ആക്കുളം കായലിൽ ചാടിയ 16 വയസുകാരിയെ വിനോദ സഞ്ചാര ബോട്ടിന്റെ ഡ്രൈവർ രക്ഷപ്പെടുത്തി

കുളത്തൂർ: ആക്കുളം കായലിൽ ചാടിയ 16 വയസുകാരിയെ വിനോദ സഞ്ചാര ബോട്ടിന്റെ ഡ്രൈവർ രക്ഷപ്പെടുത്തി. കഴക്കൂട്ടം സ്വദേശിയായ പെൺകുട്ടിയാണ് ഇന്നലെ വൈകിട്ട് 4.45ഓടെ ആക്കുളം പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയത്. ഈ സമയത്ത് വേളി ടൂറിസ്റ്റ് വില്ലേജിൽ നിന്നുള്ള സഞ്ചാരികളുമായി വന്ന ബോട്ട് പാലത്തിന് സമീപത്തുണ്ടായിരുന്നു.

ബോട്ട് ഡ്രൈവറായ എ.സുരേഷ് കുമാർ ലൈഫ്‌ബോയ വെള്ളത്തിലേക്ക് ഇട്ടുനൽകിയെങ്കിലും പെൺകുട്ടി പിടിക്കാൻ തയാറായില്ല. തുടർന്ന് സുരേഷ് വെള്ളത്തിലേക്ക് ചാടി പെൺകുട്ടിയെ ബോട്ടിലേക്ക് കയറ്റി. എന്നാൽ വീണ്ടും കുട്ടി വെള്ളത്തിലേക്ക് ചാടാൻ ശ്രമിച്ചതോടെ ബോട്ടിലുണ്ടായിരുന്നവർ ചേർന്ന് ബലമായി പിടിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു. ഫയർഫോഴ്സിന്റെ സഹായത്തോടെ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പെൺകുട്ടിയുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.പെൺകുട്ടി ചാടിയതെന്തിനാണെന്ന് അന്വേഷിക്കുന്നതായും പൊലീസ് അറിയിച്ചു.

രക്ഷകനായ സുരേഷിന് അഭിനന്ദന പ്രവാഹം

ആക്കുളം കായലിൽ ചാടിയ പെൺകുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ വേളി ടൂറിസ്റ്റ് വില്ലേജിലെ ബോട്ട് ഡ്രൈവർ സുരേഷ്‌കുമാറിന് അഭിനന്ദന പ്രവാഹം. അപകടം പതിയിരിക്കുന്ന ചെളി നിറഞ്ഞ ഭാഗത്ത് സ്വന്തം ജീവൻ വകവയ്ക്കാതെയാണ് സുരേഷ് ചാടി, ചെളിക്കുണ്ടിലേക്ക് ആഴ്ന്നുപോയ പെൺകുട്ടിയെ കോരിയെടുത്ത് ബോട്ടിൽ കരയ്‌ക്കെത്തിച്ചത്.

വേളി ടൂറിസ്റ്റ് വില്ലേജിൽ നിന്ന് രണ്ട് കുട്ടികൾ ഉൾപ്പെട്ട നാലംഗ കുടുംബവുമായി സ്പീഡ് ബോട്ടിൽ ആക്കുളം കായലിൽ വിനോദയാത്ര പോകുന്നതിനിടെയാണ് പാലത്തിന് മുകളിൽ ആളുകളുടെ നിലവിളിയും പാലത്തിന് താഴെ ഒരു പെൺകുട്ടി വെള്ളത്തിൽ മുങ്ങിത്താഴുന്നതും ശ്രദ്ധയിൽപ്പെടുന്നത്. ഉടൻവേഗത കുറച്ച് പെൺകുട്ടിയുള്ള ഭാഗത്തേക്ക് ബോട്ട് അടുപ്പിച്ച് നിറുത്തി. ബോട്ടിലെ യാത്രക്കാർക്ക് ധൈര്യം നൽകിയശേഷം ലൈഫ് ജാക്കറ്റുപോലും ധരിക്കാതെ വെള്ളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു. സുരേഷ്‌കുമാറിന്റെ അവസരോചിതമായ ഇടപെടൽ കാരണമാണ് പെൺകുട്ടിയെ രക്ഷപ്പെടുത്താനായത്. വേളി ടൂറിസ്റ്റ് വില്ലേജിന് സമീപം താമസിക്കുന്ന 57 കാരനായ സുരേഷ്‌കുമാർ കഴിഞ്ഞ 30 വർഷമായി ഇവിടത്തെ ബോട്ട് ഡ്രൈവറാണ്.ഭാര്യ:ആശ. എൻജിനീയറായ ആതിരയും പത്താം ക്ലാസ് വിദ്യാർത്ഥിയായ അനഘയും മക്കളാണ്.