ഗുവാഹത്തി: റണ്‍മഴ പെയ്‌തിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20 പതിനാറ് റണ്‍സിന് വിജയിച്ച് ഇന്ത്യക്ക് പരമ്പര. ഒരു മത്സരം ശേഷിക്കേയാണ് ഇന്ത്യ പരമ്പര ഉറപ്പിച്ചത്. ഇന്ത്യയുടെ 237 റണ്‍സ് പിന്തുടര്‍ന്ന പ്രോട്ടീസിന് 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 215 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഡേവിഡ‍് മില്ലര്‍ സെഞ്ചുറിയും, ക്വിന്‍റണ്‍ ഡികോക്ക് അര്‍ധ സെഞ്ചുറിയുമായി പുറത്താകാതെ നിന്നു. കാര്യവട്ടത്തെ ആവര്‍ത്തനം പോലെ തന്‍റെ ആദ്യ ഓവറില്‍ തന്നെ പേസര്‍ അര്‍ഷ്‌ദീപ് സിംഗ് കൊടുങ്കാറ്റായപ്പോള്‍ 1.4 ഓവറില്‍ രണ്ട് റണ്‍സിനിടെ ദക്ഷിണാഫ്രിക്കയ്‌ക്ക് ഇരട്ട വിക്കറ്റ് നഷ്‌ടമായി. ഏഴ് പന്ത് നേരിട്ട ക്യാപ്റ്റന്‍ തെംബാ ബാവുമ അക്കൗണ്ട് തുറക്കാതെ വിരാട് കോലിയുടെ കൈകളിലെത്തിയപ്പോള്‍ റിലീ റൂസ്സോ(2 പന്തില്‍ 0) കാര്‍ത്തിക്കിന്‍റെ ക്യാച്ചില്‍ മടങ്ങി. ഏയ്‌ഡന്‍ മാര്‍ക്രം 19 പന്ത് നേരിട്ട് നാല് ഫോറും ഒരു സിക്‌സറും ഉള്‍പ്പടെ 33 റണ്‍സുമായി അക്‌സര്‍ പട്ടേലിനും കീഴടങ്ങി. അവിടുന്നങ്ങോട്ട് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ് കൊണ്ടുപോവുകയായിരുന്നു ക്വിന്‍റണ്‍ ഡികോക്കും ഡേവിഡ് മില്ലറും. ഇരുവരും ക്രീസില്‍ നില്‍ക്കേ 13 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 110/3 എന്ന നിലയിലായിരുന്നു സന്ദര്‍ശകര്‍. തകര്‍ത്തടിച്ച മില്ലര്‍ 25 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയതോടെ പ്രോട്ടീസ് പ്രതീക്ഷയിലായി. പിന്നാലെ അക്‌സറിനെ പൊരിച്ച് ഡികോക്കും ട്രാക്കിലായി. 58 പന്തില്‍ ഇരുവരും 100 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഡിക്കോക്കും ഫിഫ്റ്റി കണ്ടെത്തി. എങ്കിലും 238 എന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് പ്രോട്ടീസ് എത്തിയില്ല. 46 പന്തില്‍ സെഞ്ചുറി തികച്ച മില്ലറുടെ പോരാട്ടം പാഴായി. മില്ലര്‍ 47 പന്തില്‍ 106 ഉം ഡികോക്ക് 48 പന്തില്‍ 69 ഉം റണ്‍സുമായി പുറത്താകാതെ നിന്നു. ഗുവാഹത്തിയില്‍ കെ എല്‍ രാഹുലും രോഹിത് ശര്‍മ്മയും തുടക്കമിട്ട ബാറ്റിംഗ് വെടിക്കെട്ട് സൂര്യകുമാര്‍ യാദവും വിരാട് കോലിയും ആളിക്കത്തിക്കുകയും ഏറ്റവുമൊടുവില്‍ ദിനേശ് കാര്‍ത്തിക് ഫിനിഷ് ചെയ്യുകയും ചെയ്‌തപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20യില്‍ ഇന്ത്യ ഹിമാലയന്‍ സ്കോറിലെത്തുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 237 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ എഴുതിച്ചേര്‍ത്തത്. കെ എല്‍ രാഹുല്‍(28 പന്തില്‍ 57), രോഹിത് ശര്‍മ്മ(37 പന്തില്‍ 43), സൂര്യകുമാര്‍ യാദവ്(22 പന്തില്‍ 61), വിരാട് കോലി(28 പന്തില്‍ 49*), ഡികെ(7 പന്തില്‍ 17*) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ സ്കോര്‍. കെ എല്‍ രാഹുല്‍ 24 പന്തിലും സൂര്യകുമാര്‍ യാദവ് 18 പന്തിലും അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. പ്രോട്ടീസ് ബൗളര്‍മാരില്‍ നാല് ഓവറില്‍ 23 റണ്‍സിന് രണ്ട് വിക്കറ്റ് നേടിയ കേശവ് മഹാരാജ് ഒഴികെയുള്ളവരെല്ലാം അടിവാങ്ങി വലഞ്ഞു. നാല് ഓവറില്‍ കാഗിസോ റബാഡ 57 ഉം വെയ്‌ന്‍ പാര്‍നല്‍ 54 ഉം ലിങ്കി എന്‍ഗിഡി 49 ഉം ആന്‍റിച് നോര്‍ക്യ മൂന്ന് ഓവറില്‍ 41 ഉം റണ്‍സ് വഴങ്ങി. അവസാന 5 ഓവറില്‍ 82 റണ്‍സ് ഇന്ത്യ അടിച്ചുകൂട്ടി.