വീണ്ടും തെരുവുനായ ആക്രമണം, കണ്ണൂരിൽ മാധ്യമപ്രവർത്തകനും കോഴിക്കോട് ആറാം ക്ലാസ് വിദ്യാർത്ഥിക്കും കടിയേറ്റു

കണ്ണൂരില്‍ മുണ്ടയാട് ജേണലിസ്റ്റ് കോളനിയില്‍ മാധ്യമപ്രവര്‍ത്തകനു നേരെ തെരുവ് നായ ആക്രമണം.മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ബി ജെ‌ പി ദേശീയ കൗണ്‍സില്‍ അംഗവുമായ എ ദാമോദരനാണ് നായയുടെ കടിയേറ്റത്.

റോഡ് സൈഡില്‍ നിന്ന നായയാണ് കാലില്‍ കടിച്ചതെന്ന് ദാമോദരന്‍ പറഞ്ഞു. നായയെ ശ്രദ്ധിക്കാതെ നേരെ വീട്ടിലേക്ക് നടന്നുവരികയായിരുന്ന തന്നെ നായ തിരി‍ഞ്ഞുവന്ന് ആക്രമിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

ജേണലിസ്റ്റ് കോളനിയിലും പരിസരങ്ങളിലും ധാരാളം തെരുവ് പട്ടികള്‍ അലഞ്ഞു തിരിയുന്നുണ്ടെന്നും ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ദാമോദരന്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം കോഴിക്കോട് വിലങ്ങാട് ആറാം ക്ലാസ് വിദ്യാർത്ഥിയെ തെരുവ് നായ കടിച്ച് പരിക്കേൽപ്പിച്ചു. വിലങ്ങാട് മലയങ്ങാട് സ്വദേശി അങ്ങാടി പറമ്പിൽ ജയന്‍റെ മകൻ ജയസൂര്യയ്ക്കാണ് (12) കടിയേറ്റത്. സഹോദരനൊപ്പം കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോവുമ്പോഴാണ് സംഭവം. പരിക്കേറ്റ കുട്ടി  നാദാപുരം ഗവ ആശുപത്രിയിൽ ചികിൽസ തേടി.

കൊല്ലത്ത് ശാസ്താംകോട്ടയില്‍ രണ്ട് സ്ത്രീകളെ ആക്രമിച്ച തെരുവുനായ ചത്തു. മറ്റു തെരുവുനായ്ക്കളെയും പട്ടി കടിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.ചത്ത തെരുവുനായ്ക്ക് പേവിഷബാധയേറ്റിട്ടുണ്ടോ എന്ന സംശയത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. അതിനാല്‍ പരിശോധനയ്ക്ക് വിധേയമാക്കി ഇക്കാര്യം സ്ഥിരീകരിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് നടപടികള്‍ ആരംഭിച്ചു. ഇന്നലെ വൈകീട്ടാണ് രണ്ടു സ്ത്രീകളെ ഈ തെരുവുനായ ആക്രമിച്ചത്.

ഇതില്‍ ഒരു സ്ത്രീയെ റോഡില്‍ കൂടി നടന്നുപോകുമ്ബോഴാണ് കടിച്ചത്. വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന പ്രായമായ സ്ത്രീയാണ് തെരുവുനായയുടെ കടിയേറ്റ രണ്ടാമത്തെയാള്‍. പ്രദേശത്തെ ജനങ്ങളുടെ ഭീതി അകറ്റാന്‍ വലിയ ക്യാമ്പയിൻ നടത്താനുള്ള തീരുമാനത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. പ്രദേശത്തെ തെരുവുനായ്ക്കളെ കണ്ടെത്താനും പരിശോധന നടത്താനുമാണ് മൃഗസംരക്ഷണ വകുപ്പ് ക്യാമ്പയിൻ നടത്തുന്നത്.