പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു, ആലുവ ശിവക്ഷേത്രം മുങ്ങി

കൊച്ചി:ഇടമലയാര്‍ തുറന്നതിനൊപ്പം മഴ ശക്തമാവുകയും ചെയ്തതോടെ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു.ഇതോടെ ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം കയറി. കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ 1.5 മീറ്ററോളമാണ് പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നത്. ആലുവ ക്ഷേത്രത്തില്‍ വെള്ളം ഉയര്‍ന്നതോടെ പുലര്‍ച്ചെയുള്ള പൂജാ കര്‍മങ്ങള്‍ ഉള്‍പ്പെടെ തടസപ്പെട്ടു.

പെരിയാര്‍ കലങ്ങി ഒഴുകുന്നതിനാല്‍ വെള്ളത്തിലെ ചെളിയുടെ തോതും വര്‍ധിച്ചിട്ടുണ്ട്. 70 എന്‍ റ്റിയു ആയാണ് ചെളിയുടെ തോത് വര്‍ധിച്ചത്. ആലുവ ജല ശുദ്ധീകരണ ശാലയുടെ ഭാഗത്ത് ജലനിരപ്പ് 2.3 മീറ്റര്‍ ഉയര്‍ന്നതായും രേഖപെടുത്തി. എന്നാല്‍ ബുധനാഴ്ച ഇത് 80 സെന്റിമീറ്റര്‍ മാത്രമായിരുന്നു.

റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ബുധനാഴ്ച ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 25 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തിയിരുന്നു. 131.69 ക്യുമെകസ് ജലമാണ് പുറത്തേക്ക് ഒഴുക്കിയിരുന്നത്. ഇതിനൊപ്പം മഴയും ശക്തമായതോടെയാണ് പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ കാരണമായത്