*പ്രഭാത വാർത്തകൾ*2022 | ഒക്ടോബർ 11 | ചൊവ്വ

◾കിഫ്ബി മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്‍ധനമന്ത്രി തോമസ് ഐസകിനെതിരേ തുടര്‍ സമന്‍സുകള്‍ അയക്കുന്നതു ഹൈക്കോടതി തടഞ്ഞു. എന്നാല്‍ അന്വേഷണം തുടരാമെന്നാണ് ഇടക്കാല ഉത്തരവ്. ഹര്‍ജികളില്‍ റിസര്‍വ് ബാങ്കിനെ കക്ഷി ചേര്‍ത്തു. റിസര്‍വ് ബാങ്കിന്റെ വിശദീകരണം കേട്ടശേഷം അന്തിമ വിധി പുറപ്പെടുവിക്കും.

◾നിയമം ലംഘിക്കുന്ന ടൂറിസ്റ്റു ബസുകള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. പൊതുജനങ്ങളുടെ ജീവനു ഭീഷണിയാകുന്ന വാഹനങ്ങള്‍ക്കെതിരെ സൗമ്യ മനോഭാവം വേണ്ട. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും വേണം. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങള്‍ കര്‍ശനമായി വിലക്കണം. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

◾ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുമെന്നു ഗതാഗത മന്ത്രി ആന്റണി രാജു. വേഗപ്പൂട്ടുകളില്‍ കൃത്രിമത്തിനെതിരെ കര്‍ശന നടപടിയെടുക്കും. ബസിന്റെ നിറം, ലൈറ്റുകള്‍, ശബ്ദസംവിധാനം തുടങ്ങിയ നിയമപ്രകാരമായിരിക്കണം. പരിശോധന തുടരും. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനങ്ങള്‍.

◾മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥര്‍ വേട്ട തുടര്‍ന്നാല്‍ സര്‍വീസ് നിര്‍ത്തുമെന്ന് സ്വകാര്യ ബസുടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍. നിസാര കാരണങ്ങള്‍ കണ്ടെത്തി ഭീമമായ തുക പിഴ ചുമത്തുന്നതു തുടര്‍ന്നാല്‍ ബസോടിക്കാനാവില്ലെന്ന് ഫെഡറേഷന്‍.

◾ഡോളര്‍കടത്തു കേസിലെ വിചാരണ നടപടികള്‍ ബംഗളൂരുവിലേക്കു മാറ്റണമെന്ന എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി കേരളത്തെ കക്ഷി ചേര്‍ത്തു. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാണ് നടപടി. സംസ്ഥാനത്തിന്റെ സത്യവാങ്മൂലം വെള്ളിയാഴ്ച നല്‍കും. ചൂടേറിയ വാദങ്ങളാണ് ഇന്നലെയുണ്ടായത്. കേരള സര്‍ക്കാര്‍ കേസ് അട്ടിമറിക്കുമെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. സ്വപ്ന സുരേഷിനെതിരേ കലാപക്കേസെടുത്തു, ഉന്നതരുടെ പേരു പറയരുതെന്ന് പോലീസ് ഭീഷണിപ്പെടുത്തി, എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ തടയാന്‍ ജൂഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു തുടങ്ങിയ വാദങ്ങളാണ് എന്‍ഫോഴ്സമെന്റ് കോടതിയില്‍ ഉന്നയിച്ചത്.

◾മഞ്ചേരിയിലെ ഗ്രീന്‍വാലിയില്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന. സാമ്പത്തിക ഇടപാടുകളുടെ കൂടുതല്‍ വിശദാംശങ്ങളാണു പരിശോധിക്കുന്നത്. രാത്രിയോടെയാണ് കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘം സ്ഥലത്തെത്തിയത്.

◾ഭക്ഷ്യസുരക്ഷാ വകുപ്പ് കഴിഞ്ഞ മാസം 26 മുതല്‍ ലൈസന്‍സില്ലാത്ത 406 സ്ഥാപനങ്ങള്‍ പൂട്ടിച്ചു. പരിശോധിച്ച 5,764 സ്ഥാപനങ്ങളില്‍ 564 സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടിക്കു നോട്ടീസ് നല്‍കി. ഭക്ഷ്യ വസ്തുക്കളുടെ 70 സാമ്പിളുകള്‍ ശേഖരിച്ച് ലാബില്‍ പരിശോധനയ്ക്കയച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

◾കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങളുടെ വിതരണം നിര്‍ത്തി. സ്റ്റെന്റ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ വിതരണമാണ് നിര്‍ത്തിയത്. രണ്ടു കോടിരൂപ കുടിശികയായ സാഹചര്യത്തിലാണ് വിതരണം നിര്‍ത്തിയതെന്ന് വിതരണക്കാര്‍. ഇതോടെ കാത്ത് ലാബിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു.

◾കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ് കാസര്‍ഗോഡ് ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. സീനത്ത് ബീഗത്തെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം കാസര്‍ഗോഡ് വിളിച്ചുചേര്‍ത്ത റിവ്യൂ യോഗത്തില്‍ പദ്ധതികളെപ്പറ്റി ധാരണപോലുമില്ലാതെ സംസാരിച്ചതിനു മന്ത്രി ഇവരെ ശാസിച്ചിരുന്നു.

◾ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ മാറ്റി. കോട്ടയത്തു ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃ യോഗമാണ് തീരുമാനമെടുത്തത്. സന്ദീപ് വാര്യരെ നീക്കിയത് പാര്‍ട്ടിയുടെ സംഘടനാ കാര്യമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വിശദീകരിച്ചു.

◾വിയ്യൂര്‍ ജയിലില്‍നിന്ന് ആസാമിലെ ജയിലിലേക്കു മാറ്റണമെന്ന ആവശ്യവുമായി പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം സുപ്രീം കോടതിയില്‍. ജയിലിലുള്ള തന്നെ കാണാന്‍ ഭാര്യയ്ക്കും മാതാപിതാക്കള്‍ക്കും വരാന്‍ പ്രയാസമാണെന്നു ചൂണ്ടിക്കാണിച്ചാണ് ജയില്‍ മാറ്റം ആവശ്യപ്പെട്ടത്. 2016 ഏപ്രില്‍ 28 നു കൊലപാതകം നടത്തിയ കേസില്‍ അമീറുള്‍ ഇസ്ലാമിനെ വിചാരണ കോടതി വധശിക്ഷയ്ക്കാണു വിധിച്ചത്.

◾കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ പ്രതികള്‍ക്കു ജാമ്യം. കേസിലെ ഒന്നാം പ്രതിയും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ അരുണ്‍ അടക്കം അഞ്ച് പ്രതികള്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സെപ്റ്റംബര്‍ ആറു മുതല്‍ പ്രതികള്‍ റിമാന്‍ഡിലായിരുന്നു.

◾കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഇക്കഴിഞ്ഞ ദിവസം വിരമിച്ച തമിഴ്നാട്ടുകാരനായ ഡോ. ആര്‍. ചന്ദ്രബാബു ശമ്പള ഇനത്തില്‍ അധികമായി കൈപ്പറ്റിയ എട്ടര ലക്ഷം രൂപ തിരിച്ചടച്ചില്ല. തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫയല്‍ കാണാനുമില്ല. തമിഴ്നാട് സര്‍വകലാശാലയില്‍നിന്നു വിരമിച്ചശേഷമാണ് കേരള കാര്‍ഷിക സര്‍വകലാശാലയില്‍ വിസിയായത്. സര്‍വകലാശാലയിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ പേ സ്ലിപ്പിലെ പിഴവുമൂലമാണ് വിസിക്ക് എട്ടര ലക്ഷം രൂപ അധികമായി ലഭിച്ചത്.

◾പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവു സ്റ്റേ ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി. അധികാരികളില്‍നിന്ന് എല്ലാ അനുമതിയും ലഭിച്ച ശേഷമാണ് ഖനനം നടത്തിയതെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. സംസ്ഥാനത്ത് പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് എല്ലാ വശങ്ങളും പരിഗണിയ്ക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിയ്ക്കുമെന്ന് അറിയിച്ചു.

◾പതിനാറാം വയസില്‍ കാമുകനൊപ്പം കൊച്ചിയിലെത്തി വഞ്ചിക്കപ്പെട്ടെന്നും മയക്കുമരുന്നു മാഫിയയില്‍ കുടുങ്ങിയെന്നും വെളിപെടുത്തിയ സിനിമാ-സീരിയല്‍ നടി അശ്വതി ബാബു വിവാഹിതയായി. കാക്കനാട് സ്വദേശി നൗഫലിനെയാണ് വിവാഹം ചെയ്തത്. തിരുവനന്തപുരം തുമ്പ സ്വദേശിയാണ് അശ്വതി. കൊച്ചിയില്‍ കാര്‍ ബിസിനസ് ചെയ്യുകയാണ് നൗഫല്‍. 2018 ലാണ് അശ്വതി ബാബുവിനെ എംഡിഎംഎയുമായി പൊലീസ് പിടികൂടിയത്.

◾പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ എ. അച്യുതന്‍ അന്തരിച്ചു. 89 വയസായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. യുജിസി, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, സംസ്ഥാന പ്ലാനിങ്ങ് ബോര്‍ഡ് എന്നിവയുടെ വിദഗ്ദ്ധ സമിതി അംഗമായിരുന്നു.

◾പ്രസവിച്ച് പതിനെട്ടാം ദിവസം ഭാര്യയെ മാതാപിതാക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്ന് ഒളിവില്‍ പോയ ഭര്‍ത്താവ് ഒന്നരമാസത്തിന് ശേഷം പിടിയില്‍. തൃശൂര്‍ തളിക്കുളം നമ്പിക്കടവില്‍ ഹഷിത കൊലക്കേസില്‍ ഭര്‍ത്താവ് മുഹമ്മദ് ആസിഫിനെ (38) യാണ് ചങ്ങരംകുളത്തുനിന്നു പിടികൂടിയത്.

◾മലപ്പുറം താനൂര്‍ കാളാട് രണ്ടു വിദ്യാര്‍ത്ഥികള്‍ കനാലില്‍ മുങ്ങിമരിച്ചു. നിറമരുതൂര്‍ ഷരീഫിന്റെ മകന്‍ അഷ്മില്‍, വെളിയോട്ട് വളപ്പില്‍ സിദ്ധീഖിന്റെ മകന്‍ അജ്നാസ് എന്നിവരാണ് മരിച്ചത്. അയല്‍വാസികളായ ഇവര്‍ കൂട്ടുകാര്‍ക്കൊപ്പം കനാലില്‍ കുളിക്കുന്നതിനിടെ മുങ്ങി താഴുകയായിരുന്നു.

◾കോട്ടയം അയര്‍ക്കുന്നത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. അമയന്നൂര്‍ പൂതിരി അയ്യന്‍കുന്ന് കളത്തൂര്‍പറമ്പില്‍ സുനില്‍കുമാര്‍ (52), ഭാര്യ മഞ്ജുള (48) എന്നിവരാണ് മരിച്ചത്.

◾ഹരിപ്പാട് പോക്സോ കേസില്‍ സിപിഐ പ്രവര്‍ത്തകനായ ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ പിടിയില്‍. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി അനില്‍ ജി നായരെയാണ് (46) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥിനിയാണ് പരാതി നല്‍കിയത്.

◾കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസ് കടയിലേക്കു പാഞ്ഞുകയറി ആറു പേര്‍ക്ക് പരുക്കേറ്റു. തലശേരി ജനറല്‍ ആശുപത്രിക്കു സമീപമാണ് അപടമുണ്ടായത്. കെഎസ്ആര്‍ടിസി ബസ് റോഡിലെ ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട ശേഷം കടയിലേക്കു പാഞ്ഞുകയറുകയായിരുന്നു.

◾കേന്ദ്ര സര്‍ക്കാര്‍ 22 ലോഹ ഖനികള്‍ ലേലം ചെയ്യന്നു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗോവ എന്നിവിടങ്ങളിലെ ഖനികളാണു ലേലം ചെയ്യുന്നത്. ആറ് ഇരുമ്പയിര് ബ്ലോക്കുകള്‍, മൂന്ന് ചുണ്ണാമ്പ് ഖനികള്‍, മൂന്നു സ്വര്‍ണ ഖനികള്‍, രണ്ട് അലൂമിനിയം ബ്ലോക്കുകള്‍, ചെമ്പ് ഖനികള്‍, ഫോസ്‌ഫോറൈറ്റ്, ഗ്ലോക്കോണൈറ്റ് എന്നിവയുടെ ഓരോ ബ്ലോക്ക് വീതവും ലേലം ചെയ്യുമെന്ന് ഖനി മന്ത്രാലയം അറിയിച്ചു.

◾പാലുല്‍പ്പന്ന വിതരണക്കാരായ അമുലിനെ അഞ്ചു സഹകരണ സംഘങ്ങളുമായി ലയിപ്പിക്കും. ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ എന്ന സഹകരണ സ്ഥാപനത്തെ ലയിപ്പിച്ച് മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ പറഞ്ഞു.

◾പശ്ചിമ ബംഗാളിലെ മോമിന്‍പൂരില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ മയൂര്‍ഭഞ്ച് പ്രദേശത്തെ നിരവധി വീടുകള്‍ തകര്‍ത്തു, കൊള്ളയടിച്ചു. നബിദിനാഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച മതപതാകകള്‍ നശിപ്പിച്ചതാണ് പ്രകോപന കാരണം. മയൂര്‍ഭഞ്ച്, ഭൂകൈലാഷ് റോഡുകളിലെ നിരവധി വീടുകള്‍ തകര്‍ത്തു. ഏക്ബല്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ തീയിട്ടു. 38 പേരെ കസ്റ്റഡിയിലെടുത്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാര്‍ ഉള്‍പ്പെടെ ഏതാനും നേതാക്കളേയും അറസ്റ്റു ചെയ്തു. അക്രമത്തിന് പിന്നില്‍ ഭീകരസംഘടനകളായ അല്‍ ഖ്വയ്ദയും ഐസിസുമാണെന്ന് ബംഗാള്‍ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരി ആരോപിച്ചു. അയ്യായിരത്തോളം ഹിന്ദുക്കള്‍ പലായനം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

'◾അര്‍ബന്‍ നക്‌സലുകള്‍' പുതിയ രൂപത്തില്‍ ഗുജറാത്തില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നുെണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കളുടെ ജീവിതം നശിപ്പിക്കാന്‍ അനുവദിക്കരുത്. ഗുജറാത്തിലെ ബറൂച്ച് ജില്ലയില്‍ രാജ്യത്തെ ആദ്യത്തെ ബള്‍ക്ക് ഡ്രഗ് പാര്‍ക്കിന് തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഈ വര്‍ഷം അവസാനം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'അര്‍ബന്‍ നക്‌സല്‍' പരാമര്‍ശം.

◾ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനാ വിഭാഗത്തിന് അമ്പും വില്ലിനും പകരം തീപ്പന്തം ചിഹ്നം. ശിവസേന (ഉദ്ദവ് ബാല സാഹേബ് താക്കറെ) എന്ന പേരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു. ഷിന്‍ഡേ നേതൃത്വം നല്‍കുന്ന ശിവസേന ഘടകത്തിന് ചിഹ്നം അനുവദിച്ചിട്ടില്ല. ത്രിശൂലം, ഉദയ സൂര്യന്‍, ഗദ എന്നിവയില്‍ ഏതെങ്കിലും ഒന്ന് ചിഹ്നമായി അനുവദിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. ഇവ മത ചിഹ്നങ്ങളായതിനാല്‍ അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കി. അമ്പും വില്ലും ചിഹ്നം മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ഉദ്ദവ് താക്കറെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

◾ഭാരത് ജോഡോ യാത്രയില്‍ കുട്ടികളെ പ്രചാരണത്തിന് ഉപയോഗിച്ചെന്നു പരാതിയുമായി ബിജെപി. യാത്രയില്‍ കുട്ടികളെ പങ്കെടുപ്പിച്ചെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നോട്ടീസിനു കോണ്‍ഗ്രസ് മറുപടി നല്‍കി. യാത്ര കാണാന്‍ എത്തുന്ന കുട്ടികള്‍ അടക്കമുള്ള ആരേയും തടയാന്‍ തങ്ങള്‍ക്കു കഴിയില്ലെന്നാണ് വിശദീകരണം.

◾പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നു ഹര്‍ജി നല്‍കിയയാള്‍ക്കു താക്കീതു നല്‍കി സുപ്രീംകോടതി. ദേശീയ മൃഗത്തെ പ്രഖ്യാപിക്കുന്ന ജോലിയല്ല കോടതിയുടേത് എന്നായിരുന്നു കോടതി പറഞ്ഞത്. ഇത്തരം ഹര്‍ജിയുമായി എത്തിയാല്‍ ഭാവിയില്‍ പിഴ ശിക്ഷ ചുമത്തുമെന്നും മുന്നറിയിപ്പ് നല്‍കി.

◾രണ്ടു വര്‍ഷം മുമ്പു കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹാവശിഷ്ടം കാമുകന്റെ വീട്ടില്‍നിന്ന് കണ്ടെത്തി. ഫിറോസാബാദിലെ കാമുകന്റെ വീട്ടില്‍ കുഴിച്ചുമൂടിയ മൃതദേഹത്തിന്റെ അസ്ഥികൂടമാണ് പൊലീസ് പുറത്തെടുത്തത്. സംഭവത്തില്‍ കാമുകന്‍ ഗൗരവിനെയും പിതാവിനെയും അറസ്റ്റു ചെയ്തു.

◾ഝാര്‍ഖണ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ അമ്മയുടെ മുന്നിലിട്ട് കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. ദിയോഗര്‍ എന്ന സ്ഥലത്ത് നര്‍ത്തകിയായ മകളുമായി സ്റ്റേജ് ഷോ കഴിഞ്ഞു വരുന്നതിനിടെയാണ് അതിക്രമത്തിന് ഇരയായത്. അമ്മയെ മര്‍ദ്ദിച്ച് ഫോണും പണവും കവര്‍ന്നെന്നും പരാതിയില്‍ പറയുന്നു.

◾സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നു പേര്‍ക്ക്. ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ മുന്‍ അധ്യക്ഷന്‍ ബെന്‍ എസ്. ബെര്‍ണാന്‍കെ, ഷിക്കാഗോ സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡഗ്ലസ് ഡയമണ്ട്, വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഫിലിപ്പ് ഡൈബ്വിഗ് എന്നിവരാണ് നൊബേല്‍ പുരസ്‌ക്കാരം പങ്കിട്ടത്. ബാങ്കുകളുടെ സാമ്പത്തിക പ്രതിസന്ധികളെ കുറിച്ചുള്ള ഗവേഷണ പഠനത്തിനാണ് പുരസ്‌കാരം. ഒമ്പതു ലക്ഷം യുഎസ് ഡോളറാണ് സമ്മാനത്തുക.

◾അടുത്ത ആഴ്ച നടക്കാനിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തിനു മുന്നോടിയായി ചൈനയില്‍ വീണ്ടും ലോക് ഡൗണ്‍. ഒരാഴ്ചത്തെ അവധിക്കാലത്ത് കൊവിഡ് രോഗവ്യാപനം മൂന്നിരട്ടിയായതിനെ തുടര്‍ന്നാണ് ചൈനയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.  

◾പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിക്കാറുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖാര്‍. ജിയോ ന്യൂസിനോട് സംസാരിക്കവേയാണ് ആഗോള വേദികളില്‍ അഫ്ഗാനിസ്ഥാനുവേണ്ടി വാദിക്കാറുണ്ടെന്ന് പറഞ്ഞത്. അഫ്ഗാനിസ്ഥാന്‍ ബുദ്ധിമുട്ടുമ്പോള്‍ പാകിസ്ഥാനു നോക്കിയിരിക്കാനാകില്ല. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ താലിബാന്‍ സര്‍ക്കാരിന് മുന്‍ഗണന നല്‍കാറുണ്ടെന്നും ഖാര്‍ പറഞ്ഞു.

◾ഇറാനിലെ ഹിജാബ് പ്രതിഷേധത്തിനിടെ ഇന്നലെ രണ്ടു സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. ഇതോടെ മഹ്സ അമിനിയുടെ മരണത്തിനു പിറകേ ഇറാനില്‍ ആരംഭിച്ച പ്രതിഷേധങ്ങളില്‍ മരിച്ചവരുടെ എണ്ണം 185 ആയി. ഇതില്‍ 19 കുട്ടികളും ഉള്‍പ്പെടുന്നു.

◾ദേശീയ ഗെയിംസ് ഫുട്ബോള്‍ ഫൈനലില്‍ കേരളവും പശ്ചിമ ബംഗാളും ഏറ്റുമുട്ടും. ഇന്നലെ സെമി ഫൈനലില്‍ കേരളം കര്‍ണാടകയെ എതിരില്ലാത്ത രണ്ടു ഗോളിന് കീഴടക്കി. ബംഗാള്‍ എതിരില്ലാത്ത ഒരു ഗോളിന് സര്‍വീസസിനെ തോല്‍പിച്ചു.

◾ഐഎസ്എല്ലില്‍ മുന്‍ ചാമ്പ്യന്‍മാരായ എടികെ മോഹന്‍ ബഗാനെ ചെന്നൈയിന്‍ എഫ് സി രണ്ടു ഗോളുകള്‍ക്ക് മുട്ടുകുത്തിച്ചു. ആദ്യ പകുതിയില്‍ മന്‍വീര്‍ സിങ് നേടിയ ഗോളില്‍ എടികെ മുന്നിലെത്തിയതായിരുന്നു. രണ്ടാം പകുതിയില്‍ കരികരിയെ ബോക്സില്‍ വീഴ്ത്തിയതിനു ലഭിച്ച പെനല്‍റ്റി ചെന്നൈയിന്‍ ഗോളാക്കി മാറ്റി സമനില പിടിച്ചു. 83 ാം മിനിറ്റില്‍ കരികരിയുടെ പാസില്‍നിന്ന് റഹീം അലി നേടിയ ഗോളിലൂടെ ചെന്നൈയിന്‍ വിജയം ഉറപ്പിച്ചു.

◾സെപ്തംബറില്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് 7,600 കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ച വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്.പി.ഐ) ഈമാസം ആദ്യ ആഴ്ചയില്‍ 2,440 കോടി രൂപയുടെ നിക്ഷേപവുമായി തിരിച്ചെത്തി. ജൂലായില്‍ 5,000 കോടി രൂപയും ആഗസ്റ്റില്‍ 51,200 കോടി രൂപയും നിക്ഷേപിച്ചശേഷമാണ് എഫ്.പി.ഐ സെപ്തംബറില്‍ 7,600 കോടി രൂപ പിന്‍വലിച്ചത്. 2022ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ആകെ പിന്‍വലിക്കപ്പെട്ട എഫ്.പി.ഐ നിക്ഷേപം 1.68 ലക്ഷം കോടി രൂപയാണ്. ഈമാസത്തെ ആദ്യ ആഴ്ചയില്‍ ഇന്ത്യന്‍ കടപ്പത്രവിപണിയില്‍ നിന്ന് 2,950 കോടി രൂപയും എഫ്.പി.ഐ പിന്‍വലിച്ചിട്ടുണ്ട്.

◾കേന്ദ്രസര്‍ക്കാരിന്റെ പ്രത്യക്ഷനികുതി വരുമാനം നടപ്പു സാമ്പത്തികവര്‍ഷം (2022-23) ഏപ്രില്‍ ഒന്നുമുതല്‍ ഒക്ടോബര്‍ എട്ടുവരെയുള്ള കാലയളവില്‍ മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 24 ശതമാനം മുന്നേറി 8.98 ലക്ഷം കോടി രൂപയിലെത്തി. വ്യക്തിഗത ആദായനികുതി, എസ്.ടി.ടി എന്നിവയില്‍ 32 ശതമാനവും കോര്‍പ്പറേറ്റ് നികുതിയില്‍ 16.73 ശതമാനവുമാണ് ഇക്കുറി വരുമാനവളര്‍ച്ച. റീഫണ്ടുകള്‍ കിഴിച്ചുള്ള പ്രത്യക്ഷനികുതി വരുമാനം ഏപ്രില്‍ ഒന്നുമുതല്‍ ഒക്ടോബര്‍ എട്ടുവരെ 7.45 ലക്ഷം കോടി രൂപയാണ്; നടപ്പുവര്‍ഷത്തെ ബഡ്ജറ്റ് ലക്ഷ്യത്തിന്റെ 52.46 ശതമാനമാണ്. നടപ്പുവര്‍ഷം ഇതുവരെ 1.53 ലക്ഷം കോടി രൂപയാണ് നികുതി റീഫണ്ട് നല്‍കിയത്. മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ വര്‍ദ്ധന 81 ശതമാനം. 

◾ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന പുതിയ ചിത്രം 'പ്രിന്‍സി'ന്റെ ട്രെയിലര്‍ പുറത്ത്. ഒരു ഇന്ത്യന്‍ യുവാവ് ബ്രിട്ടീഷ് യുവതിയെ പ്രണയിക്കുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ട്രെയിലറില്‍ ചിത്രീകരിച്ചിരിക്കുന്നത്. അനുദീപ് കെ വി സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലി റിലീസ് ആയി ഒക്ടോബര്‍ 21ന് തിറ്ററുകളില്‍ എത്തും. അതേസമയം പ്രീ റിലീസ് ബിസിനസിലൂടെ ചിത്രം ഇതിനോടകം 100 കോടി പിന്നിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രിന്‍സിന്റെ ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശങ്ങള്‍ 40 കോടിക്കാണ് വിറ്റുപോയത്. സിനിമയുടെ തമിഴ് പതിപ്പിന്റെ തിയേറ്റര്‍ അവകാശം 45 കോടിയും ഓഡിയോ അവകാശം 4 കോടിയ്ക്ക് മുകളിലുമാണ് നേടിയതെന്നാണ് വിവരം. ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ട് എത്തുന്ന 'പ്രിന്‍സി'ന്റെ സംഗീത സംവിധാനം തമന്‍ എസ് ആണ്. സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. യുക്രൈന്‍ താരം മറിയ റ്യബോഷ്പ്കയാണ് നായിക. പ്രേംഗി അമരെന്‍, പ്രാങ്ക്സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

◾മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ വൈശാഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മോണ്‍സ്റ്ററിന്റെ ട്രെയിലറും റിലീസ് ചെയ്തു കഴിഞ്ഞു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത ട്രെയിലര്‍ യൂട്യൂബ് ട്രെന്റിങ്ങില്‍ ഒന്നാമത് എത്തിയിരിക്കുകയാണ്. എട്ട് മണിക്കൂര്‍ കൊണ്ടാണ് ട്രെയിലര്‍ ട്രെന്റിങ്ങില്‍ ഇടംപിടിച്ചിരിക്കുന്നത്. 'ഒരു മില്യണ്‍ കാഴ്ചക്കാരും ട്രെയിലറിന് ലഭിച്ചു കഴിഞ്ഞു. സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരാണ് മോണ്‍സ്റ്ററില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്.

◾ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ മോട്ടോര്‍ ഇന്ത്യ എംടി 15 വി 2 ന്റെ വില നേരിയ തോതില്‍ വര്‍ധിപ്പിച്ചു. മോട്ടോര്‍സൈക്കിളിന്റെ എല്ലാ വര്‍ണ്ണ വകഭേദങ്ങളും ഇപ്പോള്‍ മുമ്പത്തേക്കാള്‍ 500 രൂപ കൂടുതലാണ്. മറ്റെല്ലാ മേഖലകളിലും എംടി 15 വി2 മാറ്റമില്ലാതെ തുടരുന്നു. 18.14ബിഎച്ച്പി കരുത്തും 14.1എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ആര്‍15ലെ 155 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഒരു അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചും സഹിതം ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ഇത് ജോടിയാക്കിയിരിക്കുന്നു. മുന്‍വശത്ത് കുത്തനെ നില്‍ക്കുന്ന ഫോര്‍ക്കുകളും അലുമിനിയം സ്വിംഗാര്‍മും പോലുള്ള ഘടകങ്ങളുള്ള എംടി 15 തികച്ചും പ്രീമിയമാണ്.

◾ലോകത്തെ മാറ്റിമറിക്കുന്നതും ഇന്ത്യയുടെ ഭാവിയെ നിര്‍ണ്ണായകമായി സ്വാധീനിക്കുകയും ചെയ്യുന്ന ശാസ്ത്രസാങ്കേതികവിദ്യകളെക്കുറിച്ച് ഊര്‍ജ്ജസ്വലമായ മനസ്സുകളില്‍ അറിവുപകരാനായിഎ.പി.ജെ. അബ്ദുള്‍ കലാമും എ. ശിവതാണുപിള്ളയും ചേര്‍ന്ന് രചിച്ച ഗ്രന്ഥം. അത്യന്താധുനികവും ഭാവിയില്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്നതുമായ പത്ത് സവിശേഷമായ സാങ്കേതികവിദ്യകള്‍ ഈ പുസ്തകത്തില്‍ സവിസ്തരം ചര്‍ച്ച ചെയ്യുന്നു. 'നമുക്കത് സാധിക്കും മാറ്റത്തിനുവേണ്ടിയുള്ള ചിന്തകള്‍'. ഡോ എ പി ജെ അബ്ദുള്‍ കലാം. അഞ്ചാം പതിപ്പ്. ഡിസി ബുക്സ്. വില 389 രൂപ.

◾കോവിഡ് രോഗികളില്‍ പാനിക് അറ്റാക്ക് അഥവാ അമിതമായ ഉത്കണ്ഠ വര്‍ധിച്ചു വരുന്നതായി പഠനം. വിവാഹിതരില്‍ ഇത് കൂടുതലാണെന്നും കൊച്ചിയിലെ അമൃത ഹോസ്പിറ്റലില്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ഏഷ്യന്‍ പസഫിക് ജേണല്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിനില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിരുന്നു. ഹൃദയമിടിപ്പ് വര്‍ധിക്കല്‍, ശ്വാസതടസ്സം, പേശികളുടെ പിരിമുറുക്കം, നെഞ്ചിലെ അസ്വസ്ഥതകള്‍, അമിതമായ വിയര്‍പ്പ് തുടങ്ങിയ ശാരീരിക ലക്ഷണങ്ങളോടൊപ്പം പെട്ടെന്നുണ്ടാകുന്ന അമിതമായ ആശങ്കയും വരാനിരിക്കുന്ന കാര്യങ്ങളെപ്പറ്റിയുള്ള ചിന്തകളും പാനിക് അറ്റാക്കിന്റെ ലക്ഷണങ്ങളാണ്. ശ്വാസതടസ്സവും നെഞ്ചുവേദനയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങളായതിനാല്‍തന്നെ അമിതമായ ഉത്കണ്ഠ അനുഭവിക്കുന്നവരില്‍ പലരിലും ഇത് ഹൃദയാഘാതമായി കരുതാറുണ്ട്. എന്നാല്‍ ഇസിജി ഉള്‍പ്പടെയുള്ള പരിശോധനകളില്‍ പ്രവര്‍ത്തനങ്ങള്‍ സാധാരണമായിരിക്കും. അതിനാല്‍തന്നെ ശരിയായ രോഗനിര്‍ണയം നടത്തേണ്ടത് വളരെ പ്രധാനമാണ്. ഒരു പാനിക് അറ്റാക്കിന്റെ ദൈര്‍ഘ്യം ഏതാനും സെക്കന്‍ഡുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ അനുഭവപ്പെടാം. എന്നാല്‍ സാധാരണയായി ലക്ഷണങ്ങള്‍ ആരംഭിച്ച് പത്ത് മിനിറ്റിനുള്ളില്‍ അതിന്റെ ഉച്ചസ്ഥായിയിലെത്തുകയും ഏകദേശം 30 മിനിറ്റു വരെ നീണ്ടുനില്‍ക്കുകയും ചെയ്യും. തീവ്രതയോടെ പാനിക് അറ്റാക്ക് വരുമോയെന്ന ഭയമുണ്ടാകുകയും ചെയ്യുമ്പോഴാണ് പാനിക് ഡിസോര്‍ഡറിനുള്ള സാധ്യതയുണ്ടാകുന്നത്. പുരുഷന്മാരിലും സ്ത്രീകളിലും ജോലിയുള്ളവരും തൊഴില്‍രഹിതരുമായ രോഗികളിലും പാനിക് ഡിസോര്‍ഡറിന്റെ വ്യാപനം ഏതാണ്ട് തുല്യമാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. മറ്റ് ശാരീരിക - മാനസിക രോഗങ്ങളുള്ള രോഗികളില്‍ പാനിക് ഡിസോര്‍ഡറിന്റെ വ്യാപനം കൂടുതലാണെന്നും പഠനത്തിലുണ്ട്. പുകവലിക്കാരില്‍ വ്യാപനം കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു. ജീവിതശൈലിയില്‍ മാറ്റം വരുത്തിയും ശ്വസന വ്യായാമങ്ങളിലൂടെയും ഇതിന് പരിഹാരം കണ്ടെത്താനാകും.
𝓣𝓱𝓮 𝓓𝓪𝓲𝓵𝔂 𝓝𝓮𝔀𝓼
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരാള്‍ പാടവരമ്പത്തുകൂടെ നടക്കുകയായിരുന്നു. അയാളുടെ കാലില്‍ പുതിയ ചെരിപ്പായിരുന്നു. അപ്പോഴാണ് മഴ പെയ്തത്. ചെരുപ്പ് മഴനനഞ്ഞാല്‍ ചീത്തയാവുമെന്നത് കൊണ്ട് അയാള്‍ വരമ്പത്തിനടുത്തുളളവീട്ടില്‍ ചെന്ന് തന്റെ ചെരുപ്പ് ഇവിടെ വെയ്ക്കാമോ, മഴ മാറിയിട്ട് താനിതെടുത്തുകൊള്ളാം എന്ന് പറഞ്ഞു. ആ വീട്ടുകാര്‍ അത് സമ്മതിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ വേറെ കുറച്ചാളുകള്‍ ആ വീട്ടിലേക്ക് വന്നു. അവരുടെ കയ്യിലും ഒരു വസ്തുവുണ്ടായിരുന്നു. അവര്‍ ചോദിച്ചു: മഴ പെയ്യുന്നുണ്ട്. മഴ മാറുന്നതുവരെ ഇതിവിടെ വെച്ചിട്ട് ഞങ്ങള്‍ പൊക്കോട്ടെ. മഴ മാറിയതിന് ശേഷം ഞങ്ങള്‍ വന്നിതെടുത്തുകൊള്ളാം. ആ വീട്ടുകാര്‍ പറഞ്ഞു: നിങ്ങള്‍ ഇവിടെ നില്‍ക്കുകയാണെങ്കില്‍ സമ്മതിക്കാം. അല്ലാതെ ഇതിവിടെ വെച്ചിട്ട് പോകാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. രണ്ടാമത്തെയാളുകള്‍ കൊണ്ടുവന്ന ആ വസ്തു ഒരു മൃതദേഹമായിരുന്നു! എത്ര പ്രശ്‌സതനാണെങ്കിലും എത്ര സുന്ദരനോ സുന്ദരിയോ ആണെങ്കിലും ആരും അതിനു സമ്മതിക്കാറില്ല. മരിച്ചുകഴിഞ്ഞാല്‍ ഒരു ചെരുപ്പിന്റെ വില പോലും ഉണ്ടാകില്ല എന്നതാണ് ഈ കഥ നമുക്ക് കാണിച്ചുതരുന്നത്. സത്യത്തില്‍ എന്താണ് ജീവിതത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നത്... മരിക്കുന്ന നിമിഷം വരെ ആ ജീവിതത്തെ അര്‍ത്ഥവത്താക്കി മാറ്റുക .. ഈ ജീവിതം കൊണ്ട് നമുക്ക് ചെയ്യാനുള്ളത് ഇതൊക്കെയാണ്.. മറ്റുളളവര്‍ക്ക് സ്‌നേഹം നല്‍കുക, സേവനം നല്‍കുക, ഒപ്പം നമ്മളെ സ്‌നേഹിക്കുക ... ജീവിതം അര്‍ത്ഥവത്താകട്ടെ - ശുഭദിനം.
മീഡിയ 16