ചിറയിൻകീഴ് താലുക്കിൽ ആദ്യമായി വീഡിയോയിൽ പടമെടുത്ത് നാട്ടിനും നാട്ടുകാർക്കും വിസ്മയക്കാഴ്ചയൊരുക്കിയ ഷിഹാബ് ഓർമയായിട്ട് 11 വർഷം

ഈ പടവും, ഈ മുഖവും , ഈ ചിരിയും കാണുമ്പോൾ ഒരു കാലഘട്ടം തന്നെ ഓർമ്മയിലെത്തും... ചിറയിൻകീഴ് താലുക്കിൽ ആദ്യമായി വീഡിയോയിൽ പടമെടുത്ത് നാട്ടിനും നാട്ടുകാർക്കും വിസ്മയക്കാഴ്ചയൊരുക്കിയ ഷിഹാബ് എന്ന വീഡിയോക്കാരൻ.. ആറ്റിങ്ങലിന്റെ ഒരു കാലത്തെ അവശ്യഘടകമായിരുന്ന ഷിഹാബ് വീഡിയോ വിഷൻ എന്ന സ്ഥാപനത്തിന്റെ അമരക്കാരൻ. സ്വന്തം മുഖം ആദ്യമായി റ്റി വി യിൽ കണ്ട് ആസ്വദിക്കുവാൻ നാട്ടുകാർക്ക് അവസരമൊരുക്കിയ ആലംകോട്ടുകാരൻ..... വിവാഹത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങുമ്പോൾതന്നെ ആദ്യമായി വിട്ടുകാരുടെ മനസ്സിലെത്തുന്നത് ഷിഹാബ് വീഡിയോ വിഷനായിരുന്നു . വിവാഹങ്ങൾ വീഡിയോയിൽ പകർത്താൻ തുടങ്ങിയ നാൾ മുതൽ ഷിഹാബ് എന്ന വീഡിയോക്കാരൻ ചിറയിൻകീഴ് താലൂക്കാകെ ശ്രദ്ധേയനായി. 1980 ലാണ് ഷിഹാബ് എന്ന ഒറ്റയാൻ വീഡിയോ രംഗത്ത് കടന്നുവന്നത്. അന്നതൊരു മായാജാലം തന്നെയായിരുന്നു ജനങ്ങൾക്കാകെ . ഇരു തോളുകളിലുമായി ക്യാമറയും വിസിആറും തൂക്കി വരുന്ന ഈ വീഡിയോക്കാരനെ നാട്ടുകാർ അൽഭുതത്തോടെ നോക്കി നിൽക്കുമായിരുന്നു . ചടങ്ങിനെത്തുന്നവരുടെയാകെ ശ്രദ്ധക്ക് പാത്രീഭൂതനായിരുന്നു ഷിഹാബ്.... തുടക്കം മുതൽ രംഗം വിടുന്നത് വരെയും ഷിഹാബ് തന്നെയായിരുന്നു വീഡിയോ പകർത്തിയിരുന്നത്. ഷിഹാബിന്റെ സ്ഥാപനം വളർന്ന് വെന്നിക്കൊടി പാറിപ്പിച്ചപ്പോഴും ഷിഹാബ്തന്നെ വീഡിയോ കൈകാര്യം ചെയ്തിരുന്നത് ജനങ്ങളിൽ ഉണ്ടാക്കിയ വിശ്വാസം അരക്കിട്ടതായിരുന്നു. ഷിഹാബിന്റെ സ്ഥാപനം എഡിറ്റിംഗിലും, മിക്സിംഗിലും, ഡബ്ബിംഗിലുമൊക്കെ ചരിത്രം തന്നെയായിരുന്നു .. ആറ്റിങ്ങൽ ബിറ്റിഎസ് റോഡിൽ പ്രവർത്തിച്ചിരുന്ന ഷിഹാബ് വീഡിയോ വിഷൻ ഇന്നും ജനമനസ്സുകളിൽ മായാതെയുണ്ട്..... 2011 ഒക്ടോബർ മാസം 21 ന് ഷിഹാബ് വിടപറയുമ്പോൾ അതീനാടിനും നാട്ടാർക്കും തീരാനഷ്ടം .
Thanks . Kശ്രീവത്സൻ