പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക മേരി റോയ് അന്തരിച്ചു

കോട്ടയം: പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക മേരി റോയ് (89) അന്തരിച്ചു. ക്രിസ്ത്യൻ പിന്തുടർച്ചാവകാശം ചോദ്യം ചെയ്ത് സുപ്രീം കോടതി വരെ ഒറ്റയ്ക്ക് നിയമപോരാട്ടം നടത്തി സ്ത്രീക്കനുകൂലമായ വിധി സമ്പാദിച്ച പോരാളിയാണ് മേരി റോയ്. പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്.1984 – കേരളത്തിൽ ക്രിസ്ത്യൻ സ്ത്രീകൾക്ക് പിൻതുടർച്ചാവകാശമില്ലാത്തതിനെ ചോദ്യം ചെയ്ത് ഒറ്റയ്ക്കാണ് മേരി റോയ് നിയമയുദ്ധം ആരംഭിച്ചത്. 1986 – വിൽപത്രം എഴുതി വെക്കാതെ മരിക്കുന്ന പിതാവിന്‍റെ സ്വത്തിൽ ആൺ മക്കൾക്കും പെൺമക്കൾക്കും തുല്യാവകാശമെന്നായിരുന്നു ആ കേസില്‍ സുപ്രീംകോടതിയുടെ ചരിത്ര വിധി. എന്നാൽ വിധി പ്രകാരം സ്വത്തവകാശം സ്ഥാപിച്ച് കിട്ടാൻ മേരി റോയ് വീണ്ടും നിയമപോരാട്ടം നടത്തി. ഒടുവിൽ, 2002ൽ മേരി റോയിയുടെ 70ആം വയസിലാണ് പൈതൃക സ്വത്തിന്‍റെ ആറിലൊന്ന് അവകാശം അംഗീകരിച്ചു കൊണ്ടുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ വിധി വന്നത്. എന്നാൽ ഈ സ്വത്ത് മക്കൾ വേണ്ടെന്ന് പറഞ്ഞതോടെ തിരികെ സഹോദരന് തന്നെ മേരി നൽകി. സഹോദരനുമായുള്ള പിണക്കവും അവസാനിപ്പിച്ചു. ഈ പോരാട്ടം തന്നെയാണ് തന്‍റെ സ്വത്തെന്ന് മേരി റോയ് തെളിയിച്ചു