കേരളത്തിലെ ഹയർ സെക്കൻഡറി, വിഎച്ച്‌എസ്‌ഇ ബോർഡുകൾ ഈ വർഷം നടത്തിയ 12–ാം ക്ലാസ് പരീക്ഷകളിൽ 80–ാം പെർസെന്റൈലിൽ കൂടുതൽ വരുന്നതിനുവേണ്ട മാർക്കു നേടി, റഗുലർ ബിരുദ കോഴ്സിലെ ഒന്നാം വർഷ ക്ലാസിൽ ചേർന്നു പഠിക്കുന്നവരിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ‘സെൻട്രൽ സെക്‌ടർ സ്‌കോളർഷിപ് 2022–23’ നൽകും (പരീക്ഷ ജയിച്ചവരിൽ ആദ്യത്തെ 20% പേരിൽപ്പെടണം).
അപേക്ഷകരുടെ പ്രായം: 18–25. കുടുംബ വാർഷികവരുമാനം നാലര ലക്ഷം രൂപ കവിയരുത്. കറസ്പോണ്ടൻസ് / ഡിസ്റ്റൻസ് / ഡിപ്ലോമ കോഴ്സുകാരും മറ്റേതെങ്കിലും സ്കോളർഷിപ് കിട്ടുന്നവരും അപേക്ഷിക്കേണ്ട.
www.scholarships.gov.in എന്ന ദേശീയ പോർട്ടലിൽ റജിസ്റ്റർ ചെയ്ത് ഓൺലൈൻ അപേക്ഷ ഈ മാസം 31 വരെ നൽകാം. അപേക്ഷയുടെ പ്രിന്റ്, വരുമാന/ യോഗ്യത/ ജാതി സർട്ടിഫിക്കറ്റുകൾ, പ്രിൻസിപ്പൽ നൽകിയ പ്രവേശന റിപ്പോർട്ട് എന്നിവ, അപേക്ഷിച്ച് 5 ദിവസത്തിനകം കോളജിൽ നൽകണം. നേരത്തേ കിട്ടിയിരുന്ന സ്കോളർഷിപ് പുതുക്കാനും ഇപ്പോൾ അപേക്ഷിക്കാം. പുതുക്കുന്നതിന് വരുമാന സർട്ടിഫിക്കറ്റ് വേണ്ട.
ദേശീയതലത്തിൽ ആകെ 82,000 സ്കോളർഷിപ്പുകളുള്ളത് നിർദിഷ്ട മാനദണ്ഡപ്രകാരം ഓരോ സംസ്ഥാനത്തിനും വകയിരുത്തിയിട്ടുണ്ട്. കേരളത്തിന്റെ വിഹിതം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യമായി വീതിക്കും. പട്ടികജാതി / വർഗ, പിന്നാക്ക, വിഭാഗക്കാർക്ക് യഥാക്രമം 15 / 7.5 / 27 ശതമാനം സ്കോളർഷിപ്പുകൾ നീക്കിവച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് 5 ശതമാനവും.
https://chat.whatsapp.com/B8DShY5rctZBfnEO9C4Jak
https://scholarships.gov.in എന്ന ദേശീയ പോർട്ടലിലും, പദ്ധതി കേരളത്തിൽ നടപ്പാക്കുന്ന കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പിന്റെ www.dcescholarship.kerala.gov.in എന്ന സൈറ്റിലെ Notification ലിങ്കിലും വിവരങ്ങളുണ്ട്. സംശയ പരിഹാരത്തിന് ഫോൺ : 011-0120 – 6619540 / 0471-2306580, helpdesk@nsp.gov.in. സിബിഎസ്ഇ, ഐഎസ്‌സി യോഗ്യത നേടിയവർക്കും ഈ സ്കോളർഷിപ്പിന് അർഹതയുണ്ട്. ദേശീയ പോർട്ടലിലും കോളജുകളിലും വിവരങ്ങൾ ലഭിക്കും.
അഞ്ച് വർഷം വരെ സഹായം; വർഷംതോറും പുതുക്കണം
അഞ്ച് വർഷം വരെ സഹായം കിട്ടും. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങൾക്ക് 3:3:1 അനുപാതത്തിൽ സ്കോളർഷിപ്പുകൾ വീതിക്കും. ബിരുദതലത്തിൽ 12,000 രൂപ, ബിരുദാനന്തര തലത്തിൽ 20,000 രൂപ എന്ന ക്രമത്തിലാണു വാർഷിക സ്കോളർഷിപ്.
വർഷംതോറും സ്കോളർഷിപ് പുതുക്കണം. 75% ഹാജരും വാർഷിക പരീക്ഷയിൽ 50% മാർക്കും ഉണ്ടെങ്കിലേ ഇതനുവദിക്കൂ. വിദ്യാർഥിയുടെ പേരിൽ ആധാർ ലിങ്ക് ചെയ്ത സേവിങ്സ് ബാങ്ക് അക്കൗണ്ട് വേണം. കേന്ദ്രത്തിൽനിന്ന് അക്കൗണ്ടിലേക്കു േനരിട്ടു തുക അടയ്ക്കും.