ദില്ലി : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിന് അന്തിമ ചിത്രമായി. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് വൈകിട്ട് അവസാനിച്ചതോടെ മുതിര്‍ന്ന നേതാക്കളായ ശശി തരൂരിനെയും മല്ലികാര്‍ജുന ഖാര്‍ഗെയെയും അധ്യക്ഷൽ സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥികളായി മധുസൂദൻ മിസ്ത്രി വാർത്ത സമ്മേളനത്തിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇരുവർക്കും ഇന്ന് മുതൽ ഔദ്യോഗികമായി പ്രചാരണം നടത്താം. ഈ മാസം 17 ന് രഹസ്യ ബാലറ്റ് വഴിയാകും വോട്ടെടുപ്പ് നടക്കുക. 19 ന് വോട്ടെണ്ണലും നടക്കും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക ബാലറ്റ് വഴി തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കും. എഐസിസി ആസ്ഥാനത്തും ഭാരത് ജോഡോ ബൂത്തും അടക്കം ആകെ 69 ബൂത്തുകളാണ് സജ്ജീകരിക്കുകയെന്നും മിസ്ത്രി അറിയിച്ചു. അതേ സമയം, കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന് തുറന്നടിച്ച് ശശി തരൂര്‍ രംഗത്തെത്തി. ഭാരവാഹിത്വം രാജി വയ്ക്കാതെ പോലും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് പിന്നില്‍ നേതാക്കള്‍ അണിനിരക്കുന്നതിലാണ് തരൂര്‍ അതൃപ്തി പരസ്യമാക്കിയത്. തെരഞ്ഞെടുപ്പ് സമിതി നിര്‍ദ്ദേശങ്ങളെ കാറ്റില്‍ പറത്തി ഖാര്‍ഗെ തന്നയൊണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന നിര്‍ദ്ദേശം എഐസിസി തലപ്പത്തും നിന്ന് താഴേക്കെത്തിയിട്ടുണ്ട്. പിസിസികള്‍ ഒന്നടങ്കം ഖാര്‍ഗെക്ക് പിന്നില്‍ അണി നിരക്കുമ്പോള്‍ രഹസ്യബാലറ്റിലൂടെ മോശമല്ലാത്ത പിന്തുണ തനിക്ക് കിട്ടുമെന്നാണ് തരൂരിന്‍റെ പ്രതീക്ഷ.