ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക 99 റൺസിനു പുറത്ത്. തകർത്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ പ്രോട്ടീസ് ബാറ്റിംഗ് നിരയെ എറിഞ്ഞൊതുക്കുകയായിരുന്നു. 34 റൺസെടുത്ത ഹെൻറിച്ച് ക്ലാസൻ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഇന്ത്യക്കായി കുൽദീപ് യാദവ് 4 വിക്കറ്റ് വീഴ്ത്തി. ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ ഏകദിന സ്കോർ ആണിത്. (south africa allout india)ക്യാപ്റ്റൻ ടെംബ ബാവുമയ്ക്ക് ശാരീരികാസ്വാസ്ഥ്യം ആയിരുന്നതിനാൽ കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നയിച്ച കേശവ് മഹാരാജ് ഇന്ന് കളിച്ചില്ല. കേശവിനും ശാരീരികാസ്വാസ്ഥ്യം പിടിപെട്ടു. ഇന്ന് ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കൻ നായകനായി എത്തിയത്. മഹാരാജിനൊപ്പം കഗീസോ റബാഡ, വെയിൻ പാർനൽ എന്നിവരും ഇന്ന് പുറത്തിരുന്നു. പകരം ലുങ്കി എങ്കിഡി, ആൻഡൈൽ പെഹ്ലുക്ക്വായോ, മർക്കോ യാൻസൻ എന്നിവർ ടീമിലെത്തി. മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ തകർച്ചയോടെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. 6 റൺസെടുത്ത ക്വിൻ്റൺ ഡികോക്ക് വാഷിംഗ്ടൺ സുന്ദറിൻ്റെ പന്തിൽ ആവേഷ് ഖാനു പിടിനൽകി മടങ്ങുമ്പോൾ സ്കോർ ബോർഡിൽ വെറും ഏഴ് റൺസ്. പിന്നീട് തുടർച്ചയായ ഇടവേളകളിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. ജന്നമൻ മലനെ (15) ആവേഷ് ഖാൻ്റെ കൈകളിലെത്തിച്ച സിറാജ് റീസ ഹെൻറിക്ക്സിനെ (3) പുറത്താക്കി ദക്ഷിണാഫ്രിക്കയെ 3 വിക്കറ്റ് നഷ്ടത്തിൽ 26 റൺസ് എന്ന നിലയിലേക്ക് തള്ളിവിട്ടു. രവി ബിഷ്ണോയ് ആണ് റീസയെ പിടികൂടിയത്.കഴിഞ്ഞ കളിയിലെ ടോപ്പ് സ്കോറർ എയ്ഡൻ മാർക്രമിനെ (9) സഞ്ജുവിനെ കൈകളിലെത്തിച്ച ഷഹബാസ് അഹ്‌മദ് കളിയിലെ ആദ്യ വിക്കറ്റ് വീഴ്ത്തി. ഡേവിഡ് മില്ലറെ (7) ബൗൾഡാക്കിയ വാഷിംഗ്ടൺ സുന്ദർ ഇതോടെ രണ്ട് വിക്കറ്റ് സ്വന്തമാക്കി. തുടർന്ന് വീണ അഞ്ചിൽ നാല് വിക്കറ്റും കുൽദീപ് യാദവ് ആണ് സ്വന്തമാക്കിയത്. ഹെൻറിച് ക്ലാസനെ ഷഹബാസ് അഹ്‌മദ് കുറ്റി പിഴുത് പുറത്താക്കിയപ്പോൾ ആൻഡൈൽ പെഹ്ലുക്ക്വായോ (5), ജോൻ ഫോർടുയിൻ (1), ആൻറിക് നോർക്കിയ (0), മാർക്കോ യാൻസൻ (14) എന്നിവരെ കുൽദീപ് മടക്കി. പെഹ്ലുക്ക്വായോ, നോർക്കിയ എന്നിവർ ക്ലീൻ ബൗൾഡായപ്പോൾ ഫോർടുയിൻ വിക്കറ്റിനു മുന്നിൽ കുരുങ്ങി. യാൻസനെ ആവേശ് ഖാൻ പിടികൂടുകയായിരുന്നു.