കുഞ്ഞാലിക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:
ഇന്നത്തെ ദിവസത്തെ സന്തോഷത്തിന് സമാനതകളില്ല.
വേങ്ങര മനാട്ടിപ്പറമ്പ് റോസ് മനാർ ഷോർട്ട് സ്റ്റേ ഹോമിലെ പാലക്കാട്ടുകാരി ഗിരിജയുടെ കഴുത്തിൽ വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്ര സന്നിധിയിൽ വച്ച് എടയൂരിലെ ബാലന്റെ മകൻ രാകേഷ് മിന്നു ചാർത്തി.വളരെ ചെറുപ്പത്തിൽ അമ്മയോടൊപ്പം റോസ് മനാറിലെത്തിയ ഗിരിജയ്ക്ക് പിന്നെ സ്വന്തക്കാരും, ബന്ധുക്കളുമൊക്കെ ഈ നാട്ടുകാരായിരുന്നു. അവളുടെ കല്യാണം അവർ ആഘോഷപൂർവം കൊണ്ടാടുന്ന കാഴ്ചയ്ക്ക് ക്ഷേത്ര സന്നിധിയിൽ സാക്ഷ്യം വഹിക്കാനായത് ജീവിതത്തിലെ ഏറ്റവും ധന്യമായ അനുഭവങ്ങളിലൊന്നായി.കല്യാണം വിളിച്ചതും, ഒരുക്കിയതും, അമ്പലപ്പറമ്പിൽ അതിഥികളെ സ്വീകരിച്ചതും, വലിയ പന്തലൊരുക്കി സദ്യ വിളമ്പിയതും വേങ്ങര മനാട്ടിപറമ്പിലെ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകർ. എല്ലാത്തിനും ചേർന്നുനിന്ന് ക്ഷേത്ര ഭാരവാഹികൾ. സ്നേഹവും പിന്തുണയുമായി ഒരു നാട് മുഴുവൻ കൂടിയപ്പോൾ കല്യാണം ഗംഭീരമായി.എന്റെ നാടിന്റെ നന്മ മുഴുവൻ തെളിഞ്ഞു കണ്ട സുന്ദര മുഹൂർത്തത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷവും, അഭിമാനവുമുണ്ട്. സ്നേഹത്തോടെ രാകേഷ്–ഗിരിജ ദമ്പതികൾക്ക് മംഗളാശംസകൾ നേരുന്നു. ഒപ്പം എന്റെ പ്രിയപ്പെട്ട മുസ്‌ലിം ലീഗ് പ്രവർത്തകരോടൊപ്പം അഭിമാനത്തോടെ ചേർന്ന് നിൽക്കുന്നു.