തിരുവനന്തപുരത്ത് മലയോര മേഖലയില്‍ കനത്തമഴ തുടരുകയാണ്. വാമനപുരം നദി കരകവിഞ്ഞ് മങ്കയം, കല്ലാര്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ മലയോര മേഖലയില്‍ അതീവ ജാഗ്രതാനിര്‍ദേശം നല്‍കി.
നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. 100 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തി വെള്ളം പുറത്തേയ്ക്ക് ഒഴുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അരുവിക്കര ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. ഷട്ടറുകള്‍ 180 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തി വെള്ളം പുറത്തേയ്ക്ക് ഒഴുക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
നാളെ ജില്ലയില്‍ അതിതീവ്രമഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അതിനാല്‍ മലയോരത്തും തീരമേഖലയിലും യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. തീരമേഖലയില്‍ ശക്തമായ കാറ്റാണ് അനുഭവപ്പെടുന്നത്. കടല്‍ക്ഷോഭം രൂക്ഷമാണ്.ഖനനത്തിനും വിലക്കുണ്ട്. ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ടയിലും കനത്തമഴ തുടരുകയാണ്. പമ്പ നിറഞ്ഞൊഴുകുകയാണ്. ചെറുതോടുകളും നിറഞ്ഞു.