വക്കത്ത് റോഡ് വികസനവും, കാത്തിരിപ്പ് കേന്ദ്രവും വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം

വക്കം: വക്കത്ത് റോഡ് വികസനവും, കാത്തിരിപ്പ് കേന്ദ്രവും വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. തോപ്പിക്കവിളാകം റെയിൽവേ ഗേറ്റ് മുതൽ ഗ്രാമപഞ്ചായത്ത് കാര്യാലയം വരെയുള്ള ഭാഗത്ത് കുപ്പിക്കഴുത്ത് പോലെയാണ് നിലവിലെ റോഡ്. വാഹനങ്ങൾ കടന്ന് പോകുമ്പോൾ എതിരെ വാഹനം വന്നാൽ ഏറെ ബുദ്ധിമുട്ടുകയാണിപ്പോൾ. റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ടെങ്കിൽ പിന്നെ ഒരു വാഹനം തന്നെ ഞെരുങ്ങിയാണ് പോകേണ്ടത്. തിരക്കുള്ള സമയങ്ങളിലെ കാര്യം പറയുകയും വേണ്ട.

റോഡ് നവീകരണത്തിന് ഇരുവശങ്ങളിലും സ്ഥലം ഏറ്റെടുേക്കേണ്ടതുണ്ട്. ഇതിന് ഫണ്ട് കണ്ടെത്തണം. റോഡ് വീതി കൂട്ടുന്നതിനൊപ്പം വെള്ളക്കെട്ട് ഒഴിവാക്കാൻ ഓടയും നടപ്പാതയും കൂടി നിർമ്മിക്കണം. ഇതിന് പുറമേ യാത്രക്കാർ ബസ് കയറാൻ കാത്ത് നിൽക്കുന്നത് സ്വകാര്യ വ്യക്തികളുടെ സ്ഥാപനങ്ങളുടെ ഒഴിഞ്ഞ ഭാഗങ്ങളിലാണ്.


പിന്നെ റോഡിലും. കാറ്റും, മഴയും, വെയിലും, ചൂടുമേറ്റ് ബസ് കയറേണ്ട അവസ്ഥയിലാണ് യാത്രക്കാർ.
കാത്തിരിപ്പ് കേന്ദ്രവും, അനുബന്ധ സൗകര്യങ്ങളും വരുന്നതോടെ വക്കം ചന്തമുക്ക് ജംഗ്ഷന്റെ മുഖച്ഛായയും മാറുമെന്ന് കച്ചവടക്കാർ പറയുന്നു. ജനപ്രതിനിധികൾക്ക് ഇത് ഏറ്റെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പല സന്നദ്ധ സംഘടനകളും ഇതിനൊരുക്കമാണ്.ഇതിന് വക്കം ഗ്രാമപഞ്ചായത്ത് മുന്നിട്ടിറങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം

പ്രധാന ജംഗ്ഷനും സ്ഥിതി ഇതുതന്നെ

വക്കത്തെ പ്രധാന കവലയാണ് വക്കം ചന്തമുക്ക് ജംഗ്ഷൻ. മങ്കുഴി മാർക്കറ്റും, വ്യാപാര സ്ഥാപനങ്ങളും, പെട്രോൾ പമ്പും, ബാങ്കുകളുമടക്കം വക്കത്തെ പ്രധാന ജംഗ്ഷൻ. ഇവിടെയെത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനും സ്ഥലമില്ല. മഴക്കാലമാണെങ്കിൽ വെള്ളക്കെട്ടിന്റെ ബുദ്ധിമുട്ടും.

കാത്തിരിപ്പുകേന്ദ്രവുമില്ല

വക്കത്ത് ചന്തമുക്കിന് പുറമേ ഗ്രാമപഞ്ചായത്ത് കാര്യാലയം,റൂറൽ ഹെൽത്ത് സെന്റർ ജംഗ്ഷൻ, ആങ്ങാവിള, എസ്.എൻ ജംഗ്ഷൻ, കായിക്കരക്കടവ് തുടങ്ങി യാത്രക്കാർ ഏറെയുള്ള ബസ് സ്റ്റോപ്പുകൾ നിരവധിയുണ്ട്. ഒരിടത്തുപോലും കാത്തിരിപ്പ് കേന്ദ്രങ്ങളില്ല. വക്കം ഗ്രാമപഞ്ചായത്തിൽ ആകെയുള്ളത് 3 കാത്തിരിപ്പ് കേന്ദ്രങ്ങളാണ്. അത് നിലയ്ക്കാമുക്ക് ജംഗ്ഷനിൽ. നൂറ് മീറ്ററിനുള്ളിലാണ് ഈ മൂന്നെണ്ണവും സ്ഥിതി ചെയ്യുന്നത്.

അധികൃതർ മുൻകൈയെടുക്കണം

വക്കം ചന്തമുക്കിൽ കാത്തിരിപ്പ് കേന്ദ്രത്തിനാവാശ്യമായ സ്ഥലം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇവിടെ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ ജില്ലാപഞ്ചായത്ത് അംഗം മുതൽ എം.പി വരെയുള്ളവർക്ക് ഫണ്ട് അനുവദിക്കാം. ഈ സാമ്പത്തിക വർഷം തുക മിച്ചമുള്ള ജനപ്രതിനിധി ഇതിനായി മുന്നോട്ട് വരണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.