ബസ് സ്റ്റാൻഡിൽ പരസ്യമായി 16കാരിയെ മം​ഗല്യസൂത്രം അണിയിച്ചു, 17കാരനെ പൊലീസ് പൊക്കി

ചെന്നൈ: ബസ് സ്റ്റാൻഡിൽവെച്ച് പരസ്യമായി 16കാരിയുടെ കഴുത്തിൽ മം​ഗല്യസൂത്രം ചാർത്തിയ സംഭവത്തിൽ 17കാരൻ കസ്റ്റഡിയിൽ. വീഡിയോ വൈറലായതിനെ തുടർന്നാണ് കൗമാരക്കാരനെ പൊലീസ് പിടികൂടിയത്. ചിദംബരത്തിനടുത്തുള്ള ബസ് സ്റ്റോപ്പിൽ വച്ച് 16 വയസ്സുള്ള സ്കൂൾ വിദ്യാർത്ഥിനിയുടെ കഴുത്തിൽ 17കാരൻ ആളുകൾ നോക്കിനിൽക്കെ താലി ചാർത്തിയത്.  പോളിടെക്‌നിക് വിദ്യാർത്ഥിയെ ശൈശവ വിവാഹ നിരോധന നിയമപ്രകാരമാണ് കടലൂർ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ കടലൂർ ജില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നടപടിയെടുക്കണമെന്ന് ആവശ്യമുയർന്നു.വീഡിയോ വൈറലായതോടെ ജില്ലാ പൊലീസും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് കണ്ടെത്തിയതോടെ ആൺകുട്ടിയെ അറസ്റ്റ് ചെയ്ത് ജുവനൈൽ ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചു. പെൺകുട്ടിയെ ശിശുക്ഷേമ സമിതിയുടെ ഓഫീസിലേക്ക് കൗൺസിലിങ്ങിന് വിധേയമാക്കി. സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചതിന്  51 കാരനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട്, സ്ത്രീ പീഡനം തടയൽ നിയമം, എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമം എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ആൺകുട്ടിയും പെൺകുട്ടിയും പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരാണെന്നാണ് റിപ്പോർട്ട്.