അബുദാബിയിൽ യുവാവിന്റെ മരണം; ചിതയിൽ നിന്ന് അസ്ഥികൾ വീണ്ടെടുത്ത് 17-ന്റെ അന്ന് വീണ്ടും പരിശോധന

കിളിമാനൂർ: അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച യുവാവിന്റെ അസ്ഥികൾ പരിശോധനയ്ക്കായി ചിതയിൽ നിന്ന് ശേഖരിച്ച് പൊലീസ് ഫൊറൻസിക് വിഭാഗം. നഗരൂർ നെടുംപറമ്പ് ശ്രീജിത്ത് ഭവനിൽ എസ്.ശ്രീജിത്തിന്റെ(30) അസ്ഥികളാണ് സംസ്കാരം നടത്തി 17–ാം ദിവസം ഡിഎൻഎ പരിശോധനയ്്ക്കായി ശേഖരിക്കുന്നത്. മകന്റെ മരണം കൊലപാതകം ആണെന്ന് സംശയിക്കുന്നതായും മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്തണമെന്നും ആവശ്യപ്പെട്ട് മാതാവ് സുശീല ജില്ല കലക്ടർക്ക് പരാതി നൽകി. റീ പോസ്റ്റ്മോർട്ടം നടത്താൻ കലക്ടർ
 പൊലീസിന് നിർദേശം നൽകുകയും ചെയ്തു.

എന്നാൽ മൃതദേഹം ഏറ്റുവാങ്ങി മോർച്ചറിയിൽ എത്തിക്കാൻ ചുമതലപ്പെടുത്തപ്പെട്ട പൊലീസ് കലക്ടറുടെ നിർദേശം നടപ്പാക്കിയില്ല. സെപ്റ്റംബർ 22ന് നാട്ടിലെത്തിച്ച മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്താതെയാണ് ദഹിപ്പിച്ചത്. ചിത കത്തി പകുതി ആയപ്പോഴാണ് പൊലീസ് വീട്ടിൽ എത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. മൃതദേഹം മാറി പോയെന്ന് സംശയിക്കുന്നതായും ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. മൃതദേഹം കൊണ്ടു വരുന്ന വിവരം സ്റ്റേഷനിൽ അറിയിക്കാൻ വീട്ടുകാരോട് നിർദ്ദേശം നൽകിയിരുന്നതായും വിവരം യഥാസമയം സ്റ്റേഷനിൽ അറിയിച്ചില്ല എന്നുമാണ് നഗരൂർ പൊലീസ് പറയുന്നത്. അബുദാബിയിൽ അൽഗസൽ ട്രാൻസ്പോർട്ട് കമ്പനിയിലായിരുന്നു ശ്രീജിത്തിനു ജോലി.

ദിവസവും വീട്ടിലേക്ക് ഫോൺ വിളിക്കുമായിരുന്നു. ഓഗസ്റ്റ് 6ന് ശേഷം ഫോൺ വിളി നിലച്ചു. തിരികെ വിളിച്ചു എങ്കിലും ഫോൺ സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. കമ്പനിയിൽ അന്വേഷിച്ചപ്പോൾ ജുലൈ 7 മുതൽ ഒക്ടോബർ 2 വരെ അവധിയിൽ ആണെന്ന വിവരമാണ് ലഭിച്ചത്. ഇതിനിടെ ഓഗസ്റ്റ് 8ന് ഡെയ്സി എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതി ശ്രീജിത്തിന്റെ നഗരൂരിലെ വീട്ടിൽ എത്തിയിരുന്നു. മൂന്നാം തീയതി ശ്രീജിത്ത് വീട്ടിൽ വരുമെന്നും പറഞ്ഞിരുന്നതായും വന്നോ എന്ന് അന്വേഷിക്കാനാണ് എത്തിയതെന്നുമാണ് യുവതി പറഞ്ഞത്. ഇതിനു ശേഷം മകനെ ഗൾഫിൽ കാണാനില്ല എന്ന പരാതി നഗരൂർ പൊലീസിൽ നൽകിയിരുന്നു. ചിറയിൻകീഴ് തഹസിൽദാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ രാവിലെയാണ് ശ്രീജിത്തിന്റെ ചിതയിൽ നിന്ന് അസ്ഥികൾ ശേഖരിച്ചത്.