സംസ്ഥാനത്തുടനീളം ഒരാഴ്ച നീണ്ടുനിന്ന ഓണം വാരാഘോഷം തലസ്ഥാനത്ത് വർണാഭമായ ഘോഷയാത്രയോടെ തിങ്കളാഴ്ച സമാപിക്കും. വെള്ളയമ്പലം മുതല്‍ കിഴക്കേകോട്ട വരെയാണ് ഘോഷയാത്ര കടന്നുപോകുന്നത്. ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച് 75 ഓളം ഫ്‌ളോട്ടുകളാണ് ഇത്തവണ പങ്കെടുക്കുക. അവയ്ക്ക് അകമ്പടിയായി കേരളത്തിന്റെ സാംസ്‌കാരിക തനിമ പ്രതിഫലിപ്പിച്ച് വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്ന 105 ഓളം കലാസംഘങ്ങളുമുണ്ടാവും. ആയിരത്തിലധികം കലാകാരന്‍മാരും സാംസ്‌കാരിക ഘോഷയാത്രയില്‍ അണിനിരക്കും.വൈകീട്ട് അഞ്ചിന് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍, മിഷന്‍ പദ്ധതികള്‍, വിനോദ സഞ്ചാര വകുപ്പിന്റെ കാരവാന്‍ ടൂറിസം, കൃഷിവകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ തുടങ്ങി വിവിധ വകുപ്പുകളുടെ നൂതന പദ്ധതികള്‍, പുരോഗമന ആശയങ്ങളായ സ്ത്രീ സുരക്ഷ, പ്ലാസ്റ്റിക് മുക്ത കേരളം, ഭക്ഷ്യ സ്വയംപര്യാപ്തത, കേരളീയ പൈതൃകം തുടങ്ങിയ ആശയങ്ങള്‍ ഫ്ളോട്ടുകള്‍ക്ക് വിഷയങ്ങളാകും.വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍ എന്നീ വിഭാഗങ്ങളിലായാണ് ഫ്ളോട്ടുകള്‍ അവതരിപ്പിക്കുക. കൂടാതെ കലാരൂപങ്ങളും, പ്രച്ഛന്ന വേഷങ്ങളും, അഭ്യാസികളും, അശ്വാരൂഡ സേനയും, വാദ്യമേളങ്ങളും ഘോഷയാത്ര വർണശബളമാക്കും. ഓരോ വിഭാഗത്തിലുമുള്ള വിജയികളെ നാളെ തന്നെ പ്രഖ്യാപിക്കുകയും നിശാഗന്ധിയിലെ സമാപന ചടങ്ങില്‍ പുരസ്‌കാര വിതരണം നടത്തുകയും ചെയ്യും.