*കാറിലെത്തിയവർ തട്ടിക്കൊണ്ടുപോയെന്ന് 12കാരൻ; മുൾമുനയിൽ വീട്ടുകാരും പൊലീസും; അന്വേഷണത്തിൽ ട്വിസ്റ്റ്*

കോട്ടയം: കാറിലെത്തിയവര്‍ വീട്ടുമുറ്റത്തു നിന്നും തന്നെ തട്ടിക്കൊണ്ടുപോയെന്ന കുട്ടിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് പൊലീസും വീട്ടുകാരും നാട്ടുകാരും മണിക്കൂറുകളോളം ആശങ്കയിലായി.എന്നാല്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയതിന് വീട്ടുകാര്‍ വഴക്കുപറയുമെന്ന ഭീതിയിലാണ് കുട്ടി കള്ളക്കഥ മെനഞ്ഞതെന്ന് വ്യക്തമായതോടെയാണ് പൊലീസിനും ആശ്വാസമായത്. 

നീണ്ടൂര്‍ പഞ്ചായത്തിലെ പാറേല്‍പള്ളിക്കു സമീപം താമസിക്കുന്ന 12 വയസ്സുകാരനാണ് എല്ലാവരെയും വട്ടംകറക്കിയത്. ബുധനാഴ്ച രാവിലെ ഒമ്ബതോടെയാണ് സംഭവത്തിന്റെ തുടക്കം. സഹോദരങ്ങള്‍ തമ്മില്‍ വഴക്കിട്ടപ്പോള്‍ അമ്മ വഴക്ക് പറഞ്ഞതാണ് കുട്ടിയെ പ്രകോപിപ്പിച്ചത്.

വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന തന്നെ വെള്ള കാറിലെത്തിയവര്‍ പിടികൂടി കണ്ണും വായും മൂടിക്കെട്ടി തട്ടിക്കൊണ്ടുപോയെന്നാണ് കുട്ടി പറഞ്ഞത്. ഏറ്റുമാനൂര്‍ വൈക്കം റോഡില്‍ മുട്ടുചിറ ആറാം മൈലിന് സമീപമെത്തിയപ്പോള്‍ റോഡിലേക്ക് ഉന്തിയിട്ടു. കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ റോഡരികില്‍ പള്ളയില്‍ കിടന്ന തന്നെ അതുവഴി കടന്നുപോയ ആളാണ് കെട്ടഴിച്ച്‌ മോചിപ്പിച്ചതെന്നും കുട്ടി പറഞ്ഞു. 

തട്ടിക്കൊണ്ടു പോകുന്നവഴി റോഡരികില്‍ ഉപേക്ഷിച്ചതാണെന്ന് ഇയാളോടും കുട്ടി പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ തന്റെ പരിചയത്തിലുള്ളവരെയും പൊലീസിനെയും വിവരം അറിയിച്ചു. കുട്ടി പറഞ്ഞ കാര്യങ്ങളില്‍ സംശയം തോന്നിയെങ്കിലും പൊലീസ് അന്വേഷണം ശക്തമായി നടത്തി. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെങ്കിലും ഇത്തരമൊരു വാഹനം ഇതുവഴി കടന്നുപോയില്ലെന്ന് ബോധ്യമായി. 

എന്നാല്‍ കുട്ടി തട്ടിക്കൊണ്ടുപോകലില്‍ ഉറച്ചു നിന്നു. തുടര്‍ന്ന് സൈക്യാട്രിസ്റ്റിനെ വിളിച്ചുവരുത്തി കുട്ടിയുമായി സംസാരിച്ചപ്പോഴാണ് സത്യം വെളിപ്പെട്ടത്. ഇളയ കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കുന്നതും രാവിലെതന്നെ വഴക്ക് പറഞ്ഞതുമാണ് വീട് വിട്ടിറങ്ങാന്‍ കുട്ടിയെ പ്രേരിപ്പിച്ചത്. കുറേ ദൂരമെത്തിയപ്പോള്‍ തിരികെ വീട്ടിലേക്ക് പോയേക്കാമെന്ന് തീരുമാനിച്ചു. എന്നാല്‍ വീടു വിട്ടിറങ്ങിപ്പോയതിന് വീട്ടുകാര്‍ വീണ്ടും വഴക്ക് പറയുമെന്ന ഭിതിയിലാണ് കള്ളക്കഥ മെനയുന്നത്. കൈകള്‍ കൂട്ടികെട്ടിയത് താന്‍ തന്നെയാണെന്നും കുട്ടി പൊലീസിനോട് പറഞ്ഞു.