തിരുവനന്തപുരം : ഡിണ്ടിഗലിനു സമീപം കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ഉണ്ടായ അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു. അപകടത്തിൽ മരിച്ച മണക്കാട് വലിയപള്ളിക്കു സമീപം താമസിക്കുന്ന ജയയുടെ മകൾ ശരണ്യയുടെയും സെയ്ദിന്റെയും മകൻ സിദ്ധാർത്ഥ് (9) ആണ് മധുര ഗവൺമെന്റ് മെഡിക്കൽ കോളജിൽ മരിച്ചത്. ജയയുടെ മറ്റൊരു മകൾ സംഗീതയുടെയും അഭിജിത്തിന്റെയും മകൻ ഒന്നര വയസ്സുള്ള ആരവും അഭിജിത്തിന്റെ അമ്മ ശൈലജയും അപകടത്തിൽ മരിച്ചിരുന്നു. തലയ്ക്കു ഗുരുതര പരുക്കേറ്റ് വെന്റിലേറ്ററിലായിരുന്ന സിദ്ധാർത്ഥ് ഇന്നലെ രാവിലെ ഏഴോടെയാണു മരിച്ചത്.ചികിത്സയിലുള്ള മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റിയെങ്കിലും സിദ്ധാർത്ഥിന്റെ സ്ഥിതി ഗുരുതരമായതിനാൽ യാത്ര ഒഴിവാക്കുകയായിരുന്നു. സിദ്ധാർത്ഥിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം പിതാവ് സെയ്ദിന്റെ നാടായ തെങ്കാശിയിലേക്കു കൊണ്ടു പോകാനാണു തീരുമാനം. അപകടത്തിൽ മരിച്ച മണക്കാട് കുര്യാത്തി റൊട്ടിക്കടമുക്ക് പണയിൽ വീട്ടിൽ ശൈലജ (48) , ശൈലജയുടെ മകൻ അഭിജിത്തിന്റെയും സംഗീതയുടെയും മകൻ ആരവ് (ഒന്നര) , സംഗീതയുടെ അമ്മ ജയ (52) എന്നിവരുടെ മൃതദേഹം സംസ്കരിച്ചു.
മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ രാവിലെ പത്തോടെ കുര്യാത്തിയിലെ വീട്ടിലെത്തിച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കാൻ നൂറുകണക്കിന് പേർ എത്തിച്ചേർന്നു. അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾക്കു മുന്നിൽ വിങ്ങിപ്പൊട്ടിയ അഭിജിത്തിനെ ആശ്വസിപ്പിക്കാൻ കഴിയാതെ ചുറ്റും നിന്നവരും കണ്ണീർ വാർത്തു. ആരവിന്റെ മാതാവ് സംഗീതയ്ക്ക്, പരുക്കേറ്റ് ചികിത്സയിലായതിനാൽ മരണാനന്തര ചടങ്ങിന് എത്താനായില്ല. അശോകൻ, മക്കളായ അഭിജിത്ത്, അദർശ്, അനീഷ്, അഭിജിത്തിന്റെ ഭാര്യ സംഗീത, ഇവരുടെ ബന്ധുവായ ദേവൻ, ഡ്രൈവർ കണ്ണൻ, എന്നിവരാണു ചികിത്സയിൽ കഴിയുന്നത്.