*13 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം പ്രതിക്ക് 22 വർഷം കഠിനതടവും പിഴയും*

ആറ്റിങ്ങൽ :അയൽവീടുകളിലെ പതിമൂന്ന് വയസ്സുകാരായ രണ്ട് പെൺകുട്ടികളെ ലൈംഗികമായി അതിക്രമിച്ച കേസിൽ യുവാവിന്‌ 22 വർഷം കഠിന തടവും 90,000 രൂപ പിഴയും. മേനംകുളം സ്വദേശി ഷിബുകുമാറി
(36, ഷിബു) നെയാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതി ജഡ്ജി ടി പി പ്രഭാഷ് ലാൽ ശിക്ഷിച്ചത്.
2016 ലാണ്‌ രണ്ട്‌ സംഭവവും. സമീപവാസിയായ കുട്ടിയെ അശ്ലീലചിത്രങ്ങൾ കാണിച്ച്‌ പീഡിപ്പിച്ചതിന് 12 വർഷം തടവും 50,000 രൂപ പിഴയുമുണ്ട്‌. പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി കഠിന തടവ് അനുഭവിക്കണം. ലൈംഗിക അതിക്രമത്തിന് 3 വർഷം കഠിനതടവും 1000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 3 മാസം തടവും പീഡനത്തിന് ഒരു വർഷം കഠിനതടവും 5,000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ ഒരു മാസം അധിക തടവും അനുഭവിക്കണം.

കുട്ടികളോടുള്ള അതിക്രമങ്ങളിൽ 3 വർഷം കഠിനതടവും അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന് ഒരു വർഷം തടവുമുണ്ട്‌. കുട്ടിയുടെ പുനരധിവാസത്തിന് മതിയായ തുക നൽകേണ്ട ബാധ്യതയുണ്ടെന്നു നിരീക്ഷിച്ച കോടതി ആ തുക ലീഗൽ സർവീസ് അതോറിറ്റി മുഖേന നൽകണമെന്ന് ശുപാർശ നൽകി.

അച്ഛന് സുഖമില്ലാതെ വീട്ടിൽ കിടക്കുകയാണ് എന്ന് പറഞ്ഞാണ്‌ അയൽപക്കത്ത മറ്റൊരു ബാലികയെ വീട്ടിലേക്ക് വരുത്തി ഷിബു ഉപദ്രവിച്ചത്‌. ലൈംഗിക അതിക്രമത്തിന് രണ്ട് വർഷം കഠിനതടവും 25,000 രൂപ പിഴയുമുണ്ട്‌. പിഴ തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധികതടവ് അനുഭവിക്കണമെന്നും ഉത്തരവുണ്ട്.

അടുത്തടുത്ത തീയതികളിലാണ് കുട്ടികളെ ഉപദ്രവിച്ചതെങ്കിലും രണ്ടാമത്തെ കുട്ടിയെ പീഡിപ്പിച്ച്‌ രണ്ട് വർഷം കഴിഞ്ഞാണ് ഈ വിവരങ്ങൾ കുട്ടി സ്കൂൾ അധികൃതരോട് വെളിപ്പെടുത്തിയത്. രണ്ട് കേസുകളിലായി 30 സാക്ഷികളെ വിസ്‌തരിച്ചു. 44 രേഖകൾ ഹാജരാക്കി. കഴക്കൂട്ടം പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം മുഹസിൻ ഹാജരായി.