കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാവികസേനയ്ക്ക് കപ്പല്‍ ഔദ്യോഗികമായി കൈമാറിയത്.
1971ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. ബ്രിട്ടണില്‍ നിന്ന് വാങ്ങിയ ഈ കപ്പല്‍ ഡീ കമ്മീഷന്‍ ചെയ്തിരുന്നു. പഴയ വിക്രാന്തിന്‍റെ സ്മരണയിലാണ് പുതുതായി നിര്‍മിച്ച കപ്പലിനും അതേ പേര് തന്നെ നല്‍കിയത്
കൊച്ചി കപ്പല്‍ശാലയിലാണ് നമ്മുടെ അഭിമാനമായ ഈ യുദ്ധക്കപ്പല്‍ നിര്‍മിച്ചത്. ചെലവിട്ടത് 20,000 കോടി രൂപയാണ്. കപ്പല്‍ നിര്‍മാണത്തിനായി ഉപയോഗിച്ചതില്‍ 76 ശതമാനവും ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍. കപ്പലിന്‍റെ നീളം 860 അടി, ഉയരം 193 അടി. 30 എയര്‍ക്രാഫ്റ്റുകള്‍ ഒരു സമയം കപ്പലില്‍ നിര്‍ത്തിയിടാം. 262 മീറ്റര്‍ നീളമുള്ള വിക്രാന്തിന് 62 മീറ്റര്‍ വീതിയുണ്ട്. 40,000 ടണ്‍ ഭാരമുള്ള വിക്രാന്ത് ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലാണ്.
കഴിഞ്ഞ ഓഗസ്റ്റില്‍, ഒന്നാംഘട്ട പരിശീലനവും ഒക്ടോബറില്‍ രണ്ടാംഘട്ട പരിശീലനവും വിക്രാന്ത് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. 2,300 കമ്പാര്‍ട്ട്മെന്റുകളിലായി 1,700 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഈ കപ്പലിലുണ്ട്. വിക്രാന്തിന് 28 നോട്ടിക്കല്‍ മൈല്‍ പരമാവധി വേഗതയാണ് കൈവരിക്കാന്‍ സാധിക്കുക. ഒറ്റയടിക്ക് 7500 നോട്ടിക്കല്‍ മൈല്‍ സഞ്ചരിക്കാന്‍ ഈ വിമാനവാഹിനിയ്ക്ക് കഴിയും.