◾നരബലിക്കുശേഷം നരഭോജനവും നടത്തിയ ഷാഫി അടക്കമുള്ള പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി ഷാഫി കൂട്ടുപ്രതി ഭഗവല്‍ സിംഗിനെ കൊലപ്പെടുത്തി ഭഗവല്‍ സിംഗിന്റെ ഭാര്യ ലൈലയുമൊന്നിച്ചു ജീവിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ്. ഷാഫി ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രണയക്കെണിയില്‍ കുടുക്കിയാണ് ഭഗവല്‍ സിംഗിനെ നരബലിയിലേക്കു നയിച്ചത്. 2019 ല്‍ ആരംഭിച്ചതാണു സൈബര്‍ പ്രണയം. അറസ്റ്റിലായ ഭഗവല്‍സിംഗിനെ ചോദ്യം ചെയ്യുന്നതിനിടെ ശ്രീദേവി ഷാഫിതന്നെയാണെന്ന് പോലീസ് വ്യക്തമാക്കിയപ്പോഴാണു അയാള്‍ ചതിയായിരുന്നെന്നു മനസിലാക്കിയത്. അതോടെ കുറ്റകൃത്യങ്ങളുടെ വിശേഷങ്ങള്‍ തുറന്നു പറഞ്ഞു. പോലീസ് വെളിപെടുത്തി.
◾മുഖ്യമന്ത്രി പിണറായി വിജയന്റെ ദുബായ് സന്ദര്‍ശനത്തിന് അനുമതിയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. കുടുംബസമേതം ഉല്ലാസ യാത്ര നടത്തിയതുകൊണ്ട് കേരളത്തിന് എന്തു പ്രയോജനമുണ്ടായെന്ന് മുഖ്യമന്ത്രിതന്നെ വിശദീകരിക്കണമെന്നും മുരളീധരന്‍.
◾എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഒളിവില്‍. രണ്ടു ഫോണുകളും സ്വിച്ച് ഓഫാണ്. പൊതുപരിപാടികള്‍ റദ്ദാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നതുവരെ ഒളിവില്‍ തുടരുമെന്നാണു വിവരം.
◾പീഡന പരാതി ഉന്നയിച്ച അധ്യാപിക എല്‍ദോസിന്റെ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് എല്‍ദോസ് കുന്നപ്പിള്ളിയുടെ ഭാര്യ കുറുപ്പംപടി പോലീസില്‍ പരാതി നല്‍കി. മോഷ്ടിച്ച ഫോണ്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
◾വിദേശ സര്‍വകലാശാലകളുമായി ഡിജിറ്റല്‍ സര്‍വകലാശാല ധാരണാപത്രം ഒപ്പുവച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാഞ്ചസ്റ്റര്‍, ഓക്സ്ഫഡ്, എഡിന്‍ബറോ, സൈഗന്‍ എന്നീ സര്‍വ്വകലാശാലകളുമായാണ് ധാരണപത്രം ഒപ്പിട്ടത്. ഗ്രഫീന്‍ അടിസ്ഥാനമാക്കി വ്യവസായ പാര്‍ക്ക് രൂപീകരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഗ്രഫീന്‍ കണ്ടുപിടുത്തത്തിന് 2010 ലെ നോബേല്‍ സമ്മാനം നേടിയ മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയിലെ ആന്‍ഡ്രു ജെയിമും ചടങ്ങില്‍ പങ്കെടുത്തു.
◾പേപ്പട്ടികളെ കൊല്ലാന്‍ അടിയന്തര അനുമതി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി അടുത്ത വര്‍ഷത്തേക്കു മാറ്റിവച്ചു. തെരുവുനായ അക്രമങ്ങള്‍ തടയാനുള്ള ചട്ടങ്ങളില്‍ മാറ്റം ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലെ വാദം അടുത്ത ഫെബ്രുവരിയിലേക്കാണു മാറ്റിയത്. വ്യക്തികളും സന്നദ്ധ സംഘടനകളും നല്‍കിയ അനേകം ഹര്‍ജികളെല്ലാം കേള്‍ക്കാനാവില്ല. ഹൈക്കോടതികളെ സമീപിക്കണം. ചട്ടങ്ങളിലെ മാറ്റം ഉള്‍പ്പടെയുള്ള പൊതുവിഷയങ്ങള്‍ മാത്രം പരിഗണിക്കാമെന്നു സുപ്രീം കോടതി.
◾ഡോ. എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ. എം.എസ് രാജശ്രീയെ നിയമിച്ചത് യു.ജി.സി ചട്ടപ്രകാരമല്ലെന്നു സുപ്രീംകോടതി. നിയമനത്തിന് ചാന്‍സലര്‍ക്ക് പാനല്‍ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേരു മാത്രമാണ് കൈമാറിയതെന്ന് കോടതി വ്യക്തമാക്കി. നിയമനം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മുന്‍ ഡീന്‍ പി എസ് ശ്രീജിത്താണ് കോടതിയെ സമീപിച്ചത്.
◾പാലക്കാട് മൂണ്ടൂരില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലെ മാനേജര്‍ സലീമിനെതിരെ വിവാഹത്തട്ടിപ്പ് ആരോപണവുമായി യുവതികള്‍. കോഴിക്കോട് മീഞ്ചന്ത സ്വദേശിനിയായ സഫ്രീന, പാലക്കാട് യാക്കര സ്വദേശിനി സലീന എന്നിവരാണു പരാതി നല്‍കിയത്.
◾പ്രണയം നിരസിച്ച പെണ്‍കുട്ടിയേയും മാതാവിനേയും യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറി കുത്തി പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ ന്യൂമാഹി ഉസ്സന്‍മൊട്ടയില്‍ ന്യൂമാഹി എം.എന്‍ ഹൗസില്‍ ഇന്ദുലേഖ, മകള്‍ പൂര്‍ണ എന്നിവര്‍ക്കാണ് കുത്തേറ്റത്. മാഹി ചെറുകല്ലായി സ്വദേശി ജിനേഷ് ബാബു എന്ന 23-കാരനെ പോലീസ് തെരയുന്നു.
◾ഇലന്തൂര്‍ ഇരട്ട നരബലി കേസിന്റെ അന്വേഷണത്തിന് പ്രത്യേകസംഘം. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എസ്. ശശിധരനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍. പെരുമ്പാവൂര്‍ എഎസ്പി അനൂജ് പാലിവാള്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും.
◾എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച കോവളം എസ്എച്ച് ഒ പ്രൈജു ജിയെ സ്ഥലം മാറ്റി. ആലപ്പുഴ പട്ടണക്കാട് സ്റ്റേഷനിലേക്കാണു മാറ്റിയത്.
◾എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കും. തെറ്റുകാരനെന്നു കണ്ടെത്തിയാല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരായ പീഡന പരാതിയില്‍ കോണ്‍ഗ്രസ് ധാര്‍മ്മികത അനുസരിച്ച് തീരുമാനം എടുക്കട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
◾നടന്‍ ശ്രീനാഥ് ഭാസി അഭിമുഖത്തിനിടെ യുടൂബ് ചാനല്‍ അവതാരകയെ അപമാനിച്ച കേസ് ഹൈക്കോടതി റദ്ദാക്കി. ഒത്തുതീര്‍പ്പിലെത്തിയെന്ന് പരാതിക്കാരിയും ശ്രീനാഥ് ഭാസിയും കോടതിയെ അറിയിച്ചതോടെയാണ് കേസ് റദ്ദാക്കിയത്.
◾ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാത്ത കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇത്തരക്കാര്‍ ഇനി പാര്‍ട്ടിയില്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേന്ദ്ര സര്‍വീസിലേക്കുള്ള നിയമന പരീക്ഷകള്‍, കേന്ദ്ര സര്‍വകലാശാലകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ പൂര്‍ണമായും ഹിന്ദിവത്കരക്കുമെന്ന് പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാ സമിതി ശുപാര്‍ശ ചെയ്തതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
◾എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം തേടി സെക്രട്ടേറിയറ്റിനു മുന്നില്‍ ദയാബായി നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ സമരപന്തലിലെത്തി. സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.
◾മലപ്പുറം കരിമ്പുഴ പുന്നപ്പുഴയില്‍ മുണ്ടേരി ഗവണ്‍മെന്റ് സ്‌കൂളിലെ അധ്യാപകനും കരുളായി ചെറുപുള്ളി സ്വദേശിയുമായ ബാബുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഉദിരകുളം സ്വദേശി ബിജു, കാമുകി മൂത്തേടം സ്വദേശി ലത എന്നിവരെയാണ് കൊലക്കേസില്‍ അറസ്റ്റു ചെയ്തത്. ലതയുടെ വീട്ടിലിരുന്നു മദ്യപിച്ചശേഷമുണ്ടായ തര്‍ക്കമാണ് കൊലപാതക കാരണം.
◾വയനാട് ബത്തേരിയില്‍ ദൊട്ടപ്പന്‍കുളത്ത് കടുവയിറങ്ങി. വീടിന്റെ മതില്‍ കടുവ ചാടി കടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വനപാലകര്‍ തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.
◾കോഴിക്കോട് ഉള്ള്യേരി എം ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിയെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾മലപ്പുറം വാഴക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. പിടിച്ചുമാറ്റാനെത്തിയ അധ്യാപകരെയും തല്ലി. അടി റോഡിലിറങ്ങിയതോടെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് വിദ്യാര്‍ഥികളെ സ്‌കൂളിലേക്കുതന്നെ ഓടിച്ചു. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് അടി നടത്തിയത്.
◾മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജിലെ രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ത്ഥികള്‍ തമ്മിലടിച്ചു. മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളെ മര്‍ദിച്ചെന്നാണ് പരാതി. രണ്ടാംവര്‍ഷ ഹിസ്റ്ററി വിദ്യാര്‍ത്ഥി അലനല്ലൂര്‍ സ്വദേശി സഫ്വാ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലാണ്.
◾ഒരു കിലോയിലേറെ സ്വര്‍ണം കൊച്ചി വിമാനതാവളത്തില്‍ പിടികൂടി. ദോഹയില്‍ നിന്നെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി അബ്ദുള്‍ ജലീലില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്.
◾കണ്ണൂര്‍ മാതമംഗലത്ത് ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച ചുമട്ടുതൊഴിലാളി അറസ്റ്റില്‍. കാഞ്ഞിരത്തൊടിയില്‍ വി.സി. കരുണാകരനെയാണ് പെരിങ്ങോം പൊലീസ് പിടികൂടിയത്.
◾കാഞ്ഞങ്ങാട്ട് ജ്യൂസ് കടയില്‍ നിരോധിത പാന്‍ ഉത്പന്നം വിറ്റതിന് ജീവനക്കാരന്‍ അറസ്റ്റില്‍. ജ്യൂസ് കടയായ ഹാരിസ് ബീച്ച് സ്റ്റോറിലെ അബ്ദുല്‍ സത്താറിനെയാണ് അറസ്റ്റു ചെയ്തത്. നിരോധിത പാന്‍ ഉത്പന്നമായ കൂള്‍ വിറ്റതിനാണ് അറസ്റ്റ്.
◾റുപേ പേയ്‌മെന്റ് സംവിധാനം സ്വീകരിക്കാന്‍ സിംഗപ്പൂരും യുഎഇയും താല്‍പര്യം പ്രകടിപ്പിച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അന്താരാഷ്ട്ര നാണ്യനിധിയുടെയും ലോക ബാങ്കിന്റെയും വാര്‍ഷിക യോഗങ്ങള്‍ക്കായി അമേരിക്കയിലുള്ള ധനമന്ത്രി വിവിധ രാജ്യങ്ങളില്‍ റുപേ പേയ്‌മെന്റ് സ്വീകാര്യമാക്കാന്‍ ചര്‍ച്ചകള്‍ നടത്തുമെന്നും വ്യക്തമാക്കി.
◾പൊതുമേഖലാ എണ്ണ കമ്പനികള്‍ക്ക് 22,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റ് അനുവദിച്ചു. ഉത്പാദന ചെലവിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് എല്‍പിജി സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്കു നല്‍കുന്നതുമൂലമുള്ള നഷ്ടം നികത്താനാണ് ഗ്രാന്റ്.
◾സെപ്റ്റംബറിലെ റീട്ടെയില്‍ പണപ്പെരുപ്പം 7.41 ശതമാനമായി ഉയര്‍ന്നു. ഭക്ഷ്യവിലക്കയറ്റമാണ് കാരണം. അഞ്ചു മാസത്തിനിടെ ഏറ്റവും വലിയ വളര്‍ച്ചയാണ് പണപ്പെരുപ്പത്തില്‍ ഉണ്ടായത്.
◾നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ്. കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലെ ന്യൂനത മുന്‍ ധനകാര്യ മന്ത്രി കൂടിയായ പി. ചിദംബരം ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതിയുടെ ഇടപെടല്‍. കേസ് അടുത്തമാസം ഒമ്പതിനു വീണ്ടും പരിഗണിക്കും. നോട്ട് നിരോധനത്തെ ചോദ്യംചെയ്ത് 58 ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്.
◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ശശി തരൂര്‍ നല്‍കിയ പരാതിയില്‍ എന്തു നടപടി സ്വീകരിച്ചെന്ന് വെളിപ്പെടുത്താനാവില്ലെന്ന് വരണാധികാരിയായ മധുസൂദന്‍ മിസ്ത്രി. വോട്ടര്‍മാരുടെ വിലാസവും ഫോണ്‍ നമ്പറും എപ്പോള്‍ വേണമെങ്കിലും ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
◾ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ കോണ്‍ഗ്രസിന്റെയും സോണിയാ ഗാന്ധിയുടെയും എടിഎമ്മാണെന്നു പരിഹസിച്ച ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ രമണ്‍സിങ്ങിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. കോണ്‍ഗ്രസ് ഒരു ടണ്‍ കല്‍ക്കരിക്ക് 25 രൂപ കമ്മീഷന്‍ വാങ്ങുന്നുണ്ടെന്നും രമണ്‍സിങ് ആരോപിച്ചിരുന്നു.
◾പത്തു വര്‍ഷത്തിലധികം പഴക്കമുള്ള ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കണമെന്ന് യുഐഡിഎഐ. അപ്‌ഡേറ്റുകള്‍ ഓണ്‍ലൈനിലും ആധാര്‍ കേന്ദ്രങ്ങളിലും നടത്താമെന്ന് യുഐഡിഎഐ അറിയിച്ചു.
◾കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ നടപടിക്കെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്നു വിധി പറയും. ഹര്‍ജികളില്‍ നേരത്തെ വാദം പൂര്‍ത്തിയാക്കിയിരുന്നു.
◾അമ്പതിനായിരം രൂപ ഇനാം പ്രഖ്യാപിച്ച കുറ്റവാളിയെ പിടികൂടാന്‍ ഉത്തരാഖണ്ഡിലെത്തിയ ഉത്തര്‍പ്രദേശ് പൊലീസ് നാട്ടുകാരുമായി ഏറ്റുമുട്ടി. വെടിവെപ്പില്‍ ബിജെപിയുടെ പ്രാദേശിക നേതാവിന്റെ ഭാര്യ കൊല്ലപ്പെട്ടു. പൊലീസും ബിജെപി നേതാവും ജസ്പൂര്‍ ബ്ലോക്ക് തലവനുമായ ഗുര്‍താജ് ഭുള്ളറുടെ കുടുംബവും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇരുവശത്തുനിന്നും വെടിവയ്പുണ്ടായി. വെടിവെപ്പില്‍ ഭുള്ളറിന്റെ ഭാര്യ ഗുര്‍പ്രീത് കൗറാണു കൊല്ലപ്പെട്ടത്. മൂന്ന് പൊലീസുകാര്‍ക്ക് വെടിയേറ്റെന്ന് യുപി പൊലീസ്.
◾ഗുജറാത്ത് ഭരണം നിലനിര്‍ത്താന്‍ വമ്പന്‍ പ്രചാരണവുമായി ബിജെപി. സംസ്ഥാന സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഗൗരവ് യാത്രക്ക് തുടക്കമായി.
◾ഈ മാസം 25 ന് ഇന്ത്യയില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. മിക്ക ഭാഗങ്ങളിലും ദൃശ്യമാകുമെന്നാണ് സൂചന. വളരെ ചെറിയ സമയത്തേക്കായിരിക്കും ഈ പ്രതിഭാസം. വടക്കു കിഴക്കന്‍ ഇന്ത്യയില്‍ ഗ്രഹണം ദൃശ്യമാകില്ല. ആ പ്രദേശങ്ങളില്‍ സൂര്യാസ്തമയത്തിനുശേഷം ആകാശ വിസ്മയങ്ങള്‍ ദൃശ്യമായേക്കും.
◾ബസ് സ്റ്റാന്‍ഡില്‍ പതിനാറുകാരിയുടെ കഴുത്തില്‍ മംഗല്യസൂത്രം ചാര്‍ത്തിയ പതിനേഴുകാരന്‍ കസ്റ്റഡിയില്‍. വീഡിയോ വൈറലായതോടെയാണ് പോലീസ് ഇടപെട്ടത്.
◾മലേറിയ ബാധ രൂക്ഷമായ പാക്കിസ്ഥാന്‍ ഇന്ത്യയില്‍നിന്ന് 62 ലക്ഷം കൊതുകുവലകള്‍ വാങ്ങുന്നു. അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന് പിന്നാലെ മലേറിയ അടക്കമുള്ള രോഗങ്ങള്‍ പടരുകയാണ്.
◾ന്യൂസിലാന്റിന്റെ പിറ്റ് ദ്വീപിന്റെ തീരത്ത് 240 തിമിംഗലങ്ങള്‍ തീരത്തടിഞ്ഞ് ചത്തു. ജീവന്‍ ഉണ്ടായിരുന്ന തിമിംഗലങ്ങളെ അധികൃതര്‍ ദയാവധം നടത്തി.
◾ഫേസ്ബുക്കിന്റെ നിരവധി ഉപയോക്താക്കള്‍ക്ക് ഫോളോവേര്‍സിനെ നഷ്ടപ്പെട്ടതായി പരാതി. ഫേസ്ബുക്ക് സ്ഥാപകനും മെറ്റ പ്ലാറ്റ്ഫോം സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗിന് 12 കോടിയോളം ഫോളോവേഴ്‌സിനെ നഷ്ടപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം പതിനായിരത്തോളമായി കുറഞ്ഞു.
◾36-ാമത് ദേശീയ ഗെയിംസ് സമാപിച്ചു. 23 സ്വര്‍ണവും 18 വെള്ളിയും 13 വെങ്കലവുമടക്കം 54 മെഡലുകള്‍ നേടി കേരളം ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 61 സ്വര്‍ണവും 35 വെള്ളിയും 32 വെങ്കലവുമടക്കം 128 മെഡലുകളോടെ സര്‍വീസസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. 39 സ്വര്‍ണവും 38 വെള്ളിയും 63 വെങ്കലവുമടക്കം 140 മെഡലുകള്‍ നേടിയ മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. ഗെയിംസില്‍ കേരളത്തിന്റെ സാജന്‍ പ്രകാശ് തുടര്‍ച്ചയായ രണ്ടാം തവണയും ദേശീയ ഗെയിംസിലെ മികച്ച പുരുഷതാരമായി. കര്‍ണാടകത്തിന്റെ വനിതാ നീന്തല്‍താരം ഹഷിക രാമചന്ദ്രയാണ് മികച്ച വനിതാ താരം.
◾ഐ എസ് എല്ലില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് എഫ്.സി. ഗോവ. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കായിരുന്നു ഗോവയുടെ ജയം. ഇഞ്ചുറിടൈമില്‍ അവസാന വിസിലിന് സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേ എഡു ബേഡിയയുടെ മിന്നും ഫ്രീകിക്ക് ഗോളാണ് ഗോവയ്ക്ക് 2-1ന്റെ വിജയം സമ്മാനിച്ചത്.
◾രാജ്യത്ത് പണപ്പെരുപ്പനിരക്ക് വീണ്ടും ഉയര്‍ന്നു. സെപ്റ്റംബറില്‍ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 7.41 ശതമാനമായി ഉയര്‍ന്നു. മുന്‍ മാസം ഇത് ഏഴു ശതമാനമായിരുന്നു. ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പനിരക്കാണിത്. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും ചെലവ് ഉയര്‍ന്നതാണ് പണപ്പെരുപ്പ നിരക്ക് ഉയരാന്‍ കാരണം. ഇതോടെ റിസര്‍വ് ബാങ്ക് വീണ്ടും മുഖ്യ പലിശനിരക്ക് ഉയര്‍ത്തുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പണപ്പെരുപ്പനിരക്ക് ആറുശതമാനത്തില്‍ താഴെ നിര്‍ത്തുക എന്നതാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കഴിഞ്ഞ പണ വായ്പ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് വീണ്ടും പലിശനിരക്ക് ഉയര്‍ത്തിയിരുന്നു. എന്നാല്‍ പണപ്പെരുപ്പ നിരക്ക് വീണ്ടും ഉയര്‍ന്നതോടെ ഇനിയും പലിശ നിരക്ക് ഉയര്‍ത്തുമോ എന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. ഇത് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ ചെലവ് വര്‍ധിപ്പിച്ചേക്കും.
◾രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭാവന വായ്പ 6 ലക്ഷം കോടി രൂപ കടന്നു. 28 ലക്ഷത്തിലധികം പേരാണ് എസ്ബിഐയില്‍ നിന്നും ഭവന വായ്പ എടുത്തിട്ടുള്ളത്. ഈ ഉത്സവ സീസണില്‍ ഭവന വായ്പകളില്‍ എസ്ബിഐ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. 2022 ഒക്ടോബര്‍ 4 മുതല്‍ 2023 ജനുവരി 31 വരെയുള്ള ഭവന വായ്പകളില്‍ 15 ബേസിസ് പോയിന്റ് മുതല്‍ 30 ബേസിസ് പോയിന്റ് വരെ ഇളവാണ് എസ്ബിഐ നല്‍കുക. സാധരണ എസ്ബിഐയുടെ ഭാവന വായ്പയുടെ പലിശ നിരക്ക് 8.55 ശതമാനം മുതല്‍ 9.05 ശതമാനം വരെയാണ്. എന്നാല്‍ ഉത്സവ സീസണില്‍ ഇത് 8.40 ശതമാനം വരെ ആയിരിക്കും. കൂടാതെ 2023 ജനുവരി 31 വരെ പ്രോസസ്സിംഗ് ഫീസില്‍ ഇളവുകളും എസ്ബിഐ വാഗ്ദാനം ചെയ്യുന്നു.
◾'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ആന്‍ ആഗസ്റ്റിന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഫാമിലി എന്റര്‍ടെയ്നര്‍ ആകും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഹരികുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇതേ പേരില്‍ താനെഴുതിയ കഥയുടെ വികസിത രൂപമാണ് എം മുകുന്ദന്‍ തിരക്കഥയാക്കിയിരിക്കുന്നത്. സംഭാഷണവും എം മുകുന്ദന്‍ തന്നെയാണ് എഴുതിയിരിക്കുന്നത്. കൈലാഷ്, ജനാര്‍ദ്ദനന്‍, സ്വാസിക വിജയ്, ദേവി അജിത്ത്, നീന കുറുപ്പ്, മനോഹരി ജോയ്, ബേബി അലൈന ഫിദല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
◾പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം 'കൂമന്റെ' ഫസ്റ്റ് ലുക്ക് പുറത്ത്. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്റേത് എന്നാണ് സൂചന. ആസിഫ് അലി നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് ആണ്. കെ കൃഷ്ണ കുമാര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ. ദി നൈറ്റ് റൈഡര്‍ എന്നാണ് ചിത്രത്തിന്റെ ടാ?ഗ് ലൈന്‍. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേരള- തമിഴ്നാട് അതിര്‍ത്തിയിലെ മലയോരഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. രഞ്ജി പണിക്കര്‍, ബാബുരാജ്, മേഘനാഥന്‍, ഹന്നാ രജി കോശി, ആദം അയൂബ്, ബൈജു, ജാഫര്‍ ഇടുക്കി, പൗളി വില്‍സണ്‍, കരാട്ടേ കാര്‍ത്തിക്, ജോര്‍ജ്ജ് മരിയന്‍, രമേശ് തിലക്, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണന്‍, രാജേഷ് പറവൂര്‍, ദീപക് പറമ്പോള്‍, ജയിംസ് ഏലിയ, വിനോദ് ബോസ്, പ്രദീപ് പരസ്പരം, റിയാസ് നര്‍മ്മകല എന്നീ വന്‍താരനിരയും 'കൂമന്‍' സിനിമയിലുണ്ട്.
◾മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയും ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറും ഈ വര്‍ഷത്തെ പ്രധാന പുതിയ കാര്‍ ലോഞ്ചുകളില്‍ ഒന്നാണ്. ഗ്രാാന്‍ഡ് വിറ്റാര മൈല്‍ഡ് ഹൈബ്രിഡിന്റെ വില അടിസ്ഥാന സിഗ്മ മാനുവല്‍ 2ഡബ്ളിയുഡി 10.45 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. ആല്‍ഫ മാനുവല്‍ എഡബ്ളിയുഡി വേരിയന്റിന് 16.89 ലക്ഷം രൂപ വരെ ഉയരുന്നു. മോഡല്‍ ലൈനപ്പിന് സെറ്റ പ്ലസ്, ആല്‍ഫ പ്ലസ് എന്നിങ്ങനെ രണ്ട് ശക്തമായ ഹൈബ്രിഡ് വേരിയന്റുകളുണ്ട്. ഇവയുടെ എക്സ്-ഷോറൂം വില 17.99 ലക്ഷം രൂപയും 19.49 ലക്ഷം രൂപയുമാണ്. എസ്യുവി മോഡല്‍ ലൈനപ്പില്‍ 10.48 ലക്ഷം മുതല്‍ 17.19 ലക്ഷം രൂപ വരെ വിലയുള്ള എട്ട് മൈല്‍ഡ് ഹൈബ്രിഡ് വേരിയന്റുകള്‍ ഉള്‍പ്പെടുന്നു. മോഡലിന് മൂന്ന് മാനുവല്‍ 2ഡബ്ളിയുഡി ശക്തമായ ഹൈബ്രിഡ് വേരിയന്റുകളും ഉണ്ട്. യഥാക്രമം 15.11 ലക്ഷം രൂപ, 17.49 ലക്ഷം രൂപ, 18.99 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്-ഷോറൂം വില.
◾മുന്നില്‍ കിടക്കുന്ന റേഡിയേഷന്‍ ടേബിളിലൂടെ താന്‍ കണ്ടെത്തിയ മനസ്സിലാക്കാന്‍ ശ്രമിച്ച ഒട്ടേറെ കഥാപാത്രങ്ങളെ അതിമനോഹരമായി വൈകാരികമായി അതേ സമയം ധ്യാനാത്മകമായി അവതരിപ്പിക്കുന്ന ലേഖനങ്ങളുടെ ഒരു പരമ്പരയാണിത്. 'യുദ്ധവും മൃത്യുഞ്ജയവും'. ശാന്തന്‍. ഡിസി ബുക്സ്. വില 142 രൂപ.
◾പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്. ശരീരത്തിന് ഊര്‍ജം നല്‍കുന്നതാണ് പ്രാതല്‍. പ്രമേഹമുള്ളവര്‍ക്ക് ഇഷ്ടമുള്ള അളവില്‍ എല്ലാ ഭക്ഷണങ്ങളും കഴിക്കാന്‍ കഴിഞ്ഞേക്കില്ല. അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുകയും വേണം. പ്രമേഹരോഗികള്‍ പൂര്‍ണ്ണമായും സംസ്‌കരിക്കാത്ത ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. പ്രഭാതഭക്ഷണത്തില്‍ ധാന്യങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീന്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുക. കാര്‍ബോഹൈഡ്രേറ്റിന്റെ ഉറവിടമായ ഓട്‌സില്‍ നാരുകളാല്‍ സമ്പുഷ്ടമായതിനാല്‍ കൂടുതല്‍ നേരം വയറുനിറഞ്ഞതായി തോന്നിപ്പിക്കും. രക്തപ്രവാഹത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലുള്ളതും സ്ഥിരതയുള്ളതുമാണെന്ന് ഉറപ്പുവരുത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഓട്സ് സഹായിക്കുന്നു. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പ്രഭാതഭക്ഷണത്തില്‍ മുട്ടയും ഉള്‍പ്പെടുത്താം. മുട്ടയില്‍ കലോറി കുറവും പ്രോട്ടീനും കൂടുതലാണ്. പഞ്ചസാരയുടെ അളവും ആരോഗ്യവും നിലനിര്‍ത്താന്‍ മുട്ട സഹായിക്കുന്നു. ചിയ വിത്തുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ചിയ വിത്തുകള്‍ക്ക് ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. പ്രോട്ടീന്‍ നിറഞ്ഞതാണ് തൈര്. തൈരിലെ ബാക്ടീരിയകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. തൈരിന് കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ഉണ്ട്. ഇത് പ്രമേഹമുള്ളവര്‍ക്ക് അനുയോജ്യമാണ്. നല്ല അളവില്‍ പ്രോട്ടീന്‍, കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ഡി എന്നിവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണമാണിത്. തൈരില്‍ കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റും ഉയര്‍ന്ന പ്രോട്ടീനും ഉണ്ട്.
*ശുഭദിനം*
*കവിത കണ്ണന്‍*
അതൊരു പണിശാലയായിരുന്നു. ഒരു പാമ്പ് രാത്രി ഇഴഞ്ഞെത്തി. പാമ്പിന്റെ ശരീരത്തില്‍ എന്തോ തട്ടി. വേദനയും ദേഷ്യവും കൊണ്ട് പാമ്പ് പത്തിവിടര്‍ത്തി. തന്നെ ഉപദ്രവിച്ച വസ്തുവിനെ ആഞ്ഞാഞ്ഞ് കൊത്തി. എന്നിട്ടും പക തീരാതെ ചുറ്റിവരിഞ്ഞു. രാവിലെ ആളുകള്‍ പണിശാലയിലെത്തിയപ്പോള്‍ കണ്ടത്, അരിവാളില്‍ ചുറ്റിവരിഞ്ഞ് ദേഹം നിറയെ മുറിവുകളുമായി ചത്തുപോയ പാമ്പിനെയായിരുന്നു. പ്രതികരണങ്ങള്‍ രണ്ടുവിധത്തിലാകാം. വികാരം കൊണ്ടും വിചാരം കൊണ്ടും. വികാരം കൊണ്ട് പ്രതികരിക്കുന്നവര്‍ എന്തിനെയാണ് എതിര്‍ക്കുന്നതെന്നോ എന്തിനാണ് എതിര്‍ക്കുന്നതെന്നോ ചിന്തിക്കാന്‍ നില്‍ക്കാറില്ല. അപ്പോഴുണ്ടാകുന്ന അഹംബോധത്തെ തൃപ്തിപ്പെടുത്തുക എന്നതുമാത്രമാണ് അത്തരക്കാരുടെ ഉദ്ദേശം. ചിന്തിച്ചു ഉത്തരം നല്‍കുന്നവര്‍, പരിഗണന അര്‍ഹിക്കുന്നവയെക്കുറിച്ചു മാത്രമേ ആലോചിക്കൂ.. ഒരു മറുപടിയും നല്‍കാതിരിക്കുക എന്നത് പോലും നല്ലൊരു മറുപടിയാണെന്ന് അവര്‍ക്കറിയാം. വേദനിപ്പിക്കുന്നവര്‍ക്കെല്ലാം തത്തുല്യമായ വേദന സമ്മാനിക്കാനുള്ള ശ്രമത്തിന് ചില പ്രശ്‌നങ്ങളുണ്ട്. പ്രതിക്രിയകള്‍ ഒരിക്കലും അവസാനിക്കില്ല. നമുക്ക് വിചാരം കൊണ്ട് പ്രതികരിക്കാന്‍ ശീലിക്കാം - ശുഭദിനം.
മീഡിയ 16