മാങ്കുളത്ത് ആക്രമണകാരിയായ പുലിയെ തല്ലിക്കൊന്ന ഗോപാലന് കർഷകവീരശ്രീ അവാർഡ്

ഇടുക്കി: മാങ്കുളത്ത് ആക്രമണകാരിയായ പുലിയെ തല്ലിക്കൊന്ന ഗോപാലന് കർഷകവീരശ്രീ അവാർഡ്. ഗോപാലന് വനംവകുപ്പ് 5000 രൂപ സഹായധനം നൽകിയിട്ടുണ്ട്. ഇതിനുപുറമെയാണ് കർഷകവീരശ്രീ അവാർഡ്. രാഷ്‌ട്രീയ കിസാൻ മഹാസംഘ് സംസ്ഥാനകമ്മിറ്റിയുടേതാണ് തീരുമാനം
പുലിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഗോപാലൻ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന് എല്ലാ സഹായങ്ങളും നൽകാനും തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ചിക്കണംകുടി സ്വദേശിയായ ഗോപാലന് നേരെ പുലി ആക്രമണം നടത്തിയത്. ഇതിനിടെ പ്രാണരക്ഷാർത്ഥം ഇയാൾ പുലിയെ വാക്കത്തി കൊണ്ട് വെട്ടിവീഴ്‌ത്തി.


പുലിയുടെ മൃതദേഹം പരിശോധിച്ചതിൽ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം എന്ന് വ്യക്തമായി. പത്ത് വയസ്സുള്ള പെൺപുലിയാണ് ചത്തത്. 40 കിലോ ഭാരമുണ്ട്. പ്രായമായതിനാൽ പല്ലുകൾ കൊഴിഞ്ഞ് പോയിരുന്നു. ദേശീയ കടുവനിർണയസമിതിയുടെ നേതൃത്വത്തിലായിരുന്നു മൃതദേഹപരിശോധന. തുടർന്ന് ജഡം മാങ്കുളം റേഞ്ച് ഓഫീസിന് സമീപം ദഹിപ്പിച്ചു. സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി പുലിയെ കൊന്നത് കാരണം ഗോപാലനെതിരെ വനംവകുപ്പ് കേസെടുത്തിട്ടില്ല.