക്കും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. ട്രോമാകെയര്‍ സെന്ററുകളിലും പാലിയേറ്റീവ് കെയറുകളിലും മൂന്നു ദിവസമെങ്കിലും സാമൂഹ്യ സേവനം ചെയ്യിക്കണമെന്നാണ് നിര്‍ദേശം. ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിനു പുറമേ എടപ്പാളിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിംഗ് ആന്റ് റിസര്‍ച്ചില്‍ മൂന്നു ദിവസത്തെ പരിശീലനവും നിര്‍ബന്ധമാക്കും.

◾പേവിഷബാധ പ്രതിരോധ വാക്‌സീന്‍ ഗുണനിലവാരമുള്ളതെന്ന് സാക്ഷ്യപ്പെടുത്തി കേന്ദ്ര ഡ്രഗ്‌സ് ലാബ്. ആന്റി റാബീസ് വാക്‌സീന്‍ ഗുണനിലവാരമുള്ളതാണെന്ന് നേരത്തെ കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലാബ് സര്‍ട്ടിഫൈ ചെയ്തിരുന്നു.

◾മുഖ്യമന്ത്രി പിണറായി വിജയന്റെ ദുബായ് സന്ദര്‍ശനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് പൊതുഭരണ വകുപ്പ്. മുഖ്യമന്ത്രി അനുമതി തേടുമ്പോള്‍ ദുബായ് ഇല്ലായിരുന്നെന്നു വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പ്രസ്താവിച്ചതിനു മറുപടിയായാണ് വിശദീകരണം. അനുമതിക്കാര്യം വിദേശകാര്യ സഹമന്ത്രി അറിയണമെന്നില്ലെന്നും അധികൃതര്‍ വിശദീകരിച്ചു.

◾വധൂവരന്മാരുടെയോ രക്ഷിതാക്കളുടെയോ മതങ്ങള്‍ വേറെയെന്നു ചൂണ്ടിക്കാട്ടി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ്. ഹൈക്കോടതിയിലെത്തിയ ഉദയംപേരൂര്‍ സ്വദേശികളുടെ വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി.

◾എഡിജിപി വിജയ് സാഖറെ ദേശീയ അന്വേഷണ ഏജന്‍സിയിലേക്ക്. നിലവില്‍ കേരളാ പൊലീസിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് വിജയ് സാഖറെ. ഇന്റലിജന്‍സ് ഐജി അശോക് യാദവ് ബി.എസ്.എഫിലേക്കു പോകും. വിജയ് സാക്കറെ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്നതോടെ സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുണിയുണ്ടാകും.

◾ചതിയുടെ വിശേഷങ്ങളും ശിവശങ്കറുമൊത്തുള്ള അത്യപൂര്‍വ ഫോട്ടോകളും സഹിതം സ്വപ്ന സുരേഷിന്റെ പുസ്തകം 'ചതിയുടെ പത്മവ്യൂഹം' പുറത്തിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനും എതിരേ കടുത്ത ആരോപണങ്ങള്‍ പുസ്തകത്തിലുണ്ട്. തൃശൂരിലെ കറന്റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ് തന്റെ ജീവിതം പറയുന്നു എന്ന പരസ്യവാചകത്തോടെയാണ് പുസ്തകം വിപണിയിലെത്തിയത്. 250 രൂപയാണ് വില. ആമസോണിലും ലഭ്യമാണ്.  

◾എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്കെതിരെ ബലാത്സംഗ കേസും ചുമത്തി. നെയ്യാറ്റിന്‍കര കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി. പരാതിക്കാരിയുടെ മൊഴി പൂര്‍ണമായി രേഖപ്പെടുത്തിയശേഷമാണ് നടപടി. ജില്ലാ ക്രൈം ബ്രാഞ്ചാണ് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് റിപ്പോര്‍ട്ട് നല്‍കിയത്. അറസ്റ്റു ചെയ്യാന്‍ പോലീസ് വല വിരിച്ചിരിക്കുകയാണ്.

◾എംഎല്‍എക്കെതിരായ പീഡനപരാതിയില്‍ കേസെടുക്കാതിരുന്ന കോവളം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രൈജുവിനെതിരെ നടപടിയെടുക്കണമെന്ന് വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട്. ഓഗസ്റ്റ് 29 ന് സിറ്റി പൊലീസ് കമ്മീഷണര്‍ കേസ് കൈമാറിയിട്ടും കോവളം പൊലീസ് നടപടിയെടുത്തില്ല. പിന്നീട് സെപ്തംബര്‍ 14 ന് കോവളത്ത് പരാതിക്കാരിക്ക് പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മര്‍ദ്ദനമേറ്റു. ആശുപത്രിയില്‍ ചികിത്സ തേടിയിട്ടും കോവളം പൊലീസ് കേസെടുത്തില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

◾ഒഴിവുവന്ന 29 തദ്ദേശ വാര്‍ഡുകളില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നവംബര്‍ ഒമ്പതിന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.

◾പത്തനംതിട്ട മലയാലപ്പുഴയില്‍ വാസന്തീ മഠം മന്ത്രവാദ കേന്ദ്രം നടത്തിയിരുന്ന ദമ്പതികള്‍ക്കെതിരെ ചതി, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പുതിയപ്പാട് സ്വദേശികളായ ശോഭനയെയും ഉണ്ണികൃഷ്ണനെയും പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.  

◾കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് പാളത്തില്‍ കാണപ്പെട്ട ബോംബിനു സമാനമായ വസ്തു കണ്ടെത്തിയതുമൂലം ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. ആര്‍പിഎഫ് പാളത്തില്‍ പരിശോധന നടത്തി. വെറും കടലാസ് ബോംബാണെന്ന് ബോംബ് സ്‌ക്വാഡ് സ്ഥിരീകരിച്ചശേഷമാണു യാത്ര തുടര്‍ന്നത്.

◾സിപിഎം നേതാവും മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പി.കെ.ശശിക്കെതിരായ സാമ്പത്തിക ക്രമക്കേടു പരാതികള്‍ പരിശോധിക്കുമെന്നു സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ആരോപണങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്.

◾പോലീസ് സ്റ്റേഷനില്‍ പരാതിയുമായി വന്ന വനിതാ ഡോക്ടറെ പീഡിപ്പിച്ച മലയന്‍കീഴ് പീഡനകേസില്‍ പ്രതിയായ എസ് എച്ച് ഒ സൈജുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി. പീഡനാരോപണം ഉന്നയിച്ച യുവതിയാണ് ഹര്‍ജി നല്‍കിയത്.

◾അട്ടപ്പാടി മധുകൊലക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ മണ്ണാര്‍ക്കാട് വിചാരണക്കോടതി നാളെ വിധി പറയും. ജാമ്യം നല്‍കുന്നത് കുടുംബത്തിന് ഭീഷണിയാണെന്ന് മധുവിന്റെ അമ്മ മല്ലിയും കോടതിയെ അറിയിച്ചു. 11 പ്രതികളാണ് വിചാരണത്തടവിലുള്ളത്.  

◾ചട്ടലംഘനത്തിന് മോട്ടോര്‍ വാഹന വിഭാഗം ഒരു വര്‍ഷം മുമ്പ് കസ്റ്റഡിയിലെടുത്ത വാന്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി. രൂപമാറ്റം വരുത്തിയ 'നെപ്പോളിയന്‍' എന്ന വാന്‍ എംവിഡി ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ പഴയപടിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

◾ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ പ്രതികളായ ഭഗവല്‍സിംഗും ഭാര്യ ലൈലയും സിപിഎം പാര്‍ട്ടി അംഗങ്ങളല്ലെന്ന് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. അനുഭാവികളെന്ന നിലയില്‍ ചില പൊതുപരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

◾കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി ചെയ്തത് ഇറ്റാലിയന്‍ പൗരന്മാരല്ലെന്ന് പൊലീസ്. അഹമ്മദാബാദില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ സ്വദേശികള്‍ ഇന്ത്യയിലെത്തിയത് സെപ്റ്റംബര്‍ 24 നാണ്. എന്നാല്‍ കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി ചെയ്തത് മെയ് മാസത്തിലാണ്. ഇവരാണ് കൊച്ചിയിലെയും പ്രതികളെന്ന സംശയത്തിലാണ് കൊച്ചി പൊലീസ് അഹമ്മദാബാദിലെത്തി പ്രതികളെ ചോദ്യം ചെയ്തത്.

◾ബലാത്സംസക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആര്‍എംപി നേതാവ് കെകെ രമ എംഎല്‍എ. പൊതുപ്രര്‍ത്തകര്‍ പൊതുജീവിതത്തിലും സ്വകാര്യ ജീവിതത്തിലും മൂല്യങ്ങള്‍ പുലര്‍ത്തേണ്ടതുണ്ടെന്നും കെ.കെ.രമ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

◾തിരുവനന്തപുരം നഗരത്തിലും ജില്ലയിലെ മലയോര മേഖലയിലും ശക്തമായ മഴ. പലയിടത്തും വെള്ളക്കെട്ടുണ്ടായി. തമ്പാനൂര്‍, എസ്എസ് കോവില്‍ റോഡ് അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയത്.

◾ബാങ്കില്‍നിന്നു ജപ്തി നോട്ടീസ് എത്തിയതിനു പിറകേ, മീന്‍ വില്‍പ്പനക്കാരന് 70 ലക്ഷം രൂപയുടെ ലോട്ടറിയടിച്ചു. ഇടവനശേരി ഷാനവാസ് മന്‍സില്‍ പൂക്കുഞ്ഞിനാണ് അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മനം ലഭിച്ചത്.

◾എറണാകുളം ഒക്കല്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ പാചകപ്പുരയില്‍ പൊട്ടിത്തെറി. ഗ്യാസ് സിലിണ്ടര്‍ ആണ് പൊട്ടിത്തെറിച്ചത്. പരിസരത്ത് ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പാചകപ്പുരയുടെ ഭിത്തികള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.

◾അമ്മയെയും മകളെയും വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പൊലീസില്‍ കീഴടങ്ങി. കണ്ണൂര്‍ ചെറുകല്ലായി സ്വദേശി ജിനീഷാണ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ന്യൂമാഹിയില്‍ ഉസന്‍മൊട്ട എം എന്‍ ഹൗസില്‍ ഇന്ദുലേഖ, മകള്‍ പൂജ എന്നിവരെയാണു കുത്തി പരിക്കേല്‍പിച്ചത്.

◾വിദ്യാര്‍ത്ഥിനിക്ക് പ്രതി അശ്ലീല ദൃശ്യങ്ങള്‍ അയച്ച കായികാധ്യാപകന്‍ പിടിയില്‍. കണ്ണൂര്‍ പരിയാരത്ത് ഓലയമ്പാടി സ്വദേശി കെ.സി സജീഷിനെയാണ് പരിയാരം പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റു ഭയന്ന് ഇയാള്‍ കിണറില്‍ ചാടി ആത്മഹത്യ ചെയ്യാനും ശ്രമിച്ചു.

◾സ്‌കൂള്‍ യുവജനോത്സനത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്കു മദ്യം നല്‍കിയ രണ്ടു പേരെ പിടികൂടി. അടിമാലി ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി കക്കാട്ടില്‍ അശ്വിന്‍ (24) ഇരുമ്പുപാലം അറക്കക്കുടി വര്‍ഗ്ഗീസ് എന്ന ജോജു (41 ) എന്നിവരെയാണ് പിടികൂടിയത്. പത്താം മൈല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് മദ്യം കുടിപ്പിച്ചത്.

◾കൊടുങ്ങല്ലൂരില്‍ മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് പത്തു ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസിലെ പ്രധാന പ്രതി ഡല്‍ഹി സ്വദേശി ഹൈദര്‍ പിടിയിലായി. കഴിഞ്ഞ മാസം പതിനാലിനാണ് മോഷണം നടന്നത്.

◾നൂറനാട് സ്വദേശിനിയായ 20 വയസുള്ള യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച വിരുതന്‍ പിടിയില്‍. അടൂര്‍ പെരിങ്ങനാട് പഴകുളം കിഴക്ക് തെന്നാപ്പറമ്പ് സാജന്‍ ഭവനത്തില്‍ സാജ(28)നെയാണ് അറസ്റ്റു ചെയ്തത്.  

◾രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനിക്കും രവിചന്ദ്രനും ശിക്ഷായിളവ് അപേക്ഷയ്ക്കു തമിഴ്നാട് സര്‍ക്കാരിന്റെ പിന്തുണ. 2018 മുതല്‍ തമിഴ്നാട് ഈ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഏഴു പ്രതികളില്‍ പേരറിവാളന്‍, നളിനി, രവിചന്ദ്രന്‍ എന്നിവര്‍ മാത്രമാണ് ഇന്ത്യക്കാര്‍. മറ്റു നാല് പ്രതികള്‍ ശ്രീലങ്കക്കാരാണ്. നളിനിയും രവിചന്ദ്രനും പരോളിലാണ്. പേരറിവാളനെ ജയിലില്‍നിന്ന് മോചിപ്പിച്ചിരുന്നു.

◾മുസ്ലീങ്ങളെ മോശക്കാരായി കാണുന്നുവെന്നാരോപിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. താനൊരു ഇന്ത്യന്‍ മുസ്ലീമാണെന്നും ചൈനീസ് മുസ്ലീമല്ലെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ഇത് ഹിന്ദുസ്ഥാനാണ്, ഇവിടം എല്ലാവരുടേതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

◾പ്ലസ്ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിന് അധ്യാപിക അറസ്റ്റിലായി. തമിഴ്നാട് അമ്പത്തൂരിലാണ് സംഭവം. ഇരുവരും പ്രണയത്തിലായിരുന്നെന്നും അധ്യാപിക ബന്ധത്തില്‍നിന്ന് പിന്മാറിയതാണ് വിദ്യാര്‍ത്ഥിയുടെ മരണത്തിനു കാരണമെന്നും പൊലീസ്.

◾പാകിസ്ഥാന്‍ ഭീകരവാദത്തിന്റെ ആഗോള പ്രഭവകേന്ദ്രമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ഇന്ത്യയിലടക്കം പാകിസ്ഥാന്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കസാഖിസ്ഥാനില്‍ സിഐസിഎ ഉച്ചകോടിയിലായിരുന്നു മീനാക്ഷി ലേഖിയുടെ പരാമര്‍ശം.

◾മൂന്നു വര്‍ഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മോശം പദപ്രയോഗം നടത്തിയെന്ന് ആരോപിച്ച് ആംആദ്മി പാര്‍ട്ടി ഗുജറാത്ത് അധ്യക്ഷന്‍ ഗോപാല്‍ ഇറ്റാലിയയെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. കേസില്‍ ദേശീയ വനിതാ കമ്മീഷന്റെ ഉത്തരവനുസരിച്ച് ഹാജരായി മടങ്ങുമ്പോഴാണ് ഗോപാലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

◾ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായെന്ന പേരില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പണം സമാഹരിച്ച് സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തക റാണ അയുബിനെതിരെ എന്‍ഫോഴ്സ്മെന്റ് കുറ്റപത്രം സമര്‍പ്പിച്ചു. ഗാസിയാബാദിലെ പ്രത്യേക കോടതിയില്‍ ആണ് കുറ്റപത്രം നല്‍കിയത്.

◾ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിനെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ച ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ തലവന്‍ ഉമര്‍ അഹമ്മദ് ഇല്ല്യാസിക്ക് വൈ പ്ലസ് സുരക്ഷ. ഒന്നിലധികം ഭീഷണികള്‍ ലഭിച്ചതോടെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്. കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലുള്ള മസ്ജിദിലെത്തി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തിയിരുന്നു.

◾ട്രെയിനിനു മുന്നിലേക്ക് പെണ്‍കുട്ടിയെ തള്ളിയിട്ട് കൊന്നു. ചെന്നൈ സബര്‍ബന്‍ ട്രെയിനിന്റെ മൗണ്ട് സ്റ്റേഷനിലാണ് കോളേജ് വിദ്യാര്‍ഥിനിയായ സത്യ (22) യെ തള്ളിയിട്ടു കൊന്നത്. ആദമ്പാക്കം സ്വദേശിയായ സതീഷ് എന്ന യുവാവിനെ പോലീസ് തെരയുന്നു.

◾ഗുജറാത്തിലെ ഗിറില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ നരബലി നടത്തിയ സംഭവത്തില്‍ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തു. 14 വയസുള്ള കുഞ്ഞിനെയാണ് ഐശ്വര്യവും സമ്പത്തും വര്‍ധിപ്പിക്കാന്‍ നരബലി നടത്തിയത്. ഗിര്‍ സോമനാഥ് ജില്ലയിലെ ധാര ഗിര്‍ ഗ്രാമത്തിലാണു സംഭവം.

◾പാര്‍ട്ടി ചിഹ്നവും പേരും തീരുമാനിക്കുന്നതില്‍ ഏകനാഥ് ഷിന്‍ഡെ ക്യാമ്പിന് അനുകൂലമായി തെരഞ്ഞെടുപ്പു കമ്മീഷന്‍ നിലപാടെടുത്തെന്ന് ആരോപിച്ച് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന തെരഞ്ഞെടുപ്പ് കമ്മീഷനുതന്നെ പരാതി നല്‍കി. പേരുകളും ചിഹ്നങ്ങളും സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടിനല്‍കിയതാണ് താക്കറെ വിഭാഗം കത്തില്‍ വിമര്‍ശിച്ചിരിക്കുന്നത്.

◾നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഹിമാചല്‍ പ്രദേശിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ്. സിംഹം ഇതാ എത്തിയിരിക്കുന്നുവെന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രധാനമന്ത്രിയെ ജനങ്ങള്‍ സ്വീകരിച്ചത്.

◾ബ്രിട്ടനില്‍ കുടിയേറ്റക്കാരെ പാര്‍പ്പിച്ചിരുന്ന ഹോട്ടലുകളില്‍നിന്ന് 116 കുട്ടികളെ കാണാനില്ല. കഴിഞ്ഞ 14 മാസത്തിനിടെയാണ് ഇത്രയധികം കുട്ടികളെ കാണാതായത്. കുട്ടികള പാര്‍പ്പിക്കാന്‍ മതിയായ താമസ സൗകര്യമില്ലാത്തതിനാലാണ് കുട്ടികളെ സര്‍ക്കാര്‍ അംഗീകൃത ഹോട്ടലുകളില്‍ താമസിപ്പിച്ചത്.

◾സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിനു സമീപം സൈനികര്‍ സഞ്ചരിച്ച ബസില്‍ സ്ഫോടനം. 18 സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

◾വ്യാജ സന്ദേശം നല്‍കി വിളിച്ചുവരുത്തിയ പോലീസുകാരെ വെടിവച്ച് കൊന്നു. ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിലാണ് സംഭവം. ഡസ്റ്റിന്‍ ഡിമോന്റെ, അലക്സ് ഹാംസി എന്നീ രണ്ടു പൊലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. അക്രമി 35 കാരനായ നിക്കോളാസ് ബ്രഡ്ച്ചറും കൊല്ലപ്പെട്ടു. സഹോദരങ്ങള്‍ തമ്മില്‍ അക്രമമെന്നു സന്ദേശം നല്‍കിയാണു പൊലീസുകാരെ വിളിച്ചുവരുത്തിയത്.

◾ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയിലേക്ക് ഉത്തര കൊറിയ യുദ്ധ വിമാനങ്ങള്‍ പറപ്പിച്ചു. കിഴക്കന്‍ തീരമേഖലയിലേക്ക് ബാലിസ്റ്റിക് മിസൈലുകളും തൊടുത്തുവിട്ടു. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയ.

◾ഫ്ലോറിഡയിലെ പാര്‍ക് ലാന്‍ഡിലെ മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം 17 പേരെ വെടിവച്ചു കൊന്ന പൂര്‍വ വിദ്യാര്‍ത്ഥിക്കു ജീവപരന്ത്യം തടവ് ശിക്ഷ. നിക്കോളാസ് ക്രൂസ് എന്ന യുവാവിന് ജീവപരന്ത്യം ശിക്ഷ വിധിച്ചത്. 2018 ലാണു കൂട്ടക്കുരുതിയുണ്ടായത്.

◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സിയ്ക്ക് വിജയത്തുടക്കം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഹൈദരാബാദിന്റെ വിജയത്തുടക്കം.

◾വനിത ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് 2023 മാര്‍ച്ചില്‍ അരങ്ങുണര്‍ന്നേക്കും. അഞ്ച് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ഓരോ ടീമുകളും രണ്ട് തവണ വീതം പരസ്പരം ഏറ്റുമുട്ടുന്ന രീതിയില്‍ ആകെ 20 മത്സരങ്ങളാകും ആദ്യ വനിതാ ഐപിഎല്ലില്‍ ഉണ്ടാകുകയെന്നും റിപ്പോര്‍ട്ടുകള്‍.

◾വനിതാ ഏഷ്യാ കപ്പ് ട്വന്റി 20 ക്രിക്കറ്റ് ഫൈനലില്‍ നാളെ ഇന്ത്യ ശ്രീലങ്കയെ നേരിടും. ആവേശകരമായ രണ്ടാം സെമി ഫൈനലില്‍ പാകിസ്താനെ ഒരു റണ്ണിന് കീഴടക്കിയാണ് ശ്രീലങ്ക ഫൈനലില്‍ പ്രവേശിച്ചത്. ശ്രീലങ്ക ഉയര്‍ത്തിയ 123 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന് നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനേ സാധിച്ചുള്ളു.

◾ഗൗതം അദാനിയുടെ കീഴിലുള്ള അദാനി ഡേറ്റ നെറ്റ്വര്‍ക്സിന് 6 ടെലികോം സര്‍ക്കിളുകളില്‍ എല്ലാത്തരം ടെലികോം സേവനങ്ങളും നല്‍കാന്‍ കഴിയുന്ന യൂണിഫൈഡ് ലൈസന്‍സ് ലഭിച്ചു. ആന്ധ്രപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, രാജസ്ഥാന്‍, തമിഴ്നാട്, മുംബൈ എന്നിവിടങ്ങളിലാണ് ലൈസന്‍സ്. നിലവിലുള്ള ടെലികോം കമ്പനികളെപ്പോലെ ജനങ്ങള്‍ക്ക് നേരിട്ട് സേവനം നല്‍കുകയല്ല, പകരം വിമാനത്താവളം, തുറമുഖം, ഊര്‍ജോല്‍പാദന, പ്രസരണ മേഖലകളില്‍ സ്വകാര്യ 5ജി ശൃംഖല ഒരുക്കുന്ന ബിസിനസ് ആണ് ലക്ഷ്യമെന്നാണ് അദാനിയുടെ വാദം. ഈ 6 ടെലികോം സര്‍ക്കിളുകളില്‍ 5ജി സ്പെക്ട്രവും അദാനി സ്വന്തമാക്കിയിരുന്നു. പരിമിതമായ തോതില്‍ 5ജി ആരംഭിച്ചിട്ടും പല കമ്പനികളും ഇതിനുള്ള അപ്ഡേറ്റ് നല്‍കിയിരുന്നില്ല. ആപ്പിളും ഗൂഗിള്‍ പിക്സലും ഡിസംബറിലും സാംസങ് നവംബര്‍ പകുതിക്കും ഉപയോക്താക്കള്‍ക്ക് അപ്ഡേറ്റ് നല്‍കുമെന്ന് അറിയിച്ചു.

◾അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ ലാഭത്തിലാകുന്നതു ലക്ഷ്യമിട്ട് എജ്യുടെക് സ്ഥാപനമായ ബൈജൂസ് 10,000 അധ്യാപകരെ നിയമിക്കുന്നു. അതേസമയം പ്രവര്‍ത്തനച്ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ആറു മാസത്തിനുള്ളില്‍ ജീവനക്കാരുടെ എണ്ണം 5% കുറയ്ക്കാനും തീരുമാനിച്ചു. ഇതോടെ ബൈജൂസിന്റെ വിവിധ ഡിപ്പാര്‍ട്മെന്റുകളില്‍ പ്രവര്‍ത്തിക്കുന്ന ഏകദേശം 2500 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. പുതിയതായി നിയമിക്കുന്ന അധ്യാപകരില്‍ പകുതിയും ഇന്ത്യയില്‍ നിന്നായിരിക്കും. 2021 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 4588 കോടി രൂപയുടെ നഷ്ടമാണ് ബൈജൂസ് രേഖപ്പെടുത്തിയത്. അതിന്റെ മുന്‍ വര്‍ഷം ഇത് 231.69 കോടിയായിരുന്നു. വരുമാനം മുന്‍വര്‍ഷത്തെ 2,511 കോടിയില്‍നിന്ന് 2,428 കോടിയാകുകയും ചെയ്തു. എന്നാല്‍ 2022 മര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം വരുമാനം നാലു മടങ്ങ് വര്‍ധിച്ച് 10000 കോടി രൂപയായെന്നു ബൈജൂസ് പറഞ്ഞു.

◾ഐഎംഡിബി പട്ടികയില്‍ ഒന്നാമത് എത്തി റിഷഭ് ഷെട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന കന്നഡ ചിത്രം 'കാന്താര'. ഏറ്റവും ഉയര്‍ന്ന റേറ്റിങ് ലഭിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റിലാണ് കാന്താര ഒന്നാമതെത്തിയിരിക്കുന്നത്. 13,000 വോട്ടുകളോടെ പത്തില്‍ 9.6 ആണ് സിനിമയുടെ റേറ്റിംഗ്. റിഷഭ് ഷെട്ടിയുടെ തന്നെ '777ചാര്‍ലിയാണ് രണ്ടാം സ്ഥാനത്ത്. 9.0 ആണ് ഈ ചിത്രത്തിന്റെ റേറ്റിംഗ്. മൂന്നാം സ്ഥാനത്തുള്ള 'വിക്രമി'ന്റെയും 'കെജിഎഫ് ചാപ്റ്റര്‍ 2'ന്റെയും റേറ്റിങ് 8.4 ആണ്. തൊട്ടുപിന്നാലെ തന്നെ ആര്‍ആര്‍ആറും ഉണ്ട്. സെപ്റ്റംബര്‍ 30ന് ആണ് കാന്താര റിലീസ് ചെയ്തത്. അന്ന് മുതല്‍ മികച്ച പ്രതികരണം നേടുന്ന ചിത്രം 75 കോടിയാണ് ബോക്സ് ഓഫീസില്‍ സ്വന്തമാക്കിയിരിക്കുന്നത്. ഈ വാരാന്ത്യത്തോടെ ചിത്രം 100 കോടി ക്ലബ്ബില്‍ എത്തുമെന്നാണ് ട്രെഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

◾'96 ' എന്ന ചിത്രത്തിന് ശേഷം നടി ഗൗരി കിഷനും സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്തയും ഒന്നിക്കുന്ന മലയാള ചിത്രം 'ലിറ്റില്‍ മിസ്സ് റാവുത്തര്‍'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. എസ് ഒറിജിനല്‍സിന്റെ നിര്‍മാണത്തില്‍ വിഷ്ണു ദേവാണ് സംഗീതാത്മകമായ ഈ പ്രണയ ചിത്രം സംവിധാനം ചെയുന്നത്. ഷേര്‍ഷാ ഷെരീഫാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഹാനടി, അര്‍ജ്ജുന്‍ റെഡ്ഡി തുടങ്ങിയ ചിത്രങ്ങള്‍ തെലുങ്കാനയില്‍ വിതരണം ചെയ്ത എസ് ഒറിജിനല്‍സിന്റെ ബാനറില്‍ ശ്രുജന്‍ യരബോളുവാണ് നിര്‍മാണം.ഗോവിന്ദ് വസന്തയുടെ സംഗീതത്തിന് അന്‍വര്‍ അലിയും, ടിറ്റോ പി തങ്കച്ചനും ചേര്‍ന്നാണ് വരികള്‍ എഴുതുന്നത്.

◾ഇലക്ട്രിക് വാഹന തരംഗത്തില്‍ പങ്കാളിയാകാന്‍ ഇന്ത്യന്‍ കരസേനയും. ഫോസില്‍ ഇന്ധനങ്ങളോടുള്ള ആശ്രയത്വം കുറച്ച് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, കരസേനയിലും ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ അധികൃതര്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സാധ്യമായ എല്ലായിടത്തും ഇലക്ട്രിക് വാഹനങ്ങളെ വിന്യസിക്കാനാണ് ആലോചന. ലഘുവാഹനങ്ങള്‍, ബസുകള്‍, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയില്‍ ഇലക്ട്രിക് വാഹനങ്ങളെ അവതരിപ്പിച്ച് മാറ്റം കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ലഘുവാഹനങ്ങളില്‍ 25 ശതമാനം ഇലക്ട്രിക് ആക്കാനാണ് ലക്ഷ്യമിടുന്നത്. ബസുകളില്‍ 38 ശതമാനം, മോട്ടോര്‍ സൈക്കിളുകളില്‍ 48 ശതമാനം എന്നിങ്ങനെ ഇലക്ട്രിക് വാഹനങ്ങളെ വിന്യസിച്ച് കരസേനയെയും പ്രകൃതി സൗഹൃദമാക്കാനാണ് പദ്ധതി.

◾കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ കഥയും സ്വാമിയുടെ ജീവിതവും ഒരേ സമയം ലളിതമാണ്, വേര്‍പിരിക്കാന്‍ കഴിയാത്തതുമാണ്. അദ്വൈതത്തിന് ആദിശങ്കരാചാര്യ എന്താണോ അതാണ് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് സ്വാമി. കഠിനമായ സാഹചര്യങ്ങളില്‍ അവശ്യം വേണ്ട കാഴ്ചപ്പാടിനെയും ദൗത്യത്തെയും വിശ്വാസത്തെയും നിശ്ചയദാര്‍ഢ്യത്തെയും അടിസ്ഥാനമാക്കി നോക്കുമ്പോള്‍, സ്റ്റാര്‍ട്ട് അപ്പുകളുടെ ലോകത്തേക്ക് സ്വന്തം സംരംഭവുമായി ഇറങ്ങിത്തിരിക്കുന്ന ഏതൊരു സംരംഭകനും ഇതൊരു കൈപ്പുസ്തകമാണ്. 'ആത്മവിശ്വാസം'. ടി.എസ് കല്യാണരാമന്‍. മാതൃഭൂമി ബുക്സ്. വില 560 രൂപ.

◾20 പേരില്‍ ഒരാള്‍ക്ക് കൊവിഡ് 19ന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ നേരിടുന്നുണ്ടെന്ന് പഠനം. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ഗുരുതരമായ അണുബാധയെ തുടര്‍ന്നാണ് ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങള്‍ കൂടുതലായി കാണപ്പെടുന്നതെന്ന് കണ്ടെത്തി. ശ്വാസതടസ്സം, നെഞ്ചുവേദന, ഹൃദയമിടിപ്പ് എന്നിവയാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദീര്‍ഘകാല കൊവിഡ് ലക്ഷണങ്ങളെന്ന് ഗവേഷകര്‍ പറഞ്ഞു. പ്രായമായവരിലും സ്ത്രീകളിലുമാണ് ദീര്‍ഘകാല കൊവിഡ് സാധ്യത കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു. ഗവേഷണത്തില്‍ പങ്കെടുത്ത 20 പേരില്‍ ഒരാള്‍ അവരുടെ ഏറ്റവും പുതിയ ഫോളോഅപ്പില്‍ കൊവിഡ് ബാധിച്ച് സുഖം പ്രാപിച്ചിട്ടില്ലെന്ന് കണ്ടെത്തി. രോഗലക്ഷണങ്ങളില്ലാത്ത അണുബാധയുള്ളവര്‍ക്ക് ദീര്‍ഘകാല സ്വാധീനമില്ലെന്ന് ഗവേഷകര്‍ കണ്ടെത്തി. കൊവിഡ് 19 അണുബാധയ്ക്ക് മുമ്പ് വാക്സിനേഷന്‍ എടുത്ത ആളുകള്‍ക്ക് ചില ദീര്‍ഘകാല രോഗലക്ഷണങ്ങളില്‍ നിന്ന് സംരക്ഷണം ലഭിച്ചതായി കാണപ്പെട്ടു. ശ്വാസകോശ സംബന്ധമായ അസുഖം, വിഷാദം തുടങ്ങിയ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും ദീര്‍ഘകാലം കോവിഡ് അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ പറഞ്ഞു.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ ഇരുമ്പുപണിക്കാരന്‍ സ്വദേശത്തും വിദേശത്തും പ്രശസ്തനായിരുന്നു. അയാള്‍ പണിയുന്ന കൂടുകളും വിലങ്ങുകളും ആര്‍ക്കും തുറക്കാന്‍ സാധിക്കാത്തവയായിരുന്നു. ഒരിക്കല്‍ അയാളുടെ നാടിനെ അയല്‍നാട് ആക്രമിച്ചു. എല്ലാവരേയും വിലങ്ങ് വെച്ച് ഒരു മലയുടെ മുകളില്‍ നിന്ന് തള്ളിയിട്ട് കൊന്നുകളായാന്‍ അവര്‍ പദ്ധതിയിട്ടു. എല്ലാവരേയും മലമുകളിലേക്ക് കൊണ്ടുപോയി. എല്ലാവരും ഭയന്നുനിലവിളിച്ചപ്പോഴും ഇരുമ്പുപണിക്കാരന്‍ മാത്രം ചിരിച്ചു. അയാള്‍ പറഞ്ഞു. ഏത് വിലങ്ങും എനിക്ക് തുറക്കാന്‍ സാധി്ക്കും... അയാള്‍ ശത്രുരാജ്യം കാണാതെ മറ്റുളളവരുടെ വിലങ്ങുകള്‍ അഴിച്ചു. അവസാനം സ്വന്തം വിലങ്ങ് അഴിക്കാന്‍ നോക്കിയപ്പോഴാണ് അയാള്‍ക്ക് ഒരു കാര്യം മനസ്സിലായത്. ആ വിലങ്ങ് ഉണ്ടാക്കിയത് താനാണെന്ന്. ആ വിലങ്ങ് അയാള്‍ക്ക്‌പോലും തുറക്കാന്‍ കഴിയില്ലായിരുന്നു.. സ്വയം തിരഞ്ഞെടുക്കുന്ന കര്‍മ്മങ്ങളിലൂടെയാണ് നാമെല്ലാവരും കടന്നുപോകുന്നത്. ശരി തിരഞ്ഞെടുക്കുന്നവര്‍ അവസാനം ശരിയിലേക്ക് എത്തിച്ചേരും. തെറ്റാണെന്നറിഞ്ഞിട്ടും അവയിലൂടെ മാത്രം നീങ്ങുന്നവര്‍ തങ്ങളുടെ തെറ്റിന്റെ ഇരകളാകും. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എന്നെങ്കിലും പ്രതിപ്രവര്‍ത്തനമുണ്ടാകും. പൂര്‍ണ്ണത മാത്രമല്ല, പ്രയോജനം കൂടി കണക്കിലെടുത്തുവേണം ഏതു കര്‍മ്മത്തിന്റെയും മികവളക്കാന്‍. - ശുഭദിനം.
മീഡിയ 16