ടി20 ലോകകപ്പില്‍ നടപ്പിലാവുന്ന 5 പുതിയ നിയമങ്ങള്‍

മെല്‍ബണ്‍: കണ്ടു ശീലിച്ച കളിയില്‍ നിന്ന് ഒട്ടേറെ മാറ്റങ്ങളോടെയാണ് ഇത്തവണത്തെ ടി20 ലോകകപ്പിന് ഓസ്ട്രേലിയയില്‍ തുടക്കമാകുക. ഇതില്‍ ചില നിയമങ്ങള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ നിലവില്‍ വന്നെങ്കില്‍ മറ്റു ചിലത് ലോകകപ്പില്‍ നടപ്പിലാവും. ടി20 ലോകകപ്പിലെ പുതിയ 5 പരിഷ്കാരങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

അശ്വിന് അഭിമാനിക്കാം, ഇനി മങ്കാദിംഗ് ഇല്ല പകരം റണ്‍ ഔട്ട്

ബൗളര്‍ പന്ത് കൈയില്‍ നിന്ന് വിടുന്നതിന് മുമ്പ് നോണ്‍ സ്ട്രൈക്കര്‍ ക്രീസ് വിടുമ്പോള്‍ പുറത്താക്കുന്ന രീതിക്ക് ഇനി മുതല്‍ മങ്കാദിംഗ് എന്നതിന് പകരം റണ്‍ ഔട്ട് എന്നാണ് അറിയപ്പെടുക. മാന്യതയില്ലാത്ത പുറത്താക്കുന്ന രീതി എന്നതില്‍ നിന്നും നിയമപരമായി പുറത്താക്കാനുള്ള രീതിയായി മങ്കാദിംഗിനെ ഐസിസി മാറ്റിയിട്ടുണ്ട്. ഐപിഎല്ലിനിടെ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ജോസ് ബട്‌ലറെ അശ്വിന്‍ മങ്കാദിംഗിലൂടെ പുറത്താക്കിയതോടെയാണ് ഇതു സംബന്ധിച്ച് ക്രിക്കറ്റ് ലോകം രണ്ട് തട്ടിലായതും ഐസിസി നിയമം പരിഷ്കരിച്ചതും.

ക്യാച്ചിനുശേഷം സ്ട്രൈക്ക് പുതിയ ബാറ്റര്‍ക്ക്

ക്യാച്ച നല്‍കി ഒരു ബാറ്റര്‍ ഔട്ടാവുമമ്പോള്‍ ആ ക്യാച്ച് ഫീല്‍ഡര്‍ പൂര്‍ത്തിയാക്കും മുമ്പ് ബാറ്റര്‍മാര്‍ റണ്ണിനായി പരസ്പരം ക്രോസ് ചെയ്തിരുന്നുവെങ്കില്‍ ഇതുവരെ നോണ്‍ സ്ട്രൈക്കര്‍ക്ക് അടുത്ത പന്ത് സ്ട്രൈക്ക് ചെയ്യാമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ക്യാച്ച് എടുക്കും മുമ്പ് ക്രോസ് ചെയ്തും പുതിയ ബാറ്റര്‍ തന്നെ അടുത്ത പന്ത് നേരിടണം.

കുറഞ്ഞ ഓവര്‍ നിരക്കിന് ഗ്രൗണ്ടില്‍ തന്നെ ശിക്ഷ

നിശ്ചിത സമയത്ത് ഓവറുകള്‍ എറിഞ്ഞു തീര്‍ത്തില്ലെങ്കില്‍ ഇനി മുതല്‍ ഗ്രൗണ്ടില്‍ തന്നെ ശിക്ഷ ലഭിക്കും. നിശ്ചിത സമയത്ത് അവസാന ഓവറിലെ ആദ്യ പന്ത് എറിയാന്‍ തയാറെങ്കിലും ആയില്ലെങ്കില്‍ പൂര്‍ത്തിയാവാനുള്ള ഓവറുകളില്‍ സര്‍ക്കിളിന് പുറത്ത് ബൗണ്ടറിയില്‍ നാലു ഫീല്‍ഡര്‍മാരെ മാത്രമെ അനുവദിക്കൂ. ഒരു ഇന്നിംഗ്സ് പൂര്‍ത്തിയാക്കാന്‍ അനുവദിച്ചിരിക്കുന്ന 90 മിനിറ്റിനുള്ളില്‍ 18 ഓവര്‍ എന്തായാലും പൂര്‍ത്തിയാക്കിയിരിക്കണം. ഇത് കഴിഞ്ഞുള്ള രണ്ട് ഓവറിലായിരിക്കും ഒരു എക്സ്ട്രാ ഫീല്‍ഡറെ കൂടി സര്‍ക്കിളിനകത്ത് നിയോഗിക്കേണ്ടിവരിക.

പിച്ചില്‍ തന്നെ കളിക്കേണ്ടിവരും

ഒരു പന്തില്‍ ബാറ്റര്‍ ഷോട്ട് പായിക്കുന്നത് പിച്ചിലെ പ്ലേയിംഗ് ഏരിയയുടെ ഏതെങ്കിലും ഭാഗത്തു നിന്നായിരിക്കണം. പിച്ചിന് പുറത്തുപോയി ഷോട്ട് പായിച്ചാല്‍ അത് ഡെഡ് ബോളായിട്ടാവും കണക്കാക്കുക.

വെറുതെ നീങ്ങിയാലും പിഴ

ബൗളര്‍ പന്തെറിയാനായി റണ്‍ അപ് തുടങ്ങിയശേഷം ഫീല്‍ഡര്‍ ബാറ്ററുടെ ശ്രദ്ധ മാറ്റുന്ന വിധത്തില്‍ അനാവശ്യമായി നിന്നിടത്തുനിന്ന് നീങ്ങിയാല്‍ ആ പന്ത് ഡെഡ് ബോളായി അമ്പയര്‍ വിളിക്കുക്കുയും ബൗളിംഗ് ടീമിന് അഞ്ച് റണ്‍സ് പെനല്‍റ്റി വിധിക്കുകയും ചെയ്യും.