*പാലോട് മങ്കയവും,കാളക്കയവും മനോഹരം,,പക്ഷേ*

തെക്കന്‍ കേരളത്തിലെ മനോഹരമായ രണ്ടു വെള്ളച്ചാട്ടങ്ങള്‍ മങ്കയത്തിനു സ്വന്തമാണ്, കാളക്കയവും കുരിശ്ശടിയും. പ്രകൃതിയുടെ മാറിലെ വെള്ളിമാല പോലെ 60 അടി പൊക്കത്തില്‍ നിന്നും അഞ്ച് തട്ടുകളിലായി ചിന്നിച്ചിതറുന്ന വെള്ളച്ചാട്ടമാണ് മങ്കയത്തിന്റെ പ്രത്യേകത. 

വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള മങ്കയം ഇക്കോ ടൂറിസം സഞ്ചാരികളുടെ പറുദീസയാണ്. ടൂറിസം ഗൈഡുമാരുടെ നിയന്ത്രണത്തില്‍ വെള്ളച്ചാട്ടം ആസ്വദിച്ച്‌ കുളിക്കാനുള്ള സൗകര്യവുമുണ്ട്. 

വനത്തിനുള്ളില്‍ മഴ പെയ്താല്‍ ഇടിഞ്ഞാറില്‍ കുത്തൊഴുക്കിനുള്ള സാദ്ധ്യത ഏറെയാണ്. പ്രദേശവാസികള്‍ക്ക് ഇതറിയാം. അതിനാല്‍ ഇവരെയാണ് ടൂറിസം ഗൈഡാക്കിയിട്ടുള്ളതും.

ചെക്ക് പോസ്റ്റിലെ പരിശോധനയ്ക്ക് ശേഷമാണ് മങ്കയം ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് സഞ്ചാരികളെ രാവിലെ 8 മുതല്‍ 4.30 വരെ പ്രവേശിപ്പിക്കുന്നത്. പരിശീലനം സിദ്ധിച്ച ഗൈഡുമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

 മങ്കയവും നെടുമങ്ങാടും കണ്ണീർ വാർത്ത ആ കറുത്ത ഞായറാഴ്ച മങ്കയത്ത് സംഭവിച്ചത്....

ഞായറാഴ്ച മങ്കയം വാഴത്തോപ്പിന് സമീപം കുളിക്കാനിറങ്ങിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ള പത്തുപേരുടെ സംഘം മലവെള്ളപ്പാച്ചിലില്‍ പെട്ടു അപകടത്തില്‍ രണ്ട് പേര് മരിച്ചു.എട്ട് പേരെ അതിസാഹസികമായി നാട്ടുകാര്‍ രക്ഷപ്പെടുത്തി. 

തെരച്ചിലില്‍ ഇടിഞ്ഞാര്‍ പമ്ബ്ഹൗസിന് സമീപത്തു നിന്ന് ഒരു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. തുടര്‍ന്ന് രാത്രി വളരെ വൈകിയതോടെ നിറുത്തിവച്ച തെരച്ചില്‍ അതിരാവിലെ പുനരാരംഭിച്ചു.ആറുമണിയോടെ നദിയില്‍ മൂന്ന് കിലോമീറ്റര്‍ ദൂരെ മൂന്നാറ്റ്മുക്കില്‍ നിന്നാണ് ഷാനിയുടെ മൃതദേഹം കണ്ടെടുത്തത്.

ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം മങ്കയം കാണാനെത്തിയ നെടുമങ്ങാട് സ്വദേശികളായ പത്തംഗ സംഘമാണ് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. വാഴത്തോപ്പ് ഭാഗത്ത് ശക്തമായ ഒഴുക്ക് ഇല്ലാതിരുന്നതിനാലാണ് ഇവര്‍ കുളിക്കാനിറങ്ങിയത്. ബ്രൈമൂര്‍ മലനിരകളില്‍ പെയ്ത മഴയാണ് ദുരന്തം വിതച്ചത്.

മക്കളായ ഹാദിയക്കും, ഇര്‍ഫാനുമൊപ്പമെത്തിയ ഷാനി ഒഴുക്കില്‍പ്പെട്ട നസ്രിയയെയും ഐറൂസിനെയും രക്ഷിക്കാനാണ് ആറ്റിലിറങ്ങിയത്. ഷാനിയുടെ ഭര്‍ത്താവ് അബ്ദുള്ള അടുത്തിടെ വിദേശത്തു നിന്നെത്തിയിരുന്നെങ്കിലും ഇദ്ദേഹം യാത്രയ്ക്കെത്തിയില്ല. ബന്ധുവായ ഷഫീക്കിനോടൊപ്പമാണ് പത്തംഗ സംഘം വന്നത്.

മങ്കയം പമ്ബ് ഹൗസിന് സമീപത്തിരുന്ന നാട്ടുകാരാണ് ആറിന്റെ മദ്ധ്യത്തായി പാറക്കെട്ടില്‍ കുടുങ്ങിയവരെ ആദ്യം രക്ഷപ്പെടുത്തിയത്.

വിതുര ഫയര്‍ ഫോഴ്‌സും പാലോട് പൊലീസും നാട്ടുകാരും നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലം എം.എല്‍.എ യും ജില്ലാ കളക്ടറും നെടുമങ്ങാട് ആര്‍.ഡി.ഒ, തഹസില്‍ദാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും നേരിട്ടെത്തി നേതൃത്വം നല്‍കി. അപകടത്തില്‍ പെട്ടവരെ പാലോട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച്‌ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം മറ്റ് ആശുപത്രികളിലേക്ക് മാറ്റി.

ഫോറസ്റ്റ് പരുത്തിപ്പള്ളി ആര്‍.ആര്‍.ടിയാണ് തെരച്ചിലിനായി വെളിച്ച സൗകര്യം ഒരുക്കിയത്. നാട്ടുകാര്‍ ഒറ്റക്കെട്ടോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മരണസംഖ്യ കുറയാന്‍ കാരണമായി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതിവേഗം ഉണര്‍ന്നു പ്രവര്‍ത്തിച്ചതും അപകടത്തിന്റെ തീവ്രത കുറച്ചു.

പ്രദേശത്തെ വാർത്തകൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/C8Z8SpUx6w99Zj6eYqjD7K