◾ഹിന്ദി അറിയില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരില്‍ ജോലിയില്ല. ഹിന്ദി നിര്‍ബന്ധമാക്കുന്നതടക്കം 112 നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാ സമിതി രാഷ്ട്രപതിക്കു സമര്‍പ്പിച്ചു. റിക്രൂട്ട്മെന്റ് ചോദ്യങ്ങള്‍ ഹിന്ദിയില്‍ മാത്രമേ ആകാവൂവെന്നാണ് ഒരു നിര്‍ദേശം. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ കത്തിടപാടുകളും ഹിന്ദിയിലാക്കണമെന്നും നിര്‍ദേശമുണ്ട്.
◾കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യുകെയിലേക്കു തൊഴില്‍ കുടിയേറ്റത്തിനു വഴിയൊരുക്കുന്ന ധാരണാപത്രത്തില്‍ കേരള സര്‍ക്കാരും യുകെയും ഒപ്പുവച്ചു. കേരള സര്‍ക്കാരിനുവേണ്ടി നോര്‍ക്ക റൂട്ട്സും യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസസുമാണ് ഒപ്പുവച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, നോര്‍ക്ക റൂട്സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലാണു ധാരണാപത്രം ഒപ്പിട്ടത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ക്കു കുടിയേറ്റം സാധ്യമാക്കുന്ന കരാറാണിത്.
◾തിരുവനന്തപുരത്ത് നഗരസഭ റോഡ് വാടകക്കു നല്‍കിയതു വിവാദമായതോടെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയറോട് റിപ്പോര്‍ട്ട് തേടി. പൊതുമരാത്ത് റോഡ് നഗരസഭ സ്വകാര്യ ഹോട്ടലിന് വാടകക്ക് നല്‍കിയതാണോയെന്നാണ് പരിശോധിക്കുന്നത്. എംജി റോഡ് 5,000 രൂപ പ്രതിമാസ വാടകയ്ക്ക് സ്വകാര്യ ഹോട്ടലിന് പാര്‍ക്കിംഗിനു നല്‍കിയതാണ് വിവാദമായത്.
◾പൊതുമരാമത്ത് റോഡ് ഹോട്ടലിനു വാടകയ്ക്കു നല്‍കിയതിനെ ന്യായീകരിച്ച് തിരുവനന്തപുരം കോര്‍പറേഷന്‍. 2017 മുതല്‍ ഇത്തരത്തില്‍ പാര്‍ക്കിംഗ് ഏരിയ വാടകയ്ക്കു നല്‍കാറുണ്ടെന്നാണ് നഗരസഭയുടെ വിശദീകരണം. പാര്‍ക്കിംഗിനായി എത്തുന്ന ആരെയും തടസപ്പെടുത്തരുതെന്നാണ് കരാറെന്നും നഗരസഭ വിശദീകരിച്ചു.
◾എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിനു കേരളത്തില്‍ ഒറ്റ പോളിംഗ് ബൂത്തു മാത്രം. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്താണ് പോളിംഗ് സ്റ്റേഷന്‍ സജ്ജീകരിക്കുന്നതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു.
◾ജോസ് കെ. മാണി വീണ്ടും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍. തോമസ് ചാഴികാടന്‍, ഡോ. എന്‍. ജയരാജ്, പി.കെ സജീവ് എന്നിവരാണ് വൈസ് ചെയര്‍മാന്മാര്‍. എന്‍.എം രാജുവിനെ ട്രഷററായും തെരഞ്ഞെടുത്തു. രാഷ്ട്രീയകാര്യ സമിതിയില്‍ ഏഴു പേരുണ്ട്. കോട്ടയത്ത് നടന്ന പാര്‍ട്ടി ജന്മദിന സമ്മേളനത്തിലാണ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്. 15 ജനറല്‍ സെക്രട്ടറിമാര്‍, 23 ഉന്നതാധികാര സമിതി അംഗങ്ങള്‍, 91 സ്റ്റീയറിംങ് കമ്മിറ്റി അംഗങ്ങള്‍, 131 സെക്രട്ടറിയേറ്റ് അംഗങ്ങള്‍, 536 സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എന്നിവരെയും തെരഞ്ഞെടുത്തു. മന്ത്രി റോഷി അഗസ്റ്റിന്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി തുടരും.
◾ലോക കേരളാസഭയുടെ മേഖലാ സമ്മേളനങ്ങള്‍ സര്‍ക്കാര്‍ ചെലവിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതത് സ്ഥലങ്ങളിലെ പ്രവാസി മലയാളികളാണ് മേഖലാ സമ്മേളനം നടത്തുന്നതെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. ലണ്ടനില്‍ ലോക കേരളാ സഭാ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രമുഖ മലയാളി വ്യവസായി എം.എ യൂസഫലിയും പരിപാടിയില്‍ പങ്കെടുത്തു.
◾മുഖ്യമന്ത്രി കുടുംബസമേതം ലോകം ചുറ്റുന്നതു നാട്ടുകാരുടെ ചെലവിലാണെന്നു മറക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തിരുവനന്തപുരത്തേക്കു കൊണ്ടുവരാതിരുന്നത് മുഖ്യമന്ത്രിക്ക് അതിവേഗം വിദേശയാത്രക്കു പോകാനാണെന്നും സുധാകരന്‍.
◾സംസ്ഥാനത്ത് ഇന്നലെ 1,050 ബസുകളില്‍ നിയമലംഘനം കണ്ടെത്തി. 14 ലക്ഷം രൂപ പിഴ ചുമത്തി. അനധികൃത ലൈറ്റുകള്‍ ഘടിപ്പിച്ചതിനാണ് കുടുതല്‍ കേസുകള്‍. 92 ബസുകള്‍ വേഗപ്പൂട്ടില്‍ തിരിമറി നടത്തിയതായി കണ്ടെത്തി. കഴിഞ്ഞ മൂന്നു ദിവസത്തിനകം 2,400 ബസുകള്‍ക്കെതിരേയാണ് നടപടിയെടുത്തത്.
◾വിദേശ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ തൊടുപുഴയിലെ സ്വകാര്യ റിക്രൂട്ട്മെന്റ് സ്ഥാപനത്തിനെതിരെ അന്വേഷണം. അറുപതിലധികം പരാതി ലഭിച്ചിട്ടുണ്ട്. വിദേശ തൊഴിലിനു റിക്രൂട്ടുമെന്റ് നടത്താന്‍ തൊടുപുഴയിലെ ഒരു സ്ഥാപനത്തിനും ലൈസന്‍സില്ലെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ്.
◾സിപിഐയില്‍നിന്നു രാജിവച്ചെന്ന സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ വ്യാജമെന്ന് മുന്‍ എംഎല്‍എ ഇ എസ് ബിജിമോള്‍. രാഷ്ട്രീയ സ്ഥാനമാനങ്ങള്‍ക്കായി മറ്റു രാഷ്ട്രിയ പാര്‍ട്ടികളിലേക്കു ചേക്കേറുന്നവര്‍ ഉണ്ടാകാം. അവരുടെ കൂട്ടത്തില്‍ തന്റെ പേര് ഉള്‍പ്പെടുത്തേണ്ടെന്ന് ബിജിമോള്‍ ഫേസ്ബുക്കില്‍ കുറിച്ചു.
◾സിപിഎം ഓഫീസില്‍ സഹകരണ മന്ത്രി വി.എന്‍ വാസവന്‍ വിളിച്ചുകൂട്ടിയ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നഗരസഭാ അധ്യക്ഷയോട് കോട്ടയം ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം തേടി. ഏറ്റുമാനൂര്‍ നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജാണ് മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് പുലിവാലു പിടിച്ചത്. ഏറ്റുമാനൂര്‍ മണ്ഡലത്തിലെ റോഡ് വികസന പദ്ധതികളെക്കുറിച്ചു വിശദീകരിക്കാനാണ് മന്ത്രി വി.എന്‍ വാസവന്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്.
◾തൃശൂര്‍ ചൊവ്വന്നൂരില്‍ തട്ടുകടക്കു മുകളിലേക്ക് കാറിടിച്ചു കയറി മധ്യവയസ്‌ക കൊല്ലപ്പെട്ടു. കൊണ്ടരാശ്ശേരി സ്വദേശി സുലോചനയാണ് മരിച്ചത്. ശനിയാഴ്ച രാത്രി പതിനൊന്നിന് ഉന്തുവണ്ടിയില്‍ തട്ടുകട കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് പോകമ്പോഴാണ് അപകടം. നിര്‍ത്താതെ ഓടിച്ചുപോയ വെള്ള സ്വിഫ്റ്റ് കാറിനെ പോലീസ് തെരയുന്നു.
◾തിരുവനന്തപുരത്ത് നഗരമധ്യത്തില്‍ റെസ്റ്റോറന്റില്‍ തീപിടുത്തം. വെള്ളയമ്പലത്തെ സല്‍വാ ഡൈന്‍ എന്ന റെസ്റ്റോറന്റിലാണ് തീപിടുത്തമുണ്ടായത്. തന്തൂരി അടുപ്പില്‍ നിന്നും തീ പടര്‍ന്നതാണെന്നാണ് നിഗമനം. ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു.
◾വര്‍ക്കലയില്‍ ഹോട്ടലില്‍ മദ്യപിച്ചു സംഘര്‍ഷമുണ്ടാക്കിയ സംഭവത്തില്‍ ഇടപെട്ട പൊലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റു. വര്‍ക്കല ടൂറിസം പോലീസ് ഉദ്യോഗസ്ഥരായ ജോജിന്‍ രാജ്, സാംജിത്ത് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മദ്യപിച്ച് ബഹളമുണ്ടാക്കി രണ്ട് യുവാക്കളും ഹോട്ടല്‍ ജീവനക്കാരുമായുള്ള സംഘര്‍ഷത്തിനിടെയാണ് പോലീസിനെ ആക്രമിച്ചത്. കൂടുതല്‍ പോലീസ് എത്തി വെട്ടൂര്‍ സ്വദേശിയായ ധീരജ്, വെമ്പായം ഇരിഞ്ചയം സ്വദേശി രതീഷ് എന്നിവരെ അറസ്റ്റു ചെയ്തു.
◾കിഫ്ബി മസാല ബോണ്ട് കേസിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നല്‍കിയ ഹര്‍ജികളില്‍ ഹൈക്കോടതി ഇന്നു വിധി പറയും.
◾അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആശുപത്രിയില്‍. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
◾കൊല്ലം കടയ്ക്കലില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന കേസില്‍ ക്ഷേത്ര പൂജാരി പിടിയില്‍. കരുനാഗപ്പള്ളി ക്ലാപ്പന സ്വദേശി മണിലാലിനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്.
◾പാലക്കാട് ചാലിശേരിയില്‍ മൂന്നു പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍. പെണ്മക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. രണ്ടു വര്‍ഷത്തോളം പീഡിപ്പിച്ചെന്നാണു പരാതി.
◾കാസര്‍കോട് ഹൊസങ്കടിയില്‍ ഫ്ളാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്നു വില്‍പന നടത്തിയ മഹാരാഷ്ട്ര സ്വദേശിയായ യുവതി അടക്കം രണ്ടു പേര്‍ പിടിയില്‍. മഞ്ചേശ്വരം ബടാജെയിലെ സൂരജ് റായി (26), മഹാരാഷ്ട്ര താനെ സിറ്റി സ്വദേശിനി സെന ഡിസൂസ (23) എന്നിവരെയാണ് അറസ്റ്റ ചെയ്തത്. ഇവരില്‍നിന്ന് 21 ഗ്രാം എംഡിഎംഎ പിടികൂടി.
◾പാര്‍ട്ടിയെ സ്നേഹിക്കുന്ന വലിയൊരു വിഭാഗത്തിന്റെ പിന്തുണ തനിക്കുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ മത്സരിക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പാര്‍ട്ടിയുടെ താഴേതട്ടില്‍നിന്ന് വളര്‍ന്നയാളാണു താന്‍. രാഷ്ട്രീയത്തിലേക്ക് എടുത്തു ചാടിയതല്ല. നല്ല അവസരങ്ങള്‍ സോണിയ ഗാന്ധി തന്നുവെന്നും അദ്ദേഹം പറഞ്ഞു.
◾കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുന്ന ശശി തരൂരിന് മുംബൈയില്‍ പ്രവര്‍ത്തകരുടെ വമ്പന്‍ സ്വീകരണം. പ്രമുഖ നേതാക്കള്‍ എത്തിയില്ലെങ്കിലും പ്രവര്‍ത്തകര്‍ ശശി തരൂരിനെ ആവേശത്തോടെ സ്വീകരിച്ചു. ശശി തരൂരിന് വിജയാശംസയുമായി മുന്‍ എംപി പ്രിയ ദത്തും എത്തി. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് ശത്രുതയില്ലെന്ന് ശശി തരൂര്‍ പറഞ്ഞു.
◾ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ പാര്‍ട്ടി അധ്യക്ഷനായി ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. ദുരൈമുരുകന്‍ ജനറല്‍ സെക്രട്ടറിയായും ടി ആര്‍ ബാലു ട്രഷററായും വീണ്ടും ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു.
◾സുപ്രീം കോടതി ചീഫ് ജസ്റ്റിസാകാനിരിക്കുന്ന ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢിനെതിരെ ആരോപണം. മകന്‍ അഭിഭാഷകനായ കേസിലെ കക്ഷിയെ സഹായിക്കാന്‍ ഇടപെട്ടെന്നാണ് ആരോപണം. ആര്‍.കെ പഠാന്‍ എന്ന അഭിഭാഷകന്റെ ആരോപണം ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തള്ളി.
◾ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ തട്ടി മൂന്നു കുട്ടികളടക്കം അഞ്ചു പേര്‍ വൈദ്യുതാഘാതമേറ്റു മരിച്ചു. നാലു പേര്‍ക്കു പൊള്ളലേറ്റു. നന്‍പാറ മേഖലയിലെ മസുപൂര്‍ ഗ്രാമത്തില്‍ പുലര്‍ച്ചെ ഘോഷയാത്രക്കിടെ വണ്ടിയിലെ ഇരുമ്പുകമ്പി വൈദ്യുതലൈനില്‍ തട്ടിയാണു ഷോക്കേറ്റത്.
◾ഡല്‍ഹിയില്‍ 24 മണിക്കൂറും റെസ്റ്റോറന്റുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്കു തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. ഗതാഗത സേവനങ്ങള്‍, ബിപിഒ, ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനങ്ങള്‍ക്കും 24 മണിക്കൂര്‍ പ്രവര്‍ത്തനത്തിന് അനുമതിയായി. ഡല്‍ഹി ഗവര്‍ണറാണ് അനുമതി നല്‍കിയത്.
◾ഡല്‍ഹി സാമൂഹിക ക്ഷേമ മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ രാജേന്ദ്ര പാല്‍ ഗൗതം രാജിവച്ചു. വിജയ ദശമി ദിനത്തില്‍ നിരവധി പേര്‍ ബുദ്ധമതം സ്വീകരിച്ച പരിപാടിയില്‍ മന്ത്രി പങ്കെടുത്ത് ഹിന്ദു ദൈവങ്ങളെ ആരാധിക്കില്ലെന്നു പ്രതിജ്ഞയെടുത്തത് വിവാദമായിരുന്നു.
◾ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. നാലു പേര്‍ കെട്ടിടത്തില്‍ കുടുങ്ങി. പത്തു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ നാലു വയസുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. ലഹോരി ഗേറ്റില്‍ കനത്ത മഴയ്ക്കിടെ രാത്രി ഏഴരയോടെയാണ് അപകടം.
◾ഗുജറാത്തിലെ ഭരണകക്ഷിയായ ബിജെപിയുടെ നിരവധി നേതാക്കളും പ്രവര്‍ത്തകരും ആം ആദ്മി പാര്‍ട്ടിയെ രഹസ്യമായി പിന്തുണയ്ക്കുന്നുണ്ടെന്ന് അരവിന്ദ് കെജ്രിവാള്‍. തന്നെ ഹിന്ദുവിരുദ്ധനായി വിശേഷിപ്പിച്ച് പോസ്റ്ററുകള്‍ പതിച്ചവര്‍ ചെകുത്താന്റെ സന്തതികളാണെന്നും കെജ്രിവാള്‍ ആക്ഷേപിച്ചു.
◾ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് മതിഭ്രമമാണെന്ന് പ്രശാന്ത് കിഷോര്‍. പ്രശാന്ത് കിഷോര്‍ ബിജെപിക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നിതീഷ് കുമാര്‍ ആരോപിച്ചിരുന്നു. നിതീഷ് കുമാര്‍ രാഷ്ട്രീയമായി ഒറ്റപ്പെട്ടെന്നും വിശ്വസിക്കാനാകാത്തവരാണ് ചുറ്റുമുള്ളതെന്നും പ്രശാന്ത് കിഷോര്‍ ആരോപിച്ചു.
◾ചന്ദ്രനിലെ സോഡിയം സാന്നിധ്യത്തെക്കുറിച്ച് പുതിയ കണ്ടെത്തലുകളുമായി ചന്ദ്രയാന്‍ രണ്ട്. മുന്‍ അനുമാനങ്ങളെക്കാള്‍ കൂടുതല്‍ അളവ് സോഡിയം ചന്ദ്രനിലുണ്ടെന്നാണ് പുതിയ പഠനം. ഇസ്രൊയുടെ ചന്ദ്ര പര്യവേഷണ പേടകത്തിലെ ക്ലാസ് എന്ന എക്സ് റേ സ്പെക്ട്രോമീറ്ററില്‍നിന്ന് ലഭിച്ച വിവരങ്ങളാണ് ഇക്കാര്യം വെളിപെടുത്തിയത്.
◾ഹിജാബ് വിരുദ്ധ പ്രക്ഷോഭം നടക്കുന്ന ഇറാനില്‍ സ്റ്റേറ്റ് ടെലിവിഷന്‍ ചാനലിലെ തത്സമയ വാര്‍ത്താ സംപ്രേക്ഷണം ഹാക്ക് ചെയ്തു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മുഖത്ത് ക്രോസ് ചിഹ്നം വരച്ച് തീപിടിക്കുന്ന ചിത്രങ്ങള്‍ ചേര്‍ത്തു. 'യുവാക്കളുടെ രക്തം നിങ്ങളുടെ കൈകളിലാണ്,' എന്ന സന്ദേശവും എഴുതി.
◾മെഴ്‌സിഡസ്-ബെന്‍സ് സാങ്കേതിക തകരാര്‍മൂലം 59,574 കാറുകളെ തിരിച്ചുവിളിക്കുന്നു. മൂന്നാം നിര സീറ്റ് പ്രശ്‌നം കാരണമാണ് നടപടി. 2018-നും 2022-നും ഇടയില്‍ നിര്‍മ്മിച്ചവയാണു തിരിച്ചുവിളിക്കുന്നതെന്നാണു റിപ്പോര്‍ട്ട്.
◾ഐഎസ്എല്ലിലെ ആവേശപ്പോരാട്ടത്തില്‍ സമനില. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സിയെ സമനിലയില്‍ തളച്ച് മുംബൈ സിറ്റി എഫ്.സി. ഇന്നലെ മുംബൈയുടെ ഹോം ഗ്രൗണ്ടില്‍ വെച്ചുനടന്ന മത്സരത്തില്‍ ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.
◾ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും ആറാടി. ദക്ഷിണാഫ്രിക്കക്കെതിരായ റാഞ്ചി ഏകദിനത്തില്‍ ഇന്ത്യക്ക് ഏഴു വിക്കറ്റിന്റെ വിജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 279 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 45.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമെത്തി. സെഞ്ചുറി നേടി പുറത്താവാതെ നിന്ന ശ്രേയസ്സ് അയ്യരും 93 റണ്‍സെടുത്ത ഇഷാന്‍ കിഷനുമാണ് ഇന്ത്യയുടെ വിജയശില്‍പ്പികള്‍.
◾മാക്സ് വെസ്തപ്പന്‍ കാറോട്ടമത്സരത്തിലെ വേഗരാജാവ്. ഫോര്‍മുല വണ്‍ കിരീടം നിലനിര്‍ത്തി റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പന്‍. ജാപ്പനീസ് ഗ്രാന്‍ഡ് പ്രീയില്‍ ഒന്നാം സ്ഥാനത്തെത്തിയതോടെയാണ് വെസ്തപ്പന്‍ കാറോട്ടമത്സരത്തിലെ വേഗരാജാവായി വീണ്ടും മാറിയത്. കഴിഞ്ഞ സീസണിലും വെസ്തപ്പന്‍ തന്നെയാണ് കിരീടം നേടിയത്.
◾ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ മാതൃകയില്‍ ഉപഭോക്താവിന്റെ ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്താന്‍ സഹായിക്കുന്ന ഇന്‍ഷുറന്‍സ് ഇ- കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഭീമ സുഗത്തിന് ഐആര്‍ഡിഎയുടെ അനുമതി. ഇന്‍ഷുറന്‍സ് പോളിസി തെരഞ്ഞെടുക്കല്‍, ക്ലെയിം സെറ്റില്‍മെന്റ് ഉള്‍പ്പെടെ വിവിധ ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നതാണ് ഭീമ സുഗം. വിവിധ കമ്പനികളുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ ഈ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്. ലൈഫ് ഇന്‍ഷുറന്‍സ് കൗണ്‍സിലും ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലുമാണ് പ്ലാറ്റ്‌ഫോം നിയന്ത്രിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനികള്‍, ഏജന്റ്‌സ്, ഇടനിലക്കാര്‍, ഉപഭോക്താക്കള്‍ എന്നിവയ്ക്ക് ഇതില്‍ പ്രവേശിക്കാന്‍ സാധിക്കും. ഡീമാറ്റ് ഇ- ഭീമ അല്ലെങ്കില്‍ ഇ- ഇന്‍ഷുറന്‍സ് അക്കൗണ്ട് വഴിയാണ് പോളിസിയുടമകള്‍ക്ക് സേവനം ലഭ്യമാക്കുന്നത്. പേപ്പര്‍ രൂപത്തില്‍ രേഖകള്‍ ഇതില്‍ സൂക്ഷിക്കേണ്ടതില്ല.
◾യുഎഇയില്‍ ബിസിനസ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 24 മണിക്കൂറും വീസ സേവനം പ്രഖ്യാപിച്ചു. 60 മുതല്‍ 120 ദിവസം വരെ രാജ്യത്ത് തങ്ങാം. ഒരു തവണ മാത്രമേ രാജ്യത്തേക്കു പ്രവേശനം അനുവദിക്കു. 60 ദിവസം, 90 ദിവസം, 120 ദിവസം കാലാവധിയുള്ള 3 തരം വീസകള്‍ക്ക് ഇടനിലക്കാര്‍ ആവശ്യമില്ല. അപേക്ഷ ലഭിച്ചാല്‍ 48 മണിക്കൂറിനകം വീസ ലഭിക്കും. കുറഞ്ഞത് 6 മാസം കാലാവധിയുള്ള പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, കളര്‍ ഫോട്ടോ, താമസ വിലാസം, താമസ കാലത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് പാക്കേജ്, മടക്കയാത്രാ വിമാന ടിക്കറ്റ്, ബാങ്ക് ഇടപാട് രേഖ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.
◾ഇരട്ട തിരക്കഥാകൃത്തുക്കളും അഭിനേതാക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും സംവിധായകരായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് വെടിക്കെട്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇവര്‍ ഇരുവരുമാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ആസ്വാദകശ്രദ്ധ നേടുകയാണ്. ചിത്രത്തിന്റെ പ്രൊമോ സോംഗ് ആണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. 'അടക്ക വെറ്റില ചുണ്ണാമ്പ്' എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജിതിന്‍ ദേവസ്സിയാണ്. സംഗീതം പകര്‍ന്നിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ശ്യാമപ്രസാദ് ആണ്. ബിഗ് ബോസ് താരം ബ്ലെസ്ലിയുടെ സാന്നിധ്യമാണ് ഗാനത്തിന്റെ മറ്റൊരു ആകര്‍ഷണം. ആലാപനത്തിലെ ഹൈ എനര്‍ജി ദൃശ്യങ്ങളിലെ നൃത്തച്ചുവടുകളിലുമുണ്ട്. ജോബിന്‍ മാസ്റ്ററുടേതാണ് കൊറിയോഗ്രഫി. ഇരുന്നൂറോളം പുതുമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. പുതുമുഖം ഐശ്യര്യ അനില്‍കുമാര്‍ ആണ് ചിത്രത്തിലെ നായിക.
◾കൊവിഡ് കാലത്ത് സംഭവിച്ച തകര്‍ച്ചയ്ക്കു ശേഷം ബോളിവുഡിന് പ്രതീക്ഷ പകര്‍ന്ന ചിത്രമായിരുന്നു ബ്രഹ്‌മാസ്ത്ര. രണ്‍ബീര്‍ കപൂറിനെ നായകനാക്കി അയന്‍ മുഖര്‍ജി സംവിധാനം ചെയ്ത ഫാന്റസി ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രം 25 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 425 കോടിയാണ്. അത്രത്തോളമില്ലെങ്കിലും ബോളിവുഡില്‍ നിന്നുള്ള മറ്റൊരു ചിത്രവും ബോക്സ് ഓഫീസില്‍ മുന്നേറുകയാണ്. ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനും ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച നിയോ നോയര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം വിക്രം വേദയാണ് അത്. മാധവനും വിജയ് സേതുപതിയും ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2017ല്‍ പ്രദര്‍ശനത്തിനെത്തിയ തമിഴ് ചിത്രത്തിന്റെ റീമേക്ക് ആണ് ഇത്. സെപ്റ്റംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് എട്ട് ദിവസം കൊണ്ട് നേടിയത് 103.82 കോടി. ഇതില്‍ വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുള്ള കളക്ഷന്‍ മാത്രം 31.72 കോടി വരും.
◾ജര്‍മ്മന്‍ ആഡംബര കാര്‍ ബ്രാന്‍ഡായ മെഴ്‌സിഡസ്-ബെന്‍സ് സാങ്കേതിക തകരാര്‍ നിമിത്തം 59,574 യൂണിറ്റ് ജിഎല്‍എസ് എസ്യുവികള്‍ തിരിച്ചുവിളിക്കുന്നതായി റിപ്പോര്‍ട്ട്. മൂന്നാം നിര സീറ്റ് പ്രശ്‌നം കാരണമാണ് നടപടി. 2018-നും 2022-നും ഇടയില്‍ നിര്‍മ്മിച്ചവയാണ് ഈ തകരാറിലായ മെഴ്സിഡസ് ബെന്‍സ് ജിഎല്‍എസ് എസ്യുവികള്‍. ഒരു അപകടമുണ്ടായാല്‍ സീറ്റുകള്‍ ലോക്ക് ചെയ്യാത്ത ഒരു തകരാറുമായാണ് ഈ ജിഎല്‍എസ് എസ്യുവികളുടെ മൂന്നാം നിര സീറ്റുകള്‍ വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാര്‍ക്ക് വലിയ പരിക്ക് അല്ലെങ്കില്‍ മരണം ഉറപ്പാണെന്ന് ചുരുക്കം. തുടക്കത്തില്‍, നോര്‍ത്ത് അമേരിക്കന്‍ മാര്‍ക്കറ്റിനായിട്ടാണ് കമ്പനി തിരിച്ചുവിളിക്കല്‍ കാമ്പെയ്ന്‍ പുറപ്പെടുവിച്ചിരിക്കുന്നത്. 2020 മുതല്‍ 2022 മോഡല്‍ വര്‍ഷം വരെയുള്ള 51,998 മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍എസ് എസ്യുവികള്‍ തിരിച്ചുവിളിച്ച മോഡലുകളില്‍ ഉള്‍പ്പെടുന്നു.
◾നിങ്ങള്‍ നിങ്ങളിലേയ്ക്ക് തന്നെ മുങ്ങിത്താഴുന്നതോടെ നിങ്ങളുടെ വൃത്തപരിധിയില്‍ നിന്ന് നിങ്ങള്‍ അകന്നകന്ന് പോയിക്കൊണ്ടിരിക്കുകയാണ്. മറ്റെല്ലാവരും തന്നെ ആ പരിധിയ്ക്ക് പുറത്താണ്. അവര്‍ ആ വൃത്തപരിധിയില്‍ പോലുമല്ല. 'പ്രബുദ്ധതയുടെ സൗരഭ്യം'. ഓഷോ. സൈലന്‍സ് ബുക്സ്. വില 342 രൂപ.
◾നനഞ്ഞിരിക്കുമ്പോള്‍ പൊട്ടിപ്പോകാന്‍ നല്ല സാധ്യതയുള്ള ഒന്നാണ് നമ്മുടെ തലമുടി. ഇതിനു പുറമേ നാം വരുത്തുന്ന ചില തെറ്റുകള്‍ മുടിയുടെ അവസ്ഥയെ കൂടുതല്‍ മോശമാക്കും. ഏറ്റവും ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ മുടിയുടെ ആരോഗ്യത്തെ അത് ബാധിക്കാം. മുടി നന്നായി പരിപാലിക്കാന്‍ അത് കഴുകുന്ന സമയത്ത് ഇനി പറയുന്ന തെറ്റുകള്‍ ഒഴിവാക്കാം. മുടിയുടെ അഴുക്കുകള്‍ മാറ്റാനും വൃത്തിയാക്കാനും ഷാംപൂ സഹായിക്കുമെന്നത് ശരിതന്നെ. എന്നാല്‍ നിരന്തരമുള്ള ഷാംപൂ ഉപയോഗം പ്രകൃതിദത്തമായ എണ്ണയെയും ഈര്‍പ്പത്തെയും ശിരോചര്‍മത്തില്‍ നിന്ന് നീക്കം ചെയ്യുന്നതാണ്. മുടി സ്ഥിരം കഴുകുന്നവരും ഷാംപൂ സ്ഥിരം ഉപയോഗിക്കരുത്. ആഴ്ചയില്‍ ഒന്നില്‍ കൂടുതലൊന്നും ഷാംപൂ ഉപയോഗിക്കേണ്ടതില്ലെന്ന് ഹെയര്‍ സ്റ്റൈലിസ്റ്റുകള്‍ പറയുന്നു. മുടി കഴുകാന്‍ ചൂടു വെള്ളം ഉപയോഗിക്കുന്നത് ശിരോചര്‍മത്തെയും തലമുടിയെയും വരണ്ടതാക്കും. മുടിയുടെ വേരുകളെ ദുര്‍ബലപ്പെടുത്താനും ഇതിടയാക്കും. ആദ്യം ചെറുചൂടു വെള്ളത്തിലും പിന്നീട് തണുത്ത വെള്ളത്തിലും മുടി കഴുകുന്നതാണ് ഉത്തമം. ഇത് ഹെയര്‍ കണ്ടീഷണറും മറ്റും ശിരോചര്‍മത്തിലേക്ക് ഇറങ്ങി ചെല്ലാനും ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കും. കുളി കഴിഞ്ഞയുടനെ ടവലുമായി തലയില്‍ മല്‍പിടുത്തം നടത്തുന്ന രീതിയും മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. പരുക്കനായ ടവലുകള്‍ ഇതിനായി ഉപയോഗിക്കുന്നതും മുടിയെ പ്രതികൂലമായി ബാധിക്കും. മുടിയെ കാറ്റില്‍ ഉണങ്ങാന്‍ വിടുന്നതോ മാര്‍ദവമുള്ള ടവല്‍ ഉപയോഗിച്ച് ചെറുതായി ഒപ്പുന്നതോ ആണ് നല്ലത്. പലതരം ഉത്പന്നങ്ങള്‍ക്കും പലതരം രാസ ഫോര്‍മുലകളാണ് ഉള്ളത്. മുടി ഇതില്‍ ഒരെണ്ണവുമായി പൊരുത്തപ്പെട്ട് വരുമ്പോഴേക്കും അത് മാറ്റി മറ്റൊരെണ്ണം ഉപയോഗിക്കുന്നത് നല്ലതല്ല. മികച്ച നിലവാരമുള്ള ഏതെങ്കിലുമൊരു ഷാംപൂവോ ഹെയര്‍ കണ്ടീഷണറോ തിരഞ്ഞെടുത്ത് പറ്റുമെങ്കില്‍ അതുതന്നെ സ്ഥിരമായി ഉപയോഗിക്കുക.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ രാജാവ് അയാളെ ചെയ്യാത്ത തെറ്റിന് ശിക്ഷ വിധിച്ചു. നല്ല തണുപ്പും മഞ്ഞുമുള്ള രാജ്യമായിരുന്നു അത്. രാത്രി കൊടും ശൈത്യത്തില്‍ അടുത്തുള്ള തടാകത്തില്‍ വെള്ളത്തില്‍ ഇറക്കി നിര്‍ത്തുക. അതായിരുന്നു ശിക്ഷ. അയാളെ ഭടന്‍മാര്‍ ആ വെള്ളത്തില്‍ ഇറക്കി നിര്‍ത്തി. രക്ഷപ്പെടാതിരിക്കാന്‍ രണ്ടുകൈയും വലിച്ച് കെട്ടിയിരുന്നു. നേരം വെളുത്തപ്പോള്‍ അയാളുടെ മരണം ഉറപ്പാക്കാന്‍ എത്തിയ ഭടന്മാര്‍ അത്ഭുതപ്പെട്ടു. അയാള്‍ ജീവനോടെയിരിക്കുന്നു! ഭടന്മാര്‍ ഈ വിവരം രാജാവിനെ അറിയിച്ചു. രാജാവ് അയാളെ കൊട്ടാരത്തില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. കൊട്ടാരത്തില്‍ എത്തിയ അയാളോട് രാജാവ് ചോദിച്ചു: നീയെങ്ങിനെയാണ് ഇത്രയും തണുപ്പത്ത് പിടിച്ചുനിന്നത്? അയാള്‍ പറഞ്ഞു: രാജാവേ, കൊട്ടാരത്തിന്റെ ഏറ്റവും മുകളിലെ നിലയില്‍ ഒരു കിളിവാതില്‍ തുറന്ന് കിടക്കുന്നുണ്ടായിരുന്നു. അവിടെ ഒരു വിളക്ക് നിന്ന് കത്തുന്നുണ്ടായിരുന്നു. ഞാന്‍ ആ വിളക്കിനെ തന്നെ നോക്കിനിന്നാണ് ആ രാവ് വെളുപ്പിച്ചത്. ആ വിളക്കിന്റെ ചൂട് എന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. അതെനിക്ക് തന്നത് വലിയൊരു പ്രതീക്ഷയായിരുന്നു.. പ്രതീക്ഷയെന്ന വാക്കിന് വലിയ അര്‍ത്ഥതലങ്ങളുണ്ട്. ആ പ്രതീക്ഷ എത്രത്തോളം ശക്തമാകുന്നുവോ.. യാഥാര്‍ത്ഥ്യവും അത്രത്തോളം ശക്തമായിരിക്കുക തന്നെ ചെയ്യും.. പ്രതീക്ഷയാണ് നാം ഓരോരുത്തരേയും മുന്നോട്ട് നയിക്കുന്നത്.. എത്ര കൂരിരിട്ടിലും ഒരു വിളക്ക് വഴികാട്ടുമെന്ന പ്രതീക്ഷ.. എത്ര വാതില്‍ അടഞ്ഞാലും തനിക്കായി ഒരു വാതില്‍ തുറക്കുമെന്ന പ്രതീക്ഷ.. അതെ, പ്രതീക്ഷയെ കൈവിടാതിരിക്കുക.. പ്രതീക്ഷയോടെ മുന്നോട്ട് പോവുക - ശുഭദിനം.
MEDIA 16