നെടുമങ്ങാട് ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലറുടെ മേൽനോട്ടത്തിൽ ആണ് അന്വേഷണ സംഘത്തെ രൂപീകരിച്ചത്. കഴിഞ്ഞ 8 ദിവസമായി വിദ്യാർത്ഥിനിയെ കുറിച്ചുള്ള വിവരം ലഭിക്കാത്ത പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു തീരുമാനം കൈകൊണ്ടത്. തിരുവനന്തപുരം റൂറൽ എസ്.പി ശിൽപയുടെ നിർദ്ദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുന്നത്. പെൺകുട്ടിയെ കുറിച്ചുള്ള ചില സുപ്രധാന രേഖകൾ കിട്ടിയിട്ടുണ്ടെന്നും ഉടൻതന്നെ പെൺകുട്ടിയെ കണ്ടെത്താൻ സാധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് പോത്തൻകോട് ഇൻസ്പെക്ടർ മിഥുൻ പറഞ്ഞു.ഈ കഴിഞ്ഞ മുപ്പതാം തീയതിയാണ് പത്തൊന്‍പത് വയസുകാരിയായ സുആദയെ വീട്ടിൽ നിന്നും കാണാതായത്.തുടർന്ന് സുആദ ബസിൽ കയറി തിരുവനന്തപുരത്തേക്ക് പോകുന്നതിന്റെ സിസി ക്യാമറ ദൃശ്യം ലഭിച്ചെങ്കിലും പെൺകുട്ടിയെ കണ്ടെത്താൻ പോലിസിന് കഴിഞ്ഞില്ല.
ജാസ്മിൻ സജൂൻ ദമ്പതികളുടെ മകളും തിരുവനന്തപുരം എംജി കോളേജിലെ ഒന്നാം വര്‍ഷ ഫിസിക്സ് വിദ്യാര്‍ത്ഥിനിയുമായ സുആദയെയാണ് കാണാതായത് . പോത്തന്‍കോട്, കന്യാകുളങ്ങര തുടങ്ങിയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത് .
കുട്ടി പോകാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും പൊലീസും ബന്ധുക്കളും അന്വേഷിച്ചു. എന്നാൽ ഇതുവരെയും ഒരു വിവരവും ലഭിച്ചിട്ടില്ല. സുആദയുടെ ഫോണിന്റെ കാൾലിസ്റ്റ് പരിശോധിച്ച പോത്തൻകോട് പോലീസ് നിരവധി പേരെ ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞു . കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുആദ വീട്ടില്‍ നിന്ന് ഇറങ്ങിയത്. കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കാന്‍ പോയതെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്.പക്ഷെ വൈകിട്ട് നാലരയ്ക്ക് വീട്ടില്‍ നിന്നിറങ്ങിയ സുആദ ട്യൂഷന്‍ സമയം കഴിഞ്ഞ് നേരം വൈകിയിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ അന്വേഷണം നടത്തിയത്. ബന്ധുക്കളും പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കന്യാകുളങ്ങരയിലെ ഒരു കടയിലെ സിസിടിവി ദൃശ്യത്തിൽ നിന്നും സുആദ റോഡ് മുറിച്ചു കടക്കുന്നതും, കെ.എസ്.ആര്‍.ടി.സി സൂപ്പർഫാസ്റ്റ് ബസിൽ കയറി തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നതും വ്യക്തമാണ്.
ഫോണ്‍ പരിശോധിച്ചെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചില്ല. സുഹൃത്തുക്കളെ വിളിച്ച് അന്വേഷിച്ചെങ്കിലും അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമില്ല . വീടിന് അടുത്തുള്ള ഒരു കടയില്‍ നിന്ന് സുആദ നൂറ് രൂപ വാങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരു ബാഗും അതിൽ മൂന്ന് ജോഡി വസ്ത്രങ്ങളും സുആദയുടെ കൈവശമുണ്ട്.