പഴത്തിന്റെ മറവിൽ കടത്തിയത് 1978 കോടിയുടെ മയക്കുമരുന്ന്: 502 കോടിയുടെ കൊക്കെയ്ൻ കടത്ത് കേസിലും വിജിൻ അറസ്റ്റിൽ

 502 കോടിയുടെ കൊക്കെയ്ൻ കടത്ത് കേസിലും വിജിൻ അറസ്റ്റിൽ
 ഒക്ടോബർ അഞ്ചിന് 502 കോടി രൂപയുടെ 50 കിലോ കൊക്കെയ്ൻ പിടിച്ച സംഭവത്തിലും മലയാളികളായ വിജിനും മൻസൂറിനും പങ്കുണ്ടെന്നാണ് ആരോപണംതിരുവനന്തപുരം: പഴങ്ങളുടെ ഇറക്കുമതിയുടെ മറവിൽ ഇന്ത്യയിലേക്ക് കടത്തിയത് 1978 കോടിയുടെ മയക്കുമരുന്നാണെന്ന് ഡിആർഐ റിപ്പോർട്ട്. സെപ്തംബർ 30 ന് വലൻസിയ ഓറഞ്ച് എന്ന പേരിൽ എത്തിയ ലോഡിൽ പിടിച്ചെടുത്ത മയക്കുമരുന്നുകൾക്ക് പുറമെ ഒക്ടോബർ അഞ്ചിന് 502 കോടി രൂപയുടെ 50 കിലോ കൊക്കെയ്ൻ പിടിച്ച സംഭവത്തിലും മലയാളികളായ വിജിനും മൻസൂറിനും പങ്കുണ്ടെന്നാണ് ആരോപണം. ഈ കേസിലും വിജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
2018 മുതൽ ഇവർ ഇത്തരത്തിലുള്ള ഇടപാട് നടത്തിയെന്ന് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. ഗ്രീൻ ആപ്പിൾ സൂക്ഷിച്ച കണ്ടെയ്നറിലായിരുന്നു കഴിഞ്ഞ ദിവസം കൊക്കെയ്ൻ കടത്തിയത്. അതേസമയം ഗുജറാത്ത് തീരത്ത് 50 കിലോ ഹെറോയിൻ പാക് ബോട്ടിൽ നിന്ന് പിടിച്ചെടുത്ത സംഭവത്തിന് മുംബൈയിലെ പഴം ഇറക്കുമതിയുടെ മറവിലെ മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്. ഗുജറാത്ത് ആറ് പാക് പൗരന്മാരെ അടക്കം 350 കോടി രൂപയുടെ മയക്കുമരുന്നുമായി പിടികൂടുകയായിരുന്നു.സെപ്തംബർ 30 ന് 198 കിലോ വീര്യം കൂടിയ ക്രിസ്റ്റൽ മെത്ത്, 9 കിലോ കൊക്കൈയ്ൻ എന്നിവയാണ് മുംബൈ തീരത്ത് വെച്ച് പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ ഏതാണ്ട് 1476 കോടി വിലവരുന്ന ലഹരി മരുന്നാണ് ഡിആർഐ പിടികൂടിയത്. ട്രക്കിൽ കടത്തുന്നതിനിടെ വഴിയിൽ തടഞ്ഞ് പിടികൂടുകയായിരുന്നു. വലൻസിയ ഓറഞ്ച് എന്ന പേരിലാണ് ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ് ബർഗിൽ നിന്ന് ലഹരി മരുന്ന് എത്തിച്ചത്. എറണാകുളം സ്വദേശി വിജിൻ വർഗീസിന്‍റെ കമ്പനിയായ യമ്മി ഇന്‍റർനാഷണൽ ഫുഡ്സ് എന്ന കമ്പനിയുടെ പേരിലായിരുന്നു ഇറക്കുമതി. ചോദ്യം ചെയ്യലിനിടെ തന്‍റെ കൂട്ടാളി കാസർകോട് സ്വദേശിയായ മൻസൂ‍ർ തച്ചൻ പറമ്പൻ എന്നയാളാണ് പിടികൂടിയ കൺസൈൻമെന്‍റ് എത്തിക്കാൻ മുൻകൈ എടുത്തതെന്ന് വിജിൻ പറഞ്ഞു. മുൻപ് പലവട്ടം മൻസൂറുമായി ചേർന്ന് പഴവർഗങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ മൻസൂറിന് പങ്കില്ലെന്നാണ് കുടുംബം പറയുന്നത്.

കൊവിഡ് കാലത്ത് ദുബായിലേക്ക് മാസ്ക് കയറ്റി അയച്ചുള്ള കച്ചവടത്തിലൂടെയാണ് ഇരുവരും സൗഹൃദം തുടങ്ങുന്നത്. പിന്നീട് മറ്റ് ബിസിനസുകളിലും സഹകരിക്കാൻ തീരുമാനിച്ചു. കച്ചവടത്തിൽ മൻസൂറുമായി 70:30 അനുപാതത്തിലാണ് ലാഭം പങ്കുവെച്ചിരുന്നത്. വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുപോവാനാണോ ഇന്ത്യയിൽ വിതരണം ചെയ്യാനാണോ ഇത്രയും അളവ് ലഹരി മരുന്ന് എത്തിച്ചതെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്. വിജിന്‍റെ സഹോദരനും യമ്മി ഇന്‍റർനാഷണൽ ഫുഡ്സ് എന്ന സ്ഥാപനത്തിന്‍റെ സഹ ഉടമയുമായ ജിബിൻ വർഗീസിനെ കേന്ദീകരിച്ചും അന്വേഷണം തുടരുന്നുണ്ട്.