അസാധാരണ നടപടി; കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അം​ഗങ്ങളെ ഗവർണർ പിന്‍വലിച്ചു

തിരുവനന്തപുരം:കേരള സര്‍വകലാശാല വിസി നിര്‍ണയ സമിതിയിലേക്ക് പ്രതിനിധിയെ തീരുമാനിക്കാനുള്ള സെനറ്റ് യോ​ഗം ക്വാറം തികയാത്തതിനെ തുടര്‍ന്ന് പിരിഞ്ഞ സംഭവത്തില്‍ കടുത്ത നടപടിയുമായി ​ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ചാന്‍സലര്‍ നോമിനേറ്റ് ചെയ്ത സെനറ്റ് അം​ഗങ്ങളെ ​ഗവര്‍ണര്‍ പിന്‍വലിച്ചു. 

​ഗവര്‍ണറുടെ അന്ത്യശാസന മറികടക്കാനായാണ് അം​ഗങ്ങള്‍ യോ​ഗത്തില്‍ നിന്നു വിട്ടുനിന്നത്. പിന്നാലെയാണ് ​ഗവര്‍ണറുടെ അസാധാരണ നടപടി. 15 അം​ഗങ്ങളെയാണ് പിന്‍വലിച്ചത്. ഇന്നു മുതല്‍ ഇവര്‍ അയോ​ഗ്യരാണെന്ന് കാണിച്ച്‌ ​ഗവര്‍ണര്‍ വിസിക്ക് കത്ത് നല്‍കി. 

ക്വാറം തികയാതെ പിരിഞ്ഞതിനെ തുടര്‍ന്നു യോ​ഗത്തില്‍ ആരൊക്കെ പങ്കെടുത്തു പങ്കെടുത്തില്ല എന്ന കാര്യം വിസിയോട് ​ഗവര്‍ണര്‍ അന്വേഷിച്ചിരുന്നു. പട്ടിക പരിശോധിച്ചപ്പോള്‍ നോമിനികളായ അം​ഗങ്ങളില്‍ മൂന്ന് പേര്‍ മാത്ര​മാണ് പങ്കെടുത്തതെന്ന് കണ്ടെത്തി. ഇതോടെയാണ് യോ​ഗത്തില്‍ പങ്കെടുക്കാത്ത നോമിനികളെ പിന്‍വലിക്കാന്‍ അദ്ദേഹം തീരുമാനം എടുത്തത്.

പിന്‍വലിക്കപ്പെട്ട അം​ഗങ്ങളില്‍ അഞ്ച് പേര്‍ സിന്റിക്കേറ്റ് അം​ഗങ്ങള്‍ക്കൂടിയാണ്. ആ സ്ഥാനവും അവര്‍ക്ക് നഷ്ടമാകും. 

അടുത്ത മാസം നാലിന് സെനറ്റ് യോ​ഗം ചേര്‍ന്ന് പ്രതിനിധിയെ നിശ്ചയിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഉന്നത് വിദ്യാഭ്യാസ മന്ത്രിയും വിസിയും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിനൊന്നും കാത്തു നില്‍ക്കാതെയാണ് ​ഗവര്‍ണറുടെ അപൂര്‍വ നടപടി.