*കടയിൽനിന്ന് 100 രൂപ കടംവാങ്ങി ബസിൽകയറി; പോത്തൻകോട് നിന്ന് ദുരൂഹസാഹചര്യത്തിൽ 19-കാരിയെ കാണാതായി*

വസ്ത്രങ്ങളടങ്ങിയ ബാഗ് സുആദ എടുത്തിരുന്നുവെന്നാണ് വിവരം. അതേസമയം മൊബൈൽ ഫോൺ വീട്ടിൽവെച്ചിട്ടാണ് പോയത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി പരാതി. പോത്തൻകോട് സ്വദേശിനി സുആദ(19)യെയാണ് കാണാതായത്. ബന്ധുക്കൾ പോത്തൻകോട് പോലീസിനും റൂറൽ എസ്പിക്കും പരാതി നൽകി ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.
കഴിഞ്ഞ മാസം 30-നാണ് തിരുവനന്തപുരം എം.ജി കോളേജിലെ ഒന്നാം വർഷം ഫിസിക്സ് ബിരുദ വിദ്യാർഥിനിയായ സുആദയെ കാണാതാകുന്നത്. വീട്ടിൽ നിന്ന് ട്യൂഷനെടുക്കാനായി സ്ഥാപനത്തിലേക്ക് പോയതാണ്. പിന്നീട് തിരിച്ചുവന്നില്ല. ആദ്യദിവസം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കുടുംബം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.സുആദ കന്യാകുളങ്ങളരയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ കയറി പോയതായി അന്വേഷണത്തിൽ വിവരം ലഭിച്ചിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്. എന്നാൽ പിന്നീട് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. കന്യാകുളങ്ങളരയിലെ ഒരു കടയിൽനിന്ന് സുആദ 100 രൂപ കടം വാങ്ങിയതായും പോലീസിന് വിവരം ലഭിച്ചിരുന്നു.വീട്ടിൽനിന്ന് വസ്ത്രങ്ങളടങ്ങിയ ബാഗ് സുആദ എടുത്തിരുന്നുവെന്നാണ് വിവരം. അതേസമയം, മൊബൈൽ ഫോൺ വീട്ടിൽവച്ചിട്ടാണ് പോയത്. പോലീസ് ഫോൺ പരിശോധിച്ചെങ്കിലും കാര്യമായ വിവരം ലഭിച്ചില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.